മട്ടാഞ്ചേരി സ്വദേശിനിയായ സോനയ്ക്ക് കേക്ക് ബേക്കിംഗ് എന്നാൽ ഏറെ ഇഷ്ടപ്പെട്ട ഹോബിയാണ്. ബികോം കഴിഞ്ഞ് സിഎ വിദ്യാർത്ഥിനിയായ സോന പഠനത്തിന്‍റെ ഇടവേളയിൽ കൂട്ടുകാരുടെയും ബന്ധുക്കളുടേയും ബർത്ത്ഡെ ആഘോഷങ്ങൾക്കും മറ്റുമായി കേക്കും കുക്കീസും പിസയും മഫിൻസും ഐസ്ക്രീമും എല്ലാം തയ്യാറാക്കി നൽകാറുണ്ട്...
ബ്ലാക്ക് ഫോറസ്റ്റ് കേക്ക്
ചേരുവകൾ:
മുട്ട- 4 എണ്ണം
പഞ്ചസാര പൊടിച്ചത്- ഒരു കപ്പ്
കൊക്കോ പൗഡർ- 3 ടേബിൾ സ്പൂൺ
മൈദ- ഒരു കപ്പ് (3 ടേബിൾ സ്പൂൺ)
ബേക്കിംഗ് സോഡ- രണ്ട് നുള്ള്
ബേക്കിംഗ് പൗഡർ- 1 ടീസ്പൂൺ
ഡാർക്ക് ചോക്ക്ളേറ്റ് ആവശ്യത്തിന്
വിപ്പിംഗ് ക്രീം- 500 എംഎൽ
ചെറി സിറപ്പ്- കാൽ ടീസ്പൂൺ
പഞ്ചസാര- കാൽ കപ്പ്
വെള്ളം- മുക്കാൽ കപ്പ്
ചെറി കഷണങ്ങളാക്കിയത്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ മുട്ടയും വാനിലയും ചേർത്ത് നന്നായി അടിച്ച് പതപ്പിക്കുക. അതിലേക്ക് പഞ്ചസാര പൊടിച്ചത് അൽപാൽപമായി ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. ഡ്രൈ ഇൻഗ്രീഡിയന്‍റുകൾ മൈദ, ബേക്കിംഗ് സോഡ, ബേക്കിംഗ് പൗഡർ എന്നിവ മറ്റൊരു ബൗളിൽ മിക്സ് ചെയ്‌ത് അരിപ്പയിൽ 2-3 തവണ ഇടഞ്ഞെടുക്കുക. തുടർന്ന് ഈ ഡ്രൈ ഇൻഗ്രീഡിയന്‍റ് ബീറ്റ് ചെയ്‌ത് വച്ചിരിക്കുന്ന മുട്ട മിക്സിൽ അൽപാൽപ്പമായി ഇട്ടു കൊടുത്ത് കട്ട് ആന്‍റ് ഫോൾഡ് ചെയ്യുക.
ചെറി സിറപ്പ് തയ്യാറാക്കാൻ വെള്ളം ചൂടാക്കി അതിൽ പഞ്ചസാരയും ചെറി കഷ്ണങ്ങളും ഇട്ട് നന്നായി തിളപ്പിച്ച് പാനി സിറപ്പ് പരുവത്തിലാക്കുക. തുടർന്ന് സിറപ്പ് അരിച്ചെടുത്ത് വയ്ക്കുക. പ്രീഹീറ്റഡ് ഓവനിൽ കേക്ക് ബാറ്റർ 20-25 മിനിറ്റ് നേരം ബേക്ക് ചെയ്യുക.
കേക്ക് തണുത്ത ശേഷം 3 ലെയറായി മുറിക്കുക. ആദ്യത്തെ ലെയറിൽ ചെറി സിറപ്പും ഒഴിക്കുക. അതിന് മീതെ ചെറി കഷണങ്ങൾ ഇടുക. അപ്രകാരം 2 ഉം 3 ഉം ലെയറിൽ ആവർത്തിക്കുക. ഫ്രോസ്റ്റിംഗിനായി ഒരു ബൗളിൽ വിപ്പിംഗ് ക്രീം എടുക്കുക. അതിൽ കുറച്ച് പഞ്ചസാര ചേർത്ത് നന്നായി വിപ്പ് ചെയ്യുക. ക്രീം ഓരോ കേക്ക് ലെയറിലും ഇട്ട ശേഷം മൂന്ന് ലെയറും ഒരുമിച്ച് വച്ചശേഷം ടോപ്പ് ലെയറിന് മുകളിൽ ഗ്രേറ്റഡ് ചോക്ക്ളേറ്റ് വിതറുക. കേക്ക് സെറ്റാകാൻ ഒന്നോ രണ്ടോ മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കാം.
പ്ലം കേക്ക്
ചേരുവകൾ:
മിക്സഡ് ഡ്രൈ ഫ്രൂട്ട്സ്- 250 ഗ്രാം (ട്ടൂട്ടി ഫ്രൂട്ടി, റെയ്സിൻസ്, ഈന്തപ്പഴം, റെയ്സിൻസ്)
മൈദ- ഒന്നര കപ്പ്
ബേക്കിംഗ് പൗഡർ- ഒന്നര ടീസ്പൂൺ
ഉപ്പ്- ഒരു നുള്ള്
കറുവാപ്പട്ട പൊടിച്ചത്- കാൽ ടീസ്പൂൺ
ചുക്കുപൊടി- കാൽ ടീസ്പൂൺ
ഗ്രാമ്പൂ പൗഡർ- കാൽ ടീസ്പൂൺ
ജാതിക്കാപ്പൊടി- കാൽ ടീസ്പൂൺ
മുട്ട- 3
വാനില എസ്സൻസ്- അര ടീസ്പൂൺ
ഓറഞ്ച് പീൽ, ലെമൺ പീൽ ഗ്രേറ്റഡ്- ഒരു ടീസ്പൂൺ
ബട്ടർ (ഉരുക്കിയത്)- കാൽ കപ്പ്
ഓയിൽ- കാൽ കപ്പ്
പഞ്ചസാര പൗഡർ- കാൽ കപ്പ്
തയ്യാറാക്കുന്ന വിധം
ലോ ഫ്ളയിമിൽ മുക്കാൽ കപ്പ് പഞ്ചസാര കാരമലൈസ് ചെയ്യുക. കാരമലൈസ് ചെയ്‌ത പഞ്ചസാര സിറപ്പ് കാൽ ഭാഗത്തിൽ ഡ്രൈ ഫ്രൂട്ട്സ് ചേർത്ത് സോക്ക് ചെയ്യാം. ഒരു ബൗളിൽ മൈദ, ബേക്കിംഗ് പൗഡർ, ഉപ്പ്, കറുവാപ്പട്ട പൊടി, ചുക്ക് പൊടി, ഗ്രാമ്പൂ പൊടിച്ചത്, ജാതിക്കാപ്പൊടി എന്നിവ ചേർത്ത് രണ്ടോ മൂന്നോ തവണ കട്ടയില്ലാതെ അരിച്ചെടുക്കുക.