കണ്ണുകൾ ഇറുക്കെ അടച്ചും, തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അഞ്ജലിയിൽ നിന്നും ഉറക്കം വഴുതി മാറിക്കൊണ്ടിരുന്നു. ചിന്തകളുടെ ഘോഷയാത്രയാണ് മനസ്സിൽ. ഉറക്കം ഘോഷയാത്രയിൽ പിണങ്ങി മാറി നിൽക്കുകയാണ്. അല്ലെങ്കിലും തന്‍റെ ജീവിതത്തിൽ ഇങ്ങനെ ഒരു മലക്കം മറിച്ചിൽ ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ലല്ലോ. രാവിലെ 10 മണിക്ക് ഓഫീസിൽ എത്തണം. രാത്രി രണ്ടു മണിയായിട്ടും ഉറങ്ങാൻ കഴിഞ്ഞിട്ടില്ല.

സച്ചുവിനെ വർഷങ്ങൾക്കു മുന്നേ പരിചയപ്പെട്ടതാണ്. ഒരേ കോളേജിലാണ് പഠിച്ചിരുന്നത്. അതിനാൽ ഈ വിവാഹം നടക്കാൻ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. തന്‍റെ വീട്ടുകാർക്ക് ഒരു പ്രശ്നവുമില്ലായിരുന്നല്ലോ. ലവ് മാര്യേജ് ആണെങ്കിലും അതിനൊരു അറേഞ്ച്ഡ് മാര്യേജിന്‍റെ മട്ടും ഭാവവും ഉണ്ടായിരുന്നു.

വിവാഹ ശേഷമാണ് ശരിക്കും സച്ചു തന്നെ സ്നേഹിക്കാൻ തുടങ്ങിയത് എന്നും തോന്നിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി വളരെ സന്തോഷത്തോടെ ജീവിക്കുമ്പോഴാണ് എല്ലാം തകിടം മറിക്കാൻ ഒരു വില്ലൻ ഫോൺ കോൾ രൂപത്തിൽ വന്നത്. ഏതോ ഒരു സ്ത്രീയുടെ കോൾ.

“ഹലോ… സച്ചുവിന് ഫോൺ കൊടുക്കൂ.” ആ കോൾ അറ്റന്‍റ് ചെയ്‌തപ്പോൾ സച്ചുവിന്‍റെ മുഖത്തെ പരവേശം അഞ്ജലി വളരെയധികം ശ്രദ്ധിക്കുകയും ചെയ്‌തു.

“എന്‍റെ ചേച്ചിയാണ്” എന്നു മാത്രം പറഞ്ഞ് സച്ചു ആ വിഷയത്തെക്കുറിച്ച് സംസാരിച്ചുമില്ല.

ആ രാത്രി തന്നെ പുറത്തേക്കു പോയ ആൾ മടങ്ങിയെത്തിയത് 4 മണിക്കാണ്. മുഖത്ത് പ്രകടമായ മ്ലാനത കണ്ടതു കൊണ്ട് അഞ്ജലി ഒന്നും ചോദിക്കാൻ ശ്രമിച്ചില്ല. രാവിലെ എഴുന്നേറ്റ് തിരക്കൊക്കെ കഴിയുമ്പോൾ സാവകാശം ചോദിക്കാമെന്നു കരുതി. പക്ഷേ രാവിലെ അതിനു കഴിഞ്ഞില്ല അതിനാൽ വൈകിട്ടു വന്നിട്ട് സംസാരിക്കാമെന്നോർത്തു. പക്ഷേ സച്ചു വൈകിട്ട് വന്ന ഉടനെ ആ സ്ത്രീയുടെ ഫോൺ വീണ്ടും വന്നു. അഞ്ജലിയാണ് ഫോൺ എടുത്തത്.

“അഞ്ജലി, ഫോൺ സച്ചുവിനു കൊടുക്കൂ.” അവർ അതു പറഞ്ഞു തീരും മുമ്പേ സച്ചു ഫോൺ പിടിച്ചു വാങ്ങിയിരുന്നു.

അഞ്ജലി അൽപം മാറി നിന്ന് ചെവി കൂർപ്പിച്ച് കേൾക്കാൻ ശ്രമിച്ചു.

“വിഷമിക്കാതിരിക്കൂ. ഞാൻ ഉടനെ വരാം.” സച്ചു കൂടുതൽ വിശദീകരണമൊന്നുമില്ലാതെ ഇപ്പോൾ വരാം എന്നു മാത്രം പറഞ്ഞു പുറത്തേക്കിറങ്ങി.

