കേരളത്തിലെ ആദ്യത്തെ ട്രാൻസ് ദമ്പതിമാരാണ് ഇഷാനും സൂര്യയും… കഷ്ടപ്പാടുകളടെയും അസ്വസ്ഥതകളുടെയും ഭൂതകാലത്തെ മാറ്റിവച്ച് അവർ പുതിയ ജീവിതത്തിലൂടെ പരസ്പരം പ്രണയിക്കുകയാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ആദ്യമായി തിരിച്ചറിയൽ കാർഡ് ലഭിച്ചയാൾ, ആദ്യമായി വോട്ടവകാശം രേഖപ്പെടുത്തിയയാൾ, ആദ്യമായി പാർട്ടി അംഗത്വം ലഭിച്ച വ്യക്തി ഇങ്ങനെ നിരവധി പ്രത്യേകതകൾ ഉണ്ട് സൂര്യയ്ക്ക്. അറിയപ്പെടുന്ന നർത്തികയും ആക്ടിവിസ്റ്റും അഭിനേത്രിയുമാണ് സൂര്യ. ട്രാൻസ് വിഭാഗത്തിന്‍റെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റാണ് ഇഷാൻ.
“കുറേക്കാലം ഞാൻ എന്‍റെ വീട്ടിലായിരുന്നു ഓണവും മറ്റെല്ലാ ആഘോഷങ്ങളും പങ്കിട്ടത്. പിന്നീടത് എന്‍റെ കമ്മ്യൂണിറ്റിയിലെ കുട്ടികൾക്കൊപ്പമായി. ഇപ്പോൾ ഇതാ എന്‍റെ ഭർത്താവിന്‍റെ കുടുംബത്തിനൊപ്പമായി. ഈ ആഘോഷങ്ങൾ എല്ലാ വർഷവും ഉണ്ടാകാറുണ്ട്. ഞാൻ ഞാനായി ജീവിക്കാൻ തുടങ്ങിയ ശേഷം കടന്നു വന്ന ആഘോഷങ്ങളാണിവ.” ഇഷാൻ ചിരിയോടെ തന്‍റെ സന്തോഷം പങ്കുവയ്ക്കുന്നു.
കേരളത്തിലെ ആദ്യത്തെ ട്രാൻസ് സെക്ഷ്വൽ ദമ്പതികൾ ആണ് സൂര്യയും ഇഷാനും. സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ചും തിരുവനന്തപുരത്ത്, ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിലും വച്ച് ആഘോഷപൂർവ്വമായിരുന്നു ഇവരുടെ വിവാഹം. 2014 ലാണ് സൂര്യ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്, ഇഷാൻ നാലു വർഷം മുമ്പും. പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്‍റെ പ്രതിനിധികൾ എന്ന നിലയിൽ ഇവരുടെ വിവാഹം കേരളത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടു.
വർഷങ്ങളായി പരിചയമുണ്ടെങ്കിലും പ്രണയം എന്ന രീതിയിൽ കാര്യങ്ങൾ മാറിയത് വിവാഹത്തിന് 6 മാസം മുമ്പ് മാത്രമാണ്. തിരുവനന്തപുരം സ്വദേശികളാണ് രണ്ടുപേരും. “എനിക്ക് പ്രണയം തോന്നിയത് ഒരു യാത്രയിലാണ്” അതേക്കുറിച്ച് ഇഷാൻ പറയുന്നത് ഇങ്ങനെ. “ഒരുമിച്ച് കോഴിക്കോട് ഒരു പരിപാടിക്ക് യാത്ര ചെയ്യുമ്പോഴാണ് ആദ്യമായി പ്രണയം തോന്നിയത്. അന്നത് തുറന്നു പറഞ്ഞില്ല, പിന്നെ അടുപ്പിച്ച് ഏതാനും ദിവസം കണ്ടു. അപ്പോൾ ഞാനെന്‍റെ ഇഷ്ടം തുറന്നു പറഞ്ഞു.”
“വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നാണ് ഇക്ക എന്നോട് പറഞ്ഞത്. ഞാൻ അപ്പോൾ നെഗറ്റീവായി ഒന്നും പറഞ്ഞില്ല. പ്രണയം ഒരിക്കലും അവസാനിക്കാത്ത ഒരു വികാരമല്ലേ. പക്ഷേ ട്രാൻസിന്‍റെ പ്രണയത്തെ ലൈംഗിക വൃത്തിയായിട്ടല്ലേ കാണാറുള്ളൂ. ഇക്ക എന്നെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നല്ലോ” സൂര്യ ചിരിച്ചു.
