വിവാഹം കഴിഞ്ഞാൽ ആദ്യത്തെ ഒരു വർഷം ഗർഭധാരണം വേണ്ട എന്ന് ആഗ്രഹിക്കുന്നവരുണ്ട്. കൃത്യമായ സുരക്ഷാ മാർഗ്ഗങ്ങൾ ഉപയോഗിക്കാനുള്ള അജ്ഞതയോ സങ്കോചമോ നിമിത്തം അപ്രതീക്ഷിതമായി ഗർഭം ധരിക്കുകയും അതിന്‍റെ പേരിൽ വിഷമിക്കുകയും ചെയ്യുന്നവരും ധാരാളം.
അനാവശ്യ ഗർഭധാരണം എങ്ങനെ ഒഴിവാക്കാം, ഗർഭ നിരോധന മാർഗ്ഗങ്ങളുടെ വിജയ സാധ്യത എത്രത്തോളമാണ് അവയുടെ ഉപയോഗക്രമം എങ്ങനെ... വിവാഹിതരാകാൻ പോകുന്ന എല്ലാ പെൺകുട്ടികൾക്കും ഇത്തരം സംശയങ്ങളുണ്ടാകും. ഇവയ്ക്ക് മറുപടി നൽകുകയാണ് സ്ത്രീ രോഗ വിദഗ്ദ്ധ ഡോ. മീത വർമ്മ.
എന്താണ് സ്ത്രീ കോണ്ടം?
ഗർഭ നിരോധന മാർഗ്ഗങ്ങളിൽ ഏറ്റവും പുതിയതാണ് സ്ത്രീകൾക്കു വേണ്ടിയുള്ള കോണ്ടം. വളരെ കനം കുറഞ്ഞ റബറു കൊണ്ടുള്ള ഉറയുടെ തുറക്കാത്ത ഭാഗം ഗർഭാശയമുഖത്തേക്ക് കടത്തി വയ്ക്കുന്നു ബന്ധപ്പെടലിനു ശേഷം 8 മണിക്കൂർ വരെ ഇത് ഉപയോഗിക്കാം. ഈ സുരക്ഷാ മാർഗ്ഗത്തിന്‍റെ വിജയസാധ്യത 80 ശതമാനം ആണ്. പക്ഷേ ഈ മാർഗ്ഗത്തിന് അത്ര പ്രചാരം ഇനിയും ലഭിച്ചിട്ടില്ല.
സ്ത്രീയും പുരുഷനും കോണ്ടം ധരിക്കണോ?
അതിന്‍റെ ആവശ്യമില്ല. ആരെങ്കിലും ഒരാൾ ഉപയോഗിച്ചാൽ മതി.
സ്ത്രീ കോണ്ടത്തിനൊപ്പം ലൂബ്രിക്കന്‍റ് ഉപയോഗിക്കണോ?
സ്ത്രീ കോണ്ടത്തിന്‍റെ നിർമ്മാണസമയത്ത് തന്നെ ആവശ്യത്തിന് ലൂബ്രിക്കന്‍റ് ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് പുതിയതായി ലൂബ്രിക്കന്‍റ് ഉപയോഗിക്കേണ്ട ആവശ്യമില്ല. എങ്കിലും ലൂബ്രിക്കേഷൻ കൂടുതൽ വേണമെന്നുള്ളവർക്ക് K-Y ജെല്ലി അഥവാ ല്യൂബ്രിക് ജെല്ലി ഉപയോഗിക്കാവുന്നതാണ്.
എന്തെങ്കിലും ദോഷമുണ്ടോ?
ഒരു കുഴപ്പവുമില്ല. ഗർഭനിരോധനത്തിന് സാധ്യമാകുന്നതിനു പുറമേ, എച്ച് ഐ വി, എയ്ഡ് തുടങ്ങിയ മാരകരോഗങ്ങളിൽ നിന്നുള്ള രക്ഷയും ലഭിക്കുന്നു. ആദ്യമായി ഉപയോഗിക്കുന്നവർക്ക് ചില്ലറ പ്രയാസങ്ങൾ തോന്നാം. പക്ഷേ, പരിചയമായാൽ സ്ത്രീ കോണ്ടത്തിന്‍റെ ഉപയോഗം എളുപ്പമാണ്.
എവിടെ കിട്ടും?
എല്ലാ മരുന്നു ഷോപ്പുകളിലും ലഭ്യമാണ്.
ഗർഭായശയത്തിനകത്ത് വയ്ക്കുന്ന കോപ്പർ ടി, മൾട്ടിലോഡ് മറിന എന്നിവയുടെ ഉപയോഗം എങ്ങനെയാണ്?
ഇതിന് ഡോക്ടറുടെ പരിശോധനയും സഹായവും ആവശ്യമാണ്. 3, 5, 10 വർഷങ്ങൾ വരെ സുരക്ഷിതമായി ഉപയോഗിക്കാവുന്ന കോപ്പർ ടികളുണ്ട്. നിങ്ങൾക്കേതു തരം വേണമെന്ന് പറഞ്ഞാൽ മതി.
ഇത്തരം ഇൻട്രാ യൂട്ടറൈൻ ഡിവൈസുകളുടെ നേട്ടമെന്താണ്?
ബോധം കെടുത്താതെയും ശസ്ത്രക്രിയ ഇല്ലാതെയും ഗർഭാശയമുഖത്ത് ഡോക്ടറുടെ സഹായത്താൽ ഈ ഉപകരണങ്ങൾ നിക്ഷേപിക്കാം. ലൈംഗിക ബന്ധത്തിന് ഒരു തടസ്സവും ഉണ്ടാക്കില്ല. ഇനി ഗർഭധാരണം ആവാമെന്ന ചിന്തയുണ്ടായാൽ ഡോക്ടറെ സമീപിച്ച് മിനിട്ടുകൾക്കകം ഈ ഉപകരണങ്ങൾ നീക്കുകയുമാവാം. മാസമുറയെ ഒരു തരത്തിലും ബാധിക്കാത്ത ഗർഭനിരോധനമാർഗ്ഗമാണിത്. വിജയസാധ്യത 99 ശതമാനം.
ഐയുഎസ് മറീന എന്ന സങ്കേതം ഉപയോഗിക്കുന്നതിലൂടെ മാസമുറ സമയത്തെ അധികരക്തസ്രാവത്തെ നിയന്ത്രിക്കാൻ കഴിയും. ഗർഭാശയത്തിൽ ഫൈബ്രോയിഡുകൾ വളരുന്നത് തടയാനും കഴിയുമെന്നതാണ് ഐയുഎസിന്‍റെ സവിശേഷത.
ഇൻട്രാ യൂട്ടറൈൻ ഡിവൈസുകൾക്ക് എന്തെങ്കിലും ദോഷവശമുണ്ടോ?
രഹസ്യരോഗങ്ങൾ, എച്ച്ഐവി തുടങ്ങിയവയെ പ്രതിരോധിക്കുകയില്ല. അതാണ് ഒരു ദോഷവശം. ചിലരിൽ ഈ ഉപകരണങ്ങൾ താഴേക്കു തള്ളിപ്പോകുന്നതായി കണ്ടുവരാറുണ്ട്. ചിലരിൽ വെള്ളപോക്ക്, പുറംവേദന എന്നീ അസ്വസ്ഥതകളും കാണുന്നു.