ആരോഗ്യദായകവും പോഷക സമ്പുഷ്ടവുമാണ് ബദാം. വിഭവങ്ങൾക്ക് രുചി കൂട്ടുന്നതിനും ചർമ്മത്തിന് രാജകീയ സൗന്ദര്യം കൈവരുന്നതിനും ബദാം സഹായിക്കുന്നു. പതിവായി ബദാം കഴിക്കുന്നതു കൊളസ്ട്രോൾ അളവ് കുറയ്ക്കുമത്രേ!
ആന്‍റി ഓക്സിഡന്‍റിനാൽ സമ്പുഷ്ടം
വിറ്റാമിൻ ഇ അടങ്ങിയിട്ടുള്ളതിനാൽ ബദാം നല്ലൊരു ആന്‍റി ഓക്സിഡന്‍റാണ്. വിറ്റാമിൻ ഇയുടെ കുറവു മൂലം ശരീരത്തിന് ഉണ്ടാവുന്ന പ്രശ്നങ്ങൾ ബദാം കഴിക്കുന്നതിലൂടെ പരിഹരിക്കാനാവും. ശരീരത്തിന്‍റെ ആരോഗ്യം നിലനിർത്തുന്നതിനും ചർമ്മത്തിന് തിളക്കം നൽകുന്നതിനും ഇത് സഹായിക്കുന്നു. അധ്വാനത്തിലൂടെ ശരീരത്തിൽ നിന്നും ഓക്സിജൻ നഷ്ടമാവുന്നു, ഇതുമൂലം ശരീരകോശങ്ങൾക്ക് നാശം സംഭവിക്കുന്നു. ബദാം കഴിക്കുന്നത് ഇതിനൊരു പരിഹാരമാവും.
പ്രോട്ടീൻ, ഫൈബർ, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ ഇ എന്നിവ ബദാമിൽ അടങ്ങിയിട്ടുണ്ട്. നല്ലൊരു സമീകൃതാഹാരം കൂടിയാണിത്. കാൻസർ, ഹൃദ്രോഗം എന്നിവയ്ക്കും ഫലപ്രദമാണ്. പ്രായാധിക്യം തടയുന്നതിന് വിറ്റാമിൻ - ഇ അടങ്ങിയിട്ടുള്ള ബദാം കഴിക്കുന്നത് ഗുണകരമാണ് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
സ്നിഗ്ധം, സ്വാദിഷ്ടം
ചർമ്മകാന്തി വർദ്ധിപ്പിക്കുന്നതിനും ആരോഗ്യ പരിപാലനത്തിനും ബദാം കഴിക്കുന്നത് ശീലമാക്കാം. ബദാമിൽ അടങ്ങിയ വിറ്റാമിൻ ഇ മുഖ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. ചർമ്മസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനു ബദാം ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.
ബദാം പരിപ്പ് ചൂടുവെള്ളത്തിൽ അല്പ സമയം മുക്കി വയ്ക്കുക. ഇത് ഒന്നോ രണ്ടോ ദിവസം വെയിലത്തു വച്ച് നന്നായി ഉണക്കിയെടുക്കുക. അല്ലെങ്കിൽ ഓവനിൽ വച്ചും ഈർപ്പം നഷ്ടമാവുന്നതു വരെ ചൂടാക്കിയെടുക്കാം. ഇനി ബദാം പൊടിച്ചെടുക്കുക. ബദാം പൗഡർ വൃത്തിയുള്ള ഒരു ജാറിൽ സൂക്ഷിക്കാം. പാലിൽ ചേർത്ത് കുടിക്കാം അല്ലെങ്കിൽ വിഭവങ്ങളിൽ ചേർത്ത് സ്വാദ് കൂട്ടാം, സൗന്ദര്യപരിചരണത്തിനും ഈ പൗഡർ ഉപയോഗിക്കാം.
സ്ക്രബ്
നല്ലൊരു സ്ക്രബ് കൂടി ആണ് ബദാം. ബദാം പൊടിയിൽ പാൽ, തൈര് അല്ലെങ്കിൽ തേനിൽ ചാലിച്ച് ലേപനം മുഖത്തു പുരട്ടാം. 15 മിനിറ്റിനു ശേഷം പതിയെ വട്ടത്തിൽ മുഖത്ത് തേച്ചു പിടിപ്പിക്കുക. ഇനി തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ബദാം പൗഡർ കൊണ്ട് സ്ക്രബ് ചെയ്യുമ്പോൾ ചർമ്മത്തിലെ മൃതകോശങ്ങൾ നീങ്ങി ചർമ്മത്തിന് ആവശ്യമായ പോഷണം ലഭിക്കുന്നു. ഇതുമൂലം ചർമ്മത്തിന് തിളക്കവും സൗന്ദര്യവും കൈവരും.
ഫേയ്സ് മാസ്ക്
ഉത്തമമായ ഒരു ഫേയ്സ് മാസ്ക് കൂടിയാണ് ബദാം പൗഡർ. ഇതിനായി ബദാം പൗഡറിൽ അല്പം ഗോതമ്പു പൊടിയോ, ചോള പൊടിയോ ചേർത്താൽ മതിയാവും. ഇതിൽ ഓറഞ്ച് തൊലി ഉണക്കി പൊടിച്ചത്, തേൻ എന്നിവ ചേർത്ത് ലേപനമായി ഉപയോഗിക്കാം. ബദാം പൊടിയിൽ റോസ്‍വാട്ടർ, തേൻ, ഓറഞ്ച് ജ്യൂസ് എന്നിവ ചേർത്തും മുഖത്തു പുരട്ടാം. ഒരു മണിക്കൂറിനു ശേഷം കഴുകി കളയാം. മുഖം പട്ടുപോലെ മിനുസമുള്ളതാവും.
ബ്ലീച്ചിംഗ്
ബ്ലീച്ചിംഗ് ഏജന്‍റ് കൂടിയാണിത്. ബദാം ഓയിൽ ഒരു തവണ പുരട്ടിയതു കൊണ്ട് കാര്യമായ മാറ്റം പ്രകടമാവണമെന്നില്ല. സൂര്യതാപമേറ്റ് (Sunburn) മുഖത്ത് കറുത്ത പാടുകളോ കരുവാളിപ്പോ ഉണ്ടെങ്കിൽ പതിവായി ബദാം ഓയിൽ പുരട്ടിയാൽ കാര്യമായ മാറ്റം പ്രകടമാവും. രാത്രിയിൽ പുരട്ടുന്നത് ഏറെ ഗുണപ്രദമാണ്.