മുഖത്ത് ഐസ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ശരിയാണോ?
ചില പ്രശ്നങ്ങൾക്ക് മുഖത്ത് ഐസുകൊണ്ട് മസാജ് ചെയ്യുന്നത് ഗുണം ചെയ്യും. അതായത് വിയർക്കുന്നത് തടയാനും നീർവീക്കം കുറയ്ക്കാനും വേനൽക്കാലത്ത് ചർമ്മം തണുപ്പിക്കാനും മറ്റും. എന്നാൽ ഐസ് നേരിട്ട് ചർമ്മത്തിൽ പ്രയോഗിക്കുന്നത് അഭികാമ്യമല്ല. കാരണം ഇത് ചർമ്മത്തിൽ പ്രകോപനമുണ്ടാക്കാനും ചുവക്കാനും അല്ലെങ്കിൽ എരിച്ചിലുണ്ടാകാനും ഇടവരുത്തും. മൃദുവായ കൊട്ടൺ തുണിയിൽ ഐസ് പൊതിഞ്ഞ് മുഖത്ത് വൃത്താകൃതിയിൽ മൃദുവായി തടവുന്നതാണ് നല്ലത്. ചർമ്മം വളരെ വരണ്ടാം സെൻസിറ്റീവോ ആണെങ്കിൽ ചർമ്മവിദഗ്ദ്ധനെ സമീപിച്ചതിനു ശേഷം മാത്രം ഐസ് മസാജ് ചെയ്യാം.
വിരലുകളിലെ തൊലി പൊട്ടിപ്പോകുന്നതാണ് എന്‍റെ പ്രശ്നം. ചില സമയത്ത് ഇത് വല്ലാത്ത വേദനയുണ്ടാക്കാറുണ്ട്. നിരവധി ക്രീമുകൾ പരീക്ഷിച്ചു നോക്കിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. പക്ഷേ ഒന്നും ഫലിച്ചില്ല. എന്താണ് ചെയ്യേണ്ടത്?
ഏത് കാലാവസ്ഥയിലും ചർമ്മം വരണ്ടു പോകുന്ന അവസ്‌ഥ ചിലരിൽ കണ്ടുവരാറുണ്ട്. അടിയ്ക്കടി കൈ കഴുകൽ, വീര്യം കൂടിയ സോപ്പിന്‍റെ ഉപയോഗം, ശരീരത്തിൽ ജലാംശം നഷ്ടപ്പെടൽ, കഠിനമായ സൂര്യപ്രകാശം ഏൽക്കൽ തുടങ്ങിയവ ചർമ്മം വരണ്ടു പൊട്ടാൻ കാരണമാകാറുണ്ട്. വിറ്റാമിൻ എ അമിതമായി കഴിക്കുന്നതു കൊണ്ടോ അല്ലെങ്കിൽ വിറ്റാമിൻ ബി- 3 യുടെ അഭാവം കൊണ്ടോ ചർമ്മം പൊട്ടിപ്പോകാം. ഈ പ്രശ്നംനം പരിഹരിക്കാൻ റോക്ക് സാൾട്ട് ഉപയോഗിക്കുന്നത് നല്ലതാണ്. ബക്കറ്റിൽ ഇളം ചെറുചൂടു വെള്ളം എടുക്കുക. അതിലേക്ക് ഒരു ടീസ്‌പൂൺ റോക്ക് സാൾട്ട് ചേർക്കുക. തുടർന്ന് രണ്ട് കൈകളും 10- 15 മിനിറ്റ് നേരം വെള്ളത്തിൽ മുക്കി വയ്ക്കുക. സാൾട്ട് ഉപയോഗിച്ച് കൈകൾ എക്‌സ് ഫോളിയേറ്റ് ചെയ്യുക. ആഴ്‌ചയിൽ മൂന്ന് തവണ ഇപ്രകാരം ചെയ്യാം. നല്ലൊരു ഹാൻഡ് ലോഷനോ ക്രീമോ പുരട്ടുക. ചർമ്മത്തിന് ഏറെ ഗുണം പകരുന്ന ഒന്നാണ് റോക്ക് സാൾട്ട്. മൃതകോശങ്ങൾ നീക്കും ചെയ്ത് ചർമ്മത്തിന് പുതുമ പകരാൻ ഇത് ഉത്തമമാണ്.
പുറത്തു പോകുന്ന അവസരങ്ങളിൽ നിർബന്ധമായും സൺസ്ക്രീൻ പുരട്ടുക. പാത്രം, തൂണി എന്നിവ കഴുകുമ്പോൾ ഗ്ലൗസ് ഉപയോഗിക്കുക. എപ്പോഴും കൈകൾ മോയ്‌സചറൈസ് ചെയ്യുന്നത് ഈ പ്രശ്നത്തെ തടയാൻ സഹായിക്കും. ധാരാളം വെള്ളം കുടിക്കുകയും ജലാംശം നിലനിർത്തുകയും ചെയ്യുക. ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇത് ചർമ്മത്തെ കൂടുതൽ വരണ്ടതാക്കും.
പതിവായി പാർലറിൽ ഫേഷ്യൽ ചെയ്യാറുണ്ട്. പക്ഷേ അതിന്‍റെ ഗുണങ്ങൾ മുഖത്ത് ദൃശ്യമാകാറില്ല.
ഒരേ പാർലറിൽ തന്നെയാണ് ഫേഷ്യൽ ചെയ്യുന്നതെങ്കിൽ ആ പാർലർ ഒഴിവാക്കി മറ്റൊരു മികച്ച പാർലറിൽ പോയി ഫേഷ്യൽ ചെയ്യുക. ചിലപ്പോൾ ഫേഷ്യൽ ഘട്ടങ്ങൾ ശരിയായി പാലിക്കാത്തതുകൊണ്ടും വേണ്ട ഗുണങ്ങൾ ലഭിക്കാതെ വരാം. അതുകൊണ്ട് ഏതെങ്കിലും മികച്ച കോസ്മെറ്റിക് ക്ലിനിക്കിൽ പോയി എഎച്ച്എ ഫേഷ്യൽ ചെയ്യിക്കുക. എഎച്ച്എ അല്ലെങ്കിൽ ആൽഫ ഹൈഡ്രോക്‌സി ആസിഡുകൾ പഴങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ആസിഡുകളാണ്. ചർമ്മത്തെ ഇത് പുനരുജ്ജീവിപ്പിക്കുകയും ഭംഗിയും ജലാംശവും പകരുകയും വരൾച്ച തടയുകയും ചെയ്യും വീട്ടിൽ ചെയ്യാവുന്ന ഒരു ഉപായവുമുണ്ട്. കുറച്ച് ഒലീവ് ഓയിലും ബദാം ഓയിലും എടുക്കുക. അതിൽ ഏതാനും തുള്ളി ഓറഞ്ച് ഓയിൽ കലർത്തി മുഖത്ത് പുരട്ടി മസാജ് ചെയ്യുക. ഇത് ദിവസവും ചെയ്യുക. വരൾച്ച കുറയുകയും ചർമ്മനിറം മെച്ചപ്പെടുത്തുകയും ചെയ്യും. നല്ല തിളക്കവും ലഭിക്കും. അതിനൊപ്പം പോഷകസമ്പന്നമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക. നന്നായി വെള്ളം കുടിക്കുക.





