ടീനേജിൽ സ്കിൻ സംബന്ധമായ നൂറുകൂട്ടം പ്രശ്നങ്ങളുണ്ട്. സ്കിൻ നേച്ചർ തിരിച്ചറിയുകയും അതിനനുസൃതമായ പരിചരണം നൽകുകയുമാണ് വേണ്ടത്.
ചർമ്മ സംരക്ഷണത്തെപ്പറ്റിയുള്ള നിങ്ങളുടെ അറിവുകൾ ശരിയല്ലെങ്കിൽ “എന്തുപറ്റി നിന്‍റെ സ്കിന്നിന്?” എന്നു കൂട്ടുകാരികൾ കളിയാക്കുന്നതു കേൾക്കേണ്ടി വരും. അതൊഴിവാക്കാനുള്ള വഴികൾ....
ടൂത്ത് പേസ്റ്റ് പുരട്ടിയാൽ മുഖക്കുരു പോകുമോ?
മുഖക്കുരു മാറ്റാൻ ടൂത്ത് പേസ്റ്റ് പുരട്ടിയാൽ മതിയെന്നു പറയാറില്ലേ? ഇതെത്രത്തോളം വാസ്തവമാണ്? ടൂത്ത് പേസ്റ്റ് ചർമ്മത്തിലടങ്ങിയ എണ്ണമയം നഷ്ടപ്പെടുത്തി ചർമ്മം വരണ്ടതാക്കും. എന്നാൽ ടൂത്ത് പേസ്റ്റിലടങ്ങിയ ചില ഘടകങ്ങൾ മുഖക്കുരു വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതിനാൽ ടൂത്ത് പേസ്റ്റിന് പകരം വീര്യം കുറഞ്ഞ ഓയിൽ ഫ്രീ ക്ലെൻസർ ഉപയോഗിക്കുന്നത് മൂലം ചർമ്മത്തിന്‍റെ നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കാനാവുമെന്നു മാത്രമല്ല മുഖക്കുരുവും ഇല്ലാതാവും.
ബ്ലാക്ക്ഹെഡ്സ് ഉണ്ടാവുന്നതെങ്ങനെ?
പൊടിപടലങ്ങൾ മൂലമല്ല, ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം മൂലമാണ് ബ്ലാക്ക് ഹെഡ്സ് ഉണ്ടാവുന്നത്. തുറന്നിരിക്കുന്ന ചർമ്മ സുഷിരങ്ങളിൽ കാറ്റേല്ക്കുന്നതു മൂലം ഓക്സൈഡുകൾ രൂപം കൊണ്ടാണ് ബ്ലാക്ക് ഹെഡ്സുണ്ടാവുന്നത്. അതിനാൽ ഇടയ്ക്കിടയ്ക്ക് മുഖം കഴുകി മുഖത്തെ അഴുക്കു കളയുന്നതിനു പകരം നല്ലൊരു ഓയിൽ കൺട്രോൾ ക്രീം പുരട്ടിയാൽ മതിയാവും.
മുഖ വ്യായാമം
പിഗ്മെൻറും ടിഷ്യുവുമായും നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്ന ശരീരത്തിലെ ഏക ഭാഗമാണ് മുഖം. അതിനാൽ മുഖപേശികളിൽ സമ്മർദ്ദമേല്പിക്കുമ്പോൾ അത് മുഖചർമ്മത്തെ ബാധിക്കുന്നു. ഫേഷ്യൽ എക്സ്പ്രഷൻസ് കൂടുതൽ ചെയ്യുമ്പോൾ (ചിരിക്കുമ്പോൾ) മുഖത്ത് പാടുകളും ചുളിവുകളും വീഴാം. അതിനാൽ പതിവായ മുഖ വ്യായാമം മുഖത്ത് ചുളിവുകൾ ഉണ്ടാവാൻ ഇടവരുത്തും.
ചർമ്മസംബന്ധമായ ചില സത്യങ്ങൾ
- കൊഴുപ്പു കുറഞ്ഞതും കൂടുതൽ നാരുകളടങ്ങിയതുമായ ഭക്ഷണം കഴിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും ചർമ്മസൗന്ദര്യം വർദ്ധിപ്പിക്കും.
- മുഖം കഴുകുമ്പോൾ വരണ്ടതാവുന്നുവെങ്കിൽ, പിഎച്ച് ബാലൻസ് അടങ്ങിയ സോപ്പോ, ക്ലെൻസറോ ഉപയോഗിക്കുക. വരണ്ട ചർമ്മത്തിന് അൽഫാ ഹൈഡ്രോക്സി ആസിഡും ഉപയോഗിക്കാം. ചർമ്മത്തിൽ ഈർപ്പം നിലനിർത്തി സ്നിഗ്ദ്ധത നൽകും. പതിവായി എഎച്ച്എ ബേസ്ഡ് പ്രോഡക്റ്റ് ഉപയോഗിക്കുന്നതും നല്ലതാണ്.
- പതിവായി നോൺ കാൺഡോജെനിക്ക് സ്കിൻ ക്രീം ഉപയോഗിക്കുക. മറ്റു ക്രീമുകളെപ്പോലെ ഇതു ചർമ്മസുഷിരങ്ങൾ അടയ്ക്കുന്നില്ല.
- സൂര്യാഘാതം മൂലം മുഖചർമ്മം മാത്രമല്ല ചുണ്ടുകളും കരുവാളിക്കാം. അതിനാൽ സൺപ്രൊട്ടക്റ്റീവ് ലിപ്പ് ബാം ചുണ്ടുകളിൽ പുരട്ടുക.
ചർമ്മസംരക്ഷണം
- മുഖത്ത് ഇടയ്ക്കിടയ്ക്ക് സ്പർശിക്കരുത്. കൈയിലെ അഴുക്കും പൊടിയും മുഖത്ത് പറ്റിപ്പിടിച്ച് അണുബാധയ്ക്ക് വഴിയൊരുക്കും. മുഖക്കുരു പടരാൻ കാരണമാവുകയും ചെയ്യും.
- കൈ കൊണ്ട് മുഖക്കുരു പൊട്ടിക്കുന്ന ശീലം പാടേ ഉപേക്ഷിക്കുക. അത് മുഖത്ത് കറുത്ത പാടുകൾ അവശേഷിപ്പിക്കും.
- ടീനേജുകാർക്ക് അമിത മേക്കപ്പ് വേണ്ട. മേക്കപ്പ് ചർമ്മസുഷിരങ്ങൾ അടയ്ക്കാൻ ഇടവരുത്തും.
- വീട്ടിലെത്തിയാലുടൻ മുഖം വൃത്തിയാക്കുക. വിയർപ്പ്, എണ്ണമയം, അഴുക്ക് ഇവ ചർമ്മസുഷിരങ്ങൾ അടയ്ക്കുമെന്നതിനാലാണിത്.
- തണുത്ത വെള്ളത്തിൽ തന്നെ മുഖം കഴുകുക. ഇളം ചൂട് വെള്ളത്തിൽ മുഖം കഴുകുന്നതു മുഖത്തെ ഈർപ്പം നഷ്ടമാവാൻ ഇടവരുത്തും. മുഖ ചർമ്മം പെട്ടെന്ന് വരണ്ടതായി തോന്നുകയും ചെയ്യും.
- ശൈത്യകാലത്ത് ചുണ്ടുകൾ എളുപ്പം വരണ്ടു പൊട്ടുമെന്നതിനാൽ പെട്രോളിയം ജെല്ലി പുരട്ടി ചുണ്ടുകൾ മസാജ് ചെയ്യുക.