കുട്ടിക്കാലം മുതൽ സാമൂഹ്യസേവനരംഗത്ത് പ്രവർത്തിക്കാൻ തുടങ്ങിയ വനിതയാണ് സുനിത കൃഷ്‌ണൻ. ബലാത്സംഗത്തിനും പെൺ വാണിഭത്തിനും ഇരയായവർ, കളളന്മാരുടെ വലയിലായ കുഞ്ഞുങ്ങൾ ഇങ്ങനെയുള്ളവരെ ഒക്കെ രക്ഷിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരിക എന്ന ദൗത്യമാണ് സുനിത ഇപ്പോൾ ചെയ്യുന്നത്. തനിക്കെതിരെ കൂട്ട ബലാത്സംഗം നടന്നപ്പോഴും, കൊലപാതക- ആസിഡ് ആക്രമണ ശ്രമങ്ങളുണ്ടായപ്പോഴും അതിശയിപ്പിക്കുന്ന കരുത്തോടെ അവർ ജീവിതത്തിലേക്ക് ഉയിർക്കൊണ്ടു. ഈ അസാധാരണമായ വെല്ലുവിളികളെല്ലാം അവരെ ദുർബലയാക്കി മാറ്റിയില്ല, മറിച്ച് ഒരു പോരാളിയാക്കി മാറ്റി. മനോവേദനകളും, ദേഹപീഢകളുമെല്ലാം അവരെ കൂടുതൽ കരുത്തയാക്കി.

30 വർഷമായി സാമൂഹ്യസേവനരംഗത്തു പ്രവർത്തിക്കുകയാണ് സുനിത. 15 വയസ് എന്ന ചെറുപ്രായത്തിൽ, ദളിത് സമുദായക്കാരെ സാക്ഷരരാക്കാൻ ശ്രമിച്ചതിന്‍റെ ശിക്ഷയായി കൂട്ടബലാത്സംഗം എന്ന അക്രമം നേരിട്ടു. ഗ്രാമത്തിലെ 8 പേരാണ് ഈ ക്രൂരത ചെയ്‌തത്. ഒപ്പം അവളെ തല്ലിച്ചതയ്‌ക്കുകയും ചെയ്‌തു. ഈ സംഭവത്തിനുശേഷം സുനിതയും കുടുംബവും ഒറ്റപ്പെട്ടു. ഇവരെ ഭയപ്പെടുത്താൻ അക്രമികൾ ശ്രമിച്ചുവെങ്കിലും, ആ ഭയത്തിനു മീതെ വിജയത്തെ പ്രതിഷ്‌ഠിച്ച് സുനിത മുന്നോട്ടു തന്നെ പോയി. ഈ സംഭവത്തിനുശേഷം, സ്‌ത്രീകളെ പീഡിപ്പിക്കുന്നവർക്കെതിരെ സുനിത ഒരു വാളായി ഉയർന്നുവന്നു. 2016-ൽ പദ്‌മശ്രീയും നേടി.

കുടുംബത്തിന്‍റെ പിന്തുണ എങ്ങനെയായിരുന്നു?

ഞാൻ വളരെ ചെറിയ പ്രായത്തിൽ സാമൂഹ്യസേവന രംഗത്തുവന്നു. 15 വയസ്സുള്ളപ്പോൾ എനിക്ക് കൂട്ടബലാൽക്കാരം നേരിടേണ്ടി വരികയും ചെയ്‌തു. അത് ഗ്രാമത്തിലെ ദളിത് വിഭാഗക്കാർക്ക് വിദ്യാഭ്യാസം നൽകിയതിനുള്ള ശിക്ഷയായിരുന്നു. അതെന്‍റെ ജീവിതത്തെ മാറ്റി മറിച്ചു. ആ സംഭവത്തിനുശേഷം എനിക്ക് ഉള്ളിലുണ്ടായ ഒരു തരം മരവിപ്പ് കണ്ട് എന്‍റെ കുടുംബം നിശബ്‌ദരായി. അന്നെനിക്ക് തോന്നിയത് അവരെന്നെ അവഗണിക്കുന്നു എന്നാണ്. പക്ഷേ 25 വർഷങ്ങൾക്കു ശേഷം ഇപ്പോൾ ഞാൻ ആ കാലത്തെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് തോന്നുന്നു, അവരുടെ നിശബ്‌ദതയാണ് എനിക്ക് മുന്നേറാനുള്ള പ്രചോദനമായത്.

