കലയുടെ അനന്ത സാദ്ധ്യതകൾ കണ്ടെത്തി അതിനെ ഉദാത്തമായി ആവിഷ്ക്കരിക്കുകയെന്നത് കലാകാരന്മാരുടെ പ്രതിബദ്ധതയാണ്. പാലക്കാട് സ്വദേശിയായ സ്വപ്ന നമ്പൂതിരിയെന്ന പ്രവാസി കലാകാരി അത്തരം ചില പരീക്ഷണങ്ങൾ നടത്തുകയാണ്. സമൂഹത്തിന് ചില സന്ദേശങ്ങൾ നൽകുന്ന മൗലികമായ കലാസൃഷ്ടികൾ ഒരുക്കുന്നതിലാണ് സ്വപ്ന ഊന്നൽ നൽകുന്നത്. കാലിക പ്രസക്തിയുള്ള വിഷയങ്ങൾ നവീനമായ സങ്കേതങ്ങളിലൂടെ ആവിഷ്ക്കരിക്കുകയാണ് ഈ കലാകാരി. ഓരോ സൃഷ്ടിയും മനസിനെ തൊട്ടു തലോടി ചിന്തിപ്പിക്കുന്നവ.

ഭർത്താവ് മനോജിനൊപ്പം ഖത്തറിൽ താമസമാക്കിയ സ്വപ്ന അവിടുത്തെ ആർട്ട് ആന്‍റ് ക്രാഫ്റ്റ് കമ്മ്യൂണിറ്റിയായ ഖത്താർട്ട് വില്ലേജിലെ അംഗമാണ്. ഗ്ലാസ് പെയിന്‍റിംഗ് തുടങ്ങി കലയുടെ പല രൂപങ്ങളിൽ പരീക്ഷണങ്ങൾ നടത്തിയ സ്വപ്നയിപ്പോൾ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ട് ത്രിമാന (3ഡി) സ്കൾപ്ച്ചറൽ ആർട്ട് വർക്ക് സൃഷ്ടിച്ചു കൊണ്ടാണ് ഇത്തവണ ശ്രദ്ധേയയാവുന്നത്.

തുടക്കം ഗ്ലാസ് ചിത്രരചനയിലൂടെ

ബാംഗ്ലൂരിൽ ഇൻഫോസിസിൽ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് സ്വപ്ന പെയിന്‍റും ബ്രഷും എടുത്ത് തുടങ്ങുന്നത്. “ചെറുപ്പത്തിൽ വരയ്ക്കുമായിരുന്നു. അനുജത്തി ഒരു വെക്കേഷൻ കാലത്ത് ക്രാഫ്റ്റ് ക്ലാസിൽ പങ്കെടുത്ത് വന്ന് ഗ്ലാസ് പെയിന്‍റിംഗ് ഉണ്ടാക്കുന്നത് കണ്ടപ്പോൾ എനിക്കും താൽപര്യം ആയി. ഞാനത് തുടർന്നു. ഒരു സ്റ്റോറിൽ പോയി അവിടുത്തെ ജോലിക്കാരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഞാനും കുറേ പരീക്ഷണങ്ങൾ ചെയ്‌തു തുടങ്ങി.” സ്വപ്ന തന്‍റെ ചിത്രകലാ പരീക്ഷണങ്ങളെക്കുറിച്ച് ഓർക്കുന്നു.

പിന്നീട് എഞ്ചിനീയറിംഗ് പഠനവും ഇൻഫോസിസിലെ ജോലിയുമായതോടെ കലയിൽ സജീവമാകുന്നത് കുറഞ്ഞു. “ബാംഗ്ലൂരിൽ ജോലി ചെയ്‌തു കൊണ്ടിരിക്കെ മെറ്റേണിറ്റി ലീവ് എടുത്തപ്പോൾ ധാരാളം ഫ്രീ ടൈം കിട്ടി. ഞാൻ ആവേശത്തോടെ പെയിന്‍റ് ചെയ്യാൻ തുടങ്ങി. മഴ കണ്ട ആവേശത്തിൽ തുള്ളിച്ചാടുന്ന കുട്ടിയെപ്പോലെ നിറങ്ങൾ കൊണ്ട് ഞാൻ കളിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞ് മൂത്ത മകൾക്ക് ഒരു വയസ്സായതോടെ ജോലി തുടരുന്നത് പ്രയാസമായി. ഞാൻ ജോലിയുപേക്ഷിച്ചു. അതിന്‍റെ പിറ്റേന്ന് മുതൽ ഞാൻ ഇഷ്ട ഹോബിയിൽ മുഴുകി” സ്വപ്ന പറയുന്നു.

