ശരീരത്തിൽ ചുവന്ന രക്‌താണുക്കളുടെ കുറവ് ഉണ്ടാകുമ്പോഴാണ് അനീമിയ അഥവാ വിളർച്ച ഉണ്ടാകുന്നത്. ശരീരം ചുവന്ന രക്‌താണുക്കളെ ഉൽപാദിപ്പിക്കുന്നതു കുറഞ്ഞാലും, അളവിൽ ക്കൂടുതൽ രക്‌തം നഷ്‌ടപ്പെട്ടാലും അനീമിയ സംഭവിക്കാം.

നമ്മുടെ ശരീരം മൂന്നു തരം രക്‌തകോശങ്ങൾ ഉൽപാദിപ്പിക്കുന്നുണ്ട്. രോഗങ്ങളോട് പൊരുതുന്ന ശ്വേത രക്‌താണുക്കൾ, രക്‌തം കട്ട പിടിക്കാൻ സഹായിക്കുന്ന പ്ലേറ്റ്‍‍ലെറ്റുകൾ, ശരീരത്തിലെമ്പാടും ഓക്സിജൻ എത്തിക്കുന്ന ചുവന്ന രക്‌താണുക്കൾ.

രക്‌തത്തിലെ ഹീമോഗ്ലോബിൻ ആണ് ചുവന്ന രക്‌താണുക്കളിലൂടെ ശ്വാസകോശത്തിൽ നിന്ന് ശരീരത്തിലെമ്പാടും ഓക്സിജൻ എത്തിക്കുന്നത്. ശരീരത്തിന്‍റെ അസ്‌ഥി മജ്‌ജയിലാണ് ഹീമോഗ്ലോബിൻ ഉൽപാദിപ്പിക്കപ്പെടുന്നത്. ഹീമോഗ്ലോബിൻ കൂടിയും കുറഞ്ഞും വരിക സ്വാഭാവികമാണ്. എന്നാൽ ശരീരത്തിന്‍റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന വിധം കുറഞ്ഞാൽ അയേൺ അടങ്ങിയ ഭക്ഷണരീതി അവലംബിക്കേണ്ടി വരും. ഹീമോഗ്ലോബിൻ അളവ് 10 ൽ താഴെ വന്നാൽ തീർച്ചയായും ഡോക്ടറെ കണ്ട് പരിഹാരം ആരായണം.

പലതരം അനീമിയ

അയോണിന്‍റെ അഭാവം മൂലം ഉണ്ടാകുന്ന അനീമിയ ആണ് ഇവയിൽ പ്രധാനം. ഹീമോഗ്ലോബിൻ ഉൽപാദിപ്പിക്കാൻ അസ്‌ഥി മജ്‌ജയ്‌ക്ക് അയേൺ എന്ന ധാതുവിന്‍റെ സഹായം കൂടിയേ തീരൂ. വേണ്ടത്ര അളവിൽ ഇരുമ്പിന്‍റെ അംശം ശരീരത്തിൽ ഇല്ലെങ്കിൽ ചുവന്ന രക്‌താണുക്കൾക്കു വേണ്ടി ഹീമോഗ്ലോബിൻ ഉൽപ്പാദിപ്പിക്കാൻ ശരീരത്തിന് കഴിയാതെ വരുന്നു. ഇത്തരം അനീമിയ കൂടുതലായും സ്ത്രീകളിലും രോഗികളിലും കണ്ടു വരുന്നു. അതിയായ മാസമുറ രക്‌തസ്രാവം, അൾസർ, കാൻസർ, ആസ്പിരിൻ പോലുള്ള സ്റ്റാൺസ്റ്റിറോയ്ഡ് ആന്‍റി ഇൻഫ്‌ളമേറ്ററി മരുന്നിന്‍റെ തുടർച്ചയായ ഉപയോഗം എന്നിങ്ങനെയുള്ള അവസ്‌ഥകൾ മേൽപ്പറഞ്ഞ അനീമിയയുടെ കാരണങ്ങളാണ്.