പ്രജ്വലയുടെ ഉദ്ദേശ്യം?

പ്രജ്വല രൂപീകരിച്ചത് 1996 ലാണ്. വേശ്യാവൃത്തി ഉന്മൂലനം ചെയ്യണം എന്ന ഉദ്ദേശമായിരുന്നു തുടക്കത്തിൽ. പക്ഷേ അതൊരു സംഘടിതമായ കുറ്റകൃത്യമാണെന്നും, അവിടെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകലും, മറ്റൊരു നാട്ടിലേക്ക് കടത്തലും ആവശ്യക്കാരുടെ വീടുകളിൽ പോലും എത്തിക്കലും ഉണ്ടെന്ന് മനസിലായി. എന്തായാലും ഈ പ്രസ്‌ഥാനം വ്യക്‌തമായി ഞങ്ങൾ ഉപയോഗിച്ചു. വേശ്യാവൃത്തിയിൽ പെട്ടുപോയ പെൺകുട്ടികളെ രക്ഷിച്ചാൽ മാത്രം പോര, അവരുടെ ബന്ധുക്കളെ കണ്ടെത്തി ഏൽപ്പിക്കുക എന്ന ദൗത്യവും ഏറ്റെടുക്കേണ്ടിവന്നു. കുട്ടികളെ അവർ തിരിച്ചെടുക്കാതെ വന്നപ്പോൾ അവരുടെ പുനരധിവാസം ഒരു ചോദ്യ ചിഹ്‍നമായി.

ബലാൽക്കാരത്തിന്‍റെ ഇരകളോട് സമൂഹത്തിന്‍റെ കാഴ്‌ചപ്പാട് മാറിയോ?

സ്‌ത്രീയുടെ സുരക്ഷ, അവളുടെ ഉത്തരവാദിത്തമാണെന്ന ചിന്ത വച്ചു പുലർത്തിയാൽ ഒരിക്കലും സ്‌ത്രീ സുരക്ഷിതയാകാൻ പോകുന്നില്ല. നാം നമ്മുടെ ആൺകുട്ടികളെയും, സഹോദരന്മാരെയും പറഞ്ഞു മനസ്സിലാക്കിക്കണം. സ്‌ത്രീയുടെ സുരക്ഷ അവരുടെയും കർത്തവ്യമാണെന്ന ചിന്ത സൃഷ്‌ടിക്കണം. ഈ ചിന്തയുള്ള പുരുഷ സമൂഹം വളർന്നു വരുമ്പോൾ സ്‌ത്രീ സുരക്ഷിതയാകും.

ഈ പ്രവൃത്തികൾ ചെയ്യാൻ ഭർതൃകുടുംബത്തിന്‍റെ പിന്തുണ എത്രമാത്രമുണ്ട്?

ഞാൻ പോകുന്ന വഴിയിൽ പിന്നോട്ടു നടത്തമില്ല. എന്‍റെ ജോലിയെ കുറിച്ച് ആര് എന്ത് പറയുന്നു എന്നത് എനിക്ക് ബാധകവുമല്ല. എന്‍റെ ഭർത്താവ് രാജേഷ് എന്‍റെ ഓരോ കാൽവയ്‌പിലും ഒപ്പമുണ്ട്. അവരുടെ പിന്തുണ എനിക്ക് വളരെ വലുതാണ്.

സാമൂഹ്യ ജീവിതവും കുടുംബജീവിതവും എങ്ങനെ ക്രമീകരിക്കുന്നു?

എനിക്ക് രണ്ടും ഒന്നുതന്നെയാണ്. എന്‍റെ ജോലി, എന്‍റെ കുടുംബത്തിനും സമൂഹത്തിനും വേണ്ടിയാണ്. കഴിഞ്ഞ 20 വർഷത്തിനിടയിൽ ഞാൻ ഒരു ദിവസം പോലും അവധിയെടുത്തിട്ടില്ല. ഞായർ എന്നൊരു അവധി ദിവസമുണ്ടെന്ന് പോലും ഞാൻ ഓർക്കാറില്ല.

और कहानियां पढ़ने के लिए क्लिक करें...