മികച്ച മേക്കപ്പിനായി മികച്ച ബ്രഷുകളും വേണമെന്ന് നിങ്ങൾക്ക് അറിയാമോ? മുഖത്ത് മേക്കപ്പ് ഇടുന്നതിന് പ്രത്യേകം പ്രത്യേകം ബ്രഷുകളാണ് ഉപയോഗിക്കുന്നത്. ചമയത്തിന് സ്വാഭാവികതയും പൂർണ്ണതയും പകരാനാണ് ഇങ്ങനെ ചെയ്യുന്നത്. വിവിധതരം ബ്രഷുകൾ പരിചയപ്പെടാം.
ലക്കി ഐ ഷാഡോ ബ്രഷ്
ഐ ഷാഡോ അണിയാനാണ് ഈ ബ്രഷ് ഉപയോഗിക്കുന്നത്. വിരൽ ഉപയോഗിച്ച് ഷാഡോ പുരട്ടുക ആണെങ്കിൽ കട്ടിയായി പുരുളാൻ ഇടയാകും. അതുകൊണ്ട് ബ്രഷ് ഉപയോഗിക്കുന്നതാണ് നല്ലത്. ഐ ഷാഡോ അധിക നേരം പിടിച്ചിരിക്കുകയും ചെയ്യും. സ്പോഞ്ച് ബ്രഷ് ഉപയോഗിച്ചും മേക്കപ്പ് ശരിയായി അണിയാം.
ബ്രഷിന്‍റെ സഹായത്തോടെ കൺപോള തൊട്ട് ബ്രൊ ബോൺ വരെ ഷാഡോ ഒരേ തരത്തിൽ പുരട്ടാം. അതിനായി മാറ്റ് ഷെയ്ഡ് ഉപഓഗിക്കാം. ബ്രൊ ബോൺ ഹൈലൈറ്റ് ചെയ്യാൻ ഷിമർ ചേർന്ന നേരിയ ഷാഡോ അനുയോജ്യമാണ്.
നേർത്ത ചെറിയ ബ്രഷ്
കൺകോണുകൾ വരെ മേക്കപ്പിടാൻ ഉപയോഗിക്കുന്ന ബ്രഷാണിത്. ഈ ബ്രഷിന്‍റെ സഹായത്തോടെ കണ്ണുകൾക്ക് കൂടുതൽ മിഴിവ് പകരാനാവും. ലാഷ് ലൈനിൽ ഷാഡോ അണിയാനും ഈ ബ്രഷ് പെർഫെക്ടാണ്. ബ്രോഡ്, ടെംപേഡ് ക്രീസ് ബ്രഷ്, ചെറിയ പോണിടെയിൽ ബ്രഷ്, പോയിന്‍റഡ് ഐ ലൈനർ ബ്രഷ് എന്നിങ്ങനെ ഈ ശ്രേണിയിൽ ധാരാളം ബ്രഷുകളുണ്ട്.
ഐ ലൈനർ പുരട്ടാൻ ഇഷ്ടപ്പെടുന്നവർക്ക് പോയിന്‍റഡ് ഐ ലൈനർ ബ്രഷ് ഉപയോഗിക്കാം. ഇത് ഉപയോഗിച്ച് ശരിയായ രീതിയിൽ ഐ ലൈനർ പുരട്ടാം.
ബ്ലഷ് ബ്രഷ്
മുഖത്ത് ബ്ലഷ് ടച്ച് ചെയ്യാനുള്ള ബ്രഷാണിത്. മുഖം കൂടുതൽ സുന്ദരവും തിളക്കവും ഉള്ളതാക്കാൻ നല്ല ബ്ലഷ് ബ്രഷ് തന്നെ ഉപയോഗിക്കണം.
ഉപയോഗം
കവിളിണകൾക്ക് നടുവിലൂടെ വേണം ബ്ലഷ് ബ്രഷ് ഉപയോഗിച്ചു തുടങ്ങാൻ. തുടർച്ചയായി ബ്രഷ് വട്ടത്തിൽ ചലിപ്പിച്ചു വേണം ബ്ലഷ് അണിയാൻ.
ഫൗണ്ടേഷൻ
ഫൗണ്ടേഷൻ ക്രീം വിരൽ ഉപയോഗിച്ച് പുരട്ടുന്നതാണ് സൗകര്യമെന്ന് പലരും ധരിക്കാറുണ്ട്. വിരലുകൾ കൊണ്ട് ഫൗണ്ടേഷൻ പുരട്ടിയാൽ മുഖത്ത് ഓരേ ക്രമത്തിൽ പുരളണം എന്നില്ല. മാത്രമല്ല, മുഖത്ത് പാച്ചകൾ ആയി മേക്കപ്പ് എടുത്തു കാട്ടുകയും ചെയ്യും. അതുകൊണ്ട് ഫൗണ്ടേഷൻ ബ്രഷ് ഉപയോഗിച്ചു വേണം വളരെ മനോഹരമായി മുഖത്ത് ഫൗണ്ടേഷൻ ഇടാൻ.
എങ്ങനെ അണിയാം
ബ്രഷ് കൂടാതെ സ്പോഞ്ചും ഉപയോഗിക്കാം. ബ്രഷ് ഉപയോഗിച്ച് മുഖത്ത് ഫൗണ്ടേഷൻ ടച്ച് ചെയ്ത ശേഷം സ്പോഞ്ച് കൊണ്ട് നന്നായി സ്പ്രെഡ് ചെയ്യാം.
കോട്ടൺ പഫ്
ഫൗണ്ടേഷൻ അണിഞ്ഞ ശേഷം ഫേസ് പൗഡറിടാൻ വേണ്ടിയാണ് കോട്ടൺ പഫ് ഉപയോഗിക്കുന്നത്. മേക്കപ്പ് ബേസ് സെറ്റാവാൻ ഇത് സഹായിക്കും. വേണമെങ്കിൽ വലിയ ബ്രഷും ഉപയോഗിക്കാം.
ഫിനിഷിംഗ് ടച്ച് എങ്ങനെ?
മേക്കപ്പിന് ഫിനിഷിംഗ് ടച്ച് പകരുന്നതിനായി ഐ ലാഷ് കേളർ ഉപയോഗിക്കാം. കൺപീലികളെ മുകളിലേക്ക് ഭംഗിയായി കേൾ ചെയ്ത് മിഴികൾക്ക് കൂടുതൽ സൗന്ദര്യവും ആകർഷകത്വവും നൽകാൻ ആണിത് ഉപയോഗിക്കുന്നത്. പക്ഷേ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. മസ്കാരയിടും മുമ്പ് വേണം കേളർ ഉപയോഗിക്കാൻ. മസ്കാര ഇട്ട ശേഷമാണ് കേളർ ഉപയോഗിക്കുന്നത് എങ്കിൽ കൺപീലികൾ പൊട്ടിപ്പോകും.