തിളക്കവും കരുത്തുമുള്ള ഇടതൂർന്ന മുടി ആരാണ് കൊതിക്കാത്തത്. എന്നാൽ വേനൽക്കാലത്ത് മുടിയിൽ കണ്ടു വരുന്ന ചില പ്രശ്നങ്ങളുണ്ട്. മുടി നിർജ്ജീവമാകുക. ശിരോചർമ്മത്തിൽ ചൊറിച്ചിലുണ്ടാകുക, താരൻ ശല്യം, മുടികൊഴിച്ചിൽ, മുടി നേർത്തതാക്കുക എന്നിങ്ങനെ ധാരാളം പ്രശ്നങ്ങൾ വേനൽക്കാലവുമായി ബന്ധപ്പെട്ട് ഉണ്ടാകാറുണ്ട്. അതിനാൽ ഈ സമയത്ത് മുടിയ്ക്ക് പ്രത്യേക ശ്രദ്ധ നൽകുകയും വേണം. വേനൽക്കാലത്ത് മുടിയ്ക്കുണ്ടാകുന്ന പ്രശ്നങ്ങളെയകറ്റാൻ സഹായിക്കുന്ന ചില ഹെയർ മാസ്കുകളെക്കുറിച്ച് ബ്യൂട്ടി എക്പെർട്ട് റിതു പറയുന്നു...
മുടി പൊട്ടിപോകുക - ചെമ്പരത്തിപൂവ് ഹെയർ മാസ്ക്
വേനൽക്കാലത്ത് മുടിവേരുകൾ ദുർബലമായി മുടി കൊഴിഞ്ഞു പോകാറുണ്ട്. എന്നാൽ ഈ പ്രശ്നം അനായാസം പരിഹരിക്കാനുള്ള പോംവഴിയുണ്ട്. ദുർബലമായ മുടി വേരുകൾക്ക് ശക്തി പകരാൻ ചെമ്പരത്തിപൂവ് ഉത്തമമാണ്. ഒരു ബൗളിൽ അൽപം ചെമ്പരത്തിയിതളുകൾ ഇട്ട് കുറച്ച് വെള്ളമൊഴിച്ച് കുതിർക്കാൻ വയ്ക്കുക. 2 മണിക്കൂറിനു ശേഷം ഇത് തൈരിലോ വെളിച്ചെണ്ണയിലോ ബ്ലൻഡ് ചെയ്യാം. ഈ മാസ്ക് മുടിയിൽ അപ്ലൈ ചെയ്യാം. അരമണിക്കൂറിനു ശേഷം മുടി നന്നായി കഴുകുക. ഈ മാസ്ക് മുടിവേരുകൾക്ക് ശക്തി പകരുക മാത്രമല്ല മുടിയെ മൃദുലവുമാക്കും.
ക്ലോറിൻ കൊണ്ട് ഡാമേജായ മുടിയ്ക്ക് - എഗ്ഗ് മാസ്ക്
വെയിൽ, വിയർപ്പ്, ഉപ്പ്, ക്ലോറിൻ ജലം എന്നിവയെല്ലാം വേനൽക്കാലത്ത് മുടിയ്ക്ക് കാര്യമായ ദോഷങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇവയ്ക്കെല്ലാമുള്ള ഒരു പരിഹാരമാണ് എഗ്ഗ് മാസ്ക്. ഇത് മുടിയെ അദ്ഭുതകരമായി പരിചരിക്കും. മുടിയെ പരിപോഷിപ്പിക്കുന മുട്ടയിലുണ്ട്. മാത്രവുമല്ല മുടി മോയിസ്ച്ച്റൈസ് ചെയ്യാനും മുടിയുടെ കേടുപാടുകൾ പരിഹരിക്കാനും മുട്ടയിലുള്ള പ്രോട്ടീൻ ഉത്തമമാണ്. ഒന്നോ രണ്ടോ മുട്ട അടിച്ച് പതപ്പിച്ച് മുടിയിൽ മൊത്തമായി തേച്ച് പിടിപ്പിക്കുക. മുട്ട ഒലിച്ചിറങ്ങാതിരിക്കാൻ ഷവർ ക്യാപ് ധരിക്കാം. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.
ചുരുണ്ട വരണ്ട മുടിയ്ക്ക് അവോക്കാഡോ ഒലീവ് ഓയിൽ മാസ്ക്
ഇത്തരം മുടിയെ കണ്ടീഷൻ ചെയ്ത് നിർത്തുകയെന്നത് പ്രയാസകരമായ കാര്യമാണ്. അവോക്കാഡോ നന്നായി ഉടച്ച് പേസ്റ്റാക്കിയതിൽ ഒലീവ് ഓയിൽ ചേർത്ത് മുടിയിൽ അപ്ലൈ ചെയ്യാം. 30 മിനിറ്റിനു ശേഷം മുടി നന്നായി കഴുകുക. അവോക്കാഡോയും ഒലീവ് ഓയിലും മുടി സ്മൂത്താക്കാൻ മികച്ചതാണ്. അതുപോലെ മുടിയെ ഹൈഡ്രേറ്റുമാക്കും.
വരണ്ട നിർജ്ജീവമായ മുടിയ്ക്ക് കോക്കനട്ട് ക്രീം മാസ്ക്
കടുത്ത വെയിൽ കൊള്ളുന്നത് മുടിയെ നിർജ്ജീവമാക്കാറുണ്ട്. മുടിയ്ക്ക് നല്ല തിളക്കവും സ്മൂത്ത്നസും പകരാൻ കോക്കനട്ട് ക്രീം മികച്ചതാണ്. തേങ്ങാപാൽ ഡബിൾ ബോയിൽ മെത്തേഡിൽ ചൂടാക്കി ഇളം ചൂടിൽ മുടിവേരുകളിൽ തേച്ച് പിടിപ്പിക്കുക. ശേഷം ചൂട് വെള്ളത്തിൽ മുക്കി പിഴിഞ്ഞെടുത്ത ടവ്വലുകൊണ്ട് തല കവർ ചെയ്യുക. 30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഹെയർ ഫോളിക്കുകൾക്ക് നല്ല ഉറപ്പും ബലവും ലഭിക്കും. ഒപ്പം മുടിയ്ക്ക് നല്ല തിളക്കവും ഉണ്ടാവും.