അഞ്ജലി നായർ ഏറെ സന്തോഷത്തിലാണിപ്പോൾ. ദൃശ്യം 2 ൽ സരിതയെന്ന പോലീസുദ്യോഗസ്‌ഥയുടെ വേഷം ചെയ്‌ത സരിത പ്രേക്ഷക ഹൃദയങ്ങളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. സിനിമയിൽ ആദ്യ ഭാഗത്ത് ജോർജ്‌ജു കുട്ടിയുടെ കുടുംബത്തിന്‍റെ അയൽക്കാരിയായ വീട്ടമ്മയുടെ റോളിൽ എത്തി പിന്നീട് കഥയിൽ ട്വിസ്റ്റ് ഉണ്ടാക്കുന്ന വേഷപ്പകർച്ചയിലേക്ക് മാറുന്ന നടിയുടെ കഥാപാത്രം ശരിക്കും സ്ക്രീനിൽ വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങളാണ് കാഴ്ച വച്ചത്. ഏറെ പ്രശംസ പിടിച്ചു പറ്റുന്നതായിരുന്നു അഞ്ജലിയുടെ അഭിനയ മികവ്.
കാമുകിയായും സഹോദരിയായും അമ്മയായും ഭാര്യയായും തുടങ്ങി ഏത് റോളിലും അനായാസമായ അഭിനയപാടവം. നായകന്‍റെ അമ്മയാവാനും കാമുകിയാവാനും ഈ താരം തയ്യാർ. അതാണ് അഞ്ജലി നായർ. കയ്യിൽ കിട്ടുന്ന ഏത് കഥാപാത്രത്തേയും നൂറുശതമാനം ഉൾകൊണ്ട് അവതരിപ്പിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന നടി. പരസ്യ ചിത്രങ്ങളിലൂടെ സ്ക്രീനിലെത്തി, ബിഗ് സ്ക്രീനിന്‍റെ ഭാഗമായ ഈ സുന്ദരി, സിനിമാരംഗത്ത് തന്‍റേതായ കയ്യൊപ്പ് ചാർത്തി കഴിഞ്ഞു. അഞ്ജലി നായരുമായുള്ള സംഭാഷണത്തിൽ നിന്നും
ദൃശ്യം 2 വിലെ സരിതയെന്ന കഥാപാത്രമായതെങ്ങനെയാണ്.
ജിത്തുവേട്ടന്‍റെ (ജിത്തു ജോസഫ്) റാം എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ഞാൻ ചെയ്യുന്നുണ്ട്. ആ സമയത്ത് ദൃശ്യം 2 വിൽ ഒരു നല്ല കഥാപാത്രം തരാമെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. ദൃശ്യം 2 മോഹൻലാൽ ചിത്രമാണ്. വലിയൊരു ചിത്രത്തിന്‍റെ ഭാഗമാകണം എന്ന സന്തോഷത്തിൽ ഞാനെന്‍റെ കഥാപാത്രത്തെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. കോൺഫിഡൻഷ്യൽ ഭാഗങ്ങൾ മാറ്റിയുള്ള സ്ക്രിപ്റ്റാണ് എനിക്ക് വായിക്കാൻ തന്നത്. സ്ക്രിപ്റ്റ് വായിച്ചപ്പോൾ സരിതയെന്ന കഥാപാത്രം ശ്രദ്ധിച്ചെങ്കിലും അതായിരിക്കുകയല്ല എന്‍റെ കഥാപാത്രം മറ്റേതെങ്കിലും കഥാപാത്രമായിരിക്കുമെന്ന ചിന്തയിൽ കഥയിലെ മറ്റ് സ്ത്രീ കഥാപാത്രങ്ങളെയാണ് ഞാൻ ശ്രദ്ധിച്ചത്. ഒടുവിൽ അസോസിയേറ്റിനോട് ചോദിച്ചപ്പോഴാണ് സരിതയെന്ന കഥാപാത്രം എനിക്കുള്ളതാണെന്ന് മനസിലായത്. അതോടെ ഞാൻ ഫുൾ ബ്ലാങ്കായി പോയി. സരിതയെന്ന കഥാപാത്രത്തിനു വേണ്ടി എന്തെല്ലാം ചെയ്യണമെന്നുള്ള ടെൻഷനായിരുന്നു പിന്നെയെനിക്ക്. കഥാപാത്രത്തിനു വേണ്ടി ഫിസിക് മെയിന്‍റയിൽ ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. അതും ടെൻഷനായി. പെട്ടെന്ന് എങ്ങനെ അത് സാധിച്ചെടുക്കുമെന്ന ആധിയായിരുന്നു. പിന്നെയൊന്നും നോക്കിയില്ല. അതിനുള്ള തയ്യാറെടുപ്പുകൾ നടത്തി. സെറ്റിൽ പോയി അഭിനയിച്ചു. സരിത എന്ന കഥാപാത്രത്തെ നന്നായി അഭിനയിച്ച് ഫലിപ്പിക്കാൻ പറ്റിയെന്ന് പ്രേക്ഷകരുടെ പ്രതികരണത്തിലൂടെ അറിയാൻ പറ്റി. ഒരുപാട് പേർ എന്നെ ഫോൺ ചെയ്‌ത് അഭിനന്ദിച്ചിരുന്നു.
