സ്ത്രീയുടെ മനസ്സും ശരീരവും എക്കാലത്തും പുരുഷൻ തന്‍റെ അധികാര പ്രകടനത്തിനു വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. ജനനേന്ദ്രിയം ഒരു കൂട്ടർ ഇന്നും അധികാര സ്‌ഥാപനത്തിനുള്ള ആയുധമാക്കുന്നു. നോർത്ത് അമേരിക്കയിലെ ഷായെൻ ഗോത്രവർഗ്ഗക്കാർക്കിടയിൽ വഴിവിട്ട സ്ത്രീകളെ നിലയ്ക്കു നിർത്തുന്നതിനായി കൂട്ടബലാത്സംഗം ഒരു ശിക്ഷാ മാർഗ്ഗമായി ഉപയോഗിച്ചിരുന്നു.
പ്രാചീന ഭാരതത്തിലും ബലാത്സംഗം ഒരു ശിക്ഷാ നടപടിയായി സ്വീകരിച്ചതിന്‍റെ തെളിവുകൾ ഉണ്ട്. സഹോദരൻ ചെയ്‌തുവെന്നു പറയപ്പെട്ട, എന്നാൽ പിന്നീട് കളവായിരുന്നുവെന്നു തെളിയിക്കപ്പെട്ട അപരാധത്തിന്‍റെ പേരിൽ നാട്ടുകൂട്ടം കൂട്ട ബലാത്സംഗം വിധിച്ച സംഭവങ്ങൾ ഉണ്ട്. മുക്താർമയി ഇങ്ങനെ പ്രാകൃത ശിക്ഷ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട സ്ത്രീയായിരുന്നു.
രാഷ്ട്രം പുരോഗതി കൈവരിച്ചിട്ടും സാമൂഹ്യമായി നാം പഴയ കാലത്തേക്കാണ് തിരിഞ്ഞു നടക്കുന്നതെന്ന് ഈയിടെ നടക്കുന്ന സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കേരളത്തിൽ പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവം എല്ലാവരും ചർച്ച ചെയ്‌തതാണല്ലോ. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും സമാനമായ അതിക്രമങ്ങൾ നടക്കുന്നുണ്ട്. പലതും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്ന് മാത്രം.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഏറ്റവും അധികം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിലാണ്. തൊട്ടു പിറകെ എറണാകുളമാണ്. ബലാത്സംഗ കേസുകളും ഏറ്റവും കൂടുതലുള്ളത് തിരുവനന്തപുരത്താണ്, വയനാട്ടിലാണ് ഏറ്റവും കുറവ് കേസുകൾ ഉള്ളത്.
പീഡനത്തിനിരയായി മനസ്സ് തകർന്നവരും ജീവഭയം, ഭീഷണി എന്നിവ കാരണം സംഭവം പുറത്ത് പറയാത്തവരുടെയും എണ്ണം കൂടുതലാവാം. എന്തായാലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടിക്കൂടി വരുകയാണെന്ന യാഥാർത്ഥ്യം മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. സമൂഹത്തിൽ സ്ത്രീകൾ നിരന്തരം ആക്രമിക്കപ്പെടുമ്പോഴും പരാതികളില്ലാതെ നിശ്ശബ്ദമായിരിക്കുന്നതും കുറ്റകരമായ അനാസ്‌ഥയാണ്. ജാഗരൂകരാകാൻ സമൂഹത്തിനും ബാധ്യതയുണ്ട്. സ്ത്രീകളുടെ സുരക്ഷയും അഭിമാനവും സമൂഹത്തിന്‍റെ മൊത്തം ഉത്തരവാദിത്വമാകണം.
എന്തുകൊണ്ടാണ് സ്ത്രീകൾ നിരന്തരം ആക്രമിക്കപ്പെടുന്നത്?
നമ്മുടെ തെരുവിൽ പട്ടാപ്പകൽ പോലും സ്ത്രീകൾക്ക് സുരക്ഷിതമായി നടക്കാൻ കഴിയാതെ വരുന്നത് എന്തുകൊണ്ടാണ്? ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ സമൂഹമനസാക്ഷിയ്ക്ക് ഉത്തരം കിട്ടാനായുണ്ട്. ഓരോസ്ത്രീയും ആണിന് കൊടുക്കുന്ന ബഹുമാനം അതേ അളവിൽ തിരിച്ചുകിട്ടാറില്ല. അത് സാദ്ധ്യമാവണമെങ്കിൽ ജനപ്രതിനിധി സഭകളിലും ജുഡിഷ്യറിയിലും സ്ത്രീയ്ക്ക് തുല്യപങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ട്. അധികാരം സ്ത്രീയുമായി പങ്ക് വയ്ക്കാൻ തയ്യാറായാൽ ആ നിമിഷം തീരാവുന്നതേയുള്ളു അവൾക്കെതിരായ അതിക്രമങ്ങൾ. പുരുഷമേധാവിത്വ സമൂഹം ഇത് മനസ്സിലാക്കണം.