ഇരുമ്പിന്‍റെ അഭാവം കൊണ്ടുണ്ടാകുന്ന അനീമിയക്കു പുറമെ മറ്റു പല കാരണങ്ങളാലും വിളർച്ച സംഭവിക്കാം. വിറ്റാമിന്‍റെ അഭാവം കൊണ്ടുണ്ടാകുന്ന വിളർച്ചയാണതിലൊന്ന്. ഫോളേറ്റ്, വിറ്റാമിൻ ബി – 12 എന്നിവയുടെ സഹായത്തോടെയാണ് ശരീരം ചുവന്ന രക്‌താണുക്കളെ ഉൽപാദിപ്പിക്കുന്നത്. പോഷകം കുറഞ്ഞ ക്ഷണ രീതിയാണ് അവലംബിക്കുന്നതെങ്കിൽ ഇത്തരത്തിലുള്ള വിളർച്ചയും അനുഭവപ്പെടാം.

കാൻസർ, എച്ച്ഐവി, റുമാറ്റോയിഡ് ആർത്രൈറ്റിസ്, ക്രൗൺസ്, വൃക്ക തകരാർ എന്നിവയും വിളർച്ചയ്ക്കു കാരണമാകാറുണ്ട്. ബോൺമാരോയുടെ പ്രവർത്തന ശേഷി കുറവു കൊണ്ടും ഹീമോഗ്ലോബിൻ കുറയാം. നഷ്‌ടപ്പെട്ട രക്‌തകോശങ്ങളെ ഉൽപാദിപ്പിക്കാൻ അസ്‌ഥി മജ്‌ജയ്‌ക്കു കഴിയാതെ വരുന്നതടക്കം, നിരവധി പ്രശ്നങ്ങൾ അനീമിയ ഉണ്ടാകുന്നതിന്‍റെ പിന്നിലുണ്ടാകാമെന്ന് അറിയുക. ഇത്തരം രക്‌തക്കുറവുകളിൽ ഏറ്റവും റിസ്‌ക് ഉള്ളത് അയേണിന്‍റെ അഭാവത്താലുള്ള അനീമിയക്കു തന്നെ. കാരണം പലരും അത് അവഗണിച്ചു തള്ളും. പ്രത്യേകിച്ചും സ്ത്രീകൾ. ശരീരം മുഴുവൻ ഓക്‌സിജൻ എത്തിക്കേണ്ട ജോലി ചുവന്ന രക്‌താണുക്കൾക്കാണ്. അവ ആവശ്യത്തിനില്ലെങ്കിൽ ശരീരത്തിന്‍റെ മൊത്തം പ്രവർത്തനം താളം തെറ്റും.

ലക്ഷണങ്ങൾ

എപ്പോഴും തളർച്ച തോന്നുക

ശരീരത്തിന് എപ്പോഴും തളർച്ച തോന്നുന്നതാണ് അയേൺ അഭാവത്തിന്‍റെ പ്രധാന ലക്ഷണം. എന്നാൽ ഈ തളർച്ചയും ക്ഷീണവും ദൈനംദിന തിരക്കുകളുടെ ഭാഗമായി കരുതി അവഗണിക്കുകയാണ് പതിവ്. അതിനാൽ അനീമിയ എന്ന അവസ്‌ഥ കണക്കിലെടുക്കാതെ പോകും. ശരീരകോശങ്ങളിൽ ഓക്‌സിജൻ എത്താൻ പ്രയാസം നേരിടുമ്പോൾ ശരീരത്തിന്‍റെ ഊർജ്ജനില താഴേക്ക് പോരും.

ജോലിത്തിരക്ക് കൊണ്ട് സംഭവിക്കുന്ന ക്ഷീണവും, മേൽപ്പറഞ്ഞ ക്ഷീണവും കൂടിച്ചേരുമ്പോൾ അമിതക്ഷീണമാവും ഫലം. അതോടൊപ്പം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും കുറയുന്നു.