ജോർജ്‌ജു കുട്ടിയെ ചതിച്ചുവെന്ന പ്രതികരണങ്ങളെപ്പറ്റി…
എന്‍റെ കഥാപാത്രത്തിനെതിരെയുള്ള കുറ്റപ്പെടുത്തലുകളും വിമർശനങ്ങളും ഞാൻ ആസ്വദിക്കുകയാണ്. ഇങ്ങനെ വലിയൊരു സിനിമയിലൂടെ ഇത്രയും വലിയൊരു അംഗീകാരം കിട്ടുക, ലാലേട്ടനൊപ്പം, അതുപോലെ മറ്റ് കലാകാരന്മാർക്കൊപ്പം സ്ക്രീൻ സ്പേസ് കിട്ടുകയെന്നത് വലിയ കാര്യമല്ലേ.., അതൊക്കെ ഞാൻ ആസ്വദിക്കുകയാണ്.
സിനിമയിലേക്ക് നിശബ്ദമായ കടന്നു വരവായിരുന്നല്ലോ?
ഏറെക്കുറെ അങ്ങനെ തന്നെയെന്ന് പറയാം. ഞാൻ കുറേ ആഡ്ഫിലിംസ് ചെയ്യുമായിരുന്നു. എന്‍റെ ചില പരസ്യചിത്രങ്ങൾ കണ്ടിട്ടാണ് എനിക്ക് തമിഴിലേക്ക് അവസരങ്ങൾ കിട്ടുന്നത്. അതിനു ശേഷം ഞാൻ അഞ്ച് വീഡിയോ ആൽബവും ചെയ്തിരുന്നു. തമിഴിൽ ഉന്നൈ കാതലിപ്പേൻ, നെല്ല് തുടങ്ങിയ ചിത്രങ്ങൾ കഴിഞ്ഞാണ് മലയാളിത്തിലേക്ക് വന്നത്. സീനിയേഴ്സ് ആയിരുന്നു മലയാളത്തിലെ എന്‍റെ ആദ്യത്തെ സിനിമ.
ബാലതാരമായി ആദ്യം?
