ഏറ്റവും അമൂല്യവും പരിശുദ്ധവും നിർമ്മലവുമായ യഥാർത്ഥ്യമാണ് മാതൃത്വം. മാതൃത്വത്തിന്‍റെ മഹനീയതയെപ്പറ്റി വാക്കുകളിൽ ഒതുക്കാനാവില്ല. ഒരു കുഞ്ഞിന്‍റെ ജീവിതത്തിൽ പരമപ്രധാനമായ പങ്കുവഹിക്കുന്ന വ്യക്‌തി അമ്മയല്ലാതെ മറ്റാരാണ്. കുഞ്ഞിന്‍റെ ഓരോ ചലനങ്ങളും ആഗ്രഹങ്ങളും സങ്കടങ്ങളുമൊക്കെ അമ്മ മനസിനല്ലാതെ മറ്റാർക്കാണ് തിരിച്ചറിയാനാവുക. സ്വന്തം കുഞ്ഞുങ്ങളുടെ നല്ല അമ്മമാരാകാൻ ഓരോ അമ്മമാരും നൂറുശതമാനമാവും ശ്രമിക്കുക.
ജീവിതത്തിൽ പല വെല്ലുവിളികളും നേരിട്ടിട്ടുണ്ടെങ്കിലും ഒരമ്മയുടെ റോൾ കൈകാര്യം ചെയ്യുകയെന്നത് മറ്റേത് വെല്ലുവിളിയേക്കാളിലും ഏറെ സങ്കീർണ്ണവും ഹൃദ്യവുമായ ഒന്നാണ്.
ഒരു കുഞ്ഞിനെ ഗർഭം ധരിക്കുന്ന നാൾ തുടങ്ങി കുഞ്ഞ് അമ്മയെ ആശ്രയിച്ച് തുടങ്ങുകയാണ്. ലോകത്തിൽ കുഞ്ഞിന്‍റെ ഏറ്റവും വലിയ സംരക്ഷകയും ഏറ്റവുമടുത്ത സുഹൃത്തും ഗുരുവുമൊക്കെ അമ്മയാണ്. ഒരു കുഞ്ഞ് പിറക്കുന്നതോടെ അമ്മയുടെ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുകയാണ്. അതിനാൽ മികച്ചൊരമ്മയാവാൻ സാധ്യമായതെല്ലാം ചെയ്യാൻ ഒരു സ്ത്രീ തയ്യാറാകും. അത് സത്യവുമാണ്. പൊന്നോമനയുടെ നല്ല അമ്മയാവാൻ ചില ടിപ്സുകൾ…
നല്ല അമ്മയാവാൻ
കുഞ്ഞിന്‍റെ ശാരീരികമായ ആരോഗ്യം മാത്രമല്ല അവന്‍റെ/അവളുടെ വൈകാരികവും മാനസികവുമായ വികാസവും അമ്മയെ സംബന്ധിച്ച് പരമപ്രധാനമായ കാര്യമാണ്. കുഞ്ഞിന്‍റെ ചുറ്റുമുള്ള ലോകത്തെ തിരിച്ചറിയാൻ കുഞ്ഞിനെ പ്രാപ്തയാക്കേണ്ട ചുമതല അമ്മയ്ക്കാണ്. ചുറ്റുപാടുമുള്ള കാര്യങ്ങളെ അവൻ/അവൾ മനസിലാക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നത് അമ്മ നൽകുന്ന അറിവിലൂടെയാണ്. മികച്ചൊരു അമ്മയാവാൻ എന്തെല്ലാം ഗുണഗണങ്ങളാണ് ആവശ്യമായി വരുന്നത്, അറിയാം അവയേതെന്ന്…
പ്രോത്സാഹനം
കുഞ്ഞ് ചെയ്യുന്ന ഏത് പ്രവർത്തിയായാലും ശരി ധാരാളം പരിശ്രമങ്ങൾക്കു ശേഷമാവും അവൻ അതിൽ വിജയം വരിക്കുക. അത് കമിഴ്ന്ന് നീന്തുന്ന കാര്യത്തിലായാലും നടക്കുന്നതും സ്വന്തമായി ഭക്ഷണം കഴിക്കുന്നതുമൊക്കെ അതിൽ ഉൾപ്പെടും. വളർച്ചയുടെ ഓരോ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നതിനനുസരിച്ച് അവൻ/അവൾ അതെല്ലാം അമ്മയുടെ നിർദ്ദേശവും പ്രോത്സാഹനവും സഹായവുമനുസരിച്ച് സ്വായത്തമാക്കുകയാണ്. കുഞ്ഞുങ്ങൾക്ക് അമ്മമാരുടെ നിറഞ്ഞ് പ്രോത്സാഹനവും പിന്തുണയുമാണ് ആവശ്യം. ഇത്തരം പ്രോത്സാഹനങ്ങൾ ചെറിയ പരാജയങ്ങളെ കാര്യമാക്കാതെ വീണ്ടും പരിശ്രമിക്കാൻ കുഞ്ഞിനെ പ്രേരിപ്പിക്കുകയുള്ളൂ.
