വലിയൊരു കൊടുങ്കാറ്റിനും പേമാരിക്കും ശേഷം ക്രമേണ അന്തരീക്ഷം ശാന്തമാകാൻ തുടങ്ങിയിരിക്കുന്നു. ഇടിമുഴക്കങ്ങളും ഗർജ്ജനങ്ങളും വിടർന്ന രണ്ടു കുഞ്ഞു കണ്ണുകളിൽ ഭയത്തിന്‍റെ അലകൾ നിറച്ചു കഴിഞ്ഞിരുന്നു അപ്പോഴേക്കും. ഇപ്പോൾ മുറിയിലാകെ കനം തൂങ്ങുന്ന നിശബ്ദത മാത്രം…

സൂചി വീണാൽ പോലും കേൾക്കാവുന്ന നിശബ്ദതയെ അൽപമെങ്കിലും പോറലേൽപ്പിക്കുന്നത് അടക്കിയിട്ടും അടങ്ങാതെ പുറത്തേക്കു തെറിച്ചു വീഴുന്ന നീലിമയുടെ തേങ്ങലുകൾ മാത്രമാണ്… പാവം കുട്ടി. കട്ടിലിനടിയിൽ ഒളിച്ചിരിക്കുന്ന അവളുടെ ഭീതി നിറഞ്ഞ കുഞ്ഞുമുഖം തറയിൽ ചടഞ്ഞിരിക്കുന്ന തനിക്കും കാണാം.

ഓർക്കുന്തോറും രമേശിനോടുള്ള കോപം അനുനിമിഷം പൊങ്ങിവരുന്ന ഭയാനകമായ ജലപ്പരപ്പുപോലെ തന്നിൽ നിറഞ്ഞു കവിഞ്ഞ് ചുറ്റുപാടുകളെ വിഴുങ്ങാൻ തുടങ്ങിയിരിക്കുന്നു. ഇപ്പോൾ സങ്കടമല്ല അനുഭവപ്പെടുന്നത്. സർവ്വവും നശിപ്പിച്ച് ചാമ്പലാക്കാനുള്ള വ്യഗ്രതയാണ്. അങ്ങനെയെങ്കിലും രമേശിനോട് പ്രതികാരം ചെയ്യണം.

ആ വിങ്ങുന്ന കുഞ്ഞുമനസ്സിനെ എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കാനാവുക. ഒന്നുമറിയാത്ത പ്രായത്തിൽ മനസ്സിനേൽക്കുന്ന ആഘാതങ്ങൾ അവളെ എത്ര തകർത്തിട്ടുണ്ടാകും. അത്തരം കാര്യങ്ങളൊന്നും രമേശിനറിയാത്തതല്ലല്ലോ. ആരോടാണ് ഈ പക? വാശി? മദ്യം ബുദ്ധിയെ കീഴടക്കുകയും അതിനടിമപ്പെടുകയും ചെയ്യുന്ന ഒരവസ്‌ഥയിലെത്തിയിരിക്കുന്നു രമേശ്.

സത്യത്തിൽ ഇന്നെന്താണ് രമേശിനെ ഇത്രയധികം പ്രകോപിപ്പിച്ചത്? എത്ര ആലോചിച്ചിട്ടും വ്യക്‌തമായ ഒരു കാരണം കണ്ടുപിടിക്കാൻ മായയ്ക്ക് കഴിഞ്ഞില്ല. എന്നത്തേയും പോലെത്തന്നെ ഈയിടെയായി രമേശ് ഒന്നിനും കാരണം തേടാറില്ലല്ലോ.

ഒരു ചെറിയ തുമ്പു കണ്ടെത്തി അതിൽ പിടിച്ച് കത്തിക്കയറുകയാണ് പതിവ്. അതിൽ എരിഞ്ഞു ചാമ്പലാവുന്ന ഒരു കുഞ്ഞുമുഖവും തകർന്ന മനസ്സും ഒന്നും രമേശിന്‍റെ കാഴ്ചയിലോ മനസ്സിലോ പെടാറുമില്ല. മരത്തിന്‍റെ നിർവ്വികാരത മാത്രമാണ് ഈയിടെയായി രമേശിന്.