വീടിന്‍റെ വാതിൽ പൂട്ടിയിട്ട് കാര്യമില്ല
സ്വന്തം വീടിന്‍റെ വാതിൽ ഭദ്രമായി അടച്ചാൽ പെണ്മക്കൾ സുരക്ഷിതരാണെന്ന ചിന്ത വിഡ്ഢിത്തമാണ്. ജിഷയുടെ കേസ് സമൂഹത്തെ ഓർമ്മിപ്പിക്കുന്നത് അതാണ്. നിർഭയമായി ജീവിക്കാനുള്ള അവകാശം മനുഷ്യകുലത്തിന്‍റെ പാതിയോളം വരുന്ന സ്ത്രീ സമൂഹത്തിന് നിഷേധിക്കപ്പെടുന്നത് എങ്ങനെ യാണ് അംഗീകരിക്കാൻ കഴിയുക? വേഷത്തിന്‍റെ പേരിലും മുടി നീട്ടി വളർത്തിയതിന്‍റെ പേരിലും അസമയത്ത് വീട്ടിൽ നിന്ന് ഇറങ്ങിയതിന്‍റെ പേരിലും സ്ത്രീയെ അക്രമിക്കാം എന്ന ബോധം പുരുഷന് എവിടെ നിന്നാണ് ലഭിക്കുന്നത്?
സ്ത്രീ ദുർബലയാണെന്ന ചിന്ത ചെറുപ്പത്തിലെ അടിച്ചേൽപ്പിക്കപ്പെടുന്നതിനാൽ പുരുഷൻ അവസരം കിട്ടുമ്പോൾ അത് മുതലെടുക്കുന്നതാണ്. അപ്പോൾ കാരണം സാഹചര്യങ്ങൾ അല്ല. സ്ത്രീയെ ബഹുമാനിക്കാത്ത മനോഭാവം തന്നെയാണ്. പുറത്തിറങ്ങിയാൽ സദാചാര കണ്ണുകൾ, തുറിച്ചു നോട്ടക്കാർ, വീട്ടിലാണെങ്കിൽ യാഥാസ്‌ഥിതിക ചിന്താഗതിയുള്ള പുരുഷന്‍റെ വിലക്കുകൾ. സ്ത്രീയ്ക്ക് വീർപ്പുമുട്ടി ഇങ്ങനെ ജീവിക്കാൻ സാധിക്കുമോ? സ്ത്രീകളെ ബഹുമാനിക്കാൻ ആണുങ്ങൾ പഠിക്കാത്തിടത്തോളം കാലം ഈ സമൂഹം ഒരിക്കലും സ്ത്രീ സൗഹൃദമാകാൻ പോകുന്നില്ല. സ്ത്രീ സുരക്ഷിതയല്ലാത്ത ഒരു സമൂഹവും നന്നാവില്ല.
സ്ത്രീ സുരക്ഷ
പിഞ്ചു പെണ്മക്കളും മുതിർന്ന സ്ത്രീകളും ഉൾപ്പെടെ ക്രൂര ബലാത്സംഗത്തിനിരയാകുന്ന എത്രയോ വാർത്തകളാണ് ദിവസവും പുറത്ത് വരുന്നത്. ദിവസങ്ങൾ കഴിയുമ്പോൾ ഒരു സാധാരണ സംഭവമായി അത് ചുരുങ്ങുകയും ചെയ്യും. “സ്ത്രീ സുരക്ഷ ആരെങ്കിലും ഗൗരവമായി പരിഗണിക്കുന്ന ഒരു വിഷയമായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. നിയമ വ്യവസ്ഥകളേയോ അതിനെ ചുറ്റിപറ്റിയുള്ള സർക്കാർ സംവിധാനത്തെയോ കുറ്റം പറഞ്ഞതുകൊണ്ടോ എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്നു പ്രതീക്ഷയുമില്ല. പ്രാവർത്തികമാകുന്ന ചിന്തകളും നടപടികളുമാണ് ഉണ്ടാകേണ്ടത്.” വെബ്ബ് ജേണലിസ്റ്റായ രതി വികെ പറയുന്നു.