കൈകാൽ തണുത്തിരിക്കുക

കൈകളും കാൽപ്പാദവും തണുത്തിരിക്കും. ദൈനംദിന കാര്യങ്ങളോട് താൽപര്യമില്ലായ്മ ഉണ്ടാകാം. എന്തോ അസുഖം ഉണ്ടെന്ന തോന്നൽ ഉള്ളിലുണ്ടാകും.

വിളറിയിരിക്കുക

ഹീമോഗ്ലോബിനാണ് രക്‌തത്തിന് ചുവപ്പ് നിറം നൽകുന്നത്. അതിലൂടെ ചർമ്മത്തിന് ഇളം റോസ് നിറം ലഭിക്കുന്നു. എന്നാൽ രക്‌തക്കുറവുണ്ടെങ്കിൽ വിളറി വെളുത്തിരിക്കും. സ്കിൻ ടോൺ എന്തായാലും വിളർച്ച മനസ്സിലാക്കാം. ചുണ്ടിന്‍റെ അകം, മോണ, കണ്ണ് ഇവ പരിശോധിച്ചാൽ വെളുത്തിരിക്കുകയാണെങ്കിൽ രക്‌തക്കുറവ് മനസ്സിലാക്കാം.

ഷോർട്ട് ബ്രീത്ത്

എത്ര ആഴത്തിൽ ശ്വാസമെടുത്താലും ഓക്‌സിജൻ അളവ് കുറവാണെങ്കിൽ വായു കിട്ടാത്ത പോലെ നിങ്ങൾക്ക് തോന്നാം. നേരത്തെ ഭംഗിയായി ചെയ്‌തിരുന്ന ചില കാര്യങ്ങൾ ഇപ്പോൾ ചെയ്യമ്പോൾ ശ്വാസം കിട്ടുന്നില്ലെന്ന് തോന്നുന്നുണ്ടോ? സ്റ്റെപ്പ് കയറുമ്പോഴും വർക്ക് ചെയ്യുമ്പോഴും കിതപ്പ് അനുഭവപ്പെടുകയും വേഗം വേഗം ശ്വാസമെടുക്കേണ്ടി വരികയും ചെയ്യുന്നുണ്ടെങ്കിൽ കാരണം അനീമിയ ആകാം.

ഹൃദയമിടിപ്പ് കൂടുന്നു

രക്‌തക്കുറവ് കുറേ നാളായി അനുഭവപ്പെടുന്ന വ്യക്‌തിയുടെ ഹൃദയാരോഗ്യം കുറയും. അനിയന്ത്രികമായ ഹൃദയമിടിപ്പ്, ഹൃദയം വലുതാകൽ, ഹൃദയത്തകരാറ് എന്നിവയിലേക്ക് വരെ ഈ അവസ്‌ഥ നയിച്ചേക്കാം. ഇത്തരം എന്തെങ്കിലും അവസ്‌ഥ ഉണ്ടെന്നു തോന്നിയാൽ മടിക്കേണ്ട എച്ച്ബി ലെവൽ ഒന്നു പരിശോധിച്ചു നോക്കുക.

ഇരിപ്പുറയ്‌ക്കാതെ തോന്നുക

എവിടെയും സ്വസ്ഥതയോടെ കുറച്ചു നേരം ഇരിക്കാൻ മനസ്സ് അനുവദിക്കാതിരിക്കുന്നത് രക്‌തക്കുറവിന്‍റെ ഒരു ലക്ഷണമാണ്. മാനസികമായ പ്രശ്നങ്ങൾ ഒന്നും അലട്ടുന്നില്ലെങ്കിലും അസ്വസ്ഥത തോന്നാം. രക്‌തത്തിലെ ഓക്‌സിജൻ പ്രവാഹം വർദ്ധിപ്പിക്കാൻ ശരീരം തന്നെ ചെയ്യുന്ന ഒരു ഉപരിഹാരം ആണിത്.

