ക്യാമറയ്ക്ക് പിന്നിൽ നിന്നാണ് സോനം കപൂർ ആദ്യം സിനിമയിലെത്തിയതെന്ന് അധികം ആർക്കും അറിയാത്ത രഹസ്യമാണ്. ബ്ലാക്ക് എന്ന ചിത്രത്തിൽ സഹസംവിധായിക ആയിട്ടായിരുന്നു അരങ്ങേറ്റം. അതിനു ശേഷമാണ് അഭിനയ രംഗത്തേയ്ക്ക് തിരിഞ്ഞത്. ആദ്യ ചിത്രം സാവരിയ. അത് ബോക്സ് ഓഫീസിൽ വിജയിച്ചില്ല. പക്ഷേ സോനത്തിന്‍റെ അഭിനയം പ്രകീർത്തിക്കപ്പെട്ടു. അതു കഴിഞ്ഞിറങ്ങിയ നീരജ കരിയറിലെ വഴിത്തിരിവായി. ഈ ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ചു. പക്ഷേ തീയറ്ററുകളിൽ പടം പണം വാരിയില്ല. എങ്കിലും കഥ തെരഞ്ഞെടുക്കുന്നതിലും കഥാപാത്രങ്ങൾ മികവുറ്റതാക്കുന്നതിലും സോനം പിറകോട്ടു പോയില്ല.
സോനം ബിസിനസ്സ് മാഗ്‍നെറ്റ് ആനന്ദ് അഹൂജയുമായി ഡേറ്റിംഗിലായിരുന്നു. വിവാഹം ഗംഭീരമായി നടന്നു. പൊതുവെ ജോളി ടൈപ്പായ സോനം പാഡ്മാൻ എന്ന ചിത്രത്തിന്‍റെ വിജയത്തിൽ സന്തുഷ്ടയാണ്. താരം വിവാഹ വിശേഷങ്ങളെക്കുറിച്ചും വിജയത്തെക്കുറിച്ചും പങ്കിടുന്നു.
പുതിയ ജീവിതത്തിനു തുടക്കമായി…
ജീവിതം എപ്പോഴും ഒരേ നിലയിൽ ഒഴുകില്ലല്ലോ. ആളുകൾക്ക് മാറിയേ പറ്റൂ. അതു അനിവാര്യവുമാണ്. നിങ്ങൾ ശരിയായ ഒരാളെ കണ്ടെത്തിയാൽ അത് വലിയ കാര്യമാണ്.
വിവാഹത്തിന്‍റെ ഹൈലൈറ്റ് എന്തായിരുന്നു?
സന്തോഷം, സന്തോഷം മാത്രം…
ഭർത്താവ് ആനന്ദ് അഹൂജയെപ്പറ്റി പറയാമോ?
അതൊന്നും ചർച്ച ചെയ്യാൻ ഞാനാഗ്രഹിക്കുന്നില്ല (ചിരിക്കുന്നു). ഞങ്ങൾ ഒന്നും തന്നെ മീഡിയയിൽ നിന്നും ഒളിച്ചു വച്ചിട്ടില്ല. മീഡിയ എന്‍റെ കല്യാണത്തിന്‍റെ ഭാഗവുമായിരുന്നു. ഇനിയും ഞാൻ അതേപ്പറ്റി പറയുന്നത് ബോറാവും. ഞാൻ ശരിയായ ഒരാൾക്കൊപ്പം സന്തോഷത്തോടെയിരിക്കുകയാണിപ്പോൾ. അദ്ദേഹം സ്നേഹനിധിയാണ്. നർമ്മപ്രിയനുമാണ്. കരുണയുള്ള മനസ്സാണ്. അതാണ് വലിയ കാര്യമായി എനിക്ക് തോന്നുന്നത്. അദ്ദേഹം ഒരു പബ്ലിക് ഫിഗർ അല്ല. മീഡിയയിൽ വരാൻ അദ്ദേഹം ഒരിക്കലും ആഗ്രഹിക്കുന്നുമില്ല.
