ഇഷ്ക് ഇറങ്ങിയതോടെ ഷെയ്ൻ നിഗത്തിനോട് സിനിമാപ്രേമികൾക്ക് ഇഷ്ക് കൂടിയിരിക്കുകയാണ്. മലയാളത്തിലെ പുതിയ താരോദയം അഭിനയം തുടങ്ങിയത് ബാലതാരമായാണ്. ടെലിവിഷൻ ഷോകളിൽ തിളങ്ങി. ഹലോ കുട്ടിച്ചാത്തൻ എന്ന പരമ്പര പ്രസിദ്ധമായിരുന്നു. ഡാൻസ് റിയാലിറ്റി ഷോകളിലും വിജയിയായി. കിസ്മത്ത് ആയിരുന്നു ബ്രേക്ക് ആയ ചിത്രം. കമ്മട്ടിപ്പാടം, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, അന്നയും റസൂലും, ബാല്യകാല സഖി എന്നിവയിൽ ചെറിയ വേഷങ്ങൾ ചെയ്‌തിരുന്നു. ദംഗൽ എന്ന ചിത്രത്തിൽ ഓഫർ ഉണ്ടായിരുന്നുവെങ്കിലും ഡേറ്റ് ക്ലാഷ് കാരണം അഭിനയിക്കാനായില്ല. ഷേയ്ൻ നിഗം മനസ്സ് തുറക്കുന്നു.
കുമ്പളങ്ങി നൈറ്റ്സിൽ വേറിട്ട അഭിനയമാണ് കാഴ്ച വച്ചത്. 23-ാം വയസ്സിൽ കഥാപാത്രത്തോട് ഇത്രയധികം പക്വത കാണിക്കാൻ എങ്ങനെ സാധിക്കുന്നു?
ഞാൻ മുമ്പ് ചെയ്‌ത കിസ്മത്ത്, പറവ, ഈട എന്നിവ പോലെയല്ല കുമ്പളങ്ങി. ഞാനിതൊന്നും മനഃപൂർവ്വം തെരഞ്ഞെടുക്കുന്നതല്ല. കഥാപാത്രമാവാൻ സംവിധായകൻ പറയുമ്പോൾ അതിനനുസരിച്ച് മാറുന്നു എന്നു മാത്രം. ഡാർക്ക് ഷേഡുള്ള കഥാപാത്രങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. അതൊന്നും മനഃപൂർവ്വമല്ല. പിന്നെ ഒരു നടനും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാൻ ആഗ്രഹിക്കില്ലല്ലോ?
വളരെ സോഫ്റ്റ് സ്പോക്കൺ ആണ് ഷെയ്ൻ. ഉമ്മയെ പോലെയാണോ, അതോ ഉപ്പയെ പോലെയോ...
ഞാൻ എന്നെപ്പോലെയാണ് (ചിരിക്കുന്നു)
ഇഷ്കും ലൗ സ്റ്റോറിയാണ്?
പക്ഷേ ഇതൊരു ടിപ്പിക്കൽ ലൗസ്റ്റോറിയല്ല. ഈ ധാരണ വച്ച് സിനിമ കണ്ടവർക്ക് നിരാശയാവും ഫലം. ഈ സിനിമ ഒരു സാമൂഹ്യ പ്രശ്നം കൈകാര്യം ചെയ്യുന്നുണ്ട്. ഇഷ്കിന്‍റെ ഇതിവൃത്തവും അതാണ്. നായികാനായകന്മാരുടെ കാഴ്ചപാടിൽ നിന്നാണ് കഥ പറയുന്നതെന്ന് മാത്രം. എന്‍റെ കഥാപാത്രമായ സച്ചിദാനന്ദൻ ഒരു കൺവെൻഷണൽ ഹീറോ അല്ല.
കുമ്പളങ്ങിയ്ക്ക് ശേഷം ജീവിതം മാറിയോ?
ഇപ്പോൾ സെൽഫി എടുക്കാൻ വരുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്(ചിരിക്കുന്നു). ആൾക്കൂട്ടത്തിൽ നിൽക്കാൻ മടിയുള്ള ആളാണ് ഞാൻ. പക്ഷേ സിനിമയുടെ പ്രൊമോഷനു വേണ്ടി പബ്ലിക്കിനെ ഫേസ് ചെയ്യേണ്ടി വരുന്നു. അതു ചെയ്‌തല്ലേ പറ്റൂ.
എന്തുതരം റോൾ ആണ് ചെയ്യാനിഷ്ടം?
ഏതു റോൾ ചെയ്യുമ്പോഴാണ് ഞാൻ കൂടുതൽ കംഫർട്ട് എന്ന് എനിക്കറിയില്ല. ഞാൻ തുടക്കക്കാരനാണ്. കാലം എന്‍റെ അഭിനയത്തിനു കൂടുതൽ പക്വത കൈവരുത്തിയേക്കും.
കിസ്മത്ത് ചെയ്യുമ്പോൾ 20 വയസ്സേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും ആ കഥാപാത്രത്തോട് മുതിർന്ന നടനെന്ന പോലെ നീതി പുലർത്തി?
സംവിധായകനോട് നന്ദി പറയാനേ എനിക്കാവൂ. ഇതൊന്നും എന്‍റെ കഴിവല്ല. എന്‍റെ തെരഞ്ഞെടുപ്പുമല്ല.
ഒരു പടം കഴിഞ്ഞ് നല്ല ഗ്യാപ്പ് വരുന്നു. മനഃപൂർവ്വം ആണോ?
സെലക്ടീവ് ആവുന്നതുകൊണ്ടാണ് ഗ്യാപ് സംഭവിക്കുന്നത്. അത് നല്ലതിനാണെന്ന് ഞാൻ കരുതുന്നു.
ഞാൻ സ്റ്റീവ് ലോപ്പസിലേയ്ക്ക് ഷെയ്നിനെയായിരുന്നു ആദ്യം നിശ്ചയിച്ചതെന്ന് കേട്ടിരുന്നു...
ശരിയാണ്, അന്ന് പഠിക്കുന്നതിനാൽ ചെയ്യാനായി സാധിച്ചില്ല. എങ്കിലും പിന്നീട് രാജീവേട്ടന്‍റെ കമ്മട്ടിപ്പാടത്തിൽ ചെറിയ വേഷം ചെയ്യാൻ സാധിച്ചു.
ഷാജി എൻ കരുണിന്‍റെ ഓള്, സൈറബാനു എന്നീ ചിത്രങ്ങളിലും തിളങ്ങിയല്ലോ...
അതെല്ലാം കരിയറിൽ ഗുണം ചെയ്ത ചിത്രങ്ങൾ ആണ്. ഷാജി സാറിന്‍റെ പടത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. അത് ഭാഗ്യമായി കരുതുന്നു. അധികം ഹെവിയല്ലാത്ത, ലൈറ്റായുള്ള സിനിമകൾ ചെയ്യാനാണ് ഇഷ്ടം. പക്ഷേ പരുക്കൻ കഥാപാത്രങ്ങൾ ആണ് അധികവും വരുന്നത്.