“ഞാൻ അവളോട് പ്രൊപ്പോസ് ചെയ്‌തുവെങ്കിലും വേഗത്തിലൊരു മറുപടി കിട്ടിയില്ല. പക്ഷേ എന്നെ അവൾക്ക് ഇഷ്‌ടമാണെന്ന് എനിക്ക് അറിയാമായിരുന്നു. ഞങ്ങളുടെ വിവാഹം വീട്ടുകാരുടെ സമ്മതത്തോടെ നടത്തണം എന്നു ഞാൻ ആഗ്രഹിച്ചിരുന്നു. അത് ഇത്രയും വലിയ ഒരു ഇംപാക്ട് ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ചതേയില്ല.”
“സൂര്യയെ വിവാഹം കഴിക്കാൻ ഇഷ്‌ടമാണെന്ന് ഞാൻ ആദ്യം അറിയിച്ചത് എന്‍റെ അമ്മമാരായ ശ്രീക്കുട്ടിയമ്മയോടും രഞ്ജിനിയമ്മയോടുമാണ്. അവർ പിന്നീട് സൂര്യയോട് കാര്യങ്ങൾ സംസാരിച്ചു. തുടർന്നാണ് എന്‍റെ വീട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ചത്. ആദ്യമൊക്കെ കുറച്ച് എതിർപ്പുണ്ടായിരുന്നു.” രണ്ടുപേരും വ്യത്യസ്ത മതവിഭാഗത്തിലാണെന്നുള്ളത് ചെറിയൊരു ആശയക്കുഴപ്പം വീട്ടിൽ ഉണ്ടാക്കി.
“വീട്ടുകാർക്കും, മതത്തിനും വേണ്ടിയല്ലല്ലോ ഞങ്ങൾ ഇഷ്‌ടപ്പെട്ടത്. പരസ്പരം അംഗീകരിക്കാനുള്ള മനസ്സ് ഞങ്ങൾക്കുണ്ടല്ലോ, അതുമതി. സത്യത്തിൽ മറ്റുള്ളവർ ചെയ്യുന്നതു പോലെ ലിവിംഗ് ടുഗദർ ആവാമായിരുന്നു. പക്ഷേ വിവാഹത്തിലൂടെ വീട്ടുകാരോടൊപ്പം ജീവിക്കാൻ തയ്യാറാണോയെന്ന ഇഷാന്‍റെ ചോദ്യം പതിവു രീതികളിൽ നിന്ന് വേറിട്ടു നിന്നു. ഇഷാൻ എന്നെ കുടുംബത്തോട് ചേർത്തു നിർത്തി വിവാഹം ചെയ്യുവാനാണല്ലോ ആഗ്രഹിച്ചത്. അതിൽ താൻ ഭാഗ്യവതി തന്നെയാണ്.” സൂര്യ പറഞ്ഞു.
“വീട്ടിൽ ആദ്യം ചില എതിർപ്പുകൾ വന്നപ്പോഴും ഞാൻ ഒരു തീരുമാനമെടുത്തിരുന്നു. സൂര്യയെ മാത്രമേ ഞാൻ വിവാഹം ചെയ്യുകയുള്ളൂ. ജീവിതത്തോടുള്ള അവളുടെ സമീപനമാണ് എന്നെ സൂര്യയിലേക്ക് അടുപ്പിച്ച ഘടകം.”
ഇഷാന്‍റെയും സൂര്യയുടെയും ആദ്യകാല ജീവിതം മറ്റെല്ലാ ട്രാൻസ്ജെൻഡറുകളെയും പോലെ തന്നെ വലിയ വിഷമം പിടിച്ച വഴിയിലൂടെ തന്നെയായിരുന്നു. ആ പാതകൾ ഇപ്പോൾ കുറച്ചു എളുപ്പമായി എന്നു മാത്രം. രണ്ടുപേരുടെയും കഠിന പ്രയത്നമാണ് ഇപ്പോൾ ഫലം കണ്ടത്.
