ഒറ്റ റിലീസുകൊണ്ട് കാണികളുടെ ഹരമായി മാറിയ താരമാണ് രൺവീർ സിംഗ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ രൺവീർ ബോളിവുഡിലെ തിരക്കുള്ള താരമായി വളർന്നു. റൊമാന്‍റിക്, ആക്ഷൻ, കോമഡി, ചരിത്ര – പുരാണ സിനിമകളിൽ തിളങ്ങി. രൺവീർ ചെയ്‌ത സിനിമകൾ എല്ലാം തന്നെ ഹിറ്റുകൾ ആയിരുന്നു. ഈ ഗ്ലാമർ താരം പല ഫാഷൻ ഷോകളുടെയും ഷോ സ്റ്റോപ്പർ ആയിരുന്നു. ഒരിക്കൽ റാംപിൽ തെന്നി വീണതിനാൽ അടുത്തിരിക്കുന്നവർക്കും പരിക്കു പറ്റി. ഈ വാർത്ത സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി. എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരം, ദീപിക പദുകോണിനെ വിവാഹം കഴിച്ചതോടെ കൂടുതൽ ആരാധകരെയും സമ്പാദിച്ചു. എനർജി കിംഗ് എന്നറിയപ്പെടുന്ന രൺവീർ മനസ്സ് തുറക്കുന്നു…
കരിയറിൽ വളരെ നല്ല സമയമാണിപ്പോൾ, രൺവീർ സിംഗിന് എന്തു തോന്നുന്നു?
വിവാഹ ശേഷമാണ് എന്‍റെ സമയം കൂടുതൽ നന്നായതെന്ന് തോന്നുന്നു (ചിരിക്കുന്നു). ഈ നല്ല സമയം എന്‍റെ അദ്ധ്വാനത്തിന്‍റെ ഫലമാണ്. ആ കഠിനശ്രമത്തിന്‍റെ റിസൾട്ടാണിപ്പോൾ എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. കർമ്മം ചെയ്യുക, ഫലം തീർച്ചയായും പിറകെ ലഭിക്കും. ഇതാണെന്‍റെ ജീവിതം പഠിപ്പിച്ചത്. എനിക്കെന്നും ജോലിയുണ്ട് എന്നതാണ് വലിയ കാര്യം. എന്നും രാവിലെ ഉണർന്ന് ഞാൻ ജോലിയ്ക്ക് പോകുന്നു. ഒരു കലാകാരനെ സംബന്ധിച്ച് അവന്‍റെ കഴിവുകൾ പുറത്ത് കൊണ്ടുവരാനുള്ള അവസരം ലഭിക്കുക എന്നത് തന്നെയാണ് വലിയ അനുഗ്രഹം. സിനിമ ഹിറ്റായാലും ഫ്ളോപ്പായാലും അത് എന്നെ അധികം ബാധിക്കാറില്ല. ഫിലിം മേക്കിംഗിന്‍റെ പ്രോസസ് ഞാൻ ആസ്വദിക്കുകയാണ്. സിനിമ എനിക്കൊരിക്കലും മടുക്കുകയില്ല. പാഷനേക്കാൾ ഉപരിയായ എന്തോ ആണ് ഇതെനിക്ക്.
ഇപ്പോൾ ലഭിച്ച സ്റ്റാർഡം എങ്ങനെ കാണുന്നു?
ഞാൻ വലിയ താരമായി തീർന്നു എന്നുള്ളത് ഒരു റിയാലിറ്റി ആണ്. പക്ഷേ അതേപ്പറ്റി ഞാൻ അധികം ഓർക്കാറില്ല. സ്റ്റാർഡം സത്യത്തിൽ വലിയ ബാധ്യതയാണ്. പ്രശസ്തിയോട് എനിക്ക് അധിക ജ്വരമൊന്നുമില്ല. എന്‍റെ യാത്ര തുടങ്ങിയതേയുള്ളൂ എന്നാണെന്‍റെ തോന്നൽ. ഇനിയും ഒരുപാട് ജോലി ചെയ്യാനുണ്ട്. നല്ല സിനിമകൾക്കായി ഞാൻ കാത്തിരിക്കുകയാണ്. സ്വഭാവികമായി അത് സംഭവിക്കണം എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു.
