നാണം കുണുങ്ങിയായ കോളേജ് കുമാരി ആയിരുന്നു ശ്രീജ ദാസ്. ക്യാംപസിൽ അവാർഡ് സിനിമയെന്ന വിളിപ്പേരുണ്ടായിരുന്ന ശ്രീജ ആക്ഷൻ ഹീറോ ബിജുവിലെ മിടുക്കിയായ പോലീസുകാരി ആയതോടെ ശരിക്കും ഞെട്ടിയത് പഴയ സഹപാഠികളാണ്. “ഇവൾ ഇത്രയ്ക്ക് ബോൾഡായോ”

ആക്ഷൻ ഹീറോയിലെ പോലീസുകാരി മുതൽ ആമിയിലെ മാധവിക്കുട്ടിയുടെ പരിചാരികയായ മിനി വരെയുള്ള ശ്രീജയുടെ കഥാപാത്രങ്ങൾ ഓരോന്നും ശ്രദ്ധിക്കപ്പെടുന്നവയാണ്. ഓരോ കഥാപാത്രത്തിന്‍റെയും സൂക്ഷ്മ വൈകാരികതലങ്ങളിൽ വരെ ഇറങ്ങി ചെല്ലുന്ന അഭിനയപാടവം. കഥാപാത്രത്തിന്‍റെ പൂർണ്ണതയ്ക്കു വേണ്ടി എന്ത് പരിശ്രമവും ചെയ്യാനുളള മനസ്സ് അതാണ് ഈ താരം. സിനിമയെ പാഷനായി കാണുന്ന ശ്രീജ ഒരുപിടി വിജയ ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിന്‍റെ ത്രില്ലിലാണ്. ഒപ്പം മറ്റൊരു സന്തോഷവും കൂടിയുണ്ട് ഈ താരത്തിന്. ഏകമകൾ ജാനകി പോക്കിരി സൈമണിലൂടെ ബിഗ് സ്ക്രീനിലെത്തി.

സിനിമയോടുള്ള ഇഷ്‌ടം

സിനിമയിൽ വരാൻ ഒരുപാട് ആഗ്രഹിച്ചിരുന്നയാളാണ് ഞാൻ. പക്ഷേ അതൊക്കെ വിവാഹ ശേഷമായിരുന്നുവെന്ന് മാത്രം. മുമ്പ് കോളേജ് പഠനകാലത്ത് ഓഫറുകളൊക്കെ വന്നിരുന്നുവെങ്കിലും അത്രയും പാഷൻ തോന്നിയില്ല. നൃത്തം പഠിക്കണം എന്നായിരുന്നു താൽപര്യം.

ആക്ഷൻ ഹീറോ ബിജുവിലെ പോലീസുകാരിയായതെങ്ങനെയാണ്?

വിവാഹ ശേഷം ഞാൻ ഭർത്താവ് ശശികുമാറുമൊത്ത് ബാംഗ്ലൂരിലായിരുന്നു താമസം. ആ സമയത്ത് കുറേ ട്രൈ ചെയ്തു. ഭർത്താവിന് സിനിമ പാഷനാണ്. സിനിമ സംവിധാനം ചെയ്യണം സിനിമാറ്റോഗ്രാഫി ചെയ്യണം എന്നൊക്കെയുള്ള ആഗ്രഹമുള്ളതിനാൽ അദ്ദേഹം എന്‍റെ ആഗ്രഹത്തെ നന്നായി പ്രോത്സാഹിപ്പിക്കുമായിരുന്നു. ആ സമയത്താണ് ആക്ഷൻ ഹീറോവിന്‍റെ ഓഡിഷൻ കാര്യമറിയുന്നത്. ഞാൻ ട്രൈ ചെയ്യുന്ന കാര്യം എഫ്ബി ഫ്രണ്ട്സിനും അറിയാമായിരുന്നു. ഞാനങ്ങനെ കുറേ ഫോട്ടോസ് അയച്ചു.

കൊച്ചിയിൽ വന്നപ്പോൾ ഓഡിഷനു വേണ്ടി ഫോട്ടോസ് അയച്ച കാര്യം ഞാനൊരു സുഹൃത്തിനോട് പറഞ്ഞിരുന്നു. സുഹൃത്ത് ഇക്കാര്യം എബ്രിഡ് ഷൈൻ സാറിനോട് പറഞ്ഞു. സത്യത്തിൽ അദ്ദേഹമങ്ങനെയൊരു ഓഡിഷനെപ്പറ്റി അറിഞ്ഞിരുന്നില്ലെന്നതാണ് വാസ്തവം. ബാംഗ്ലൂർക്ക് മടങ്ങാൻ നേരം അദ്ദേഹം എന്നെ വിളിച്ച് വരാനാവശ്യപ്പെട്ടു. അങ്ങനെ ഞാൻ 2000 പേരിൽ നിന്നും അവസാനം വന്ന മൂന്നുപേരിലൊരാളായി. ഒടുവിൽ ആക്ഷൻ ഹീറോ ബിജുവിലെ പോലീസുകാരി യുമായി.