“എന്‍റെ ഐഡന്‍റിറ്റി എന്താണെന്ന കാര്യത്തിൽ ഒരുപാട് സ്ട്രഗിൾ ചെയ്‌തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അക്കാലം വളരെ സങ്കീർണ്ണമായിരുന്നു. എന്‍റെ സഹോദരിയും ഉമ്മയുമാണ് ആ അവസ്‌ഥയിൽ പിന്തുണ നൽകിയത്. ട്രാൻസ് സെക്ഷ്വൽ സർജറി ചെയ്യണം എന്നു പറഞ്ഞപ്പോഴും അവർ കൂടെ നിന്നു.” ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന വ്യക്‌തിത്വമാണ് സൂര്യ. ഈ വിജയത്തിലേക്ക് എത്തും മുമ്പ് ഒരുപാട് കഷ്ടപ്പാടുകളിലൂടെ കടന്നു പോയിട്ടുണ്ട്. “ഡോക്ടറാവണം എന്നാഗ്രഹിച്ചാണ് ഞാൻ പഠിക്കാൻ തുടങ്ങിയത്. പക്ഷേ പത്താം ക്ലാസു വരെ പഠിക്കാനേ കഴിഞ്ഞുള്ളൂ. സ്ത്രീയാണോ, പുരുഷനാണോ എന്ന എന്‍റെ സംശയങ്ങൾ, എന്‍റെ പഠനത്തെ പോലും തടസ്സപ്പെടുത്തിയിട്ടുണ്ട്.”
നല്ലൊരു ഡാൻസർ കൂടിയായ സൂര്യ സ്ക്കൂൾ കലാപ്രതിഭയും ആയിരുന്നു. പത്താം ക്ലാസു കഴിഞ്ഞപ്പോൾ വീട്ടുകാരോട് തൊഴിൽ തേടി പോകുന്നു എന്നു പറഞ്ഞ് നാടുവിട്ടു പോകുകയായിരുന്നു. അങ്ങനെ കറങ്ങിത്തിരിഞ്ഞ് കോമഡി രംഗത്ത് വന്നെത്തി. ട്രാൻസ്ജെൻഡർ വിഭാഗത്തിന്‍റെ പ്രയാസങ്ങളെ കുറിച്ച് തുറന്നു പറയാനും അതിനു പരിഹാരം കാണാനും സൂര്യ ഒരു സാമൂഹ്യപ്രവർത്തക എന്ന നിലയിൽ പല കാര്യങ്ങളും ചെയ്‌തു വരുന്നു.
“എനിക്കൊരു ട്രാൻസ്ജെൻഡർ സ്ത്രീ ആയി അറിയപ്പെടാൻ തന്നെയാണ് ആഗ്രഹം. ഈ സമൂഹം തന്നെയാണ് എന്നെ സ്ത്രീയാക്കിയത്. പത്താം ക്ലാസ് വരെ ബോയ്സ് സ്കൂളിൽ പഠിച്ച അനുഭവങ്ങൾ മുതൽ ബാഹ്യ സമൂഹം സമ്മാനിച്ച പ്രതികരണങ്ങളെല്ലാം എന്നെ സ്ത്രീ ആക്കുകയായിരുന്നു. ഇപ്പോൾ എന്‍റെ ഐഡി കാർഡിൽ ഫീമെയിൽ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.”
തന്നിലെ സ്ത്രീയെ സ്വയം തിരിച്ചറിഞ്ഞ സൂര്യ മാറിയതു പോലെ ഉള്ളിലെ പുരുഷനെ ചെറിയ പ്രായത്തിലേ മനസ്സിലാക്കിത്തുടങ്ങിയിരുന്നു ഇഷാനും. പുരുഷൻ എന്നു തന്നെ അറിയപ്പെടാനാണ് ഇഷാൻ എന്നും ആഗ്രഹിച്ചിട്ടുള്ളത്. തങ്ങളുടെ വിവാഹത്തിലൂടെ ഒരു മാതൃക സെറ്റ് ചെയ്യാൻ കഴിഞ്ഞു എന്നാണ് ഇവർ വിശ്വസിക്കുന്നത്. അതേ സമയം ഒരു സാധാരണ കുടുംബത്തെപോലെ സമാധാനപരമായി ജീവിക്കണം എന്ന മോഹം രണ്ടുപേർക്കും പ്രതീക്ഷ നൽകുന്നു.
