ഉത്സവകാലമായാൽ മാലോകർ അതെവിടെയുമാകട്ടെ രാത്രിയും പകലും ഭേദമില്ലാതെ ആഘോഷങ്ങളിൽ ഏർപ്പെടാൻ തുടങ്ങുക സ്വാഭാവികമാണ്. ഇത്തരം അവസരങ്ങളിലാകട്ടെ തോന്നിയ സമയത്ത് ഉറക്കവും ഭക്ഷണവുമൊക്കെ സാധാരണ കാര്യവുമാണ്. എന്നാൽ ഒരു ഉത്സവക്കാലം അങ്ങ് കഴിയുമ്പോഴേക്കും ആരോഗ്യം മോശമായേ എന്ന രോദനം പതിവാണ് താനും. ചിലർക്ക് അത് കൊഴുപ്പടിഞ്ഞു കൂടുന്നതായോ, ഭാരം വർദ്ധിച്ചതോ, മുഖക്കുരു വന്നതോ, ഷുഗർ, കൊളസ്ട്രോൾ കൂടിയതോ ഒക്കെയാകാം. പ്രശ്നം എന്തു തന്നെയാകട്ടെ എല്ലാറ്റിനും പരിഹാരമുണ്ട്.
തീറ്റ മുഖ്യം ബിഗിലെ!
ആഘോഷാരവങ്ങൾ ഉണർന്നാൽ പിന്നെ പാർട്ടികൾ ഒഴിവാക്കി കൊണ്ട് മുന്നോട്ട് പോകാൻ പ്രയാസമാണ്. മധുരവും ഒഴിവാക്കാൻ കഴിഞ്ഞെന്നു വരില്ല. എന്നിരുന്നാൽ സ്വന്തം ദിനചര്യകളിൽ ഉള്ള ശ്രദ്ധ ഒഴിവാക്കാതെ ഇതിലൊക്കെ പങ്കുചേരാൻ ശ്രമിക്കുക. അങ്ങനെ ചെയ്താൽ ആഘോഷങ്ങൾ ഉണ്ടാക്കുന്ന സൈഡ് ഇഫക്ടുകൾ സ്വയം കൈകാര്യം ചെയ്ത് പോകാവുന്നതേയുള്ളൂ.
നമ്മുടെ ശരീരത്തിൽ ജലത്തിന്‍റെ സാന്നിധ്യം എത്രത്തോളം ആവശ്യമുണ്ടെന്ന് അറിയാമല്ലോ, അതിനാൽ രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ 2 ഗ്ലാസ് ശുദ്ധമായ ജലം കുടിക്കുക. ഇത് ശരീരത്തിലെ നല്ല ബാക്ടീരിയകളുടെ തോത് ഉയർത്തി ശരീരത്തിന് ഊർജ്ജം നൽകും. അല്പം കഴിഞ്ഞ് അയമോദകം ഇട്ട് തിളപ്പിച്ച് വെള്ളം കൂടി കുടിച്ചാൽ വയറ് നിങ്ങളോട് സന്തോഷത്തോടെ കൊള്ളാമെന്നു പറയും. മാത്രമല്ല ഫാറ്റിനെ കൺട്രോൾ ചെയ്യാൻ നല്ലൊരു മാർഗ്ഗം കൂടിയാണിത്. ദിവസവും 10 ഗ്ലാസ് വെള്ളം കുടിക്കാൻ മറക്കരുത്. മണിക്കൂറിൽ ഒരു ഗ്ലാസ് വെള്ളം എന്ന ഒരു ചിട്ട പാലിച്ചാലും മതി.
രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ ഫ്ളാക്സ് സീഡ്സ് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
ഉപ്പില്ലാത്ത ഭക്ഷണം കഴിക്കാൻ കുറച്ച് മടുപ്പ് ആണെങ്കിലും ഉപ്പ് കുറച്ച് ഉപയോഗിക്കുന്നതു കൊണ്ട് ശരീരഭാരവും കുറയ്ക്കാൻ കഴിയും. ബെല്ലി ഫാറ്റും വലുതാകാതെ ഒട്ടൊക്കെ നിയന്ത്രിക്കാൻ ഇത്തരം ചെറിയ കുറുക്കു വഴികളൊക്കെ സഹായകമാണ്. രക്തസമ്മർദ്ദം കുറവുള്ളവർ ഈ പരിപാടിക്ക് പോകേണ്ട. കൂടുതലുള്ളവർ തീർച്ചയായും നിത്യേന കഴിക്കുന്ന ഉപ്പിന്‍റെ അളവ് കുറയ്ക്കുക. ഉത്സവവേളകളിൽ ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും കുറയ്ക്കാൻ ശ്രമിക്കുക.
ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂർ മുമ്പും ഭക്ഷണശേഷം ഒരു മണിക്കൂർ വരെയും ഒരുപാട് വെള്ളം കുടിക്കരുത്. ദാഹത്തിന് മാത്രം കുടി ക്കുക. ദിവസവും തണുപ്പ് കൂടിയതോ ചൂട് കൂടിയതോ ആയ ജലം കുടിക്കരുത്. രണ്ടും നമ്മുടെ സ്വാഭാവികമായ ദഹന പ്രക്രിയയെ മാറ്റി മറിക്കും. ഇളം ചൂടു വെള്ളമാണ് അഭികാമ്യം.
വീട്ടിൽ മധുരപലഹാരങ്ങൾ ഉണ്ടാക്കുമ്പോൾ പഞ്ചസാരയ്ക്കു പകരം ശർക്കര ചേർക്കുക. കടയിൽ നിന്ന് ചെറു പയർ കൊണ്ടുള്ള മധുരപലഹാരങ്ങൾ വാങ്ങാം.
പഞ്ചസാര, ഗോതമ്പ്, പാൽ ഇവയുടെ തുടർച്ചയായ ഉപയോഗം ശരീരത്തിൽ അസ്വസ്ഥത ഉണ്ടാക്കാം. ശരീരത്തിൽ കടുത്ത ക്ഷീണം അനുഭവപ്പെടാനും ഇതിടയാക്കും. ഇങ്ങനെ ഉണ്ടായാൽ നാരങ്ങാ വെള്ളമോ, വിറ്റാമിൻ സി സപ്ലിമെന്‍റോ കഴിച്ചാൽ ക്ഷീണം കുറയും.