ബോളിവുഡിൽ ഒരവസരം ലഭിക്കാൻ എത്രയെത്ര കലാകാരന്മാരാണ് വർഷങ്ങളായി കഠിനപ്രയത്നം ചെയ്യുന്നത്. ചിലർക്കതിന് ഭാഗ്യം സിദ്ധിക്കുമ്പോൾ മറ്റ് ചിലർക്ക് മിനി സ്ക്രീനുകളിൽ തിളങ്ങാനാവും ഭാഗ്യം ലഭിക്കുക. ഹൃസ്വ ചിത്രങ്ങളിലും വെബ്സീരിസുകളിലുമായി ഇത്തരത്തിൽ ധാരാളം കലാകാരന്മാർ അരങ്ങുവാഴുന്ന കാഴ്ച നമ്മൾ അടുത്ത കാലത്തായി ധാരാളം കണ്ടിരിക്കുന്നു.
ഹൃസ്വ ചിത്രങ്ങളിലും മറ്റും ശ്രദ്ധ പിടിച്ചു പറ്റുന്ന ഇത്തരം താരങ്ങൾക്ക് പിന്നാലെ ബിഗ്സ്ക്രീനുകളിൽ നിന്നും ധാരാളം അവസരങ്ങളാണ് തേടി വരുന്നത്. അത്തരമൊരു വ്യക്‌തിയാണ് ഫിസിയോതെറാപ്പി പ്രൊഫഷനിൽ നിന്നും അഭിനയകലയിലെത്തിയ ആകാംക്ഷ സിംഗ്.
’ന ബോലെ തും ന മേനെ കുഛ് കഹാ’ എന്ന സീരിയലിൽ രണ്ട് കുട്ടികളുടെ അമ്മയായി വേഷമിട്ട് ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ചിട്ടും ബോളിവുഡിൽ ഈ നടിയ്ക്ക് വേണ്ട പരിഗണനയൊന്നും ലഭിച്ചില്ല. അതോടെ അവർ തെന്നിന്ത്യൻ സിനിമ ലോകത്ത് ശ്രദ്ധ പതിപ്പിക്കുകയായിരുന്നു.
തെന്നിന്ത്യൻ സിനിമ ലോകത്ത് പ്രശസ്തിയാർജ്ജിക്കുക മാത്രമല്ല നാഗാർജ്ജുന പോലെയുള്ള മുൻനിര കലാകാരന്മാർക്കൊപ്പം അഭിനയിക്കാനുള്ള സുവർണ്ണാവസരവും ആകാംക്ഷയ്ക്ക് ലഭിക്കുകയായിരുന്നു. ഇതിനിടെ ബദ്രിനാഥ് കി ദുൽഹനിയാ എന്ന ഹിന്ദി ചിത്രത്തിൽ അവർ അഭിനയിച്ചു.
കഴിഞ്ഞ വർഷം സുദീപിനൊപ്പം പഹൽവാൻ എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം ഈ നടിയ്ക്ക് ലഭിച്ചിരുന്നു. പഹൽവാൻ എന്ന ചിത്രം കന്നഡ, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി പ്രദർശിപ്പിക്കുകയുമുണ്ടായി. ചിത്രത്തിന് തെന്നിന്ത്യയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രം കന്നഡ ഭാഷയിൽ 100 കോടിയിലധികമാണ് വരുമാനമുണ്ടാക്കിയത്. എന്നാൽ ബോളിവുഡിൽ ആകാംക്ഷയ്ക്ക് വലിയ ചലനമൊന്നും സൃഷ്ടിക്കാനായില്ല.
ആകാംക്ഷ സിംഗ് അഭിനയിച്ച രണ്ട് ഹൃസ്വ ചിത്രങ്ങളായ മേഥി കെ ലഡ്‌ഡുവും ഖൈദും ഏറെ പ്രശംസ പിടിച്ചു പറ്റിയവയായിരുന്നു. അത് മാത്രമല്ല ചിത്രങ്ങളിലെ തകർപ്പൻ പ്രകടനം കണ്ട് അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന മെഡെ എന്ന ചിത്രത്തിൽ ആകാംക്ഷയെ നായികയാക്കുകയും ചെയ്തു. ചിത്രത്തിൽ അജയ് ദേവ്ഗണിന് പുറമെ, അമിതാഭ് ബച്ചനും വേഷമിടുന്നുണ്ട്.
ഇപ്പോൾ ആകാംക്ഷയെ തങ്ങളുടെ സിനിമകളിൽ ഭാഗമാക്കാനുള്ള ചർച്ചയിലാണത്രേ ബോളിവുഡിലെ പല സിനിമക്കാരും. ആകാംക്ഷയുമായുള്ള അഭിമുഖത്തിൽ നിന്നും:
ഡിസംബർ 2011 മുതൽ ഡിസംബർ 2020 നുമിടയിലുള്ള 9 വർഷത്തെ കരിയറിലുണ്ടായ ടേണിംഗ് പോയിന്‍റ് എന്തായിരുന്നു?
എന്‍റെ 9 വർഷത്തെ കരിയറിലെ ടേണിംഗ് പോയിന്‍റ് തെന്നിന്ത്യൻ ഭാഷകളിൽ അവസരം ലഭിച്ചത് തന്നെയാണ്. ഇതിന് പുറമെ അടുത്തിടെ ഖൈദ്, മേഥി കെ ലഡ്‌ഡു എന്നീ ഹൃസ്വ ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞതും ടേണിംഗ് പോയിന്‍റാണ്. പിന്നെ അജയ്ദേവ്ഗണിനൊപ്പം ഹിന്ദി ചിത്രമായ മെഡെ യിൽ അഭിനയിക്കാൻ അവസരം ലഭിച്ചതാണ് എന്‍റെ മൂന്നാമത്തെ ടേണിംഗ് പോയിന്‍റ്.
പഹൽവാൻ എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ചെങ്കിലും ബോളിവുഡിൽ ഉറച്ച് നിൽക്കാനുള്ള അവസരം ലഭിച്ചില്ല എന്തായിരുന്നു കാരണം?
പഹൽവാൻ എന്ന ചിത്രത്തെ ബോളിവുഡ് സിനിമയായി കാണാനാവില്ല. യഥാർത്ഥത്തിൽ ഈ സിനിമ കന്നഡ ഭാഷയിലാണ് നിർമ്മിച്ചത്. പിന്നീട് അത് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി മൊഴിമാറ്റം ചെയ്യുകയായിരുന്നു. കന്നഡയിൽ ഈ ചിത്രം വമ്പൻ ഹിറ്റായിരുന്നു. എന്നാൽ ഇതിന്‍റെ ഹിന്ദി പതിപ്പിൽ ഞാനത്ര പ്രതീക്ഷ വച്ചു പുലർത്തിയിരുന്നില്ല. കാരണം അത് തെന്നിന്ത്യൻ ഭാഷാ ചിത്രമാണല്ലോ. അതിനത്ര സ്വീകാര്യത ലഭിക്കണമെന്നില്ല.