“ഒരു ദിവസം 500 രൂപയെങ്കിലും ഉണ്ടെങ്കിലേ ഇക്കാലത്ത് ഒരാൾക്ക് ജീവിക്കാൻ പറ്റൂ. ട്രാൻസ്ജെൻഡർമാർക്ക് ആരാണ് ജോലി നൽകാൻ തയ്യാറാകുക? ഒരു സാധാരണ വ്യക്തിയെ പോലെ തന്നെ അവർക്കും ഭക്ഷണവും വസ്ത്രവും കിടക്കാൻ ഒരിടവും വേണം. അത് എല്ലാവർക്കും സാധ്യമാകും വരെ ഈ രംഗത്തെ സാമൂഹ്യപ്രവർത്തനങ്ങളിൽ പങ്കു ചേരേണ്ടതുണ്ട്.” അപൂർവ്വമായൊരു വിവാഹത്തിലൂടെ ഒരുമിച്ചൊരു ജീവിതം മുന്നോട്ടു കൊണ്ടു പോകുമ്പോഴും ഈ ദമ്പതികൾ ആഗ്രഹിക്കുന്നത് സാമൂഹ്യമായ വലിയ മാറ്റങ്ങളാണ്.
“വിവാഹശേഷം ആദ്യത്തെ പരുന്നാൾ ആഘോഷത്തിൽ മേരിക്കുട്ടി എന്ന ചിത്രം ഞങ്ങൾ ആദ്യമായിട്ട് കുടുംബമൊത്ത് പോയി കണ്ടു.” ആ സിനിമ കാണുമ്പോൾ സൂര്യ കരയുകയായിരുന്നു. “ഞാനും ഒരു മേരിക്കുട്ടിയാണ്. ഇതെന്‍റേയും ജീവിതമാണല്ലോ. ഓരോ നിമിഷവും ഞാൻ അതിൽ എന്നെത്തന്നെ കണ്ടു. ഒരുപാട് സിനിമയിലൂടെ പേരുദോഷം കിട്ടിയവരാണല്ലോ ട്രാൻസ്ജെൻഡറുകൾ. ഈ സിനിമ കണ്ടപ്പോൾ ഞങ്ങൾ ട്രാൻസ്ജെൻഡർ എന്ന് അഭിമാനത്തോടെ പറയാൻ കഴിഞ്ഞു. സന്തോഷമുണ്ട് അതിൽ.” സൂര്യ നിറകൺചിരിയോടെ പറയുന്നു.
“വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ വർഷം പിന്നിട്ടിരിക്കുന്നു. ഞങ്ങൾ വളരെ ഹാപ്പിയാണ്. എന്‍റെ കുടുംബം സൂര്യയെയും സൂര്യ അവരെയും ഉൾക്കൊണ്ടു സ്നേഹിക്കുന്നു എന്നതു തന്നെ എനിക്ക് കിട്ടിയ സ്പെഷ്യൽ സമ്മാനം ആണ്.” അവർക്ക് സ്വന്തം മകൾ തന്നെയാണ് സൂര്യ. ഇഷാന്‍റെ ബാപ്പയും ഉമ്മയും പെങ്ങളും എല്ലാം സൂര്യയെ ഒരുപാട് സ്നേഹിക്കുന്നു. “ഇങ്ങനെയൊരു ജീവിതം ഒരിക്കൽ ഞാൻ സ്വപ്നം കണ്ടിരുന്നു.” സൂര്യ പറയുന്നു.
വീട്ടിൽ സൂര്യയും ഉമ്മയും ആണ് അടുക്കളയുടെ കാര്യങ്ങൾ നോക്കുന്നത്. ഉമ്മയും സൂര്യയും പെങ്ങളും നല്ല സുഹൃത്തുക്കളാണ്. “സൂര്യ നല്ല അടിപൊളി ഭക്ഷണം ഉണ്ടാക്കും. നല്ല സ്പൈസി അച്ചാറൊക്കെ ഉണ്ടാക്കും.” അവർ ഇത്രമേൽ സ്നേഹത്തോടെ പരസ്പരം ഇടപെടുന്നത് കാണുന്നതു തന്നെ ഇഷാന് വളരെ സന്തോഷമാണ്. “ഒരു ട്രാൻസ് സെക്ഷ്വൽ ആയ വ്യക്‌തിയെ എന്‍റെ വീട്ടിൽ കൊണ്ടുവരികയും എന്‍റെ വീട്ടിലെ ഒരാളെ പോലെ തന്നെ അവളെ കാണുകയും ചെയ്യുന്നുണ്ടല്ലോ. മരുമകൾ എന്ന് പോലും പറയാതെ, മോളേ എന്നാണ് ഉമ്മ വിളിക്കുന്നത്.”