പോലീസുകാരിയാകാൻ എന്തെങ്കിലും തയ്യാറെടുപ്പുകൾ നടത്തിയിരുന്നോ?

തേവര പോലീസ് സ്റ്റേഷനിലെ എസ്ഐ ഗോപകുമാർ സാറാണ് ഞങ്ങളെ സെലക്റ്റ് ചെയ്‌തത്. സല്യൂട്ട്, നടപ്പ്, പോലീസ് സറ്റേഷനിലെ രീതികളൊക്കെ പഠിക്കാൻ 2 ആഴ്ച പോലീസ് സ്റ്റേഷനിലിരുത്തി. എന്നോട് വീടിനടുത്ത് ചെങ്ങമനാടുള്ള പോലീസ് സ്റ്റേഷനിൽ ഇരിക്കാനാണ് പറഞ്ഞത്. അവിടെ മെർലിൻ മാഡത്തിനായിരുന്നു ചാർജ്. ആവശ്യമറിയിച്ചപ്പോൾ മാഡത്തിന് വലിയ അദ്ഭുതം. രാവിലെ മുതൽ വൈകുന്നേരം വരെ അവിടെയിരുന്നു. നമ്മൾ സിനിമയിൽ കാണുന്ന അന്തരീക്ഷമേയല്ല പോലീസ് സ്റ്റേഷനിൽ. വനിത കോൺസ്റ്റബിൾമാർ പരസ്പരം വീട്ടിലെ വിശേഷങ്ങളൊക്കെ പറയുന്നു. ഒപ്പം പോലീസ് സ്റ്റേഷനിലെ പ്രവർത്തനനങ്ങൾ പ്രോപ്പറായി നടത്തുകയും ചെയ്യുന്നു. അവരാണ് സല്യൂട്ട് ചെയ്യാനും മറ്റും പഠിപ്പിച്ചത്.

ആക്ഷൻ ഹീറോ ബിജുവിനു ശേഷമുണ്ടായ മാറ്റങ്ങൾ?

ഒരുപാടുപേർ തിരിച്ചറിഞ്ഞു. മുത്തെ പൊന്നെ പാട്ടിൽ ഉണ്ടല്ലോ അതൊക്കെ കണ്ട് എല്ലാവരും എന്നെ തിരിച്ചറിയുകയായിരുന്നു. സിനിമ ചെയ്യണമെന്ന പാഷനോടെ ഒരു കൂട്ടമാളുകൾ വരുന്നത് എന്നെ പോലെയുള്ളവർക്ക് അവസരം കിട്ടാൻ എളുപ്പമാക്കി. ആക്ഷൻ ഹീറോവിനു ശേഷം അങ്കമാലി ഡയറീസ് ചെയ്‌തു. ലിജോ സാറിന്‍റെ സിനിമ ചെയ്യാനിഷ്ടമായിരുന്നു. അപ്പാനി രവിയുടെ ഭാര്യയായി മൂന്ന് സീനിലെ വരുന്നുള്ളൂവെങ്കിലും അതൊരു നല്ല അനുഭവമായിരുന്നു. അതും കഴിഞ്ഞ് ടേക്ക് ഓഫ്, ഉദാഹരണം സുജാത ഒക്കെ ശ്രദ്ധിക്കപ്പെട്ടു. ഉദാഹരണം സുജാതയിലെ കഥാപാത്രമാകാൻ കുറച്ച് കറുപ്പിക്കേണ്ടി വന്നു. മുഷിഞ്ഞ നൈറ്റിയൊക്കെ ഇട്ട് ഒരു പടിയിലിരുത്തി. ചൂല് ഉണ്ടാക്കാൻ ഓലകീറുന്ന സീൻ ഒക്കെയെടുത്തപ്പോൾ ശരിക്കും ഞാൻ ആ കഥാപാത്രമായി മാറുകയായിരുന്നു.