അഞ്ജലി പിന്നാലേ ഓടിച്ചെന്നു. കാര്യമെന്താണ് എന്ന് അറിയാതെ അവൾ അസ്വസ്ഥയായി. പക്ഷേ അതൊന്നും ശ്രദ്ധിക്കാൻ മെനക്കെടാതെ അയാൾ പുറത്തേക്കു നടന്നു. അങ്ങനെ ആ സാധ്യതയും ഇല്ലാതായി. പിന്നീടു ഫോൺ വന്ന സമയത്ത് അഞ്ജലി, സച്ചു കാണാതെ എല്ലാം ശ്രദ്ധിച്ചു. അയാൾ പുറത്തേക്കിറങ്ങിയ സമയത്ത് പിന്നാലെ അവളും ഇറങ്ങി. ഈ സ്ത്രീ ആരാണെന്ന് അറിയണം. ഇത്രയും രഹസ്യമായി ഒരു കാര്യം കൂടെ കൊണ്ടു നടക്കുന്നതെന്തുകൊണ്ടാണ്? എന്തോ കുഴപ്പം ഉണ്ടല്ലോ.

സച്ചുവിന്‍റെ കാർ പ്രശസ്തമായ ഒരു ഹോട്ടലിലേക്കാണ് എത്തിയത്. അയാൾ കാറിൽ നിന്ന് ഇറങ്ങി ധൃതി പിടിച്ച് മുകളിലേക്ക് കയറുന്നു. അഞ്ജലി സുരക്ഷിതമായ അകലം പാലിച്ച് പിന്തുടർന്നു കൊണ്ടിരുന്നു. ഹോട്ടലിന്‍റെ ഒന്നാം നിലയിലെ ഒരു മുറിക്കു മുന്നിൽ അയാൾ നിൽക്കുന്നതും വാതിൽ തുറക്കപ്പെടുന്നതും അകത്തേക്ക് പ്രവേശിക്കുന്നതും അവൾ കണ്ടു. അൽപനേരം കഴിഞ്ഞപ്പോൾ രണ്ടുപേരും പുറത്തേക്കു പോകുന്നു. ഇനി പിന്തുടരാൻ നിന്നാൽ ഓഫീസിൽ പോക്ക് മുടങ്ങുമെന്നോർത്തപ്പോൾ അഞ്ജലി ആ ശ്രമം ഉപേക്ഷിച്ചു. അവൾ ഓഫീസിലേക്ക് പോയെങ്കിലും മനസ്സ് അവിടെയൊന്നും ഉറച്ചു നിൽക്കുന്നുണ്ടായില്ല.

സച്ചു ഇപ്പോഴും അവർക്കൊപ്പമാണോ, അതോ ഓഫീസിൽ പോയോ എന്നൊക്കെ അറിയണമെന്ന് തോന്നി. ആ തോന്നൽ ശക്തമായപ്പോൾ അവൾ സച്ചുവിന്‍റെ ഓഫീസിൽ വിളിച്ചു. അപ്പോഴാണ് അറിയുന്നത് രണ്ടു ദിവസമായി സച്ചു ഓഫീസിൽ ചെന്നിട്ടില്ലത്രേ. ഓഫീസിൽ ഇല്ലെങ്കിൽ പിന്നെ എവിടെ? അഞ്ജലിയ്ക്ക് തല പെരുത്തു കയറി. വീട്ടിൽ നിന്ന് ഓഫീസ് സമയത്ത് തന്നെയാണ് ഇറങ്ങിയത്. മടങ്ങിയെത്തുന്നതും പതിവു പോലെ! അപ്പോൾ ഇതിലെന്തോ കളി നടക്കുന്നുണ്ട്. ഇനിയും ഈ ടെൻഷൻ സഹിക്കാൻ വയ്യ. സച്ചു വീട്ടിലെത്തുമ്പോൾ ഇന്നെന്തായാലും ചോദിച്ചിട്ടുള്ളൂ കാര്യം.

സന്ധ്യയ്ക്ക് അഞ്ജലി വീട്ടിലെത്തുമ്പോൾ സച്ചു അവിടെ ഉണ്ടായിരുന്നില്ല. മേശപ്പുറത്ത് ഒരു കുറിപ്പ് വച്ചിട്ടുണ്ടായിരുന്നു. “ഓഫീസിൽ ചില അത്യാവശ്യ കാര്യങ്ങൾ വന്നതിനാൽ ഒരിടം വരെ പോകുന്നു. വിഷമിക്കേണ്ട, രണ്ടു ദിവസത്തിനകം മടങ്ങിയെത്തും.”

