ആകെ മടുത്ത് മുഷിഞ്ഞ് ഉറക്കച്ചടവോടെ ഇരിക്കുമ്പോൾ ഒരു കപ്പ് ചായ കിട്ടിയാൽ അതിൽ പരം സന്തോഷം വരാനില്ല. ഒരു കപ്പ് ചായയിൽ ഒരു തിരമാലയുടെ ഉന്മേഷം ഉണ്ട്. ചായ മലയാളിയെ സംബന്ധിച്ചിടത്തോളം വെറുമൊരു പാനീയമല്ല. അതൊരു ശീലമാണ്. കാലം കുറെയേറെ മാറിയിട്ടും കോലം മാറാത്ത ഒരു ശീലം, രാവിലെ പത്രത്തിനൊപ്പം ഒരു കപ്പ് ചൂടൻ ചായ. ആ ചായക്കോപ്പയിൽ നിന്നാണ് മലയാളിയുടെ ഒരു പകൽ ഉണരുന്നത്. ശീലം മാറിയില്ലെന്നത് ശരി തന്നെ. പക്ഷേ ചായ ഒരുപാട് മാറി. എത്ര തരം ചായകളുണ്ട് നമുക്കിന്ന്. വൈറ്റ് ടീ, ബ്ലാക്ക് ടീ ഗ്രീൻ ടീ, ഊലോംഗ് ടീ എന്ന ബ്രൗൺ ടീ, ഇത് ഹെർബൽ ടീകളുടെ കാലമാണ്. ആരോഗ്യത്തിന് കണ്ണോളം പ്രാധാന്യം കൊടുക്കുന്നവരുടെ ചായശീലങ്ങൾ ഇപ്പോൾ ഇങ്ങനെയാണ്.
ചെറുപ്പക്കാരുടെ വൈറ്റ് ടീ
വൈറ്റ് ടീ, കൂട്ടത്തിലെ പ്രായം കുറഞ്ഞ് പോഷകസമ്പുഷ്ടമായ ചായ. നന്നായി വിടരുന്നതിന് മുമ്പു തന്നെ ഇളം തേയില നുള്ളിയെടുത്ത് പൊടിയാക്കി മാറ്റുന്നു.ഇതാണ് വൈറ്റ് ടീയ്ക്ക് ഉപയോഗിക്കുന്നത്. ഇതിൽ കഫീന്‍റെ അളവ് കുറവാണ്. ആന്‍റി ഏജിംഗിനും ചർമ്മ സംരക്ഷണത്തിനും ഫലപ്രദമായ ടോണിക് ആണിത്. വില കൂടിയ ഈ പൗഡറാണ് മിക്ക കോസ്മെറ്റിക് കമ്പനിക്കാരുടേയും സ്കിൻ ക്രീമുകളുടെ സ്ഥിരം ചേരുവകളിൽ ഒന്ന്. ചില പ്രത്യേകതരം ക്യാൻസറുകളെ പ്രതിരോധിക്കാനുള്ള കഴിവും വൈറ്റ് ടീയ്ക്ക് ഉണ്ട്. ദിവസം രണ്ട് മൂന്ന് കപ്പ് വരെ വൈറ്റ് ടീ കുടിക്കുന്നത് ശീലമാക്കിയാൽ പ്രതിരോധശേഷി വർദ്ധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
സ്ട്രോംഗ് ബ്ലാക്ക് ടീ
ചായ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുക ഈ ഹോട്ട് ബ്ലാക്ക് ടീയുടെ രുചിയാണ്. കൂട്ടത്തിലെ പോപ്പുലർ സ്റ്റാറാണിവൻ. മറ്റ് മൂന്ന് ചായകളുടേയും കസിനാണ് കക്ഷി.
വ്യത്യസ്ത രുചി, വിലക്കുറവ് എന്നിവയൊക്കെയാണ് ബ്ലാക്ക് ടീയുടെ പ്ലസ് പോയിന്‍റ്. കെനിയ, ശ്രീലങ്ക, ഇന്ത്യയിലെ ആസാം, ഡാർജലിംഗ് എന്നിവിടങ്ങളാണ് ബ്ലാക്ക് ടീ കൂടുതലായി ഉൽപാദിപ്പിക്കപ്പെടുന്നത്. മുഴുവൻ വിടർന്ന തേയില ഇലകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിൽ കഫീന്‍റെ അളവ് കൂടിതലാണ്. പ്ലെയ്നായും പാൽ ചേർത്തും ഒരുപോലെ കഴിക്കാവുന്ന ബ്ലാക്ക് ടീ ശരീരത്തിനു ദോഷകരമായ ടോക്സിനെയും ക്യാൻസറിനേയും പ്രതിരോധിക്കുന്നു. സ്ഥിരമായി ബ്ലാക്ക് ടീ കുടിക്കുന്നവരിൽ ഹൃദയാഘാതത്തിനുള്ള സാധ്യത കുറവാണ്. കൊളസ്ട്രോൾ താഴ്ന്ന ലെവലിൽ ഉള്ളവർക്ക് കൊളസ്ട്രോളിന്‍റെ അളവ് കൂട്ടാൻ ബ്ലാക്ക് ടീ സഹായിക്കും.
പവർ ഫുൾ ഗ്രീൻ ടീ
ചൈന, ഇന്തോനേഷ്യ, ജപ്പാൻ എന്നിവിടങ്ങളിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഗ്രീൻ ടീ നൈസർഗീകമായ ആന്‍റി ഓക്സിഡന്‍റിന്‍റെ കലവറയാണ്. ചൈനാക്കാരുടെ ഗ്രീൻ ടീയാണ് ഇതിൽ പ്രമാണി. രുചിയുടെ ഉസ്താദുമാരായ ചൈനാക്കാർ ചായയുടെ രുചിയും മണവും കൂട്ടാൻ ചേർക്കുന്ന ചേരുവകൾക്ക് കയ്യും കണക്കുമില്ല. ഫലമോ ഒരിക്കൽ ചൈനീസ് ഗ്രീൻ ടീ കഴിച്ചാൽ പിന്നെ നിങ്ങളും ഫാനാവുകയായി.