എന്‍റമ്മേടെ ജിമിക്കി കമ്മൽ... ഈ പാട്ട് ഇറങ്ങിയ ശേഷം ആഭരണക്കടകളിലൊക്കെ പൂർവാധികം ശക്‌തമായി ജിമിക്കി കമ്മൽ പ്രേമം പൊടിപൊടിക്കുകയാണ്. ഇത് ഒരു ട്രെന്‍റാണ്. കാലത്തിനനുസരിച്ച് അതിവേഗം മാറുന്ന ഫാഷൻ ട്രെന്‍റിൽ പെട്ട ഒരു കാര്യം. വസ്‌ത്രങ്ങളായാലും ആക്സസറീസ് ആയാലും ഓരോ കാലത്തും മാറിക്കൊണ്ടിരിക്കും. ശരീരത്തിനിണങ്ങുന്ന നല്ലൊരു വസ്ത്രം ധരിക്കുന്നതാണോ ഏറ്റവും മികച്ച ഫാഷൻ? മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ ലുക്ക് വേണമെന്നാഗ്രഹിക്കുന്നവർ ഫോളോ ചെയ്യേണ്ട വാക്കാണ് ഫാഷൻ.
ശരീരത്തിനിണങ്ങുന്ന വസ്ത്രം ധരിക്കുന്നതിൽ മുതൽ വിരലിലണിയുന്ന മോതിരത്തിൽ വരെ ഫാഷൻ ക്രിയേറ്റ് ചെയ്യുകയോ ഫോളോ ചെയ്യുകയോ ആവാം. പക്ഷേ അത് ഫാഷൻ ആയി ഫീൽ ചെയ്യണമെങ്കിൽ അതു ശരിക്കും ഇണങ്ങുന്ന ആൾ തന്നെ ഉപയോഗിക്കണമെന്നു മാത്രം.
ഫാഷൻ സ്റ്റൈൽ എന്നു പറയുമ്പോൾ ഏറ്റവും ലളിതമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഇതേക്കുറിച്ച് ഫാഷൻ സ്റ്റൈലിസ്റ്റ് ആയ റിനി പ്രദീപ് പറയുന്നത് ഇങ്ങനെയാണ്. “ഫാഷനിൽ ഓരോ വ്യക്‌തിയും യൂണീക്ക് ആണ്.” ഫാഷൻ ഡിസൈനിംഗും ഗാർമെന്‍റ് ടെക്നോളജിയും പഠിച്ച ശേഷം വനിതാ മാഗസിനുകൾക്കു വേണ്ടി ഫ്രീലാൻസ് ഫാഷൻ ഫോട്ടോഷൂട്ട് ചെയ്യാറുള്ള റിനിയുടെ ആദ്യത്തെ വർക്ക് ബേൺ മൈ ബോഡി എന്ന ലഘുചിത്രമാണ്. പ്രദീപ് ജോർജ് ആണ് ജീവിതപങ്കാളി. റിനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ഫാഷൻ ഐക്കൺ സോനം കപൂർ ആണ്. “സോനത്തിന്‍റെ ഫാഷൻ സ്റ്റൈൽസും സെൻസും അമേസിംഗ് ആണ്.”
“ഒരു വ്യക്‌തിക്കും അനുകരണീയമല്ല മറ്റൊരാളുടെ ഫാഷൻ. കാരണം ഒരേ വസ്ത്രം തന്നെ ധരിച്ചാലും രണ്ട് പേർക്ക് രണ്ട് ലുക്ക് ആയിരിക്കും. മറ്റൊരാൾ ധരിച്ച ഡ്രസ്സ് കണ്ട് ആ സ്റ്റൈൽ തനിക്കും വേണം എന്നാഗ്രഹിച്ച് ഫോളോ ചെയ്‌തിട്ട് കാര്യമില്ല. തനിക്കിണങ്ങുന്ന ഫാഷനും സ്റ്റൈലും സ്വയം മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ ഫാഷൻ സ്റ്റൈലിസ്റ്റിന്‍റെ സഹായം തേടാവുന്നതാണ്. ഫാഷനിൽ ഓരോ വ്യക്‌തിയും യൂണീക്ക് ആയതിനാൽ രൂപമോ, പ്രായമോ ബാധകമല്ല.
40 വയസ്സു കഴിഞ്ഞാൽ മിനിസ്കർട്ടോ ഛെ! 50 കഴിഞ്ഞാൽ സ്ലീവ്ലസ് ഡ്രസ് മോശം! ഇങ്ങനെയൊക്കെ ചിന്തിക്കാൻ വരട്ടെ. പ്രായവും ഫാഷനും തമ്മിൽ ബന്ധമുണ്ട് എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗവും. പ്രത്യേകിച്ചും സ്ത്രീകൾ. പക്ഷേ 9 വയസ്സു മുതൽ 90 വയസ്സു വരെയുള്ളവർ ജീൻസ് ധരിക്കുന്ന നാട്ടിൽ ഏതു വസ്ത്രമാണ് പ്രായത്തിന് ചേരാത്തത് എന്ന് ചിന്തിച്ച് മാറ്റി വയ്ക്കേണ്ടത്? 50 കളിൽ പോലും നല്ല ഷേപ്പ് ഉള്ളവർക്ക് ഏതു ഡ്രസ്സും അണിയാം.
ഫാഷൻ എന്നുപറഞ്ഞാൽ ആഡംബരമെന്നോ, ആധുനികമെന്നോ ചിന്തിക്കുന്നവരോട് പറയാൻ ഒരു കാര്യമേയുള്ളൂ. ഒരു വ്യക്‌തിക്ക് ഇണങ്ങുന്നതെന്തും ഫാഷൻ ആക്കാം. 30 വയസ്സുള്ള ഒരു സ്ത്രീക്ക് ചേരാത്ത മാക്‌സി ഡ്രസ്സ് ചിലപ്പോൾ പെർഫെക്‌ട് ഷേപ്പുള്ള 50 കാരിക്കും ചേർന്നേക്കാം. അത്രേയുള്ളൂ ഫാഷൻ സ്റ്റൈൽ. ഉദ്യോഗസ്‌ഥർക്ക് ഇളം നിറങ്ങളിലുള്ള വസ്ത്രങ്ങളാണ് കൂടുതൽ ഇണങ്ങുക. ഇളം നിറങ്ങൾ എപ്പോഴും ക്ലാസി ലുക്ക് നൽകും. ജ്വല്ലറിയും വാച്ചും പരമാവധി സിംപിൾ ആകുമ്പോൾ എലഗൻസ് കൂടും.