എവിടെ പോകുന്നു എന്നു പോലും ആ കുറിപ്പിൽ ഉണ്ടായിരുന്നില്ല. അഞ്ജലിക്ക് കടുത്ത ദേഷ്യവും സങ്കടവും വന്നു. ഓഫീസിൽ അന്വേഷിച്ചപ്പോൾ കിട്ടിയ വിവരം അവളെ ഭ്രാന്തു പിടിപ്പിച്ചു. വീട്ടിൽ ചില അത്യാവശ്യ കാര്യങ്ങൾ ഉണ്ട് എന്നു പറഞ്ഞാണ് അവിടെ ലീവ് എടുത്തിരിക്കുന്നത്. ഓഫീസ് കാര്യത്തിന് എന്നു പറഞ്ഞ് വീട്ടിൽ നിന്നു പോയ ആൾ ഇതുവരെ ഒന്നു വിളിക്കുക പോലും ചെയ്‌തില്ല. എവിടെ പോയി എന്ന് ഫോൺ ചെയ്‌തു പറയുകയുമാവാലോ? എന്തായാലും, അങ്ങോട്ടു വിളിക്കുന്നതിൽ എന്താണ് തെറ്റ്? അഞ്‌ജലി സച്ചുവിനെ ഫോൺ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം. ഫോൺ സ്വിച്ച്ഡ് ഓഫ് എന്ന് കേൾക്കുന്നു.

ചിന്താഭാരവും സംശയവും ദേഷ്യവും സങ്കടവും കൂടിച്ചേർന്ന് അഞ്ജലിയ്ക്ക് ഭ്രാന്തെടുക്കുന്ന അവസ്‌ഥയായി. മിക്കവാറും രണ്ടുപേരും ആ ഹോട്ടലിൽ കാണും. ചേച്ചി പോലും! ചേച്ചിയാണെങ്കിൽ എന്നോടു പറയുന്നതിനെന്താ കുഴപ്പം? ചേച്ചിയാണെങ്കിൽ എന്തിനാണ് ഹോട്ടലിൽ ഒളിപ്പിച്ചിരിക്കുന്നത്? തീർച്ചയായും അവർ തമ്മിൽ പ്രേമമായിരിക്കും. അഞ്ജലിയുടെ ചിന്തകൾ കാടുകയറിക്കൊണ്ടിരുന്നു.

ഇത് എങ്ങനെ വെളിയിൽ കൊണ്ടുവരണം? സച്ചുവിന്‍റെ സഹോദരങ്ങളോട് സംസാരിച്ചാൽ ഇങ്ങനെയൊരു ചേച്ചി ഉണ്ടോയെന്ന് അറിയാൻ കഴിഞ്ഞേക്കാം. ആദ്യം ചേട്ടന്‍റെ ഭാര്യയോട് തന്നെ ചോദിക്കാം.

അഞ്ജലി പിറ്റേന്ന് രാവിലെ നഗരത്തിൽ തന്നെ താമസിക്കുന്ന ചേച്ചിയെ കാണാൻ പുറപ്പെട്ടു. അവിചാരിതമായി അഞ്ജലിയെ കണ്ടപ്പോൾ ജ്യോതിചേച്ചി അതിശയത്തോടെ ഓടി വന്നു കെട്ടിപ്പിടിച്ചു.

“ഇതെന്താണ് ഒരു മുന്നറിയിപ്പുമില്ലാതെ! നീ തനിച്ചാണോ?”

“എന്‍റെ ചേച്ചി ഞാൻ എല്ലാം സാവകാശം പറയാം. ഇങ്ങനെ ടെൻഷൻ കൂട്ടാതെ.” അഞ്ജലി ഹാസ്യ രൂപേണ പറഞ്ഞുവെങ്കിലും അവളുടെ ഉള്ളിൽ നിറയെ പിരിമുറുക്കം ആയിരുന്നു.

“സച്ചു ഇപ്പോൾ വീട്ടിലില്ല, പുറത്തു പോയിരിക്കുകയാണ്. ഞാൻ വീട്ടിൽ തനിച്ചായപ്പോൾ ഇങ്ങോട്ടു പോന്നുവെന്നേയുള്ളൂ. ചേട്ടൻ എന്ത്യേ?”

“ചേട്ടനും പുറത്തു പോയിരിക്കുന്നു. നീ വന്നതു നന്നായി. എനിക്കും ആകെ ബോറടി ആയിരുന്നു.”