“ഉമ്മയും ഉപ്പയും അവളോട് ഒരു വിവേചനവും കാണിക്കുന്നില്ല എന്നത് എത്ര സന്തോഷമാണ്. അവർ ഒരുമിച്ച് പുറത്തു പോയി സാധനങ്ങളൊക്കെ വാങ്ങാറുണ്ട്. കമ്മ്യൂണിറ്റിയിലെ കുട്ടികളെ വീട്ടിൽ ക്ഷണിച്ച് സൽക്കരിക്കാനും അവർക്ക് മടിയുണ്ടായില്ല. എന്നാൽ സമുദായത്തിന്‍റെ നിലപാട് അത്ര സുഖകരമല്ല. പക്ഷേ സുപ്രീം കോടതി നിയമം ഉള്ളതു കൊണ്ട് ഊരുവിലക്ക് പറ്റില്ല എന്നു മാത്രം.”
“എന്‍റെ സമുദായം എന്നെ ഉൾക്കൊള്ളാൻ വൈകി എന്നതാണ് സത്യം. സർജറി കഴിഞ്ഞതിന്‍റെ ഡീറ്റെയിൽസ് കൊടുത്തുവെങ്കിലും പള്ളിയുടെ നിയമം വ്യത്യാസമാണല്ലോ.” ഒരു റിട്ടയേർഡ് ഡോക്‌ടറെ കണ്ട് ശരീരം പരിശോധിപ്പിക്കണം എന്ന് പള്ളി കമ്മിറ്റി നിർദ്ദേശിച്ചപ്പോൾ അത് അംഗീകരിക്കാൻ ഇഷാനു മനസ്സു വന്നില്ല.
“ലിംഗമാറ്റ സർജറി കഴിഞ്ഞതിന്‍റെ എല്ലാ രേഖകളും എന്‍റെ കൈവശമുണ്ട്. എന്‍റെ ശരീരം എന്‍റെ സ്വകാര്യതയാണ്. അത് പ്രദർശിപ്പിക്കാൻ വയ്യ. ഇതൊക്കെ മാറ്റി വച്ച് ഞങ്ങൾ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്‌തു. സൂര്യ എന്‍റെ മതത്തോട് ചേർന്നു നിൽക്കണമെന്ന് ഉമ്മ ആഗ്രഹിച്ചിരുന്നു. അക്കാര്യത്തിൽ സൂര്യയ്ക്കും സമ്മതമായിരുന്നു… ഈ വിവാഹം നടക്കുന്നതിന് മുമ്പ് ഒരുപാട് എതിർപ്പ് മതത്തിൽ നിന്നുണ്ടായി. എങ്കിലും ഞങ്ങൾ വിവാഹം കഴിച്ചല്ലോ. സൂര്യയുടെ അമ്മയും സഹോദരനും കല്യാണത്തിനു വന്നില്ല എങ്കിലും എതിർപ്പൊന്നുമില്ല. വിവാഹം കഴിഞ്ഞ് ഉടനെ തന്നെ ഞങ്ങൾ അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു.
പണ്ട് പുറത്ത് പോകുമ്പോൾ തുറിച്ചു നോക്കുന്നവരുടെ എണ്ണം കൂടുതലായിരുന്നു. ഞാൻ എന്താ ഇങ്ങനെ എന്നു ചോദിച്ച് ഉമ്മയെ അയൽവക്കക്കാർ കളിയാക്കിയിട്ടാവാം അന്നൊക്കെ ഞാനും ഉമ്മയും അതിന്‍റെ പേരിൽ ഒരുപാട് വഴക്കു കൂടിയിട്ടുണ്ട്. ഇപ്പോഴും കല്യാണം കഴിഞ്ഞ സമയത്തും ആളുകൾ ഒരുപാട് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നാൽ പഴയ അത്ര നെഗറ്റീവ് അല്ല ഇപ്പോഴത്തെ നോട്ടം എന്ന ആശ്വാസമുണ്ട്.
ജീവിതത്തിലെ മാറ്റങ്ങളെ ഉൾക്കൊണ്ട വാപ്പയുടെയും ഉമ്മയുടേയും മനസ്സ് തന്നെ സമൂഹത്തിലും മാറ്റം ഉണ്ടാക്കും എന്ന പ്രതീക്ഷ ഇവർക്കുണ്ട്. ഇപ്പോൾ ഈ ദമ്പതികൾ ആലുവയിലാണ് താമസം.