ക്ഷമ
ക്ഷമയെന്നത് പലപ്പോഴും അമ്മയുടെ പര്യായമായി കാണാം. ക്ഷമിക്കാനുള്ള കഴിവും മനസും ഒരമ്മയ്ക്കേ ഉണ്ടാകൂ. കുഞ്ഞുങ്ങൾ നിലത്ത് വെള്ളമോ പാലോ തട്ടിമറിക്കാം. ചുവരുകളിൽ വരച്ച് വൃത്തികേടാക്കാം. നിലത്ത് കളിപ്പാട്ടങ്ങൾ അലക്ഷ്യമായി നിരത്തിയിടാം. നിലത്ത് കല്ലും മണ്ണും വാരിയിടാം. ബാസ്ക്കറ്റിൽ അടുക്കി വച്ച തുണികൾ പുറത്തെടുത്ത് അലങ്കോലമാക്കിയിടാം. ഈ പ്രവൃത്തികളെല്ലാം തന്നെ അമ്മയുടെ ക്ഷമയെ പരീക്ഷിക്കുന്ന കാര്യങ്ങളാണെങ്കിലും കുഞ്ഞിന്‍റെ ആ പ്രവർത്തികളെയെല്ലാം സ്നേഹത്തോടെയും ക്ഷമയോടെയും സമീപിക്കുകയെന്നതാണ് ഒരമ്മയെ സംബന്ധിച്ച് ഏറ്റവും ഉത്തമമായ മാർഗ്ഗം. അമ്മയ്ക്കും കുഞ്ഞിനുമത് നന്മയെ ചെയ്യൂ. അമ്മയുടെ ക്ഷമിക്കാനുള്ള കഴിവിൽ നിന്നും കുഞ്ഞ് ധാരാളം കാര്യങ്ങൾ പഠിക്കുകയാണ് ചെയ്യുക.
ബഹുമാനം
ബഹുമാനം എന്നത് കുഞ്ഞ് പഠിച്ചെടുക്കേണ്ട ഒന്നാണ്. അമ്മയിൽ നിന്നാണ് ഈ നന്മ കുഞ്ഞ് തിരിച്ചറിയുന്നത്. അവൻ/അവൾ ആത്മാഭിമാനം ഉള്ളവരാകുന്നതും അമ്മയുടെ നല്ല ശീലങ്ങൾ കണ്ട് പഠിച്ചാണ്. മറ്റുള്ളവരെ ബഹുമാനിക്കാൻ ശീലിക്കുന്നതും ആത്മാഭിമാനം ഉള്ളവരാകാനും മറ്റുള്ളവരെ ബഹുമാനിക്കാൻ പഠിക്കുന്ന കുട്ടികൾ കൂടുതൽ സന്തുഷ്ടരും ഉദാരമതികളുമായിരിക്കും. ഒപ്പം അവർ നല്ല ബന്ധങ്ങളും വളർത്തിയെടുക്കും.
മികച്ച ധാരണ
ഒരു അമ്മയിലുള്ള പ്രധാനപ്പെട്ട നന്മകളിലൊന്നാണ് മികച്ച ധാരണ. കുഞ്ഞുങ്ങൾ പറയുന്ന കാര്യങ്ങൾ അറിയാനും കുഞ്ഞുങ്ങളെ മനസിലാക്കാനുമുള്ള കഴിവും അമ്മമാർക്കുണ്ടാവണം. താൻ പറയുന്ന കാര്യങ്ങൾ മനസിലാക്കാൻ അമ്മയ്ക്കാവുമെന്ന വിശ്വാസം കുഞ്ഞിലുണ്ടാവണം.