രണ്ടുപേരും പലവിധ കാര്യങ്ങൾ പറഞ്ഞും ചിരിച്ചും ഓരോ പ്രവൃത്തികളിലേർപ്പെട്ടു കൊണ്ടിരുന്നു. ഇതിനിടയിൽ യോജിച്ച ഒരവസരത്തിനായി അഞ്ജലി കാത്തു. ഇതിനിടയിലാണ് താൻ ഗർഭിണിയാണെന്ന കാര്യം ലജ്ജയോടെ അഞ്ജലി ചേട്ടത്തിയോട് പങ്കുവച്ചത്. അവർ സന്തോഷത്തോടെ അവളെ ചേർത്തു പിടിച്ചു.

“പ്രസവത്തിന് വീട്ടിലേക്ക് പോകാനാണോ തീരുമാനം? അങ്ങോട്ട് പോവുന്നില്ലെങ്കിൽ നീ ഇങ്ങു പോരെ.”

“ഇല്ല ചേച്ചി, അമ്മയ്ക്ക് സുഖമില്ലല്ലോ. അതിനാൽ അവിടേയ്ക്ക് പോയിട്ട് കാര്യമില്ല. സച്ചുവിന്‍റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ എനിക്കൊന്നും ആലോചിക്കേണ്ടി വരില്ലായിരുന്നു. അഞ്ജലി മെല്ലെ മെല്ലെ കുടുംബ കാര്യത്തിലേക്ക് അവരുടെ ശ്രദ്ധ മാറ്റിയെടുക്കാൻ ശ്രമിച്ചു.

അച്‌ഛനും അമ്മയും ഇല്ലാത്തതിന്‍റെ കുറവ് ഞാനും ഒത്തിരി അനുഭവിച്ചു. രണ്ടു സഹോദരന്മാരും വളരെ ചെറുതായിരുന്നപ്പോഴാണല്ലോ അച്‌ഛനും അമ്മയും അപകടത്തിൽ വേർപിരിഞ്ഞത്. പിന്നെ അവർ എങ്ങനെയൊക്കെയോ ജീവിതത്തിൽ കരകയറി വന്നു.

“പ്രസവ സമയത്ത് ഒരു കൈ സഹായത്തിന് വിളിക്കാൻ പറ്റിയ ബന്ധുക്കളാരെങ്കിലും ഉണ്ടോ?” അഞ്ജലി തുടിക്കുന്ന ഹൃദയത്തോടെ അന്വേഷിച്ചു.

“ചേച്ചിമാരൊന്നും ഇല്ല. ഒരു ആന്‍റി ഉണ്ടായിരുന്നു. അവർ കഴിഞ്ഞ വർഷം മരിച്ചു.”

അഞ്ജലി ആഗ്രഹിച്ച കാര്യത്തിൽ മറുപടി കിട്ടി. എങ്കിലും ഇനിയും എന്തെങ്കിലും സംസാരിക്കണമല്ലോ എന്നോർത്ത് അവൾ തുടർന്നു. “വല്ല അകന്ന ബന്ധത്തിലും സഹോദരിമാരെങ്കിലും ഉണ്ടെന്നു കരുതി. അങ്ങനെ ആയാലും എത്ര സൗകര്യമായിരുന്നു.” അഞ്‌ജലി പറഞ്ഞു.

“സത്യം… ഒരു പെങ്ങൾ ഇല്ലാത്തത് വലിയ കുറവു തന്നെയാണ്. സഹോദരി ഇല്ലാത്തതു കൊണ്ട് അവർക്ക് വല്യ സങ്കടമുണ്ട്. രക്ഷാബന്ധൻ ആഘോഷം നടക്കുമ്പോൾ അവർ എങ്ങോട്ടെങ്കിലും പോകും.” ചേച്ചി ഒട്ടൊരു വിഷമത്തോടെ ഓർമ്മിച്ചു.

അപ്പോൾ കാര്യം വ്യക്‌തമായി. സച്ചുവിന് പെങ്ങൾ എന്നു പറയാൻ ആരും തന്നെയില്ല. എന്നോട് നുണ പറഞ്ഞ് കാമുകിയുമൊത്ത് രസിക്കാൻ പോയതാണ്. ഇങ്ങനെ ഒരാൾക്കൊപ്പം ഇനി ജീവിക്കുന്നതിൽ അർത്ഥമുണ്ടോ? അവൾ ആലോചിച്ചു. ചേച്ചിയുടെ വീട്ടിൽ നിന്ന് പിറ്റേന്ന് അവൾ മടങ്ങാനൊരുങ്ങി.