വിവാഹം കരിയറിനെ ബാധിക്കുമോ?
പല നടിമാരും വിവാഹ ശേഷം സ്ക്രീനിൽ തിളങ്ങിയിട്ടുണ്ടല്ലോ. ഡിമ്പിൾ കപാഡിയ സാഗർ ചെയ്‌തത് രണ്ടു കുട്ടികളുടെ അമ്മ ആയ ശേഷമാണ്. എനിക്ക് ഒന്നിനെപ്പറ്റിയും പേടിയില്ല. കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസ്സും കഴിവും ഉണ്ടെങ്കിൽ സിനിമ കിട്ടാൻ പ്രയാസമുണ്ടാവില്ല. എനിക്ക് ഈ കാര്യത്തിൽ ആത്മവിശ്വാസക്കുറവ് ഒന്നും ഇല്ല.
പാഡ്മാൻ ഗംഭീര സിനിമയാണ്. തെരഞ്ഞെടുക്കാനുള്ള കാരണം?
കഥ തന്നെയാണ് എന്നെ ആകർഷിച്ചത്. ജനങ്ങൾ വളരെ തുറന്ന് സംസാരിക്കാൻ മടിക്കുന്ന ഒരു വിഷയം പ്രണയകഥക്കൊപ്പം രസകരമായി അവതരിപ്പിക്കാനാണ് പാഡ്മാനിലൂടെ ശ്രമിച്ചത്. അത് ഫലം ചെയ്തു. മാസമുറയുമായി ബന്ധപ്പെട്ട് പല വിലക്കുകളുമാണ് കാലാകാലങ്ങളായി സമൂഹത്തിൽ നിലനിന്നിരുന്നത്. എന്‍റെ വീട്ടിൽ എനിക്ക് അത്തരത്തിൽ യാതൊരു പ്രശ്നവും നേരിടേണ്ടി വന്നിട്ടില്ലെങ്കിലും, എല്ലാവരുടേയും കേസിൽ അങ്ങനെയല്ല. മാസമുറ പാപമായി കരുതുന്ന എത്രയോ കുടുംബങ്ങളെ എനിക്കറിയാം. ആ സമയം അമ്പലത്തിൽ സ്ത്രീകൾക്ക് പ്രവേശനം നിഷിദ്ധമാണ്. അന്ധവിശ്വാസവുമായി മാസമുറയെ ചേർത്തു കെട്ടിയ സമൂഹമാണ് നമ്മുടേത്. 5-6 ദിവസം സ്ത്രീകളെ അടുക്കളയിൽ പോലും കേറ്റില്ല.
ഈ സ്ക്രിപ്റ്റ് കിട്ടിയപ്പോൾ തന്നെ എനിക്ക് വലിയ ഉത്സാഹം ആയിരുന്നു. ഞാൻ ഹോംവർക്ക് നടത്തിയപ്പോൾ ഒരു കാര്യം വ്യക്‌തമായി. നമ്മുടെ രാജ്യത്ത് 12 ശതമാനം സ്ത്രീകൾ മാത്രമേ സാനിട്ടറി നാപ്കിൻ ഉപയോഗിക്കുന്നുള്ളൂ. ആ കാര്യം എന്നെ അലട്ടി. ഇത് നാണക്കേടുണ്ടാക്കുന്ന കണക്കാണ്. വികസനം നാം നേടിയത് ഏതു കാര്യത്തിലാണ്. സ്ത്രീകളുടെ ജീവിതം മെച്ചപ്പെടാത്ത കാലത്തോളം രാജ്യം പുരോഗതി നേടില്ല.
ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് അനുഭവങ്ങൾ…
ഗ്രാമത്തിൽ ഷൂട്ടിംഗ് നടക്കുമ്പോൾ ലഭിച്ച അറിവ് ഞെട്ടിക്കുന്നതാണ്. അവിടെ സ്ത്രീകൾ മാസമുറ സമയത്ത് ചാക്ക്, മണ്ണ്, ഇലകൾ, തുണിക്കഷണം എന്നിവയൊക്കെയാണ് ഉപയോഗിക്കുന്നത്. ഇത് ഒട്ടും ആരോഗ്യകരമല്ല. ഹാനികരവുമാണ്. മാത്രമല്ല അവർ ഉപയോഗിക്കുന്ന തുണി മലിനമായ വെള്ളത്തിലാണ് വൃത്തിയാക്കുന്നത്. മലിന വസ്ത്രം മോശമായ വെള്ളത്തിൽ അലക്കുന്നതാണ് നല്ലത് എന്നാണവർ വിശ്വസിക്കുന്നത്. അസുഖങ്ങൾ പരക്കാൻ ഇതു തന്നെ ധാരാളം മതി. ജനങ്ങൾക്കിടയിൽ ബോധവൽക്കരണം ഈ കാര്യത്തിൽ ഉണ്ടാവണം. പാഡ്മാന്‍റെ ദൗത്യം അതു കൂടിയായിരുന്നു.
സോനത്തിനു ആദ്യമായി മാസമുറ ഉണ്ടായപ്പോൾ എങ്ങനെയാണ് മാനേജ് ചെയ്‌തത്?
എനിക്ക് ആദ്യമായി മാസമുറയുണ്ടായത് 15-ാം വയസ്സിലാണ്. ഞാനാദ്യം വലിയ സമ്മർദ്ദത്തിൽ ആയിരുന്നു. കാരണം എന്‍റെ കൂട്ടുകാർക്കെല്ലാം നേരത്തെ തുടങ്ങിയിരുന്നു. ഞാൻ വെയിറ്റിംഗിലായിരുന്നു. സംഗതി വരുന്നില്ല. ഞാൻ പലവട്ടം അമ്മയോട് ഇതേപ്പറ്റി ചോദിക്കുകയും ചെയ്‌തു. എന്‍റെ ശരീരത്തിന് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നു പോലും എനിക്ക് സംശയമായി. അമ്മ കാര്യം പറഞ്ഞു മനസ്സിലാക്കി. ചിലർക്ക് വൈകിയാണത്രേ മാസമുറ സംഭവിക്കാറ്. അത് സത്യമായിരുന്നു. മുംബൈയിൽ എല്ലാ സ്ക്കൂളുകളിലും ഇതേക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുക്കാറുണ്ട്. പേടിക്കാതിരിക്കാൻ ആ അറിവ് പര്യാപ്തമാണ്.
ഈ വിജയങ്ങൾ നേടുന്നതിൽ കുടുംബത്തിനു എന്തെങ്കിലും പങ്കുണ്ടോ?
കുടുംബമാണ് എനിക്കെല്ലാം. എന്‍റെ കുടുംബം വളരെ പ്രോഗ്രസ്സീവ് ആണ്. എല്ലാത്തിനും അവർ പിന്തുണ നൽകുന്നു. നീയതു ചെയ്യരുത് ഇത് ചെയ്യാൻ പാടില്ല എന്നൊന്നും വീട്ടുകാർ എന്നെ വിലക്കിയിട്ടില്ല. എന്‍റെ ഇഷ്‌ടങ്ങൾക്ക് എന്നും കൂട്ട് നിന്നിട്ടേയുള്ളൂ. വഴിവിട്ട ആഗ്രഹങ്ങൾ ഒന്നും തന്നെ എനിക്ക് ഉണ്ടായിരുന്നുമില്ല. എന്‍റെ നന്മകൾ എല്ലാം എനിക്ക് അമ്മയിൽ നിന്നും അച്‌ഛനിൽ നിന്നും കിട്ടിയതാണ്.
പത്തു വർഷമായി സിനിമയിൽ എത്തിയിട്ട്.?ഈ യാത്ര എങ്ങനെയാണ് വിലയിരുത്തുന്നത്?
