മാറുന്ന ദിനചര്യ, കാലാവസ്‌ഥ, ഭക്ഷണശീലങ്ങൾ എന്നിവയാണ് ഹെർണിയ രോഗത്തിന്‍റെ അടിസ്‌ഥാന കാരണങ്ങൾ. ശീരരത്തിന്‍റെ ഏതെങ്കിലും ഒരു ഭാഗത്ത് മാംസ പേശി തള്ളി വരികയോ ഇടവിട്ട് അവിടെ വേദന വരികയോ ചെയ്യുന്നുണ്ടെങ്കിൽ അത് ഹെർണിയ ആകാൻ സാദ്ധ്യതയുണ്ട്. ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ സർജൻ ഡോ. വേദ് പ്രകാശ് പറയുന്നത് ശ്രദ്ധിക്കാം.
എന്താണ് ഹെർണിയ
ആന്ത്രവീക്കം എന്നും ഈ രോഗത്തെ വിളിക്കാറുണ്ട്. മാംസപേശികൾ കൊണ്ട് നിർമ്മിക്കപ്പെട്ട പെരട്ടോണിയിൽ ശക്തിക്ഷയം സംഭവിക്കുമ്പോഴാണ് ഹെർണിയ ഉണ്ടാകുന്നത്. അതിലൂടെ വയറിന്‍റെ അന്തർഭാഗം യഥാസ്ഥാനത്ത് നിൽക്കാതെ മുകളിലേക്ക് തള്ളി വരുന്നു. ആന്തരികാവയവങ്ങൾ അവയെ പൊതിഞ്ഞിരിക്കുന്ന ഭിത്തിയിലൂടെ പുറത്തേക്ക് തള്ളിവരുന്നു എന്നു ചുരുക്കം.
ഏതെല്ലാം തരം
ഫീമോറൽ ഹെർണിയ സാധാരണയായി സ്ത്രീകളിലാണ് കാണുന്നത് അരയ്ക്കു താഴെയാണിത്. കാലിലെ പ്രധാന രക്തക്കുഴലുകളായ ഫീമോറൽ ധമനി കടന്നുപോകുന്ന ഭാഗത്താണ് ഹെർണിയ തള്ളിവരുന്നത്. പ്രത്യേകിച്ച് പ്രഗ്നന്‍റ് അല്ലെങ്കിൽ അമിതവണ്ണം ഉള്ളവർക്ക് ആണ് സാദ്ധ്യത, ഭാരമുള്ള പ്രവൃത്തികൾ ചെയ്യുമ്പോഴോ നിൽക്കുമ്പോഴോ വയറിൽ വേദന അനഭവപ്പെടുന്നുണ്ടെങ്കിൽ ഹെർണിയ ഉണ്ടോ എന്ന് പരിശോധിക്കുക.
ഏറ്റവും സാധാരണയായി കാണപ്പെടുന്ന ഹെർണിയ ഇൻഗുയിനൽ ഹെർണിയയാണ്. ഇത് വയറിന്‍റെ അടിഭാഗത്ത് ഉള്ളിലായി ഉണ്ടാകുന്നു. ശരീരത്തിൽ ശസ്ത്രക്രിയ ചെയ്ത ഭാഗത്തുള്ള പാടുകളിലൂടെ ഉണ്ടാകുന്ന തരം ഹെർണിയയാണ് ഇൻസിഷ്‌ണൽ ഹെർണിയ. പൊക്കിൾ കൊടിയോട് ചേർന്ന് ഉണ്ടാകുന്നതാണ് അംബ്ലിക്കൽ അഥവാ നാഭി ഹെർണിയ. വയറിലെ ദുർബലമായ മാംസപേശികളാണ് ഇവിടെയും കാരണം. ധാരാളം കുട്ടികളുള്ള സ്ത്രീകൾക്ക് ഇത് ഉണ്ടാകാൻ സാദ്ധ്യത കൂടുതലുണ്ട്. നെഞ്ചിൻ കുഴിക്കും താഴെയായി തള്ളിവരുന്നതാണ് എപ്പി ഹാസ്ട്രിക് ഹെർണിയ, പൊതുവേ പറഞ്ഞാൽ പുരുഷന്മാരിൽ വയറിന്‍റെ അടിഭാഗത്തും സ്ത്രീകളിൽ പൊക്കിൾ കൊടിയിലും ഉണ്ടാകുന്ന ഹെർണിയയാണ് ഏറ്റവും അധികം കണ്ടുവരുന്നത്. ഇത് ഏത് പ്രായത്തിലും ഉണ്ടാകുകയും ചെയ്യും.
വയറിന്‍റെ അടിഭാഗത്ത് ഉണ്ടാകുന്ന ഹെർണിയയേയാണ് ഇൻഗുയിനൽ ഹെർണിയ എന്നു പറയുന്നത്. വയറിന്‍റെ അടി ഭാഗത്തെ മാംസപേശിയും തുടയുടെ ഭാഗവും ചേരുന്ന സ്‌ഥലത്താണ് ഇത് ഉണ്ടാകുന്നത്. മാംസ പേശിയുടെ ബലക്കുറവാണ് പ്രധാന കാരണമെങ്കിലും ചിലരിൽ പാരമ്പര്യമായും കഠിനാദ്ധ്വാനം കൊണ്ടും സംഭവിച്ചു കാണാറുണ്ട്.
സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് അബ്ഡോമിനൽ ഫീമോറൽ ഹെർണിയ ആണ്. പ്രസവസമയത്ത് ഇന്‍റീരിയർ അബ്ഡോമിനൽ വാൾ മസിലുകൾക്ക് വലിയ സമ്മർദ്ദവും വലിച്ചിലും സംഭവിച്ചതിനെത്തുടർന്നാണ് ഹെർണിയയായി ഇതു രൂപാന്തരപ്പെടുന്നത്. അതുപോലെ സർജ്‌ജറി ചെയ്ത ഭാഗത്ത് മാംസപേശികൾക്ക് ബലക്ഷയം ഉണ്ടാകും. അവിടെയും ഹെർണിയ ഉണ്ടാകാം. തടി കൂടിയാലും ഹെർണിയ സാദ്ധ്യത വർദ്ധിക്കുന്നു. ഉദര ഭിത്തിയുടെ ബലക്ഷയത്തിലൂടെ ഉദരത്തിൽ നിന്ന് നെഞ്ചിനകത്തേക്ക് അവയവങ്ങൾ തള്ളുന്നതും ഒരു തരം ഹെർണിയയാണ്. ഇതിനെ ഡയഫ്രമാറ്റിക് ഹെർണിയ എന്നുവിളിക്കും.
ആമാശയത്തിന്‍റെ മുകൾഭാഗം അന്നനാളത്തോട് ചേർന്ന് ഉദരത്തിൽ നിന്ന് നെഞ്ചിലേക്ക് കയറുന്നു. ഇതാണ് ഹയറ്റൽ ഹെർണിയ. ഈ പറഞ്ഞ ഹെർണിയകൾക്കൊന്നും കൃത്യമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല.