സച്ചു തിരിച്ചു വന്നിട്ട് പോയാൽ മതിയെന്ന് ജ്യോതി ചേച്ചി പറഞ്ഞുവെങ്കിലും, അഞ്ജലിയ്ക്ക് എങ്ങനെയും പോകണം എന്നു തന്നെയായിരുന്നു. ഓഫീസിൽ പോകാനുണ്ട്, അത്യാവശ്യ കാര്യമുണ്ട്, പിന്നെ പപ്പയെ കാണണം ഇങ്ങനെയൊക്കെ പറഞ്ഞ് അഞ്ജലി തൽക്കാലം അവിടെ നിന്ന് തടിതപ്പി. അവൾ വീട്ടിൽ എത്തി കുറേ ആലോചനകൾക്ക് ശേഷം പപ്പയുടെ വീട്ടിൽ പോകാൻ തന്നെ തീരുമാനിച്ചു. സച്ചുവിനോട് അതു പറയണമെന്ന് അവൾക്ക് തോന്നിയില്ല. സച്ചുവിന്‍റെ ഓഫീസിലേക്ക് ഒരു കത്ത് അവൾ അയക്കുകയും ചെയ്‌തു. ഇനി ഇങ്ങോട്ടേയ്ക്ക് മടക്കം ഇല്ല എന്നു സൂചിപ്പിച്ച്. അപ്രതീക്ഷിതമായി അഞ്ജലിയെ കണ്ടപ്പോൾ പപ്പയ്ക്കും അതിശയമായി.

“മോളെ, സച്ചു എവിടെ? നീ തനിച്ചു വരാറില്ലല്ലോ?”

അവൾ അൽപനേരം നിശബ്ദയായി. പപ്പ അടുത്തേക്കു വന്നു ചേർത്തു പിടിച്ചതോടെ അഞ്ജലി വിതുമ്പി പോയി.

“അയ്യോ എന്തുപറ്റി? നീ സച്ചുവിനോട് പിണങ്ങിയോ?”

“പപ്പ, എനിക്ക് സച്ചുവും ആ വീടും ഇനി വേണ്ട. ഞാൻ മടങ്ങിപ്പോകില്ല.” അവൾ കരഞ്ഞു കൊണ്ട് അകത്തേക്ക് കയറി അമ്മയുടെ അടുത്തേക്കു പോയി.

രണ്ടു ദിവസങ്ങൾക്കു ശേഷം സച്ചു വീട്ടിൽ മടങ്ങിയെത്തി. രാത്രി 12 മണിയോടടുപ്പിച്ചാണ് എത്തിയത്. വാതിലിൽ മുട്ടിയപ്പോൾ ഒരു പ്രതികരണവും ഇല്ലാതെ വന്നപ്പോൾ സച്ചു അമ്പരന്നു. ഈ അസമയത്ത് അഞ്ജലി എവിടെ പോയി? അവൾ പപ്പയുടെ അടുത്ത് പോയിട്ടുണ്ടാകും. പക്ഷേ പറയാതെ പോയല്ലോ? തനിക്ക് ഒരു ഫോൺ ചെയ്‌തിട്ട് അവൾക്ക് പോകാമല്ലോ. എന്തായാലും രാവിലെ പപ്പയുടെ അടുത്തു പോയാൽ കാര്യം അറിയാം.

സച്ചുവിന് നല്ല ക്ഷീണം തോന്നി. അയാൾ അതിവേഗം ഉറങ്ങി. കണ്ണു തുറക്കുമ്പോൾ ഓഫീസിൽ പോകാൻ നേരമായിരുന്നു. അയാൾ ധൃതി പിടിച്ച് ഒരുങ്ങി ഓഫീസിലേക്ക് പാഞ്ഞു. അവിടെ എത്തിയപ്പോഴാണ് അഞ്ജലിയുടെ കത്ത് കിട്ടിയത്. അതു വായിച്ച് അയാൾക്ക് കണ്ണുകളിൽ ഇരുട്ടു കയറി. വിറയ്ക്കുന്ന കാലുകളോടെ അയാൾ ഒരുവിധം കാറെടുത്തു പാഞ്ഞു.

വീട്ടിലെത്തിയപ്പോൾ പപ്പയും അഞ്ജലിയും അവിടെ ഉണ്ട്. എന്തൊക്കെ പറഞ്ഞു വിശ്വസിപ്പിക്കാൻ അയാൾ ശ്രമിച്ചിട്ടും രണ്ടുപേരും അത് ചെവിക്കൊണ്ടില്ല. നിരാശനായി സച്ചു വീട്ടിലേക്ക് മടങ്ങി.