ആ സിനിമയിൽ അഭിനയിക്കും മുമ്പായി ചെങ്കൽ ചൂളയിലെ സ്ത്രീകളുമായി സംസാരിക്കുകയും അടുത്തിടപഴകുകയും ചെയ്യുമായിരുന്നു. അപ്പോഴൊക്കെ അവരുടെ കൂട്ടത്തിലൊരാളായി മാറുന്നതു പോലെ തോന്നി. സംസാരവും ഏണിൽ കൈ കൊടുത്ത് നിൽക്കുന്നതുമൊക്കെ സ്വഭാവികമായും വന്നു. മഞ്‌ജു ചേച്ചിയുമൊത്തുള്ള കോമ്പിനേഷൻ ഞാൻ വല്ലാതെ എൻജോയ് ചെയ്തു. ഞാനഭിനയിച്ച നാല് ചിത്രങ്ങളും സൂപ്പർ ഹിറ്റായി. വിജയിച്ച ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞല്ലോ.

sreeja das & daughter

പഠനം

കാലടി ശ്രീശങ്കരാചാര്യ കോളേജിലാണ് ഭരതനാട്യം ഡിഗ്രി ചെയ്‌തത്. ഡിഗ്രി കഴിഞ്ഞശേഷമായിരുന്നു കല്യാണം. പ്രണയ വിവാഹമായിരുന്നു. ശശികുമാർ എന്നാണ് ഭർത്താവിന്‍റെ പേര്. ഒരു മകളുണ്ട് ജാനകി.

മകൾ ജാനകിയും കുഞ്ഞ് താരമാണല്ലോ

ജാനകി പോക്കിരി സൈമണിൽ ജെന്നിഫർ എന്ന കഥാപാത്രമാണ് ചെയ്‌തത്. മോള് നല്ലവണ്ണം പാടുകയും ചെയ്യും. ഡാൻസുമുണ്ട്. പക്ഷേ പാടുന്ന പാട്ടുകളൊക്കെ എസ് ജാനകിയും സുശീലയുമൊക്കെ പാടി ഹിറ്റാക്കിയ പാട്ടുകളാണെന്ന് മാത്രം.

മോൾക്ക് അഭിനയത്തിൽ താൽപര്യമുണ്ടായിരുന്നോ?

സത്യത്തിൽ ഞങ്ങൾ മോളെ ഒന്നിനും ഫോഴ്സ് ചെയ്യാറില്ല. സുഹൃത്തായ ശരത് വഴിയാണ് മോൾക്ക് സിനിമയിൽ അവസരം കിട്ടിയത് തന്നെ. സിനിമയെന്നൊക്കെ പറയുമ്പോൾ ടൈമിംഗ്, ദീർഘമായ ഷൂട്ടിംഗ് ഒക്കെ ഉണ്ടാവുമല്ലോ. മോളെ അങ്ങനെ കഷ്ടപ്പെടുത്തണോ, അതൊക്കെ ഓർത്തപ്പോൾ വിഷമം തോന്നി. പക്ഷേ ശരത് വീട്ടിൽ വരുമ്പോൾ മോളിങ്ങനെ ഓരോ പാട്ട് പാടി കേൾപ്പിക്കും. ഭയങ്കര അറ്റാച്ച്ഡായി. അങ്ങനെയാണ് ശരത് ഒരു ദിവസം പോക്കിരി സൈമണിന്‍റെ കാര്യം പറയുന്നത്. ഞങ്ങൾ വിസമ്മതിച്ചപ്പോൾ മോൾക്ക് നല്ല കഴിവുണ്ട്, നിങ്ങൾ ബ്ലോക്ക് ചെയ്യല്ലേ എന്നൊക്കെ പറഞ്ഞു. മോളുടെ ഒരു വീഡിയോ എടുത്ത് അയച്ചു കൊടുക്കാനാവശ്യപ്പെട്ടു. അതനുസരിച്ച് ഞാൻ വീഡിയോയെടുത്തു. അത് കണ്ടപ്പോഴെ എനിക്ക് മനസ്സിലായി മോൾ എന്‍റെ ആക്ടിംഗ് ടെക്നിക്ക്സ് തന്നെയാണ് ഉപയോഗിക്കുന്നതെന്ന്. ഒറിജിനലായി കരയുന്നു. അതൊക്കെ കണ്ട് പോക്കിരി സൈമണിലേക്ക് സെലക്ട് ചെയ്യുകയായിരുന്നു.