അതിക്രങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളായി ഗൗരവം കുറച്ച് കാണേണ്ടതല്ല. ജോലി സ്ഥലങ്ങളിലും സഞ്ചരിക്കുന്ന വഴികളിലും ബസിലും ട്രെയിനിലും എന്തിന് ദേവാലയങ്ങളിലും വരെ സ്ത്രീകൾ പലതരത്തിലുള്ള ചൂഷണങ്ങൾക്ക് വിധേയരാകുന്നുണ്ട്. വനിതാ ദിനത്തിൽ മാത്രം ചർച്ചാ വിഷയമാക്കേണ്ട ഒരു സംഗതിയല്ല സ്ത്രീ സുരക്ഷ. ഫെയിസ് ബുക്കിലോ വാട്ട്സാപ്പിലോ നിരന്തരം സ്‌റ്റാറ്റസ് ഇട്ടാലും വലിയ പ്രയോജനമൊന്നുമില്ല.
“15 കാരിയും 9 വയസ്സുകാരിയും 11 വയസ്സുകാരിയും എന്തിനു വൃദ്ധകൾ പോലും പീഡിപ്പിക്കപ്പെടുന്നു. പൊള്ളിക്കുകയാണ് ഈ മുഖങ്ങൾ ഓരോന്നും. ഈ കാലത്ത് ആരാണ് സുരക്ഷിതർ? സ്ത്രീ സുരക്ഷ പറച്ചിലുകളിലും വാഗ്ദാനങ്ങളിലും മാത്രം ഒതുങ്ങി പോകുന്നു. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ എടുക്കുന്ന താൽക്കാലിക പരിഹാരങ്ങളിൽ ഒതുങ്ങി പോകുന്നു നമ്മുടെ സ്ത്രീ സുരക്ഷാ കരുതലുകൾ.” ആക്റ്റിവിസ്റ്റും കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ജീവനക്കാരിയുമായ വിനീത വിജയൻ പറയുന്നു.
ലിംഗ സമത്വം
ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്നമാണ് ലിംഗ സമത്വം എന്ന് ആളുകൾ വിശ്വസിക്കുന്നുണ്ടെങ്കിലും സ്ത്രീകളുടെ കൂട്ടായ്മകൾക്ക് ഈ കാര്യത്തിൽ വലിയ പങ്ക് വഹിക്കാനാവും. പക്ഷേ ഇതൊക്കെ നടപ്പാക്കുന്നത് ആരാവും. പുരുഷന്മാരാവില്ലെ, അപ്പോൾ താൽപര്യങ്ങൾ മാറും. സ്ത്രീകൾക്ക് മൂത്രപ്പുരകൾ നിർമ്മിച്ച് നൽകാൻ വിമുഖത കാണിക്കുന്ന നാടാണിത്. ഇത്തരം മനോഭാവം മാറി തുടങ്ങിയാലേ സ്ത്രീ ശാക്‌തീകരണത്തിന് അർത്ഥം വരികയുള്ളൂ. നമുക്ക് ഒരു സ്ത്രീ സൗഹൃദ ജില്ലയോ, പഞ്ചായത്തോ എന്തിന് ഒരു സ്ത്രീ സൗഹൃദ പാർക്കെങ്കിലും സൃഷ്ടിക്കാനായിട്ടുണ്ടോ?
“എല്ലാ പുരുഷന്മാരും മോശക്കാരൊന്നുമല്ല. സ്ത്രീകൾ പ്രതികരിക്കാൻ തയ്യാറായാൽ സപ്പോർട്ട് ചെയ്യാൻ പുരുഷന്മാരും ഉണ്ടാവും. മൗനം സമ്മതം എന്ന വികലമായ ധാരണയാണ് അവർക്കും ധൈര്യം കൊടുക്കുന്നത്.” ഡ്രസ്സ് ഡിസൈനറും സംരംഭകയുമായ നജുമോൾ യൂസഫ് പറയുന്നു.
തുടർച്ചയായി ഉണ്ടാവുന്ന ലൈംഗികാതിക്രമങ്ങളും ബാലപീഡനവും നമ്മുടെ സാംസ്കാരിക അന്തരീക്ഷത്തെയാണ് മലിനമാക്കുന്നത്. സമൂഹത്തിന്‍റെ ക്രിമിനൽ വൽക്കരണത്തിലേയ്ക്ക് ഇത് നയിക്കും.