കുറേ ദിവസങ്ങൾക്കു ശേഷം ഉച്ചയ്ക്ക് കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് അഞ്ജലി വാതിൽ തുറന്നു.

സുന്ദരിയായ ഒരു സ്ത്രീ.

“ഞാൻ സച്ചുവിന്‍റെ…”

അവർ പൂർത്തിയാക്കും മുമ്പ് അഞ്ജലി തിരിച്ചു ചോദിച്ചു.

“അതു ശരി, അപ്പോൾ നിങ്ങളാണ് ആ സ്ത്രീ. എന്നെ സച്ചു വഞ്ചിച്ചത് നിങ്ങൾക്കു വേണ്ടിയാണല്ലേ? എന്തു ധൈര്യത്തിനാണ് ഇവിടെ കയറി വന്നത്? വിവാഹമോചനം ചോദിക്കാനോ?”

അവർ അകത്തേക്കു കടന്നു വന്ന് അനുവാദത്തിനു കാത്തു നിൽക്കാതെ സോഫയിൽ ഇരുന്നു. “എനിക്ക് കുറേ കാര്യങ്ങൾ പറയാനുണ്ട്. ക്ഷമയോടെ കേൾക്കണം. കാര്യം മുഴുവനും മനസ്സിലാക്കാതെ പിണങ്ങരുത്.” അവർ പറഞ്ഞു.

“ഓഹ്… പുതിയ കഥയുമായി വന്നതാണോ?”

അഞ്ജലിയുടെ ദേഷ്യം സ്വാഭാവികമാണെന്ന് മനസ്സിലാക്കി അവർ സംയമനത്തോടെ മറുപടി നൽകി. “ഞാൻ സച്ചുവിന്‍റെയും സന്ദീപിന്‍റെയും ചേച്ചിയാണ്.”

“ഓഹോ… ആ നുണക്കഥ തന്നെയാണോ വീണ്ടും വിളമ്പുന്നത്. സച്ചുവിന് അങ്ങനെ ഒരു ചേച്ചി ഇല്ല എന്ന് എനിക്കറിയാം. ഒരു ചേച്ചി ഉണ്ടെങ്കിൽ ആരും അത് ഒളിച്ചു വയ്ക്കാറില്ല.”

“ഒളിച്ചു വയ്ക്കേണ്ട ആവശ്യം വന്നാൽ അതു ചെയ്യാതെ പറ്റില്ല.”

“അതേ, അത്തരം എന്തു ആവശ്യമാണ് നിങ്ങൾക്ക് ഇടയിലുള്ളത്? സ്വന്തം ഭാര്യ പോലും അറിയരുത് എന്നാണല്ലോ.” സഹോദരിയെ സഹോദരി എന്നു തന്നെയല്ലേ വിളിക്കേണ്ടത്?

അഞ്ജലി ദേഷ്യം കൊണ്ട് വിറച്ചു. ഇത്രയും ചീത്ത കേട്ടിട്ടും ആ സ്ത്രീ തന്‍റെ മനോനില കൈവിടാതെ പിടിച്ചു നിന്നു.

“ഞാനും സച്ചുവും സന്ദുവും ഒരമ്മ പെറ്റ മക്കൾ തന്നെയാണ്. ഞങ്ങളുടെ അച്‌ഛനമ്മമാർ ഒരു അപകടത്തിൽ മരിച്ചു. ആ സമയത്ത് എനിക്ക് 15 വയസ്സായിരുന്നു പ്രായം, സന്ദുവിന് 5 ഉം സച്ചുവിന് 3 ഉം. അച്‌ഛനും അമ്മയും മിശ്രവിവാഹിതരായതിനാൽ ആരും സഹായിക്കാനില്ലാത്ത സാഹചര്യം ഉണ്ടായിരുന്നു. അന്ന് ഞാൻ ജോലിക്കു പോകാതെ നിവൃത്തിയില്ലാതായി.

പത്താം ക്ലാസ് മാത്രം കഴിഞ്ഞ 15 വയസ്സുള്ള എനിക്ക് ഒരു ഓഫീസിലും ആരും ജോലി തരില്ലല്ലോ. അതുകൊണ്ടാണ് നഗരത്തിലെ ഹോട്ടലിൽ ബാർ ഡാൻസർ എന്ന നിലയിൽ പോകാൻ തുടങ്ങിയത്. അങ്ങനെ കുടുംബം പോറ്റുന്നതിനിടയിലാണ് ഒരു പണക്കാരൻ വ്യവസായി എന്നെ ഇഷ്‌ടപ്പെട്ട് വന്നത്. പക്ഷേ ആൾക്ക് വേറെ ഭാര്യയും മക്കളും ഉണ്ട്.