തുടർന്ന് കലാസൃഷടികളുടെ ആദ്യ പ്രദർശനം. “കമ്പ്യൂട്ടറുമായി ഇത്തിരി ഫ്രണ്ട്‍ലിയായതു കൊണ്ട് ഓൺലൈനിൽ കുറേ റിസർച്ച് ചെയ്‌തു. എന്താണ് ഈ രംഗത്ത് കൂടുതൽ ചെയ്യാൻ പറ്റുകയെന്ന അന്വേഷണമായിരുന്നു. എന്‍റെ കലാസൃഷ്ടികൾക്കായി എഫ്ബി പേജ് തുടങ്ങി. ആ സമയത്തായിരുന്നു ക്രാഫ്റ്റ്സ്‍വില്ലയുടെ തുടക്കം. എന്‍റെ വർക്കുകൾ അതിൽ ലിസ്റ്റ് ചെയ്‌തു. അങ്ങനെ ക്രാഫ്റ്റ്സ്‍വില്ലയിൽ നിന്നും ഓർഡർ വരാൻ തുടങ്ങി. ആദ്യത്തെ ഒരു ഇന്‍റർനാഷണൽ ഓർഡർ ആയിരുന്നു. ആസ്ട്രേലിയയിൽ നിന്നും. നമ്മൾ ചെയ്യുന്ന വർക്ക് വാങ്ങാൻ ലോകത്ത് ഏതോ കോണിൽ ഒരാളുണ്ടെന്ന തോന്നൽ ശരിക്കും അദ്ഭുതപ്പെടുത്തുന്നതായിരുന്നു.” അങ്ങനെ ഗ്ലാസി ഡ്രീംസ് എന്ന കലാസൃഷ്ടികളുടെ വിപണിയ്ക്ക് തുടക്കമായി.

ഗ്ലാസ് പെയിന്‍റിംഗുകൾ, ഹാന്‍റ് പെയിന്‍റഡ് ഗ്ലാസ് ബൗൾസ്, ഹാന്‍റ് പെയിന്‍റഡ് ക്ലോക്കുകൾ, പോട്ടുകൾ, ഗ്ലാസ് ട്രേകൾ, ഹാൻഡ് പെയിന്‍റഡ് നെയിം ബോർഡുകൾ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ടുള്ള ആക്സസറീസുകൾ തുടങ്ങി മനോഹരമായ വ്യത്യസ്തവുമായ കലാസൃഷ്ടികളുടെ കൂടാരമായി ഗ്ലാസി ഡ്രീംസ്. ഇത്തരം കലാസൃഷ്ടികൾക്ക് ഡിമാന്‍റുകൾ ഏറെയായിരുന്നു. “പ്ലാസ്റ്റിക്കു കൊണ്ടുള്ള ജ്വല്ലറിയ്ക്കുള്ള ഡിമാന്‍റ് തുടക്കത്തിൽ ഏറെയായിരുന്നുവെങ്കിലും പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ടാണ് അവ തയ്യാറാക്കിയിരുന്നതറിഞ്ഞതോടെ ആളുകളുടെ താൽപര്യം വഴിമാറി.

ഗ്ലാസി ഡ്രീംസ് ടു ഖത്താർട്ട്

2015 ൽ സ്വപ്നയുടെ ഭർത്താവിന് ഖത്തറിൽ മിനിസ്ട്രി ഓഫ് ഫിനാൻസിൽ നെറ്റ്‍വർക്ക് എഞ്ചിനീയറായി ജോലി കിട്ടിയതോടെയാണ് സ്വപ്നയുടെ കലാജീവിതത്തിന്‍റെ മറ്റൊരദ്ധ്യായം തുറക്കുന്നത്. “അവിടെ എത്തിയശേഷം അവിടുത്തെ കലാപാരമ്പര്യത്തെക്കുറിച്ചും കലാകാരന്മാരെക്കുറിച്ചുമൊക്കെ അറിയാനുള്ള ശ്രമമായിരുന്നു തുടക്കത്തിൽ. അങ്ങനെ പിറ്റേ മാസം തന്നെ ഖത്താർട്ടിൽ അംഗവുമായി” ഇപ്പോൾ ഈ കലാകുടുംബത്തിലെ വളരെ സജീവമായ കലാകാരിയാണ് സ്വപ്ന.