അതെ, എനിക്ക് 5 വയസ്സുള്ളപ്പോൾ ഞാൻ മാനത്തെ വെള്ളിത്തേരും മംഗല്യസൂത്രവും ചെയ്‌തിരുന്നു. പിന്നെ അത് കഴിഞ്ഞ് കെജി ജോർജ്‌ജ് സാറിന്‍റെ ഒരു സീരിയലിലും വേഷമിട്ടിട്ടുണ്ട്. 2008 ൽ ഞാൻ മോഡലിംഗ് ചെയ്‌ത് തുടങ്ങി. ഹരി പി നായർ, രമേഷ് പിഷാരടി, ധർമ്മജൻ എന്നിവരാണ് ഞാൻ മലയാള സിനിമയിൽ എത്താൻ കാരണക്കാരായവർ. ഏഷ്യാനെറ്റിന്‍റെ ഫണ്ണി ബേബി കോണ്ടസ്റ്റ്. പരിപാടിയിൽ കുട്ടികളോട് സംസാരിക്കാൻ വേണ്ടി ഇവർ മൂന്നുപേരും എന്നെ വിളിച്ചു. ഔട്ട് ഡോറിൽ പോയി കുട്ടികളോട് പേരും മറ്റും ചോദിക്കുക അതൊക്കെയായിരുന്നു എന്‍റെ ചുമതല. ഈ പരിപാടി കണ്ടിട്ട് ആഡ് ഫിലിം ഡയറക്ടർ സുരേന്ദ്രൻ മോഡലിംഗ് ചെയ്യാമോയെന്ന് ചോദിച്ചു. ആദ്യം എനിക്ക് ടെൻഷനായിരുന്നു ശരിയാകുമോ എന്നൊക്കെ ഓർത്ത്. അങ്ങനെ മൂന്ന് മാസം കഴിഞ്ഞ് ആദ്യത്തെ പരസ്യം ചെയ്‌തു. തുടർന്നാണ് എനിക്ക് സിനിമയിലേക്ക് അവസരം കിട്ടുന്നത്. 2011 ൽ സീനിയേഴ്സിൽ ചാക്കോച്ചന്‍റെ അനിയത്തിയുടെ വേഷം ചെയ്‌താണ് സിനിമയിൽ തുടക്കമിടുന്നത്. പിന്നെ വെനീസിലെ വ്യാപാരി… അത് കഴിഞ്ഞ് വിവാഹം നടന്നു. പിന്നെ മോളുണ്ടായി. ഇതൊക്കെയായി ചെറിയൊരു ബ്രേക്ക് വന്നു. അതിനു ശേഷം കുറേ മൂവീസ് ചെയ്‌തു.
ബെൻ (ആശ)യും വൈറ്റ് ബോയ്സ് (ഗീതയും)…
ചാലഞ്ചിംഗ് ആയിരുന്നു. വളരെ എക്സ്ട്രീം ആയ കഥാപാത്രമാണ് ബെന്നിലെ ആശ. അവാർഡ് കിട്ടിയതിൽ വളരെ സന്തോഷമുണ്ട്. എനിക്കും മകനായി അഭിനയിച്ച ഗൗരവിനും അവാർഡ് കിട്ടുമെന്ന് എനിക്ക് ചുറ്റുമുള്ളവർ ഒത്തിരി പ്രതീക്ഷിച്ചിരുന്നു. അവാർഡ് കിട്ടിയപ്പോൾ വലിയ സന്തോഷമാണ് തോന്നിയത്. ബെന്നിലെ ആശയെപ്പോലെ എക്സ്ട്രീം ക്യാരക്‌റ്ററായിരുന്നു ഗീതയും. ബെന്നിന്‍റെ ഡയറക്‌ടർ ആറ്റ്ലിയേട്ടൻ തലേദിവസമാണ് ഈ പടത്തിന്‍റെ ഭാഗമാകാൻ എന്നെ വിളിക്കുന്നത്. ആറ്റ്ലിയേട്ടൻ പെട്ടെന്ന് വിളിച്ചിട്ട് നിനക്കിത് ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചു. അത്രയും വെല്ലുവിളിയുള്ള കഥാപാത്രം എന്നെ ഏൽപിക്കാൻ ധൈര്യം കാട്ടിയ ആറ്റ്ലിയുടെ ആത്മവിശ്വാസമാണ് ആ പടം ഏറ്റെടുക്കാൻ എനിക്ക് പ്രേരണയായത്.
അഭിനയിക്കുമ്പോൾ ചിരിക്കരുതെന്ന ഒറ്റ കാര്യമാണ് ആറ്റ്ലിയേട്ടൻ എന്നോട് ആവശ്യപ്പെട്ടത്. അത്രയ്ക്ക് ക്രൂരമായ അമ്മയാണ് ബെന്നിലെ ആശ. അത്രയ്ക്ക് എക്സ്ട്രീമായി ആ ക്യാരക്റ്ററെ അവതരിപ്പിക്കണം അതൊക്കെ കേട്ടപ്പോൾ ഇത്തിരി ടെൻഷൻ തോന്നിയെങ്കിലും ഞാനത് ചെയ്‌തു. ക്രൂരയായ ഡയലോഗുകൾ പറയണം, ദേഷ്യം പ്രകടിപ്പിക്കണം ഇങ്ങനെ ആ കഥാപാത്രത്തെ എത്രമാത്രം ക്രൂരയാക്കാമോ അത്രയും ക്രൂരമാക്കി. ഓരോ സീനിന് കട്ട് പറഞ്ഞ് കഴിയുമ്പോൾ സെറ്റിൽ ഇരുന്ന് കരഞ്ഞുപോയ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. കാരണം ഞാനും ഒരമ്മയാണല്ലോ. കൂട്ടുകാർ പടം കണ്ടിട്ട് എന്നെ അടിക്കാൻ തോന്നി വെറുത്തു പോയി എന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക് സന്തോഷം തോന്നി.