നഗരത്തിൽ തന്നെ ഒരു വേറെ വീട് എടുത്ത് അയാൾ എന്നെ അവിടെ താമസിപ്പിച്ചു. സഹോദരന്മാരുമായി ഒരു ബന്ധവും പാടില്ല എന്നായിരുന്നു നിബന്ധന. എന്നാൽ അതിനു പകരമായി ഞാൻ എന്‍റെ സഹോദരന്മാരുടെ വിദ്യാഭ്യാസച്ചെലവ് അദ്ദേഹത്തെ കൊണ്ട് വഹിപ്പിച്ചു. പഠനം കഴിഞ്ഞപ്പോൾ രണ്ടുപേർക്കും ജോലിയും വാങ്ങിക്കൊടുത്തു. സൊസൈറ്റിയിൽ ആ വ്യവസായിക്കും, എന്‍റെ സഹോദരങ്ങൾക്കും വിലയുണ്ട്. ഞാൻ എന്‍റെ ഐഡന്‍റിറ്റി ഒളിപ്പിച്ചു വയ്ക്കേണ്ടത്, അവരുടെ ആവശ്യമായിരുന്നു.”

“ഇതൊക്കെ സത്യമാണെന്ന് എങ്ങനെ വിശ്വസിക്കും?”

അഞ്ജലിയ്ക്ക് സംശയം വിട്ടുമാറിയില്ല. അതുകേട്ട് അവർ പേഴ്സിൽ നിന്ന് രണ്ട് ചിത്രങ്ങൾ എടുത്ത് കാണിച്ചു. കുട്ടിക്കാലത്ത് അച്‌ഛനും അമ്മയ്ക്കും സച്ചുവിനും ഒപ്പം അവരുണ്ട്. പിന്നീടുള്ളത് അവർ മൂവരും മാത്രം ഉള്ള ചിത്രമാണ്.

ആ ചിത്രങ്ങൾ സത്യം ആണ് സംസാരിക്കുന്നതെന്ന് അഞ്ജലിക്കു തോന്നി. എങ്കിലും അവൾക്ക് സംശയം ബാക്കിയായി. “സഹോദരങ്ങളുടെ ജീവിതത്തിൽ കടന്നുചെല്ലരുതെന്നാണ് തീരുമാനമെങ്കിൽ ഇപ്പോൾ വന്നതെന്തിനാണ്?”

ഇപ്പോൾ ഞാൻ അത്രയും പ്രതിസന്ധിയിലാണ്. ഞാൻ ഒരു സേഠ്ജിയുടെ കൂടെ താമസിക്കുന്ന കാര്യം പറഞ്ഞല്ലോ. അദ്ദേഹം ഇപ്പോൾ മരണാസന്നനാണ്. ഡോക്ടർമാർ അദ്ദേഹത്തിന് രണ്ടുമാസത്തെ ആയുസ്സേ പറയുന്നുള്ളൂ. പക്ഷേ എനിക്കും ആരോഗ്യസ്ഥിതി മോശമാണ്. അദ്ദേഹത്തിന്‍റെ മരണശേഷം ഞാൻ ഒറ്റപ്പെട്ടു പോകുമെന്ന ഭയത്താൽ അദ്ദേഹം സഹോദരങ്ങളെ വിളിച്ചു സംസാരിക്കാൻ പറഞ്ഞു. എനിക്ക് താൽപര്യമില്ലായിരുന്നിട്ടു കൂടി അദ്ദേഹം സമ്മതിക്കുന്നില്ല.

എന്‍റെ പേരിൽ വലിയൊരു സമ്പത്ത് അദ്ദേഹം എഴുതി വയ്ക്കുകയും ചെയ്‌തിട്ടുണ്ട്. വീട്ടിൽ വരാത്തത്, നിങ്ങൾക്ക് ബുദ്ധിമുട്ടാവരുത് എന്നു കരുതിയാണ്. ഇനിയും ഒരു രീതിയിലും ഒരു പ്രയാസം ആർക്കും ഉണ്ടാക്കുകയുമില്ല. ദയവായി അഞ്ജലി സച്ചുവിന്‍റെ അടുത്തേയ്ക്ക് മടങ്ങൂ.”

അവർ തൊഴുകൈയ്യോടെ പറയുന്നതുകേട്ട് അഞ്ജലി നിശ്ചലയായി നിന്നു. അവൾ അവരുടെ കൈകൾ കൂട്ടി പ്പിടിച്ചു.

