ഗർഭാശയത്തിലും അണ്ഡാശയത്തിലും സ്‌തനങ്ങളിലും ഉണ്ടാകുന്ന അപകടകാരിയല്ലാത്ത മുഴകളാണ് ഫൈബ്രോയിഡുകൾ (Fibroids). മൃദുവായ മസിലുകളോ കോശങ്ങളോ ക്രമം വിട്ട് വളരുന്നതാണ് ഇവ. മുപ്പത് വയസ്സിനും അമ്പത് വയസ്സിനും ഇടയിൽ പ്രായമുള്ള സ്‌ത്രീകളിലാണ് ഫൈബ്രോയിഡുകൾ കൂടുതൽ കണ്ടു വരുന്നത്. പയറുമണി മുതൽ ചെറിയ തണ്ണിമത്തന്‍റെ വരെയത്ര വലുപ്പം വയ്‌ക്കാവുന്നവയാണ് ഫൈബ്രോയിഡുകൾ. ഫൈബ്രോയിഡുകളിൽ ഭൂരിഭാഗവും അപകടകാരികളല്ലാത്ത നോൺ ക്യാൻസറസ് സെല്ലുകളാണ്.
ഗർഭാശയത്തിൽ ഫൈബ്രോയിഡുകളായും അണ്ഡായശയത്തിൽ സിസ്‌റ്റുകളായും രൂപപ്പെടുന്ന മുഴകൾ ദൈനംദിന ജീവിതത്തെ ബാധിക്കുന്നില്ലെങ്കിൽ ആശങ്കപ്പെടേണ്ടതില്ല. അമിത ഭാരമുള്ള സ്‌ത്രീകളിൽ ഫൈബ്രോയിഡുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പാരമ്പര്യമായും ചിലർക്ക് ഇതുണ്ടാകാറുണ്ട്. ഹോർമോൺ വ്യതിയാനങ്ങളാണ് ഫൈബ്രോയിഡുകൾക്ക് കാരണമാകുന്നത്.
പലതരം ഫൈബ്രോയിഡുകൾ
കട്ടി കൂടിയ ടിഷ്യൂകളാണ് ഫൈബ്രോയിഡുകൾ. എന്നാൽ ദ്രാവകം നിറഞ്ഞ കോശങ്ങളെയാണ് സിസ്‌റ്റ് എന്ന് വിളിക്കുന്നത്. ഗർഭാശയത്തിൽ പലതരം ഫൈബ്രോയിഡുകൾ വളരാറുണ്ട്. ഇവയെ ഇൻട്രാമ്യൂറൽ, സബ്‌സെറോസൽ, സബ്മ്യൂകോസൽ, സെർവിക്കൽ ഫൈബ്രോയിഡുകൾ എന്ന് വേർതിരിക്കാം. ഗർഭാശയ ഭിത്തിയുടെ പുറത്ത് വളരുന്ന ഇൻട്രാമ്യൂറൽ ഫൈബ്രോയിഡുകൾ ആണ് വലുപ്പം കൂടാൻ സാധ്യതയുള്ള മുഴ.
ലക്ഷണങ്ങൾ
പലതിനും യാതൊരു ലക്ഷണങ്ങളും പുറമേയ്‌ക്ക് ഉണ്ടാവില്ല. മാസമുറ ക്രമം തെറ്റുക, കടുത്ത രക്‌തസ്രാവം, മാസമുറ രക്‌തം കട്ടയായി കാണപ്പെടുക, കൂടെ കൂടെ മൂത്രമൊഴിക്കാനുള്ള പ്രവണത, മലബന്ധം, അരക്കെട്ടിന്‍റെ വണ്ണം വർദ്ധിക്കുക, വന്ധ്യത, വയറു വേദന, പുറം വേദന, കാൽ വേദന, വിളർച്ച ഇങ്ങനെ സാധാരണ സ്‌ത്രീകളിലൊക്കെ കാണാപ്പെടാവുന്ന സാമാന്യ അവസ്‌ഥകൾ മാത്രമാണ് ഫൈബ്രോയിഡുകളുടെയും ലക്ഷണം.
