ജോലി സമ്മർദം, പിരിമുറുക്കം, സാമ്പത്തിക പ്രശ്നം, മറ്റ് ചില കാര്യങ്ങൾ ഇവയൊക്കെ കാരണം പലപ്പോഴും ഉറങ്ങുന്നില്ലെന്നും അല്ലെങ്കിൽ നല്ല ഉറക്കം ലഭിക്കുന്നില്ലെന്നും പലരും പരാതിപ്പെടുന്നു. ഇതുമൂലം പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു.
എന്നാൽ ഈ കാരണങ്ങൾ കൂടാതെ, ഉറക്കത്തെ ബാധിക്കുന്ന മറ്റൊരു കാരണമുണ്ട്. ഒരുപക്ഷേ നിങ്ങൾക്ക് അറിയില്ലായിരിക്കാം, പക്ഷേ നമ്മുടെ ഉറക്കം നമ്മുടെ അത്താഴത്തെയും ആശ്രയിച്ചിരിക്കുന്നു.
നിങ്ങൾക്ക് സുഖമായി ഉറങ്ങാൻ സഹായിക്കുന്ന ചില ഭക്ഷണപാനീയങ്ങളുണ്ട്. എന്നാൽ ചില കാര്യങ്ങൾ നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും. പൊതുവേ ഒരു വ്യക്തി ഏകദേശം 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങാൻ നിർദ്ദേശിക്കുന്നു.
ഉറക്കത്തെ തടസ്സപ്പെടുത്തുന്നതോ മറ്റേതെങ്കിലും പ്രശ്‌നമുണ്ടാക്കുന്നതോ ആയ ഒന്നും രാത്രിയിൽ നാം കഴിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്.
ഉറങ്ങുന്നതിനു മുമ്പ് ഇവ കഴിക്കരുത്:
- കഫീൻ
കഫീൻ നമ്മുടെ തലച്ചോറിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നു. കഫീൻ അടങ്ങിയ എന്തെങ്കിലും കഴിക്കുന്നത് ഉറക്കത്തെ ബാധിക്കുന്നു. കഫീൻ കഴിച്ചതിനുശേഷം അതിന്‍റെ പ്രഭാവം അഞ്ച് മണിക്കൂർ നീണ്ടു നിൽക്കും.
- വളരെയധികം എരിവുള്ള ഭക്ഷണം
രാത്രിയിൽ വളരെ എരിവുള്ള ഭക്ഷണം കഴിക്കുന്നത് ശരിയല്ല. എരിവുള്ള ഭക്ഷണം അമിതമായി കഴിക്കുന്നത് പുളിച്ചു തികട്ടലും ഗ്യാസും ഉണ്ടാക്കുന്നു. അത് കൊണ്ട് തന്നെ നല്ല ഉറക്കം കിട്ടില്ല.
- മാംസം
മാംസത്തിൽ ഉയർന്ന അളവിൽ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ദഹിക്കാൻ ഏറെ സമയമെടുക്കുന്നവയും. രാത്രിയിൽ മാംസം കഴിക്കുന്നത് രാത്രി മുഴുവൻ നിങ്ങളെ അസ്വസ്ഥരാക്കും.
- ജങ്ക് ഫുഡ്
ജങ്ക് ഫുഡിൽ ഉയർന്ന അളവിൽ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ദഹിക്കാൻ ഏറെ സമയമെടുക്കുന്ന ജങ്ക് ഫുഡ് രാത്രിയിൽ കഴിക്കുന്നത് കൊണ്ട് സമാധാനമായി ഉറങ്ങാൻ അൽപ്പം ബുദ്ധിമുട്ടാണ്.
- പഴങ്ങൾ
ഉറങ്ങുന്നതിന് തൊട്ടുമുമ്പ് നിങ്ങൾ പഴങ്ങൾ കഴിക്കുന്ന ശീലം ഉണ്ടെങ്കിൽ അത് നിർത്തുക. പഴങ്ങളിൽ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട് ഇത് ദഹിക്കാൻ വളരെ സമയമെടുക്കും.