“ചേച്ചി… എന്നോട് ക്ഷമിക്കൂ, ചേച്ചിയുടെ പേര് എന്താണ്.”

“സീമ…”

“സച്ചുവിന് ഇതൊക്കെ നേരത്തേ എന്നോടു പറയാമായിരുന്നു.” ഇത്രയും സങ്കീർണ്ണതകൾ ഒഴിവാക്കാമായിരുന്നല്ലോ.

അഞ്ജലി തിരക്കിട്ട് തന്‍റെ പപ്പയെ വിളിച്ചു വരുത്തി. അവൾ വൈകിട്ട് തന്നെ സ്വന്തം വീട്ടിലേക്ക് യാത്രയായി. അഞ്ജലി തിരിച്ചെത്തിയതു കൊണ്ട് സച്ചുവിനും ആശ്വാസമായി.

രണ്ട് ദിവസങ്ങൾക്കു ശേഷമാണ് നാട്ടിലെ രക്ഷാബന്ധൻ മഹോത്സവം എന്ന് അഞ്ജലി ആലോചിച്ചു. അഞ്ജലി ചേട്ടനെയും ചേച്ചിയേയും ആ ദിനത്തിൽ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു.

സച്ചുവും സന്ദീപും ഉച്ചയ്ക്ക് ഒരുമിച്ച് വീട്ടിൽ എത്തി. ജ്യോതി ചേച്ചി രാവിലെ തന്നെ എത്തിയിരുന്നു. അഞ്ജലി നല്ല ഭംഗിയുള്ള രാഖിയെല്ലാം വാങ്ങിച്ച് അവരെ കാത്തിരുന്നു. വീട്ടിലെ ഒരുക്കങ്ങളൊക്കെ കണ്ട് സച്ചുവും സന്ദീപും അതിശയിച്ചു.

“ഇന്ന് രക്ഷാബന്ധൻ ദിനമല്ലേ, അത് ആലോചിക്കാൻ പറ്റാതെ രണ്ടു സഹോദരങ്ങൾക്കും വിഷമമായിരുന്നല്ലോ. ഇന്ന് ആ ഭാഗ്യം കൈവന്നിരിക്കുകയാണ്.”

അകത്തെ മുറിയിൽ നിന്ന് സീമ കടന്നു വന്നപ്പോൾ അവർ രണ്ടുപേരും കൺമിഴിച്ചു നിന്നു.

“വരൂ ചേച്ചി, ഇവർക്ക് രാഖി അണിയിക്കൂ. അന്തംവിട്ടും നിൽക്കുന്ന സച്ചുവിനെയും സന്ദീപിനെയും നോക്കി അഞ്ജലിയും ജ്യോതിയും പുഞ്ചിരിച്ചു.

“കുറേ നാളായി ഒളിച്ചു വച്ച കഥ ഞങ്ങളും അറിഞ്ഞു. ഈ പാവം ചേച്ചി ഇനി ഹോട്ടലിലൊന്നും താമസിക്കേണ്ട കാര്യമില്ല.”

സീമ ആഹ്ലാദത്തോടെ സഹോദരങ്ങളുടെ കൈകളിൽ രാഖി അണിയിച്ചു. “പെങ്ങൾ രാഖി ബന്ധിച്ചാൽ സഹോദരൻ സമ്മാനം കൊടുക്കണമെന്നാണ്.” അഞ്ജലി പറഞ്ഞു.

സിമ തന്‍റെ സഹോദരങ്ങളെ ചേർത്തു പിടിച്ചു.

“ഈ ദിവസത്തെക്കാൾ വലിയ സമ്മാനം എനിക്കിനി എന്താണുള്ളത്? എനിക്കെന്‍റെ വീട് തിരിച്ചു കിട്ടിയ ദിവസം ആണിന്ന്. വെറോരു സമ്മാനവും എനിക്ക് വേണ്ട.”

കണ്ണീരണിഞ്ഞ മുഖത്തോടെ സീമ, അഞ്ജലിയുടെ നെറ്റിയിൽ ചുംബിച്ചു.

“ഈ സ്നേഹം ഞാനൊരിക്കലും മറക്കില്ല.” എല്ലാവരുടേയും മുഖം സന്തോഷം കൊണ്ട് സുന്ദരമായി.

കൂടപ്പിറപ്പിനെ തിരികെ കിട്ടിയ നിമിഷങ്ങൾ. ജീവിതം ഏറ്റവും സുന്ദരമാണ് എന്ന് ഈ നിമിഷങ്ങൾ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.

और कहानियां पढ़ने के लिए क्लिक करें...