ആമിയിലെ മിനിയുടെ വിശേഷങ്ങൾ

സീനിയർ ഡയറക്ടറായ കമൽ സാറിന്‍റെ പടം ചെയ്യുകയെന്നത് ഏറെ ടെൻഷനുണ്ടായിരുന്നു. എവിടെ, എന്ത് വേണം എന്നൊക്കെ സാറിന് കൃത്യമായി അറിയാം. മാത്രവുമല്ല കഥാപാത്രത്തെ സൂക്ഷ്മമായി പഠിച്ച് അതെങ്ങനെ എക്സിക്യൂട്ട് ചെയ്യണമെന്ന കാര്യം സാറ് പറഞ്ഞ് തന്നു.

ഏറ്റവും രസകരമായ കാര്യം മിനിയെന്ന കഥാപാത്രമാകാൻ എനിക്ക് ഗെറ്റപ്പിൽ തന്നെ മാറ്റം വരുത്തേണ്ടി വന്നുവെന്നതാണ്. സാരിയുടുത്ത് മുടി പിന്നിയിട്ട് ചെന്നപ്പോൾ സിനിമാറ്റോഗ്രാഫർ മധു നീലകണ്ഠൻ സാർ പറഞ്ഞു, ഇത് മാധവിക്കുട്ടിയുടെ മരുമകളെപ്പോലെയുണ്ടെന്ന്. ഒടുക്കം മുടി അഴിച്ചിട്ട് ഞാൻ തന്നെ മുടി കെട്ടി മാറ്റം വരുത്തി. മുഖം ഫേഷ്യൽ ചെയ്യരുതെന്ന് നേരത്തെ നിർദ്ദേശം തന്നിരുന്നു.

തീയറ്റർ ആർട്ടിസ്റ്റും കൂടിയാണല്ലോ?

അഭിനയത്തോടുള്ള ഇഷ്‌ടം കൊണ്ടാണ് തീയറ്ററിലും സജീവമായത്. ഇടപ്പള്ളി വിനോദ് മാഷിന്‍റെ അനന്തരം അവൾ എന്ന നാടകം ചെയ്‌തിരുന്നു. അതുപോലെ പാലക്കാട് ബോധി തീയേറ്റഴ്സിന്‍റെ മഞ്ജുളൻ ഡയറക്ട് ചെയ്‌ത വീർ ഭഗത്സിംഗ്. അതിൽ ഭഗതിന്‍റെ കൂട്ടുകാരി സുശീലയായിട്ടാണ് ഞാൻ വേഷമിട്ടത്. അവർക്ക് പരസ്പരം ഇഷ്‌ടമുണ്ടായിട്ടും കല്യാണം കഴിക്കാൻ സാധിച്ചില്ല. അങ്ങനെയുള്ള പ്രമേയമായിരുന്നുവത്.

സ്ത്രീ കേന്ദ്രകഥാപാത്രമാകുന്ന സിനിമ ഉണ്ടാകുന്നുണ്ടോ?

ഏത് കലയിലായാലും കഥകളി, ഭരതനാട്യം തുടങ്ങി എന്ത് തന്നെയായാലും സ്ത്രീയെ കഥാപാത്രമാക്കുകയെന്നത് അതിന്‍റെയാവശ്യമാണ്. അതിലെല്ലാം സ്ത്രീയുണ്ട്. തുല്യ പ്രാധാന്യത്തോടെ തന്നെ. പക്ഷേ നമ്മൾ കണ്ടെത്തുന്നില്ലായെന്നതാണ് പ്രശ്നം. അത് കണ്ടെത്താതെ വരുമ്പോൾ സ്ത്രീ പാട്ടിൽ മാത്രം വന്നു പോകുന്ന കഥാപാത്രമാകും.

ഏറെ സ്വാധീനിച്ച നടീ നടന്മാർ?

പഴയകാല നടി കാർത്തികയെ എനിക്കൊത്തിരി ഇഷ്‌ടമാണ്. അവരുടെ ഏത് സിനിമ ടിവിയിൽ വന്നാലും ഞാൻ വീണ്ടും വീണ്ടും കാണാറുണ്ട്. അതുപോലെ ഉർവശി. ഉർവശി ഒരു കംപ്ലീറ്റ് ആക്ട്രസ് ആണെന്ന് പറയാം. കോമഡിയും സീരിയസുമൊക്കെ എത്ര അനായാസമാണ് ചെയ്യുന്നത്. വളരെ സ്പോൺടാനിയസ് ആക്ട്രസ് ആണ്. അവരുടെ ശരീര ചലനങ്ങളൊക്കെ അഭിനയവുമായി ഇഴുകി ചേരുന്ന പോലെ തോന്നും. ശോഭനയെപ്പറ്റി പറയുകയാണെങ്കിൽ ഓരോ കഥാപാത്രത്തെ എത്ര മനോഹരമായാണ് എക്സിക്യൂട്ട് ചെയ്യുന്നത്. മഞ്ജുവാര്യർ വളരെ നാച്ചുറലായാണ് അഭിനയിക്കുന്നത്. അതുപോലെ രേവതിയും ഇഷ്‌ടനടി തന്നെ. മാമുക്കോയ ഒക്കെ എത്ര നാച്ചുറലായാണ് ഓരോ കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നത്.

