ചോദ്യം:
32 വയസ്സുള്ള ഒരു സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനാണ് ഞാൻ. എനിക്ക് കൊച്ചിയിലാണ് ജോലി, ഭാര്യയും രണ്ട് വയസ്സുള്ള മകളും എന്‍റെ അമ്മയ്ക്കൊപ്പം തിരുവനന്തപുരത്താണ് താമസം, ഞാൻ എല്ലാ ശനിയാഴ്ചയും വീട്ടിലെത്താറുണ്ട്. മുമ്പ് തിരുവനന്തപുരത്തായിരുന്നു ജോലി എനിക്ക് തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് ട്രാൻസ്ഫറായ ശേഷം ഭാര്യയുടെ സ്വഭാവമാകെ മാറി അവൾ ഒരു ദിവസം പോലും വീട്ടിലിരിക്കാറില്ല. മകളേയും കൂട്ടി ബന്ധുവീടുകളിലും കൂട്ടുകാരുടെ വീട്ടിലുമൊക്കെ കറങ്ങി നടക്കും. വീട്ടിലെ മുഴുവൻ ജോലിയും ചെയ്യുന്നത് അമ്മയാണ്. അമ്മയെ അവൾക്കൊട്ടും ബഹുമാനമില്ല. ഭാര്യയേയും മകളേയും കൂടെ കൊണ്ടുപോകണമെന്നാണ് അമ്മ പറയുന്നത്. അമ്മ പറഞ്ഞതിൽ കാര്യമുണ്ടെങ്കിലും വീട്ടിൽ അമ്മ തനിച്ചാകില്ലേയെന്നാണ് എന്‍റെ പേടി, ഈ തീരുമാനം ഉചിതമാണോ?
ഉത്തരം:
അമ്മ മുന്നോട്ടു വച്ച നിർദ്ദേശം ഉചിതമാണ്. പിന്നെയുള്ള ആശങ്ക അമ്മ തനിച്ചാകുമല്ലോയെന്നതാണ്. ഇക്കാലത്ത് പ്രായമായവർ ഒറ്റയ്ക്ക് താമസിക്കുന്നത് അൽപം ആശങ്ക ജനിപ്പിക്കുന്ന കാര്യമായതിനാൽ അമ്മയേയും ഒപ്പം കൂട്ടുക. അമ്മ വരാൻ കൂട്ടാക്കുന്നില്ലെങ്കിൽ അമ്മയുടെ മേൽനോട്ടം ഏതെങ്കിലും വിശ്വസ്തരായ ബന്ധുക്കളെ ഏൽപ്പിക്കുക. പിന്നെ നിങ്ങൾക്ക് സൗകര്യവും സമയവുമുള്ളപ്പോഴൊക്കെ അമ്മയെ സന്ദർശിക്കാമല്ലോ. അമ്മയ്ക്ക് നിങ്ങളേയും സന്ദർശിക്കാം.
ചോദ്യം:
എനിക്ക് 23 വയസ്സുണ്ട്. ഞാനിപ്പോൾ സി.എ ചെയ്തു കൊണ്ടിരിക്കുകയാണ്. പൊതുവേ അന്തർമുഖ സ്വഭാവക്കാരിയാണ് ഞാൻ. പഠിത്തമെന്ന ചിന്ത മാത്രമേയുള്ളു എനിക്ക്. എന്‍റെ പ്രശ്നം, എന്‍റെ അച്‌ഛന്‍റെയും അമ്മയുടെയും സഹോദരങ്ങളും ബന്ധുക്കളും അടിക്കടി ഞങ്ങളെ സന്ദർശിക്കാൻ വരുന്നതാണ്. എനിക്ക് അത്തരം കാര്യങ്ങളൊന്നും ഇഷ്ടമല്ല, ഞാൻ ആരുടേയും വിവാഹത്തിനോ മറ്റു ചടങ്ങുകൾക്കോ പോകാറില്ല. ഒറ്റക്കുട്ടിയായതിനാലാവാം മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തമായാണ് പെരുമാറുന്നത്. വീട്ടിൽ ഇപ്പോൾ ആരു വന്നാലും ഞാൻ ബഹളം വയ്ക്കുമെന്നോർത്ത് അച്‌ഛനുമമ്മയ്ക്കും ആകെ ടെൻഷനാണ്. സ്വാർത്ഥ മനോഭാവമുള്ളതിനാലാണോ ഞാനിങ്ങനെ പെരുമാറുന്നത്? എനിക്കിപ്പോൾ എന്‍റെ സ്വഭാവത്തെക്കുറിച്ചോർത്ത് വല്ലാത്ത ആശങ്കയാണ്.
ഉത്തരം:
കുട്ടി ഭാഗ്യവതിയാണെന്ന് വേണം പറയാൻ. ഇത്രയും അടുപ്പമുള്ള ബന്ധുജനങ്ങൾ കുട്ടിക്കുണ്ടല്ലോ, അതൊരു ഭാഗ്യമായി കരുതുകയല്ലേ വേണ്ടത്. അത്രയും അടുപ്പവും സ്നേഹവുമുള്ള ബന്ധുക്കൾ കുട്ടിയുടെ ഏത് കാര്യത്തിനും സഹായഹസ്തവുമായി വരുമെന്നത് ഉറപ്പാണ്. ഒപ്പം ഏത് പ്രശ്നത്തിനും കുട്ടിയുടെ അച്ഛനേയും അമ്മയേയും അവർ സഹായിക്കും. ആ നിലയ്ക്ക് അവരുടെ സന്ദർശനത്തെ വെറുപ്പോടെ കാണേണ്ടതില്ല.
പഠിത്തത്തിന്‍റെ തിരക്കും മറ്റും മൂലം നിങ്ങൾക്ക് എങ്ങും പോകാനാവില്ലെന്നത് വാസ്തവമാണ്. ആ നിലയ്ക്ക് ബന്ധുക്കളുടെ വിവാഹച്ചടങ്ങിനും മറ്റും പോകണമെന്ന് പറഞ്ഞ് അച്ഛനുമമ്മയും വാശിപിടിക്കുന്നതിൽ അർത്ഥമില്ല സമയവും സൗകര്യവുമുണ്ടെങ്കിൽ കുട്ടിയ്ക്ക് അത്തരം ചടങ്ങുകളിൽ പോകാം. എപ്പോഴും പഠനമെന്ന ചിന്തയുമായി തന്നിലേക്ക് മാത്രമായി ഒതുങ്ങി കൂടുന്നതും ശരിയല്ല. അൽപസ്വൽപം നേരമ്പോക്കുകളിലും ഏർപ്പെടാം. മനസ്സിന് നല്ല അയവും ഉണർവ്വം ലഭിക്കും. ടെൻഷൻ മാറുകയും ചെയ്യും. സമപ്രായക്കാരുമായി സൗഹൃദം സ്ഥാപിക്കുക. സിനിമകാണാനും മറ്റും പോകുക. മനസ്സ് തുറന്ന് സന്തോഷിക്കുക.