ഗർഭ കാലയളവിൽ ചിലർക്ക് മാസം തികയാതെ പ്രസവിക്കുക, ഗർഭം അലസൽ, പ്രസവ വൈഷമ്യങ്ങൾ എന്നിവ ഉണ്ടാകാൻ ഒരു കാരണം ഫൈബ്രോയിഡുകളാണ്. ഗർഭാശയത്തിൽ ഫൈബ്രോയിഡ് ഉണ്ടെങ്കിൽ ഭ്രൂണത്തിന് ഗർഭാശയ ഭിത്തിയിൽ പറ്റിപ്പിടിക്കാൻ കഴിയാതെ വരാം. ഇത് വന്ധ്യതയ്‌ക്കും കാരണമാണ്. മേൽപ്പറഞ്ഞ പ്രശ്നങ്ങളുമായി മറ്റേതെങ്കിലും രോഗവുമായോ ബന്ധപ്പെട്ട് ഡോക്‌ടറെ കാണുമ്പോഴാണ് മിക്കവരും ഫൈബ്രോയിഡ് ഉണ്ടെന്ന് അറിയുക.
രോഗിക്ക് ഫൈബ്രോയിഡോ, ഗ്രോത്തോ ഉണ്ടെന്ന് സംശയം തോന്നിയാൽ ഡോക്‌ടർ അൾട്രാസൗണ്ട്, സ്‌കാൻ നിർദ്ദേശിക്കാറുണ്ട്. മുഴയുടെ വലുപ്പം, അപകടകാരിയോ അല്ലയോ തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്താണ് ഭാവി ചികിത്സ നിശ്ചയിക്കുന്നത്. ആർത്തവ വിരാമം അടുക്കുന്തോറും മുഴയുടെ വലുപ്പം കുറഞ്ഞു വരാൻ സാധ്യതയുണ്ട്.
ചികിത്സ
ഫൈബ്രോയിഡ് ജീവിതചര്യകളെ ബാധിക്കുന്നത്ര വലുപ്പം വച്ചിട്ടുണ്ടെങ്കിൽ സർജറി ചെയ്‌ത് നീക്കാവുന്നതാണ്. ഫൈബ്രോയിഡ് വളരെ വലുതാണെങ്കിൽ ഗർഭാശയം നീക്കൽ (hysterectomy) ചെയ്യാവുന്നതാണ്. രോഗിക്ക് അതികഠിനമായ രക്‌തസ്രാവമുണ്ടെങ്കിലും (മണിക്കൂറിൽ മൂന്ന് പാഡ് മാറ്റേണ്ടി വരിക) ഡോക്‌ടർ ഇങ്ങനെ ചെയ്യാൻ നിർദ്ദേശിച്ചേക്കാം. ഗർഭവതി ആവണമെന്ന് ആഗ്രഹിക്കുന്നവർക്ക് മയോമക്‌ടോമി (myomectomy) ആണ് ചെയ്യുക. ഫൈബ്രോയിഡ് മാത്രം നീക്കുന്ന ശസ്‌ത്രക്രിയയാണിത്.
എൻഡോമെട്രിയൽ എംബ്ലേഷൻ, ന്യൂട്രീൽ ആർട്ടറി എംബ്ലേഷൻ തുടങ്ങിയ ശസ്‌ത്രക്രിയാ രീതികളും രോഗിയുടെ ആവശ്യകതയനുസരിച്ച് വിനിയോഗിക്കാറുണ്ട്. മരുന്നുകൾ ഉപയോഗിച്ചും ഫൈബ്രോയിഡ് ചികിത്സിക്കാറുണ്ട്. സ്‌ത്രീയുടെ ഉൽപാദനക്ഷമമായ കാലയളവിൽ ഈസ്‌ട്രജൻ, പ്രൊജസ്‌ട്രോൺ ഹോർമോൺ നില ഉയർന്ന അളവിലായിരിക്കും. സ്‌ത്രീ ഹോർമോണായ ഈസ്‌ട്രജൻ വർദ്ധിക്കുമ്പോഴാണ് ഫൈബ്രോയിഡുകൾ ഉണ്ടാകാൻ സാധ്യതയേറുന്നത്. ഈസ്‌ട്രജൻ ഉൽപാദനം കുറയ്‌ക്കാനുള്ള ഇൻജക്ഷൻ നൽകുന്നതാണ് ഒരു ചികിത്സ. ഗോണാഡോട്രോപ്പിൻ റിലീസ്‌ഡ് ഹോർമോൺ ഉപയോഗിച്ചുള്ള ഈ ട്രീറ്റ്‌മെന്‍റ് ചെയ്യുമ്പോൾ ഫൈബ്രോയിഡ് ചുരുങ്ങുന്നു. വയറു വേദന, അമിത രക്‌തസ്രാവം തുടങ്ങിയവ ഉള്ള രോഗികൾക്ക് ഈ ചികിത്സ അനുയോജ്യമാണ്. മാസമുറ താൽക്കാലികമായി തടയുന്നുണ്ടെങ്കിലും ഇതൊരു ഗർഭ നിരോധന മാർഗ്ഗമല്ല.