സ്ട്രിക്റ്റായ അമ്മ
കുഞ്ഞുങ്ങളെ അച്ചടക്കം പഠിപ്പിക്കുകയെന്നത് അവരെ വടിയെടുത്ത് പേടിപ്പിച്ചും നുള്ളിയും മര്യാദക്കാരാക്കുകയെന്നല്ല. മറിച്ച് സ്നേഹത്തോടെ അവരെ ശാസിക്കാം. കുഞ്ഞുങ്ങളെ അവരുടെ തെറ്റുകൾ ബോധ്യപ്പെടുത്തി വളർത്തുക. കുഞ്ഞ് ചെയ്യുന്ന തെറ്റുകളെ ചൂണ്ടിക്കാട്ടി അതിൽ നിന്നും അവനെ പിന്തിരിപ്പിക്കുക. കുഞ്ഞുങ്ങളെ അച്ചടക്കം പരിശീലിപ്പിക്കുന്നതിൽ ഉറച്ച് നിൽക്കുക.
കുഞ്ഞുങ്ങൾക്കായി സമയം കണ്ടെത്തുക
ഉദ്യോഗസ്‌ഥയായാലും വീട്ടമ്മയായാലും ശരി സ്വന്തം കുഞ്ഞുങ്ങൾക്കായി മതിയായ സമയം കണ്ടെത്തുക. അവർക്കൊപ്പം കളിക്കാനും അവർക്ക് കഥ പറഞ്ഞു കൊടുക്കാനും പാട്ടു പാടികൊടുക്കാനുമൊക്കെ അമ്മ സമയം കണ്ടെത്തുക തന്നെ വേണം. കുഞ്ഞുങ്ങളുമായി ഹൃദ്യമായ ബന്ധം (ബോണ്ടിംഗ്) വളർത്തിയെടുക്കാൻ ഇത്തരം പ്രവർത്തികൾ സഹായിക്കും. അമ്മയും കുഞ്ഞുമായുള്ള ഇഴയടുപ്പം കുഞ്ഞിൽ നിറഞ്ഞ ആത്മവിശ്വാസം വളർത്തിയെടുക്കും. അമ്മയ്ക്ക് താൻ എത്രമാത്രം പ്രധാനമാണെന്നുള്ള വിശ്വാസം കുഞ്ഞിന്‍റെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് അനിവാര്യമാണ്.
സ്വന്തം തെറ്റുകൾ തിരുത്തി കാണിക്കുക
കുഞ്ഞുങ്ങൾ മാതാപിതാക്കളുടെ കാർബൺ കോപ്പികളാണ്. മാതാപിതാക്കൾ എന്ത് ചെയ്യുന്നോ അത് തന്നെ കുഞ്ഞുങ്ങളും ആവർത്തിക്കും. അത് തെറ്റായാലും ശരിയായാലും അങ്ങനെ തന്നെയായിരിക്കും. അതുകൊണ്ട് മുതിർന്നവർ എന്തെങ്കിലും മോശം പ്രവർത്തി ചെയ്യുകയോ പറയുകയോ ചെയ്‌താൽ ആ സാഹചര്യം മനസിലാക്കി കുഞ്ഞുങ്ങളോട് സോറി പറയാം. സാഹചര്യം വഷളാവുന്നതിൽ നിന്നും തടയാം. മാത്രമല്ല സ്വന്തം തെറ്റ് തിരുത്തി അമ്മ കുഞ്ഞിന് വലിയ ഒരു പാഠം പഠിപ്പിക്കുക കൂടി ചെയ്യുകയാണ്.