തലവേദന, തലയ്‌ക്ക് ഭാരം

അയേൺ കുറവുള്ളപ്പോൾ ഓക്‌സിജൻ ആദ്യമെത്തിക്കാൻ ശരീരം ശ്രമിക്കുന്ന ഭാഗം തലച്ചോർ തന്നെ. തന്മൂലം ബ്രെയിനിലേക്കുള്ള ധമനികൾക്ക് നീർക്കെട്ട് ഉണ്ടാകുകയും തലവേദന അനുഭവപ്പെടുകയും ചെയ്യാം. തലവേദനയും തലകറക്കവും രക്‌തക്കുറവിന്‍റെ ലക്ഷണമാകാറുണ്ട്. പ്രത്യേകിച്ചും സ്ത്രീകളിൽ.

മണ്ണ് തിന്നാൽ തോന്നുക

ചോക്ക്, മണ്ണ്, അരി, പേപ്പർ തുടങ്ങിയ സാധനങ്ങൾ ഭക്ഷിക്കാൻ തോന്നുന്നത് വിളർച്ചയുടെ ലക്ഷണമാണ്. കൂടെക്കൂടെ ഐസ് കഴിക്കാൻ തോന്നുന്നതും ഇതിന്‍റെ ഒരു പ്രതികരമാണെന്ന് പറയാം.

ഉൽക്കണ്ഠ അനുഭവപ്പെടുക

ജീവിതത്തിൽ അത്ര വലിയ ടെൻഷനൊന്നും ഇല്ല എങ്കിൽക്കൂടി എന്തോ ഒരു ഉൽക്കണ്ഠയും ആകാംക്ഷയോ വിടാതെ പിടിക്കൂടുന്നതായി തോന്നാം. ശരീരത്തിൽ ഓക്‌സിജന്‍ ലഭ്യത കുറയുമ്പോൾ ഇത്തരം അവസ്‌ഥ ശരീരത്തിലെ നാഡീവ്യൂഹങ്ങൾ സൃഷ്‌ടിക്കുകയാണ്. ഹൃദയമിടിപ്പു കൂടുമ്പോൾ അഡ്രിനാലിൻ ഉൽപാദിപ്പിക്കുന്നതും കൂടുന്നു.

മുടി കൊഴിച്ചിൽ

ഒരു ദിവസം നൂറു മുടിയിൽക്കൂടുതൽ പൊഴിയുന്നുണ്ടെന്ന് തോന്നിയാൽ ഗുരുതരമായ വിളർച്ചയുണ്ടോയെന്ന് പരിശോധിക്കണം. പ്രത്യേകിച്ച് താരൻ പോലുള്ള പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ.

നാവിൽ നിറവ്യത്യാസം

വിറ്റാമിൻ – അയേൺ അഭാവം ഉള്ളപ്പോൾ നാവിൽ നിറ വ്യത്യാസവും, വീക്കവും, പോളവും ഒക്കെ ഉണ്ടായെന്നു വരാം. കൂടാതെ മസിൽ ശക്‌തി രൂപപ്പെടുത്തുന്ന മിയോഗ്ലോബിൻ എന്ന പ്രോട്ടീന്‍റെ അളവ് കുറയുമ്പോൾ നാവിന്‍റെ ശക്‌തിക്കും കുറവു സംഭവിക്കുന്നു. ഈ പ്രോട്ടീൻ ചുവന്ന രക്‌താണുക്കളിലാണ് ഉണ്ടാവുന്നത്.

മാസമുറ രക്‌തസ്രാവം

സ്ത്രീകളിലെ അനീമിയയുടെ പ്രധാന കാരണം അമിതമായ രക്‌തസ്രാവമാണ്. നഷ്‌ടപ്പെടുന്ന രക്‌തത്തിന്‍റെ പകുതി അളവെങ്കിലും ഉൽപാദിപ്പിക്കാൻ കഴിയാതെ വരുകയും അതു തുടർ മാസങ്ങളിലും ആവർത്തിക്കുകയും ചെയ്യുമ്പോൾ രൂക്ഷമായ അനീമിയ കാരണമാകുന്നു.