ധാരാളം ചിത്രകലാ പ്രദർശനങ്ങളിലും പങ്കെടുക്കാറുണ്ട്. മഞ്ഞുകാല സീസണിൽ ഒന്നിടവിട്ട വെള്ളിയാഴ്ചകളിൽ ഖത്താർട്ട് ദോഹയിലെ സാംസ്കാരിക കലാഗ്രാമമായ കട്ടാരയിൽ ഹാന്‍റ് മെയ്ഡ് കലാസൃഷ്ടികളുടെ വിപണിയിലും എക്സിബിഷനുകളിലും സജീവാംഗമാണ് ഈ കലാകാരി.

പ്ലാസ്റ്റിക് വേസ്റ്റിൽ നിന്ന് കല

യാദൃശ്ചികമായിട്ടായിരുന്നു പ്ലാസ്റ്റിക്കു കൊണ്ടുള്ള ആർട്ടിലേക്കുള്ള കടന്നു വരവ്. “ഓരോ കലാകാരനും വ്യത്യസ്തവും മൗലികവുമായ കലാസൃഷ്ടികൾക്കാകണം രൂപം നൽകേണ്ടത് എന്ന ചിന്തയാണ് പ്ലാസ്റ്റിക്കിന് കലാപരമായ മാനം നൽകാൻ എന്നെ പ്രേരിപ്പിച്ചത്.” ഡെസർട്ട് റോസ് എന്ന സീരിസിൽ പ്ലാസ്റ്റിക്കു കൊണ്ടുള്ള സ്വപ്നയുടെ 3 പെയിന്‍റിംഗുകളാണ് വിറ്റഴിഞ്ഞത്.

ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ട് രൂപം നൽകുന്ന 3ഡി ചിത്രങ്ങൾക്ക് രൂപം നൽകാൻ സ്വപ്നയ്ക്ക് വേണ്ടത് കത്രികയും ബോട്ടിൽ മുറിക്കാൻ കത്തിയും, കലാസൃഷ്ടികൾക്ക് നിറം പകരാനുള്ള ചായങ്ങളും ബ്രഷും മാത്രം. പിന്നെ ഈ കുപ്പികളുടെ രൂപം മാറ്റാൻ ചൂട് വെള്ളവും. ആശയങ്ങൾക്കനുസരിച്ച് ബോട്ടിലുകൾക്ക് രൂപ മാറ്റം വരുത്തിയാണ് കലാസൃഷ്ടികൾ തീർക്കുന്നത്.

“കലാസൃഷ്ടികൾക്കായുള്ള കുപ്പികൾ പരിചയക്കാരിൽ നിന്നോ റെസ്റ്റോറന്‍റുകളിൽ നിന്നോ ശേഖരിക്കും. പ്ലാസ്റ്റിക് വലിച്ചെറിഞ്ഞ് മാലിന്യമുണ്ടാക്കുന്നത് തടയുക എന്ന സദുദ്ദേശത്തോടെ പ്ലാസ്റ്റിക് ബോട്ടിലുകൾ തരുന്നവരുമുണ്ട്. ഇത്തരം കലാസൃഷ്ടികൾ അധികമായും വാങ്ങുന്നത് യുകെ, യുഎസിൽ നിന്നുള്ളവരാണ്. ഞാൻ പ്ലാസ്റ്റിക് ക്യാരി ബാഗുകളും ആർട്ടിനായി ഉപയോഗിക്കുന്നുണ്ട്.”

swapna namboodiri

പ്ലാസ്റ്റിക് റീസൈക്കിളിംഗ് ഫോർ ആർട്ട്

റീസൈക്കിളിംഗ് എന്നതിനേക്കാൾ പ്ലാസ്റ്റിക് റെഡ്യൂസ് ചെയ്യുകയെന്നുള്ള ആശയത്തിനാണ് സ്കൾപ്ച്ചർ ആർട്ടിലൂടെ സ്വപ്ന ലക്ഷ്യമിടുന്നത്. “ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്‍റെ അളവ് കുറയ്ക്കുകയെന്ന ആശയം നമ്മളും വരും തലമുറയും മനസിലാക്കണം.” സ്വപ്ന പറയുന്നു.