സ്വയം പര്യാപ്തത
ചെറുതിലെ തുടങ്ങി കുഞ്ഞിനെ സ്വയം പര്യാപ്തരാകാനുള്ള ചെറിയ പരിശീലനങ്ങൾ അമ്മമാർ നൽകി തുടങ്ങണം. സ്വന്തം വസ്‌തുക്കൾ ചിട്ടയായി ഒതുക്കി വയ്ക്കാനും അലക്കിയ വസ്ത്രങ്ങൾ കൃത്യമായല്ലെങ്കിലും അവരെ കൊണ്ട് മടക്കി വയ്പ്പിക്കുക, ഭക്ഷണം കഴിച്ച പാത്രങ്ങൾ അടുക്കളയിൽ വയ്ക്കേണ്ടയിടത്ത് വയ്പ്പിക്കുക, മുതിർന്ന കുഞ്ഞുങ്ങളാണെങ്കിൽ സ്വന്തം പാത്രങ്ങൾ കഴുകിപ്പിക്കുക, പൂന്തോട്ടം നനയ്ക്കാൻ ആവശ്യപ്പെടുക എന്നിങ്ങനെയുള്ള കുഞ്ഞ് കുഞ്ഞ് ദൗത്യങ്ങൾ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുന്നത് അവരിൽ ഉത്തരവാദിത്ത ബോധം വളർത്തും. വളരെ കുഞ്ഞായിരിക്കെ തന്നെ സ്വന്തം ടാലന്‍റ് പ്രദർശിപ്പിക്കുന്ന കുട്ടികളുണ്ട്. അത്തരം സവിശേഷമായ കഴിവുകളെ കണ്ടെത്തി അവരെ നിറഞ്ഞ മനസ്സോടെ പ്രോത്സാഹിപ്പിക്കാനും ആ കഴിവ് വളർത്തിയെടുക്കാനുള്ള വഴികൾ ഒരുക്കാനും കഴിയുന്നതാണ് ഒരമ്മയുടെ വിജയം.
ആശയവിനിമയം
കുടുംബത്തിൽ ശക്തമായ ആശയവിനിമയം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. പരസ്പരം മനസിലാക്കാനും വിശ്വാസം ഊട്ടിയുറപ്പിക്കാനും സ്നേഹബന്ധം വളരാനും ആശയവിനിമയം സഹായിക്കുക തന്നെ ചെയ്യും. കുട്ടികൾക്ക് സ്വന്തം പ്രശ്നങ്ങൾ തുറന്ന് പറയാനുള്ള ഒരിടമാവണം അമ്മ. ഏറ്റവും സംവേദനക്ഷമമായ കാര്യമായാലും അമ്മയോട് തുറന്ന് പറയാനുള്ള സ്വാതന്ത്യ്രബോധവും ധൈര്യവും കുഞ്ഞുങ്ങളിൽ വളർത്തിയെടുക്കുക.
അമ്മ ശക്ത
ഒരമ്മയുടെ ഉത്തരവാദിത്തം നിർവഹിക്കുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ് പങ്കുവയ്ക്കാൻ പറ്റാത്ത ഉത്തരവാദിത്തങ്ങൾ അമ്മയ്ക്ക് തനിയെ കൈകാര്യം ചെയ്യേണ്ടിവരും. ചില സാഹചര്യങ്ങളിൽ കുഞ്ഞുങ്ങളെ വളർത്തിയെടുക്കാൻ അമ്മ മറ്റ് പല കാര്യങ്ങളും ത്യജിച്ചെന്നുവരാം. എങ്കിലും സ്വന്തം ആഗ്രഹങ്ങളെ സാക്ഷാത്ക്കരിച്ചു കൊണ്ട് തന്നെ കുട്ടികൾക്ക് ശക്തയായ അമ്മയാവുന്നതിലാണ് ഒരമ്മയുടെ വിജയം. അമ്മ ജീവിതം മാനേജു ചെയ്യുന്ന രീതി കുട്ടികളെ പ്രചോദിപ്പിക്കുകയും അതിലൂടെ മൂല്യവത്തായ പല പാഠങ്ങൾ അവർ പഠിച്ചെടുക്കുകയുമാണ് ചെയ്യുക. അത്തരം പാഠങ്ങൾ സ്വന്തം ജീവിതത്തിൽ അവർ പകർത്തുക തന്നെ ചെയ്യും.
അമ്മയുടെ റോൾ ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും മാനസികവും ശാരീരികവുമായി അമ്മ കരുത്താർജ്‌ജിക്കണം. സ്വന്തം ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. സ്വന്തം ഇഷ്ടങ്ങളും താൽപ്പര്യവും റീച്ചാർജ് ചെയ്‌ത് കുഞ്ഞുങ്ങളുടെ ഇഷ്ടങ്ങൾ അറിഞ്ഞ് നല്ല അമ്മമാരാവുക.