പുലിമുരുകൻ, കുട്ടി മോഹൻലാലിന്‍റെ അമ്മ, കമ്മട്ടിപ്പാടത്തിൽ ദുൽഖറിന്‍റെ അമ്മ. അമ്മ വേഷത്തിൽ മാത്രം ഒതുങ്ങിപ്പോകുമെന്ന ഭയമുണ്ടോ?
ഒരിക്കലും ഭയമില്ല. കയ്യിൽ കിട്ടുന്ന കഥാപാത്രങ്ങൾ അമ്മയാണോ അതോ മറ്റ് വല്ല കഥാപാത്രമാണെന്നൊന്നും ഞാൻ നോക്കാറില്ല. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ഏത് കഥാപാത്രവും ചെയ്യാൻ തയ്യാറായിരിക്കണം എന്ന വിശ്വാസക്കാരിയാണ് ഞാൻ. കമ്മട്ടിപ്പാടത്തിൽ ദുൽഖറിന്‍റെയും മുത്തുമണിയുടെയും ബാല്യകാലത്തിലെയും മുതിർന്നപ്പോഴത്തെയും അമ്മയാണ് ഞാൻ. അവരൊക്കെ കംപ്ലീറ്റ് ആക്ടേഴ്സാണ്. അവരുടെ മുന്നിൽ പറ്റില്ല എന്ന് പറഞ്ഞ് മാറി നിൽക്കുന്നതിൽ എന്തർത്ഥമാണുള്ളത്. എന്നെ അലട്ടിയ ഒരേയൊരു കാര്യം അമ്മ റോൾ ചെയ്യുമ്പോൾ ശരിയാകാതെ പാളി പോകുമോ എന്ന് മാത്രമായിരുന്നു. ഇക്കാര്യം ദുൽഖറിനോട് പറഞ്ഞപ്പോൾ ഒരു കുഴപ്പവുമില്ല പെർഫക്റ്റാണ് എന്നായിരുന്നു ദുൽഖറിന്‍റെ മറുപടി.
എന്‍റെ മകൻ എന്നെ ആക്സ്പ്പറ്റ് ചെയ്തല്ലോ… അപ്പോൾ പിന്നെ ഒരു കുഴപ്പവുമില്ല (ചിരിക്കുന്നു). രാജീവ് രവിയെപ്പോലെയുള്ള സംവിധായകൻ ആ ക്യാരക്റ്റർ എന്നെ വിശ്വസിച്ച് ഏൽപിക്കുമ്പോൾ ആ റോൾ മികച്ചതാക്കുക എന്നത് മാത്രമായിരുന്നു മനസ്സിൽ. അതുപോലെ തമിഴ് സിനിമയായ മറുപടിയിൽ 60 വയസ്സുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതെനിക്ക് ചാലഞ്ചിംഗ് ആയാണ് തോന്നിയത്. അമ്മയായി അഭിനയിച്ചു എന്നതു കൊണ്ട് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരങ്ങൾ എനിക്ക് നഷ്‌ടപ്പെട്ടിട്ടുമില്ല.
മുതിർന്ന കഥാപാത്രങ്ങൾ മാത്രമല്ല ചെറുപ്പക്കാരുടെ ജോഡിയായായിട്ടും അഭിനയിക്കാൻ എനിക്ക് അവസരങ്ങൾ കിട്ടുന്നുണ്ട്. ഒരു സീനിൽ പോലും അഭിനയിക്കാൻ ഞാൻ തയ്യാറാണ്. അത് ഭംഗിയായി ചെയ്യുകയെന്നത് മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ.