ഓരോ മാസത്തെയും മാസമുറ രക്‌തത്തിന്‍റെ അളവ് മൂന്ന് ടേബിൾ സ്പൂൺ കവിഞ്ഞാൽ അമിതമായ രക്‌തസ്രാവമുണ്ടെന്ന് കണക്കാക്കാം. രണ്ട് മണിക്കൂറിടവിട്ട് പാഡ് മാറ്റേണ്ടി വരുന്നുണ്ടെങ്കിലും അമിതമായ രക്‌തസ്രാവം ഉണ്ടെന്ന് മനസമസിലാക്കാം.

വിളർച്ചയ്‌ക്കുള്ള കാരണങ്ങൾ

പോഷകക്കുറവ്, ഗർഭധാരണം, രക്‌തസ്രാവം തൈറോഡ് പ്രശ്നങ്ങൾ, ദഹനക്കുറവ് എന്നിവയെല്ലാം വിളർച്ചയ്ക്കുള്ള കാരണങ്ങളായി കാണാറുണ്ട്.

മാംസം, മീൻ, മുട്ട എന്നീ ഭക്ഷ്യവസ്‌തുക്കളിൽ നിന്നാണ് ഒരു പ്രത്യേക അയേൺ അംശം ലഭിക്കേണ്ടതാ. ചെടികളിൽ നിന്ന് മാത്രം ലഭിക്കുന്ന മറ്റൊരു തരം ഇരുമ്പിന്‍റെ അംശവും ശരീരത്തിന് വേണം. ഇലക്കറികളും ധാന്യങ്ങളും വിറ്റാമിൻ സി ഉൾപ്പെട്ട ഭക്ഷണത്തോടൊപ്പം കഴിച്ചാൽ വേണ്ടത്ര അളവിൽ അയേൺ ശരീരം അബ്സോർബ് ചെയ്യും.

ഗർഭാസ്‌ഥയിലും പ്രസവസമയത്തും അയേൺ ശരീരം കൂടുതൽ ആവശ്യപ്പെടുന്നുണ്ട്. ഡോക്‌ടർ പറയുന്ന അളവിൽ അയേൺ ഗുളികകൾ കഴിക്കാത്തവരിൽ പിന്നീട് അനീമിയ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. വിര, കൊക്കപ്പുഴു പോലുള്ള കീടങ്ങൾ ശരീരത്തിലുണ്ടെങ്കിലും രക്‌തക്കുറവ് സംഭവിക്കാം. തൈറോയിഡിന്‍റെ പ്രവർത്തനം ശരിയല്ലെങ്കിൽ മെറ്റബോളിസത്തെയും ബാധിക്കും. കുറഞ്ഞ എനർജി, ശരീരഭാരം, ശരീരത്തിന്‍റെ താപനില കുറയുക എന്നിങ്ങനെയെക്കെ കണ്ടാൽ തൈറോയിഡ് പ്രശ്നവും രക്‌തക്കുറവും ഉണ്ടോയെന്ന് പരിശോധിക്കണം.

ശരീരത്തിൽ അയേൺ വർദ്ധിപ്പിക്കാൻ

19 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിദിനം 18 മില്ലിഗ്രാം അയേൺ ദിവസവും വേണം. ഗർഭിണിയാണെങ്കിൽ 27 മില്ലിഗ്രാം വേണ്ടി വരും. 50 വയസ്സിനു മുകളിലുള്ളവരും മാസമുറ ഇല്ലാത്തവരുമാണെങ്കിൽ 8 മില്ലിഗ്രാം മതിയാവും. ദിവസത്തിലൊരു നേരമെങ്കിലും ചീര, ബീഫ്, നട്ട്സ്, ചിക്കൻ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ അനീമിയ പരിഹരിക്കാം. എന്നാൽ അയേണിന്‍റെ അംശം കൂടിയാലും നല്ലതല്ല. പ്രമേഹം, കാൻസർ, ഹൃദയാഘാതം തുടങ്ങിയ സാധ്യത വർദ്ധിപ്പിക്കാനിടയുണ്ട്. തന്മൂലം രക്‌തിത്തിലെ ഇരുമ്പിന്‍റെ അംശം എപ്പോഴും സാധാരണ നിലയിലായിരിക്കുന്നതിന് ശ്രദ്ധിക്കുക.

और कहानियां पढ़ने के लिए क्लिक करें...