രുചിയൂറും പലഹാരങ്ങൾ ഉണ്ടാക്കാൻ മാത്രമല്ല കടലമാവ് ഉപയോഗിക്കുന്നത്. സൗന്ദര്യ വർദ്ധനവിനും കടലമാവ് കേമമാണ്. എല്ലാത്തരം ചർമ്മത്തിനും തികച്ചും അനുയോജ്യമാണ് കടലമാവ്. കടലമാവിന്‍റെ ചില സൗന്ദര്യ ഗുണങ്ങൾ കൂടി അറിയാം.
അനാവശ്യ രോമം നീക്കാൻ
പല സ്ത്രീകളെയും അലട്ടുന്ന വലിയൊരു പ്രശ്നമാണ് അനാവശ്യ രോമങ്ങൾ. അതിനൊരു മികച്ച പരിഹാരം കടലമാവ് കൊണ്ട് ചെയ്യാം. രോമം നീക്കം ചെയ്യാൻ കടലമാവിൽ അൽപം നാരങ്ങാനീരും ഏതാനും തുള്ളി വെള്ളവും ചേർത്ത് കട്ടി പേസ്റ്റ് തയ്യാറാക്കി മുഖത്ത് രോമം കൂടുതലായി ഉള്ളയിടത്ത് പുരട്ടുക. പേസ്റ്റ് ഉണങ്ങി പിടിച്ച ശേഷം നന്നായി ഉരച്ച് കഴുകി കളയുക.
കഴുത്തിലെ കറുപ്പ് നിറം കുറയ്ക്കാൻ
കൈമുട്ടിലെയും, കഴുത്തിലെയും കറുപ്പകലാൻ ചില പൊടിക്കൈകളുണ്ട്. കടലമാവിൽ തൈരും മഞ്ഞളും ചേർത്ത് അത്തരം ശരീര ഭാഗങ്ങളിൽ പുരട്ടുക. കുറച്ച് സമയത്തിനു ശേഷം ഉരച്ച് കഴുകി കളയുക. കുറച്ച് ദിവസങ്ങൾ കൊണ്ട് നല്ല വ്യത്യാസമുണ്ടാകും.
തുറന്ന രോമ സുഷിരങ്ങൾക്ക് വൃത്തിയുള്ള ചർമ്മം
ചർമ്മം വൃത്തിയുള്ളതായിരിക്കാനും രോമ സുഷിരങ്ങൾക്ക് മുറുക്കം ഉണ്ടാക്കാനും കടലമാവ് ഉപയോഗിക്കാം. കടലമാവും വെള്ളരിക്കാനീരും ചേർത്ത് ഫേസ്പായ്ക്ക് തയ്യാറാക്കി ഉപയോഗിക്കുക. ഇതു ശരീരം മുഴുവനും തേച്ചു കുളിക്കാവുന്നതാണ്.
മുഖക്കുരു അകലാൻ
മുഖക്കുരുവോ മുഖക്കുരു പാടോ ഉള്ളവർ കടലമാവും സാൻഡൽ പൗഡറും നാരങ്ങാനീരും ചേർത്ത് മുഖത്ത് പുരട്ടുക. എത്ര പഴകിയ പാടും പോകും. മുഖത്തിനു പഴയ തിളക്കം തിരിച്ചു കിട്ടുകയും ചെയ്യും.
എണ്ണമയമുള്ള ചർമ്മത്തിന്
എണ്ണമയമുള്ള ചർമ്മം ഉള്ളവർക്ക് കടലമാവ് നല്ലതാണ്. അത്തരക്കാർക്കാണ് ഈ പരിഹാരം. എണ്ണമയമുള്ള ചർമ്മത്തിന് തൈര്, റോസ് വാട്ടർ, കടലമാവ് ഇവ ചേർത്ത് പേസ്റ്റാക്കി മുഖത്ത് പുരട്ടി ഉണങ്ങിയ ശേഷം കഴുകി കളയാം. മുഖത്തെ എണ്ണമയം നന്നായി അകലും. മാത്രമല്ല മുഖം ഫ്രഷ് ആയിരിക്കുകയും ചെയ്യും.
വരണ്ട ചർമ്മത്തിന്
വരണ്ട ചർമ്മക്കാർക്ക് കടലമാവ് നല്ലതാണോ എന്ന സംശയം ചിലർക്കുണ്ട്.പ്രത്യേകിച്ചും തണുപ്പു കാലത്ത് ചർമ്മം വരളുകയെന്നത് ഒരു പ്രധാന പ്രശ്നമാണ്. ഇതിനൊരു പ്രതിവിധിയുണ്ട്. കടലമാവിൽ വെണ്ണ അല്ലെങ്കിൽ പാൽ, തേൻ, ഒരു നുള്ള് മഞ്ഞൾ ചേർത്ത് മുഖത്തും ശരീരത്തിലും പുരട്ടി കുറച്ച് കഴിഞ്ഞ് കുളിക്കുക.
സ്ക്രബ്ബായും കടലമാവ്
ഏറ്റവും മികച്ചൊരു സ്ക്രബ്ബാണ് കടലമാവ്. ശരീരത്തിലെ മൃതകോശങ്ങൾ അകന്നു കിട്ടാൻ ഏറ്റവും നല്ലതാണിത്. ശരീരത്തിന് യുവത്വം ലഭിക്കാൻ കടലമാവ് സ്ക്രബ് സഹായിക്കും.
മുഖം തിളങ്ങാനും ഇങ്ങനെ കടലമാവ് സ്ക്രബ് ഉപയോഗിക്കാൻ കഴിയും
കടലമാവിൽ അൽപം പച്ചപാലോ തൈരോ ചേർത്ത് നിത്യവും മുഖത്ത് പുരട്ടുക. ചർമ്മം മൃദുലവും തിളക്കവുമുള്ളതാകും. കടലമാവിൽ അൽപം അരിപ്പൊടി, ആൽമണ്ട് ഓയിൽ, മഞ്ഞൾ, തൈര് എന്നിവ ചേർത്ത് സ്ക്രബ്ബ് തയ്യാറാക്കി മുഖത്ത് പുരട്ടി മൃദുവായി സ്ക്രബ്ബ് ചെയ്യുക.
ഏറ്റവും മികച്ചതും ലളിതവും ചെലവു കുറഞ്ഞതുമായ സൗന്ദര്യ സംരക്ഷണ മാർഗം ആണിത്.