ഡ്രീം റോൾ
അപ്രതീക്ഷിതമായാണ് ഞാൻ സിനിമയിൽ വരുന്നത്. എന്‍റെ സ്വപ്നത്തിൽ പോലും സിനിമാമോഹം ഉണ്ടായിരുന്നില്ല. സിനിമയിൽ അഭിനയിച്ച് തുടങ്ങിയപ്പോൾ പോലും അങ്ങനെയൊരു ഡ്രീം റോളിനെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. എനിക്ക് ഇതുവരെ കിട്ടിയ എല്ലാ കഥാപാത്രങ്ങളും സംതൃപ്തി തന്നവയാണ്. വളരെ പ്രഗത്ഭരായ സംവിധായകരുടെ കൂടെ വർക്ക് ചെയ്യാനുള്ള അവസരം കിട്ടുകയെന്നതാണ് മോഹം. സിബിമലയിൽ, സത്യൻ അന്തിക്കാട്, ജോഷി തുടങ്ങിയവരുടെ ചിത്രങ്ങളിൽ അഭിനയിക്കാൻ വലിയ മോഹമുണ്ട്. അവരുടെ കൂടെ നിന്ന് നല്ല കാര്യങ്ങൾ പഠിച്ചെടുക്കുക. അല്ലാതെ മണിച്ചിത്രത്താഴിൽ ശോഭനചേച്ചി ചെയ്‌തതു പോലെയുള്ള കഥാപാത്രം എനിക്ക് കിട്ടിയെങ്കിൽ എന്നൊന്നും ഞാൻ ആഗ്രഹിക്കില്ല. കിട്ടിയാൽ തന്നെ എനിക്ക് പെർഫോം ചെയ്യാൻ പറ്റുകയുമില്ല.
സമൂഹത്തിൽ നടക്കുന്ന നല്ലതും ചീത്തയുമായ സംഭവങ്ങൾ ശ്രദ്ധിക്കാറുണ്ടോ?
തീർച്ചയായും, പക്ഷേ എല്ലാ കാര്യത്തിലും ഇൻവോൾവ് ആകാൻ പറ്റാറില്ല. പൊതുവായ പ്രതിഷേധ കൂട്ടായ്മകളിലൊക്കെ ഞാൻ സജീവമായി പങ്കെടുക്കാറുണ്ട്. പ്രതിഷേധിക്കാറുണ്ട്. രാഷ്ട്രീയത്തെക്കുറിച്ച് വലിയ പിടിപാടൊന്നുമില്ല. എങ്കിലും സമൂഹത്തിൽ നടക്കുന്ന അനീതികൾ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഒക്കെ കാണുമ്പോൾ വല്ലാതെ അമർഷവും വെറുപ്പുമൊക്കെ തോന്നാറുണ്ട്. പക്ഷേ ഒരു പെൺകുട്ടിയായതുകൊണ്ട് ചുറ്റും അപകടങ്ങൾ പതിയിരുപ്പുണ്ട് എന്ന് കരുതി ജീവിക്കാൻ ഞാൻ തയ്യാറല്ല. അങ്ങനെ പേടിയൊന്നുമില്ല. അങ്ങനെ പേടിച്ചാൽ നമുക്ക് ജീവിക്കാനാവുമോ? വീട്ടിൽ നിന്ന് പോയി വരാവുന്ന ദൂരങ്ങളിലാണ് ലൊക്കേഷനെങ്കിൽ ഞാൻ ഒറ്റയ്ക്ക് പോകും. ദൂരെയാണെങ്കിൽ മാത്രമേ അച്ഛനൊ അമ്മയൊ സഹോദരനൊ കൂടെ വരൂ. മിക്കപ്പോഴും അമ്മയേയും മോളേയും കൂട്ടി ജോളിയായിട്ടാവും ലൊക്കെഷനിൽ പോകുക.
അഭിനയവുമായി ബന്ധപ്പെട്ട് പഠനങ്ങളും നിരീക്ഷണങ്ങളും നടത്താറുണ്ടോ?
ഞാൻ അഭിനയം എന്താണെന്ന് അറിയാതെയാണ് ഈ ഫീൽഡിൽ വന്നത്. അതുകൊണ്ട് ആത്മവിശ്വാസക്കുറവുണ്ടായിരുന്നു. സംവിധായകൻ പറഞ്ഞതനുസരിച്ച് ഞാൻ അഭിനയിച്ചു. എന്‍റെ അഭിപ്രായത്തിൽ പുസ്തകങ്ങൾ വായിച്ചതു കൊണ്ടോ കുറേയെറേ സിനിമകൾ കണ്ടതു കൊണ്ടോ അഭിനയം പഠിക്കാനാവില്ല. അത് ഓരോ കലാകാരന്‍റെ ഉള്ളിൽ നിന്നും വരേണ്ട ഒന്നാണ്. ആത്മാവിഷ്ക്കാരമാകണം. എന്നാലെ മൗലികതയുണ്ടാകൂ.
ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമ… അടുത്ത കഥാപാത്രത്തിലേക്ക് മനസ്സു കൊണ്ട് ഇഴുകിച്ചേരാൻ തയ്യാറെടുപ്പുകൾ?
2-3 ദിവസത്തെ വ്യത്യാസത്തിലാവും ഞാൻ മറ്റൊരു സിനിമയിലെ കഥാപാത്രം ചെയ്യുക. കമ്മട്ടിപ്പാടം ചെയ്യുമ്പോൾ കഥാപാത്രത്തിന് പക്വത തോന്നിപ്പിക്കാൻ ഞാൻ ബിരിയാണിയൊക്കെ കഴിച്ച് തടി കൂട്ടിയിരുന്നു. അടുത്ത പടം ചെയ്യുമ്പോൾ ശരീരം മെലിയാൻ വേണ്ടി പരിശ്രമിച്ചു. ഓരോ കഥാപാത്രവും ചെയ്യുമ്പോൾ പെട്ടെന്ന് ആ കഥാപാത്രവുമായി ഇഴുകിച്ചേരാൻ കഴിയാറുണ്ട്. അതൊരു പക്ഷേ സംവിധായകന്‍റെ മിടുക്കാകാം. സിനിമയിൽ ചിലപ്പോൾ ഒന്നോ രണ്ടോ സീനിലെ കാണൂവെങ്കിൽ ആ കഥാപാത്രത്തോടുള്ള ഇഷ്‌ടം കൊണ്ട് ഇച്ചിരി കൂടി ഉണ്ടായിരുന്നുവെങ്കിൽ എന്നൊക്കെ മോഹിച്ച് പോകാറുണ്ട്.
ഒഴിവ് വേളകൾ എങ്ങനെയാണ് ആസ്വദിക്കുന്നത്?
വീട്ടിലാണെങ്കിലും പുറത്താണെങ്കിലും വെറുതെയിരിക്കുമ്പോൾ കൂട്ടുകാരെയൊക്കെ വിളിച്ച് പരസ്പരം വിശേഷങ്ങൾ പറയും. എല്ലാ വൈകുന്നേരവും മോളെയും കൂട്ടി പുറത്ത് കറങ്ങാൻ പോകും. പിന്നെ വീട്ടുകാരുമായി സിനിമ കാണും.
പാചകമെങ്ങനെ?
പാചകം, അതൊക്കെ അമ്മ ചെയ്യും. എനിക്ക് ഏറ്റവുമിഷ്ടപ്പെട്ട കാര്യം വീട് ക്ലീൻ ചെയ്യലാണ്. അത് ഞാൻ ആസ്വദിച്ച് തന്നെ ചെയ്യും.
ജീവിതത്തിൽ എപ്പോഴും മുറുകെ പിടിക്കുന്ന ഫിലോസഫി?
എന്‍റെ ഫിലോസഫി എന്‍റെ ജീവിതവും ജോലിയുമാണ്. സ്വന്തം ജീവിതത്തെ നോക്കി കാണുന്ന രീതിയാണത്. സിനിമയിൽ ഏത് കാരക്റ്റർ കിട്ടിയാലും ചെറുതോ വലുതോ എന്ന് നോക്കാതെ പൂർണ്ണമായ മനസ്സോടെ ചെയ്യുകയെന്നതാണ് എന്‍റെ ഫിലോസഫി അതിൽ അഭിമാനവും ഉണ്ട്.
അടുത്ത പ്രോജക്ടുകൾ
മീസാൻ ഉടൻ തന്നെ റിലീസാകും. റാം, ആറാട്ട്, വൺസെക്കന്‍റ്, മോഹൻ കുമാർ ഫാൻസ്, അവിയൽ, ലിക്കർ ഐലൻറ്,സൺ ഓഫ് ഗാങ്സ്റ്റർ, മരട് 357, കാവൽ, ജിബുട്ടി എന്നിവയാണ് അടുത്ത ചിത്രങ്ങൾ. ഇതിൽ അവിയൽ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്.