അകവും പുറവും കയ്പ് രുചി നിറഞ്ഞ ഒരേയൊരു പച്ചക്കറിയേയുള്ളൂ... പാവയ്ക്ക. അതിനാൽ പച്ചക്കറി ഇനങ്ങളിൽ കയ്പു രുചിയുടെ റാണി എന്ന വിശേഷണവും ഇതിനുണ്ട്. ദശക്കട്ടിയുള്ള പുറം ഭാഗവും അകത്ത് അയഞ്ഞ നാരുകൾക്കുള്ളിൽ കുരുവുമാണ് ഈ വിളകൾക്കുള്ളത്. ഒരു വെള്ളരി വർഗ്ഗമാണ് പാവയ്ക്ക. പടവലം, വെള്ളരി, ചുരയ്ക്ക, തണ്ണിമത്തൻ തുടങ്ങിയ അതേ ഗണത്തിലാണ് പാവലിന്‍റേയും സ്ഥാനം. പാവയ്ക്കയുടെ ശാസ്ത്രീയ നാമം മോമോർഡിക്ക ചരാന്‍റിയ എന്നാണ്.
മുമ്പൊക്കെ ഉത്സവനാളുകളിൽ പാവയ്ക്ക വിഭവങ്ങൾ സദ്യയിൽ നിന്നും മാറ്റിനിറുത്തിയിരുന്നത്രേ. കയ്പു രുചിയിൽ കേമനായ പാവയ്ക്ക വിളമ്പുന്നത് അശുഭകരമാണെന്ന് അന്ധവിശ്വാസം നിലനിന്നിരുന്നു. എന്നിരുന്നാലും ശ്രാദ്ധം പോലുള്ള അവസരങ്ങളിൽ പാവയ്ക്ക എന്ന് കേൾക്കുമ്പോൾ മുഖം ചുളിക്കുന്നവർ പോലും ഇതുകൊണ്ട് രുചികരമായ വിഭവങ്ങൾ തയ്യാറാക്കിയാൽ കഴിക്കാനിഷ്ടപ്പെടും. പാവയ്ക്ക മുറിച്ച് വെള്ളത്തിലിട്ട് കയ്പു രുചി മാറിയ ശേഷം ഇതിൽ ശർക്കര ചേർത്ത് പാകം ചെയ്താൽ കുട്ടികൾക്ക് പോലും ഇതിന്‍റെ രുചി ഇഷ്ടമാകും.
കയ്പു രുചിയാണെങ്കിലും പാവയ്ക്ക കേരളീയന്‍റെ അടുക്കളയിലെ പ്രിയ ഇനമാണ്. അച്ചാർ കൊണ്ടാട്ടം, വറുത്തരച്ച തീയൽ, തോരൻ, നാളികേരം കൊത്തിയിട്ട മെഴുക്കുപിരട്ടി ഇങ്ങനെ പാവയ്ക്ക കൊണ്ട് സ്വാദിഷ്ഠമായ ഒട്ടനവധി വിഭവങ്ങൾ തയ്യാറാക്കാനാകും.
മധുരം, ഉപ്പ്, എരുവ്, പുളിപ്പ്, കയ്പ് നാവിൽ രുചിയുടെ മേളം തീർക്കാൻ ഇതൊക്കെയും വേണം. അതായത് പാൽപായസത്തിന്‍റെ മധുരവും അച്ചാറിന്‍റെ എരിവും കാളന്‍റെ പുളിയും പാവയ്ക്കയുടെ കയ്പും നിറഞ്ഞാലേ സദ്യ ഗംഭീരമാകൂ...
പാവയ്ക്ക ചിപ്സും അച്ചാറും
പാവയ്ക്ക വട്ടത്തിലരിഞ്ഞ് തിളക്കുന്ന വെള്ളത്തിൽ ഇട്ടുവയ്ക്കുക. കയ്പ് മാറുമ്പോൾ ചൂടാക്കിയ എണ്ണയിലിട്ട് വറുത്ത് കോരിയെടുത്ത് ഉപ്പ്, മഞ്ഞൾപൊടി, കായം, മുളകുപൊടി എന്നിവ വിതറുക. പാവയ്ക്ക ക്രിസ്പി ചിപ്സ് ആരുടേയും മനം കവരും. അച്ചാറിനങ്ങളിൽ പാവയ്ക്ക അച്ചാറിന് ഡിമാന്‍റ് ഏറും. പാവയ്ക്ക വെള്ളത്തിലിട്ട് വേവിച്ച് കോരിയെടുത്ത ശേഷം നല്ലെണ്ണ, ഉപ്പ്, മുളകുപൊടി എന്നിവ ചേർത്ത് ഒരു കുപ്പിഭരണിയിൽ സൂക്ഷിക്കുക. വായഭാഗം നന്നായി മൂടികെട്ടി വായു കടക്കാത്ത ഭരണിയിൽ സൂക്ഷിച്ചാൽ ഏറെനാൾ കേടാകാതിരിക്കും.
ഔഷധ ഗുണം
പാവയ്ക്ക കലോറി അധികമില്ലാത്ത ഒരു പച്ചക്കറി ഇനമാണ്. ഇതിൽ ധാതുക്കളും പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിനു പുറമേ നാരുകളും വലിയൊരളവിൽ അടങ്ങിയിട്ടുള്ളതിനാൽ ദഹനം സുഖപ്രദമാക്കുന്നു. ശരീരഭാരം നിയന്ത്രിച്ച് ശരീരാകൃതി നിലനിർത്തുന്നതിനും സഹായിക്കുന്നു. ഇതു കൂടാതെ അയൺ, ഫോസ്ഫേറ്റ്, സിങ്ക്, മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം, മാംഗനീസ് എന്നീ ധാതുക്കളും അടങ്ങിയിട്ടുണ്ട്.
പാവയ്ക്ക ജ്യൂസ് ഒരു ഉത്തമ ഹെൽത്തി ഡ്രിങ്കാണ്. ചൂടുകുരു, തടിപ്പ്, പുഴുക്കടി, ചൊറിച്ചിൽ, സോറിയാസിസ്, ചിരങ്ങ്, വ്രണം തുടങ്ങിയ ചർമ്മ സംബന്ധമായ പല രോഗങ്ങൾക്കും പാവയ്ക്ക ജ്യൂസ് ഉത്തമ ഔഷധമാണ്.
കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിന് ഒരു ഗ്ലാസ് പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. അൽപം നാരാങ്ങാ നീര് ചേർത്താൽ ജ്യൂസിലെ കയ്പ് മാറിക്കിട്ടും. പാവയ്ക്ക ജ്യൂസ് രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ചർമ്മ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഉത്തമമാണ്.