ജൈവികമായ സമ്പത്തിന് പ്ലാസ്റ്റിക് മാലിന്യം വലിയൊരു ഭീഷണിയാണ്. വലിയതോതിൽ കടലിൽ ചെന്നടിയുന്ന പ്ലാസ്റ്റിക് കടലിന്‍റെ ജൈവിക സമ്പത്തിനെ ഗുരുതരമായി ബാധിക്കുന്നുണ്ട്. സ്വപ്ന ചൂണ്ടിക്കാട്ടുന്നു.

“പ്ലാസ്റ്റിക്കു കൊണ്ട് ആദ്യം തയ്യാറാക്കിയ ആർട്ട്‍വർക്ക് ഇത്രയുമൊന്നും പഠിച്ചിട്ടോ അങ്ങനെ ഒരാശയം ഉൾക്കൊണ്ടിട്ടോ ആയിരുന്നില്ല. മുത്തുചിപ്പികൾ, പവിഴപ്പുറ്റുകൾ, മറ്റ് കടൽ ജൈവ വിഭവങ്ങളെ ആധാരമാക്കിയുള്ള ആർട്ട്‍വർക്കിന് ആൾക്കാരിൽ നിന്നും കിട്ടിയ പ്രതികരണത്തിൽ നിന്നാണ് ഞാനീ വിഷയം ഗൗരവമായി ആലോചിക്കാൻ തുടങ്ങിയത്”

“ഇത്തരം വർക്കുകൾ മുമ്പ് ആരെങ്കിലും ചെയ്തിട്ടുണ്ടോയെന്നറിയില്ല അവയെല്ലാം തന്നെ പരീക്ഷണങ്ങളായിരുന്നു. മറൈൻ തീമ്ഡ് ആർട്ട് വർക്കിന് ഞാൻ ധാരാളം സർച്ച് ചെയ്‌തു.”

“ഞാൻ എന്‍റെ രീതിയിൽ ചെയ്യുന്നു. അങ്ങനെ ഓരോരുത്തരും അവരവരുടേതായ രീതിയിൽ ചെയ്‌താൽ തീർച്ചയായും വലിയൊരു മാറ്റത്തിന് ഇടയാകും.” സാമൂഹിക പ്രതിബദ്ധത ഒരു കലാകാരിയെ സംബന്ധിച്ച് വളരെ പ്രധാനമാണെന്ന് ഈ വാക്കുകൾ വ്യക്‌തമാക്കുന്നു.

ഖത്താർട്ട്

30 ൽപ്പരം രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരടങ്ങുന്ന ഒരു ആർട്ട് കമ്മ്യൂണിറ്റിയാണ് ഖത്താർട്ട്. 60 ഓളം അംഗങ്ങളുണ്ട് ഇപ്പോൾ. അതിൽ ബോർഡ് റെപ്രസന്‍റേറ്റീവുമാരായ 5 പേരിൽ ഒരാളാണ് സ്വപ്ന.“വളരെ യൂണിക്കായ ഹാന്‍റ് മെയ്ഡ് ആർട്ട് പീസുകളാണ് ഈ കലാകാരന്മാർ പ്രദർശിപ്പിക്കുന്നത്.”

കഴിഞ്ഞ വർഷം ടോക്യോ ഇനർനാഷണൽ ആർട്ട് ഫെയറിൽ പങ്കെടുക്കാനുള്ള അവസരവും ഈ കലാകാരിയെ തേടിയെത്തി. സ്കർപ്ച്ചറൽ ആർട്ട്‍വർക്ക്സ് ആണ് സ്വപ്ന അവിടെ പ്രദർശിപ്പിച്ചത്. “കടലിലെ ജൈവ സമ്പത്തിനെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു തീം. പ്ലാസ്റ്റിക്കിന്‍റെ അമിതോപയോഗം പ്രകൃതിയ്ക്ക് നാശമുണ്ടാക്കുന്നു എന്നതായിരുന്നു ആർട്ടിലെ ഹൈലൈറ്റ്” സ്വപ്ന പറയുന്നു.

ചിത്രകലയെ സംബന്ധിച്ചുള്ള പരീശീലനത്തിനും മറ്റും സ്വപ്നയ്ക്ക് ഒരു യുട്യൂബ് ചാനലുമുണ്ട്. ദോഹയിൽ ഭർത്താവ് മനോജിനും മക്കളായ ശ്രദ്ധയ്ക്കും മാനവിനുമൊപ്പം കഴിയുന്ന സ്വപ്ന കലയുടെ പുതിയ തലങ്ങളുടെ അന്വേഷണത്തിലാണ്.

और कहानियां पढ़ने के लिए क्लिक करें...