ഈ യാത്രയിൽ വളർച്ച മാത്രമേ ഉണ്ടായിട്ടുള്ളൂ. ഓരോ ചിത്രത്തിൽ നിന്നും ഞാൻ പലതും പഠിച്ചിട്ടുണ്ട്. എല്ലാം ജീവിതത്തിനും കരിയറിനും ഗുണം ചെയ്യുന്ന കാര്യങ്ങൾ ആയിരുന്നു. നിത്യവും രാവിലെ ഉണർന്ന് ജോലിയ്ക്ക് പോകാനുള്ള ചിന്ത എനിക്കെപ്പോഴും ഉണ്ട്. മടി എന്‍റെ രക്‌തത്തിൽ ഉള്ള സംഗതിയല്ല. അവാർഡിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല. പിന്നെ എന്നെ ജഡ്ജ് ചെയ്യേണ്ടത് പ്രേക്ഷകർ അല്ലേ… ഞാൻ സ്വയം മാർക്കിടുന്നത് ശരിയാണോ?
ഫാഷനിസ്റ്റ് ടാഗ് കരിയറിനെ ബാധിച്ചിട്ടുണ്ടോ?
ഫാഷനെപ്പറ്റി ഞാനധികം ചിന്തിക്കാറില്ല എന്നതാണ് സത്യം. എന്‍റെ അനിയത്തി റിയ ആണ് എന്‍റെ ഫാഷൻ തീരുമാനിക്കുന്നത്. അവൾക്ക് ഇതിലൊക്കെ വലിയ അറിവുണ്ട്. എന്‍റെ എല്ലാ ഡ്രസ്സും ഡിസൈൻ ചെയ്യുന്നത് അവളാണ്. എന്‍റെ മിക്ക ചിത്രങ്ങളിലും അവളുടെ ഡിസൈൻ ആണ് ഉപയോഗിക്കുന്നത്.
ജീവിതത്തിലെ ഏറ്റവും കഠിനമായ സംഗതി…
ജീവിതത്തിന്‍റെ ബാലൻസ് ഷീറ്റ് എടുക്കാൻ സമയം ആയില്ലല്ലോ. ആദ്യ സിനിമ ചെയ്‌തതു മുതൽ ഞാനൊരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഒരുപാട് ഓഡിഷനിൽ പങ്കെടുത്തിരുന്നു. പലരും അപമാനിച്ചു വിട്ടിരുന്നു. കളിയാക്കൽ സഹിക്കാം. പക്ഷേ താര തമ്യപ്പെടുത്തലുകൾ സങ്കടം ഉണ്ടാക്കുന്ന കാര്യമാണ്. ഞാൻ എല്ലാം എളുപ്പത്തിൽ നേടിയെടുത്തതാണ് എന്നാണ് ആളുകൾ കരുതുന്നത്. എന്നാൽ അത് അങ്ങനെയല്ല.
അച്‌ഛൻ അനിൽ കപൂർ തന്ന ഉപദേശം എന്താണ്?
എപ്പോഴും സന്തോഷമായിരിക്കൂ. ചെറുപ്പക്കാരെ പോലെ ചിന്തിക്കുക. അച്‌ഛൻ ഒരിക്കലും നെഗറ്റിവിറ്റി പിടിച്ചെടുക്കാറില്ല. അദ്ദേഹം വളരെ പോസിറ്റിവ് ആയ മനുഷ്യനാണ്. അദ്ദേഹ ത്തിന്‍റെ കരിയറിനെ ഉയരത്തിൽ എത്തിച്ചത് ഇതാവാം. എന്തെങ്കിലും അലട്ടാൻ തുടങ്ങിയാൽ അച്‌ഛൻ ഒന്നു ഓടിയിട്ടു വരും. എന്നിട്ട് പോസിറ്റീവായി സംസാരിക്കാൻ തുടങ്ങും. സ്ട്രെസ് ആണ് ഒരാളെ വൃദ്ധനാക്കുന്നത്.