തൊഴിലെടുക്കാനുള്ള അവകാശം
“വാളയാർ, കണ്ണൂർ, കൊട്ടിയൂർ… ഇപ്പോൾ കേരളത്തിലെ സ്ത്രീകൾ ആവശ്യപ്പെടുന്നത് നിർഭയമായി വീട്ടിലിരിക്കാനും പുറത്തിറങ്ങാനും തൊഴിലെടുക്കാനും പെൺകുഞ്ഞുങ്ങളെ വളർത്താനുമുള്ള സുരക്ഷയാണ്. വാതിലടച്ചു കുറ്റിയിട്ട് വീട്ടിലിരിക്കണമെന്നും പരമാവധി പുറത്തിറങ്ങരുതെന്നും 10 മുതൽ 5 വരെ മാത്രം തൊഴിലെടുത്താൽ മതിയെന്നും ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്നും ദയവായി പറയാതിരിക്കുക.” ഡവലപ്മെന്‍റ് ഓഫീസറും വിവർത്തകയുമായ കബനി സിവിക് പറയുന്നു. പാതി ഭൂമിയുടെയും ആകാശത്തിന്‍റെയും അവകാശികളായ സ്ത്രീകൾക്ക് വായിക്കാനും എഴുതാനും പഠിക്കാനും പ്രണയിക്കാനും പാടാനും നൃത്തം ചവിട്ടാനും സാഹചര്യമുണ്ടാവണം.
സ്ത്രീയ്ക്ക് നേരെ ഒരതിക്രമം ഉണ്ടാവുമ്പോൾ സ്ത്രീയെ കുറ്റപ്പെടുത്തുന്ന കാര്യങ്ങൾ ആണ് മിക്കഭാഗത്തു നിന്നും കണ്ടുവരാറുള്ളത്. സപ്പോർട്ട് ചെയ്യുന്നവരാകട്ടെ സമയം കഴിയുംതോറും പിന്തുണയുടെ ശക്‌തി കുറയ്ക്കുകയും പിന്നീട് നിശ്ശബ്ദരാവുകയും ചെയ്യുന്നു. ബാലപീഡകരാകട്ടെ മതത്തിന്‍റെയും മതസ്‌ഥാപനങ്ങളുടെയും അധിക സംരക്ഷണത്തിൽ കേസിൽ നിന്ന് ഊരിപ്പോരാനുള്ള ശ്രമവും നടത്തുന്നു.
നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ അവമതിക്കപ്പെടുന്നത് സ്ത്രീകളാണ്. എന്നാൽ രാജ്യത്തിന്‍റെ ഉന്നത സ്‌ഥാനങ്ങളിൽ സ്ത്രീകൾ വിരാജിച്ച ചരിത്ര സംഭവങ്ങളുണ്ട്. നമ്മുടെ രാജ്യത്ത് ഒരു വനിത പ്രസിഡന്‍റ് ആയിരുന്നിട്ടുണ്ട്. വനിത പ്രധാനമന്ത്രിയായിട്ടുണ്ട്. ലോകസഭാസ്പീക്കർ പദവിയും വനിത അലങ്കരിച്ചിട്ടുണ്ട്. എന്നിട്ടും സ്ത്രീകൾ നമ്മുടെ രാജ്യത്ത് വിവേചനം അനുഭവിക്കുന്നു.
വിവാഹത്തിന്‍റെ കാര്യമായാലും വിവാഹമോചനത്തിന്‍റെ കാര്യമായാലും തൊഴിലിന്‍റെ കാര്യമായാലും സ്ത്രീകളുടെ ഭാഗം തഴയപ്പെടുന്നു. സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഇപ്പോഴും എതിർക്കപ്പെടുകയാണ്. നമ്മുടെ അയൽ രാജ്യമായ അഫ്ഗാനിസഥാൻ പോലും നിയമ നിർമ്മാണ സഭകളിൽ സ്ത്രീകൾക്ക് നമ്മളേക്കാൾ കൂടുതൽ പ്രാതിനിധ്യം നൽകുന്നുണ്ട്. ആൺ അധികാരത്തിന്‍റെ തലോടൽ അല്ല സ്ത്രീയ്ക്ക് വേണ്ടത്. സ്ത്രീ അർഹിക്കുന്ന എല്ലാ അവകാശങ്ങളും അനുവദിച്ചു കൊടുക്കുകയാണ്. അതിന് പുരുഷൻ അസഹിഷ്ണുത കൈവെടിഞ്ഞേ പറ്റൂ.