നൃത്തത്തിലും വലിയ കമ്പമുണ്ടല്ലേ?

മനുസാറാണ് എന്‍റെ നൃത്താധ്യാപകൻ. നൃത്തത്തെ ആഴത്തിൽ മനസ്സിലാക്കണം. ഡാൻസായാലും സിനിമയായാലും നല്ലൊരു ആർട്ടിസ്റ്റ് ആകണം അതാണ് സ്വപ്നം.

സ്വന്തം മുഖം ആദ്യമായി ബിഗ് സ്ക്രീനിൽ കണ്ടപ്പോൾ

എനിക്ക് എന്നെ സ്ക്രീനിൽ കാണാൻ വളരെ ചമ്മലായിരുന്നു. അങ്കമാലി കാർണിവൽ തീയറ്ററിലാണ് ഞങ്ങൾ ആക്ഷൻ ഹീറോ ബിജു കണ്ടത്. ഡാൻസ്, സിനിമ വളരെയിഷ്ടപ്പെടുന്നയാളാണ് അച്‌ഛൻ. എങ്കിലും എനിക്ക് ടെൻഷനായിരുന്നു.

ഫസ്റ്റ് ഷോട്ട് എടുത്തപ്പോൾ

നല്ല ടെൻഷനുണ്ടായിരുന്നു. പക്ഷേ ചെയ്തല്ലേ പറ്റൂ. ഇതിൽ പരാജയപ്പെട്ടാൽ പിന്നെയെനിക്ക് ഒരവസരം കിട്ടുക പ്രയാസമായിരുന്നു. കാത്തിരുന്ന് കിട്ടിയ ഓപ്പർച്ച്യൂണിറ്റി. ഇതെനിക്ക് ചെയ്തേ പറ്റൂ എന്ന് ഓർത്തപ്പോഴെ എന്‍റെ ടെൻഷനൊക്കെ പോയി.

മറക്കാനാവാത്ത ഒരനുഭവം

ഒരിക്കൽ ട്രാൻസ്പോർട്ട് ബസിൽ യാത്ര ചെയ്യുകയായിരുന്നു ഞാൻ. കൂടെ എന്‍റെ കസിനുമുണ്ട്. ഞങ്ങൾ കലപില സംസാരം. കുറച്ച് കഴിഞ്ഞപ്പോൾ ഒരാൾ എന്നെ തന്നെ ശ്രദ്ധിക്കുന്നത് കണ്ടു. അയാൾ പെട്ടെന്ന് ആക്ഷൻ ഹീറോവിന്‍റെ ഒരു സ്ക്രീൻ ഷോട്ടെടുത്ത് എന്‍റെ നേരെ നീട്ടി ഇത് നിങ്ങളല്ലേയെന്ന് ചോദിച്ചു. അതെയെന്ന് പറഞ്ഞു. സ്റ്റോപ്പ് എത്തിയപ്പോൾ ഞാൻ യാത്ര പറഞ്ഞിറങ്ങി. വൈശാഖ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്. അത്യാവശ്യം എഴുതുന്നയാളാണ്. പിറ്റേദിവസം വൈശാഖ് എന്നെപ്പറ്റി ഒരു എഫ്ബി പോസ്റ്റിട്ടു. ആക്ട്രസായാൽ ഇങ്ങനെയാവണം, നന്നായി സംസാരിക്കുന്നയാൾ എന്നൊക്കെയായിരുന്നുവത്. ഇതിലും വലിയ ആരാധകർ ഇനി സ്വപ്നത്തിൽ മാത്രമേയുണ്ടാകൂവെന്നൊക്കെ പറഞ്ഞ് ആക്ഷൻ ഹീറോ ബിജുവിന്‍റെ അസിസ്റ്റന്‍റൊക്കെ ചിരിച്ചു. സമൂഹത്തിൽ നിന്നും എനിക്ക് മാറിനിൽക്കാനാവില്ല. നാച്ചുറലായി ഇടപെട്ടുപോകും.

और कहानियां पढ़ने के लिए क्लिक करें...