വളരെ ധനികനായി തീർന്നപ്പോൾ ജീവിതവും വഴിമാറിയില്ലേ?
ഞാൻ അത്ര ധനികനൊന്നുമല്ല, സാമ്പത്തികമായി. പക്ഷേ കുടുംബം, ഭാര്യ, ഫാൻസ് എന്നിവ കൊണ്ട് ഞാൻ വളരെ ധനികനാണ്. ഇവരുടെ സ്നേഹമാണ് എന്നെ സമ്പന്നനാക്കുന്നത്. പണം, അത് ശാശ്വതമല്ലല്ലോ. എന്‍റെ വിയർപ്പിന്‍റെ വിലയാണ് പണമായി മാറുന്നത്.
നടനായത് യാദൃശ്ചികമായിട്ടാണോ അതോ കുട്ടിക്കാലം മുതൽ ഉള്ള ആഗ്രഹമായിരുന്നോ?
ചെറുപ്പത്തിലെ വലിയ ആളാവണമെന്ന് ആഗ്രഹിച്ചിരുന്നു. ചിലപ്പോൾ ക്രിക്കറ്റർ, ചിലപ്പോൾ റാപ്പർ ആവണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ നടനാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും അഭിനയം എനിക്ക് വലിയ ഇഷ്ടമായിരുന്നു. ഇപ്പോൾ നടനായതിനാൽ എല്ലാ ആഗ്രഹങ്ങളും സാധിക്കാൻ കഴിയുന്നുണ്ട്. ഗള്ളി ബോയ് എന്ന ചിത്രത്തിൽ ഞാൻ റാപ്പർ ആയി അഭിനയിച്ചു. ക്രിക്കറ്റർ കഥാപാത്രമായി ഉടനെ തന്നെ വരും. ഇങ്ങനെ ആഗ്രഹങ്ങൾ പല രൂപത്തിൽ സഫലമാക്കാൻ കഴിയുന്നത് അനുഗ്രഹമായി കാണുന്നു.
പല ചെറുപ്പക്കാരും അഭിനയ മോഹം കൊണ്ട് മുംബൈയിൽ എത്തുന്നുണ്ട്. എന്നിട്ട് ഒന്നുമാവാൻ കഴിയാതെ തിരിച്ചു പോകുന്നു. നിങ്ങളുടെ അനുഭവം എന്താണ്?
സിനിമാ രംഗത്ത് പിടിച്ചു കയറാൻ വലിയ പാടാണ്. മുംബൈ ഒരു സ്വപ്നനഗരിയാണ്. തങ്ങളുടെ സ്വപ്നം സഫലമാക്കാൻ അനേകായിരങ്ങൾ നിത്യവും ഈ മഹാനഗരത്തിലേയ്ക്ക് വരുന്നുണ്ട്. ഇത് വലിയ സ്ട്രഗിൾ ആണ്. ഞാൻ മുംബൈയിൽ തന്നെ ജനിച്ചു വളർന്ന ആളാണ്. എന്നിട്ടും എനിക്ക് 3-4 വർഷം അലയേണ്ടി വന്നു. ബ്രേക്കൊന്നും ലഭിച്ചിരുന്നില്ല. അത് ഓർക്കുമ്പോൾ തന്നെ വേദന തോന്നും. അമേരിക്കയിൽ നിന്ന് പഠനം കഴിഞ്ഞു വന്നതാണെങ്കിലും ജോലിയൊന്നും ലഭിച്ചിരുന്നില്ല. സാമ്പത്തികശേഷിയും കുറവായിരുന്നു.
വളരെ പതുക്കെയാണ് ഞാൻ പിടിച്ചു കയറിയത്. അന്ന് ചിത്രങ്ങൾ നിർമ്മിക്കുന്നതും കുറവായിരുന്നു. പുതുമുഖങ്ങളെ വച്ച് അധികം സിനിമകൾ ഒന്നും വന്നിരുന്നില്ല. വളരെ കഠിനമായിരുന്നു ആ കാലം. ഞാൻ വിഷാദത്തിനു അടിപ്പെടുമോ എന്നുപോലും ഭയന്നിരുന്നു. പക്ഷേ എന്‍റെ ശ്രമങ്ങൾ പാഴായില്ല. എനിക്ക് സിനിമകൾ കിട്ടി.
