ഈ വേനൽക്കാലത്ത് ഹെൽത്തി ആന്‍റ് കൂൾ പാനീയങ്ങൾ കുടിക്കുന്നത് ശീലമാക്കിയാലോ അത്തരം ചില പാനീയങ്ങളുടെ ഈസി റെസിപ്പികളിതാ.
നന്നാറി സർബത്ത്
നന്നാറി (ആയുർവേദത്തിൽ (അനന്തമൂൽ) വേരുകൾ പഞ്ചസാര ചേർത്ത് വെള്ളത്തിൽ നന്നായി തിളപ്പിക്കുക. നന്നായി സത്തിറങ്ങിയ ശേഷം ഇത് തണുപ്പിച്ച് കുപ്പിയിൽ പകർന്നു വയ്ക്കാം. ഇതിൽ നിന്നും അൽപമെടുത്ത് അതിൽ നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് ആവശ്യമായ വെള്ളം ചേർത്ത് തണുപ്പിച്ച് കുടിക്കാം. ആവശ്യമെങ്കിൽ ഇതിൽ ചിയ സീഡ്സ് അല്ലെങ്കിൽ കസ്കസ് കുതിർത്തതും ചേർത്താൽ തികച്ചും ഹെൽത്തിയായ പാനീയമായി. നന്നാറി സത്ത് വലിയ അളവിൽ തയ്യാറാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ആവശ്യമുള്ളപ്പോൾ സർബത്താക്കി കുടിക്കാം. അതിഥികൾക്കും ഇത് സ്നേഹപൂർവ്വം സർവ്വ് ചെയ്യാം.
മോര്
കേരളീയർക്ക് പണ്ടുകാലം തൊട്ടെ പ്രിയപ്പെട്ട പാനീയമാണിത്. കൊടും ചൂടുള്ള സമയത്ത് പച്ചമുളകിന്‍റെയും ചുവന്നുള്ളിയുടെയും കറിവേപ്പിലയുടെയും ഇഞ്ചിയുടെയും സ്വാദ് ഒത്തിണങ്ങി ചേർന്ന ഒരു ഗ്ലാസ് മോര് കുടിച്ചു നോക്കൂ. ശരീരവും മനസും തണുക്കും. നന്നായി മിക്സിയിൽ അടിച്ചെടുത്ത മോരിൽ ചുവന്നുള്ളിയും പച്ചമുളകും ഇഞ്ചിയും അരിഞ്ഞോ ചതച്ചോ ചേർക്കുക. രുചികൂട്ടാൻ അൽപം കറിവേപ്പിലയും ചേർക്കുക. ഇനിയത് ഒന്ന് കുടിച്ചു നോക്കൂ.
പാനകം
ചൂടിന് ആശ്വാസം പകരുന്ന മറ്റൊരു പാനീയമാണിത്. പാനകവും ഈസിയായി തയ്യാറാക്കാം. ഒരു ലിറ്റർ വെള്ളത്തിൽ 50 ഗ്രാം ശർക്കര ചേർത്ത് തിളപ്പിച്ച് അരിച്ചെടുക്കുക. തണുത്തശേഷം ഇതിൽ 3 ഏലയ്ക്കയും അര ടീസ്പൂൺ ചുക്കുപൊടിയും ഒരു നാരങ്ങായുടെ നീരും കൂടി ചേർത്ത് മിക്സ് ചെയ്യുക. ഇത് തണുപ്പിച്ച് ഗ്ലാസിൽ പകർന്ന് പൊദീനയില കൊണ്ട് അലങ്കരിച്ച് സർവ്വ് ചെയ്യാം.
ലസ്സി
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന മധുരപാനീയം. പഞ്ചാബികൾ അതിഥികൾക്ക് നൽകുന്ന വെൽക്കം ഡ്രിങ്കാണിത്. എങ്കിലും ഇന്ത്യയിലെമ്പാടുമുള്ളവർ കുടിക്കുന്ന ഇഷ്ടപാനീയമാണിത്. നല്ലവണ്ണം തണുപ്പിച്ച തൈരാണ് ഇതിന് പ്രധാനമായും വേണ്ടത്. തൈര് ഒരു ജാറിൽ ഒഴിച്ച് വിസ്കോ ബ്ലൻഡറോ ഉപയോഗിച്ച് നന്നായി ബ്ലൻഡ് ചെയ്യുക. ഇനി ഇതിൽ ആവശ്യമായ അളവിൽ പഞ്ചസാരയും വെള്ളവും ചേർത്ത് മിക്സ് ചെയ്യുക. പാനീയം അൽപം കുറുകിയിരിക്കണം. ശേഷം ഗ്ലാസിൽ പകർന്ന് ഒരു ചെറിയ കഷണം ബട്ടർ മുകളിൽ ഇട്ട് കുടിച്ചു നോക്കൂ. ഇത് മറ്റൊരു രീതിയിലും തയ്യാറാക്കാം. പഞ്ചസാര ചേർത്ത തൈരിൽ അൽപം ഏലയ്ക്ക പൊടിച്ചതും റോസ് വാട്ടറും അൽപ്പം കുങ്കുമപ്പൂവും ചേർത്ത് നന്നായി മിക്സ് ചെയ്ത് ഗ്ലാസിൽ പകർന്ന് പഴങ്ങൾ മുറിച്ചതോ നട്സോ കൊണ്ട് അലങ്കരിച്ച് അൽപം രാജകീയമാക്കിയും സർവ്വ് ചെയ്യാം.
തണ്ണിമത്തൻ ജ്യൂസ്
വേനൽക്കാലത്ത് ആരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഫലമാണിത്. തണ്ണിമത്തൻ ജ്യൂസ് കുടിച്ചാൽ ശരീരവും മനസും അതിവേഗം റിഫ്രഷ് ആകും. കാരണം തണ്ണിമത്തനിൽ 90 ശതമാനവും ജലമാണ്.
അൽപം തണ്ണിമത്തൻ കഷണങ്ങൾ, ഇന്തുപ്പ് കുറച്ച് ഐസ് ക്യൂബ്, പൊദീനയില അലങ്കരിക്കാൻ ഇത്രമാത്രമാണ് ഈ ജ്യൂസ് തയ്യാറാക്കാൻ വേണ്ടത്.