കാൻസിലെ ചുവന്ന പരവതാനിയിൽ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരുന്ന ആയിരക്കണക്കിന് ക്യാമറക്കണ്ണുകളെ ഐശ്വര്യ ഇത്തവണയും നിരാശരാക്കിയില്ല. ഗോൾഡൻ ഫിഷ് കട്ട് ഗൗൺ ധരിച്ച് മെലിഞ്ഞ് സുരസുന്ദരിയായി താരം വന്നപ്പോൾ ഭർത്താവ് അഭിഷേക് ബച്ചൻ പോലും അന്തംവിട്ടു പോയി എന്നാണ് വാർത്ത. റെഡ് കാർപ്പറ്റിൽ ഗോൾഡൻ ഫിഷ് ടെയിൽ റോബെർട്ടോ കവാലി ഗൗൺ ധരിച്ച്, കടും ചുവപ്പണിഞ്ഞ ചുണ്ടിൽ നിന്ന് ഫ്‌ളയിംഗ് കിസ്സുകളുമായി ഐശ്വര്യ ഒഴുകി വന്നപ്പോൾ ഒരു നിമിഷം സദസ് ശ്വാസമടക്കിപ്പിടിച്ചുപ്പോയി.
നൂറുകണക്കിന് ക്യാമറക്കണ്ണുകൾ ഒരേ സമയം തുരെതുരെ മിഴി ചിമ്മിത്തുറക്കുമ്പോൾ ന്യായമായും സംശയം തോന്നും അവർ ധരിച്ചിരിക്കുന്ന ഗ്ലാമറസ് വസ്‌ത്രങ്ങളല്ലേ അവർക്ക് ഇത്ര ഹോട്ട് ലുക്ക് നൽകുന്നതെന്ന്! സംഗതി സത്യമാണ്.
ഓസ്‌കർ സിനിമാ അവാർഡ് ദാന ചടങ്ങ് ഒപ്പിയെടുക്കാൻ നൂറുകണക്കിന് ഫോട്ടോഗ്രാഫർമാർ തിരക്കു കൂട്ടുന്നത് പതിവാണ്. ലോകത്തിൽ ഏറ്റവും അധികം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുന്ന ഓസ്‌ക്കർ വേദിയിൽ ഇങ്ങനെ തിക്കും തിരക്കും കൂട്ടാൻ ഫോട്ടോഗ്രാഫർമാരെ പ്രേരിപ്പിക്കുന്നതെന്താവും? സംശയിക്കേണ്ട, ലോകമെമ്പാടും നിന്നുമുള്ള നമ്പർ വൺ സുന്ദരികളുടെ സംഗമസ്‌ഥലം. മനംമയക്കുന്ന ഹോട്ട് ഗൗണുകളിൽ അതിസുന്ദരികളായെത്തുന്ന നായികമാരെ പകർത്താൻ കിട്ടുന്ന അപൂർവ്വവസരമാണത്.
കാൻസ് ഫിലിം ഫെസ്‌റ്റിവൽ, മോഷൻ പിക്‌ച്ചേഴ്‌സ് അക്കാദമി അവാർഡ് (ഓസ്‌ക്കർ), അമേരിക്കൻ പ്രസിഡന്‍റിന്‍റെ സത്യപ്രതിജ്‌ഞ എന്നീ ചടങ്ങുകളിൽ സെലിബ്രിറ്റികൾ ധരിക്കുന്ന ഗൗണുകൾക്ക് അവരോളം തന്നെ വിലയുണ്ട്! ചുവന്ന പരവതാനിക്കു മുകളിലൂടെ മത്സ്യകന്യകമാരെ പോലെ നീന്തിവരുന്ന സൗന്ദര്യധാമങ്ങൾ. ഓരോരുത്തരും ഒന്നിനൊന്ന് കിടപിടിക്കുന്ന ഫാഷൻ ഗൗണുകൾ പ്രത്യേകം രൂപകൽപന ചെയ്‌ത് അണിഞ്ഞു വരുന്നു.
മർലിൻ മൺറോ മുതൽ എലിസബത്ത് ടെയ്‌ലർ വരെ നിറഞ്ഞു നിന്ന റെഡ് കാർപ്പറ്റ് വേദിയിൽ ഇപ്പോൾ ആഞ്‌ജലീന ജോളിയും പാരീസ് ഹിൽട്ടനും കാറ്റ് വിസ്‌ലെറ്റും ഐശ്വര്യ റായും മല്ലിക ഷെരാവതും എന്നിങ്ങനെ ന്യൂജനറേഷൻ സുന്ദരികളാണെന്നു മാത്രം.
കഴിഞ്ഞ 13 വർഷമായി കാൻ ഫെസ്‌റ്റിവലിലെ നിറഞ്ഞ സാന്നിധ്യമാണ് ഐശ്വര്യ റായ് ബച്ചൻ. മല്ലികാ ഷെരാവത്തും ഫ്രീദ പിന്‍റോയും സോനം കപൂറും റെഡ് കാർപ്പറ്റിൽ തിളങ്ങിയിട്ടുണ്ട്. ഇന്ത്യൻ ഗ്ലാമർ ആഗോള തലത്തിൽ ചർച്ച ചെയ്യപ്പെട്ടത് ഐശ്വര്യയുടെ സൗന്ദര്യത്തിലൂടെയാണ്. കുഞ്ഞുണ്ടാവുന്നതിനു മുമ്പ് ഐശ്വര്യ, ഇവാ ലംഗോറിയക്കൊപ്പം കാൻസിൽ നടത്തിയ ക്യാറ്റ് വാക്ക് ആരാധക ഹൃദയം ത്രസിപ്പിച്ചിരുന്നു എന്നു പറയാം. അന്ന് ഐശ്വര്യ ധരിച്ച ഇളം ബ്രൗൺ നിറത്തിലുള്ള ഗൗൺ ഏറെ പ്രശംസ നേടി. പ്രസവ ശേഷം അൽപം തടിയോടെ കാനിൽ ഐശ്വര്യ പ്രത്യക്ഷപ്പെട്ടിരുന്നു.
ഫിലിം ഫെസ്‌റ്റിവലുകൾ, സെലിബ്രിറ്റുകളുടെ വിവാഹം, സ്ഥാനാരോഹണ ചടങ്ങുകൾ, ക്രിസ്‌ത്യൻ വിവാഹങ്ങൾ അതിലെല്ലാം ഡിസൈനർ ഗൗണുകൾ ഉപയോഗിക്കുന്ന രീതിയ്‌ക്ക് ഇപ്പോൾ പ്രചാരമേറി. യൂറോപ്യൻ സംസ്കാരത്തിന്‍റെ ഭാഗമാണ് ഗൗൺ. എന്നാൽ ഇപ്പോൾ അന്താരാഷ്‌ട്ര ഫാഷൻ സ്‌റ്റൈൽ എന്ന അംഗീകാരം ലഭിച്ചുവെന്നാണ് ഫാഷൻ ഡിസൈനർമാർ ചൂണ്ടിക്കാട്ടുന്നത്.