പലപ്പോഴും ഫാൻസിന്‍റെ ഇടയിലേയ്ക്ക് ഇറങ്ങി ചെല്ലാറുണ്ട്. അത് ചില പ്രശ്നങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ഇനിയും ഈ കാര്യത്തിൽ മാറ്റം ഉണ്ടാകുമോ?
എന്‍റെ ആരാധകരെ സന്തോഷിപ്പിക്കേണ്ടത് എന്‍റെ കടമയല്ലേ? എന്നാലും ഞാൻ ഒന്ന് സ്വയം കൺട്രോൾ ചെയ്യുന്നത് തന്നെയാണ് നല്ലത്. പലരും ഉപദേശിക്കാറുണ്ടെങ്കിലും ഫാൻസിന്‍റെ ആവേശം കാണുമ്പോൾ ഞാനും സ്വയം മറന്നു പോകും. ഭാവിയിൽ ഈ കാര്യത്തിൽ എനിക്ക് പക്വത കൈവരുമെന്നാണ് തോന്നുന്നത്. ഇപ്പോൾ വിവാഹിതനൊക്കെ ആയല്ലോ (ചിരിക്കുന്നു). എങ്കിലും ഫാൻസിനെ കെട്ടിപ്പിടിക്കാനും കൈ കൊടുക്കാനും അവർക്കൊപ്പം സെൽഫി എടുക്കാനും എനിക്ക് വളരെ ഇഷ്ടമാണ്. പ്രേക്ഷകർക്കിടയിലേക്കിറങ്ങി ചെന്ന് അവർക്ക് സ്നേഹം നൽകാൻ, അവരുടെ തന്നെ സൃഷ്ടിയായ താരങ്ങൾക്ക് ബാധ്യതയുണ്ട് എന്നാണ് എന്‍റെ പക്ഷം.
അടുപ്പിച്ച് മൂന്ന് സിനിമകൾ സഞ്‌ജയ്‍ലീലാ ബൻസാലിക്കൊപ്പം. ഏതൊരു നടനും ആഗ്രഹിക്കുന്ന കാര്യമാണ് രൺവീറിനു തുടക്കത്തിൽ തന്നെ കിട്ടിയത്?
എന്നെ തെരഞ്ഞെടുത്തതിൽ ഞാനദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ആദിത്യ ചോപ്രാ ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു നിങ്ങൾ നിങ്ങളുടെ ഡയറക്ടർക്ക് 100 ശതമാനം എപ്പോഴും കൊടുക്കണം. എങ്കിൽ അദ്ദേഹം വേറെ ആളെ പിന്നീട് ചിന്തിക്കില്ല എന്ന്. അപാരസിദ്ധിയുള്ള ആളാണ് സജഞയ്‍ലീലാ ബൻസാലി. ഹൈപ്പർ സെൻസിറ്റീവായ ബുദ്ധിമാനായ മനുഷ്യനാണ് അദ്ദേഹം. മീഡിയം ലെവലിൽ ഉള്ളതൊന്നും അദ്ദേഹം അംഗീകരിക്കില്ല. ഇങ്ങനെ ഉള്ള ഒരു പ്രതിഭയ്ക്ക് ഒപ്പം ജോലി ചെയ്യാൻ സാധിച്ചത് എന്‍റെ മഹാഭാഗ്യമാണ്.
83 എന്ന ചിത്രത്തിൽ കപിൽ ദേവിനെ ആണ് അവതരിപ്പിക്കുന്നത്?
അതെ, മഹാനായ ക്രിക്കറ്ററുടെ ജീവിതമാണ് ആ സിനിമ. ഇതിനായി ഞാൻ ക്രിക്കറ്റിന്‍റെ എല്ലാ വശങ്ങളും മനസിലാക്കുന്നു. നന്നായി പ്രാക്ടീസും ചെയ്തു. കപിൽ സാറുമായി ദീർഘനേരം ഇതേപ്പറ്റി സംസാരിച്ചിരുന്നു. കഥാപാത്രത്തോട് നീതി പുലർത്താൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് എന്നു തന്നെയാണ് എന്‍റെ വിശ്വാസം.