ഇന്നെന്താണ് ഉണ്ടായത്? വീണ്ടും ചിന്ത കറങ്ങിത്തിരിഞ്ഞ് ആ ചോദ്യത്തിൽത്തന്നെ തിരിച്ചെത്തി. കാരണങ്ങളോ ഉത്തരങ്ങളോ കണ്ടെത്താനാവാത്ത സമസ്യ കുടഞ്ഞ് കളഞ്ഞ് മായ എഴുന്നേറ്റു. ഇരുട്ട് വീടിനകത്തേക്കു കടന്നു വരാൻ തുടങ്ങിയിരുന്നു.

ഇപ്പോൾ നീലിമയുടെ തേങ്ങൽ കേൾക്കാനില്ല. കട്ടിലിനടിയിലേക്ക് കുനിഞ്ഞു നോക്കി. പാവം കുട്ടി. കൈവിരൽ വായിൽ വച്ച് തളർന്ന് ഉറങ്ങുകയാണ്. ഇടയ്ക്കിടെ പുറത്തേക്കു തെറിച്ചു വീഴുന്ന തേങ്ങൽ ഉള്ളിൽ തന്നെ അമരുന്നത് നെഞ്ചിന്‍റെ ഉയർച്ച താഴ്ചകൾക്കിടയിൽ വ്യക്‌തമായി കാണാം.

കലാപങ്ങൾക്കൊടുവിൽ ഷർട്ടെടുത്തിട്ട് രമേശ് പുറത്തേക്കു പോകുന്നതു കണ്ടിരുന്നു. വീണ്ടും മനസ്സും വാക്കുകളും ചാർജജ് ചെയ്‌ത് വരാനാകും. കണ്ണീർ തോരാതെ പെയ്യുന്ന വീടായിക്കഴിഞ്ഞിരിക്കുന്നു ഈ വീടിപ്പോൾ. നീലിമയുടെ കളിചിരികൾ പോലും വളരെ അപൂർവ്വമാണ്. കേട്ടു പരിചയിച്ച കഥകളിലെ രാക്ഷസൻ മനുഷ്യരൂപം പൂണ്ട് വന്നതാണ് ഇപ്പോൾ അവളുടെ അച്‌ഛൻ സങ്കൽപ്പം.

ഓരോ വഴക്കിനു ശേഷവും കാരണം കണ്ടെത്താൻ ശ്രമിച്ച് സ്വയം പരാജയം ഏറ്റുവാങ്ങാറാണ് പതിവ്. താണുകൊടുക്കൽ തന്‍റെ ബലഹീനതയായാണ് രമേശ് കാണുന്നത്.

കുടുംബമെന്ന കണ്ണി അറ്റുപോകാതെ നിലനിർത്താനുള്ള വിട്ടുവീഴ്ച്ചയായി കാണുന്നതേയില്ല. തന്‍റെ കുഞ്ഞിന് അവളുടെ അച്‌ഛൻ വേണമെന്നുള്ളതു കൊണ്ട് വിട്ടുവീഴ്ചക്കു തയ്യാറായേ പറ്റൂ… താനെങ്കിലും… മുറിച്ചു മാറ്റാൻ എളുപ്പമാണ്. ആ മുറിപ്പാടിലെ നൊമ്പരവും വിങ്ങലും വളർച്ചയുടെ ഓരോ ഘട്ടത്തിലും നീലിമയെ വല്ലാതെ തളർത്തും. താൻ കരുത്താർജ്ജിച്ചേ പറ്റൂ…

“നീലൂ… എഴുന്നേറ്റു വരൂ… ” എത്ര വിളിച്ചിട്ടും അവൾ തലപൊക്കി നോക്കുകയോ വിളി കേൾക്കുകയോ ചെയ്‌തില്ല. മായ തറയിൽ കുനിഞ്ഞിരുന്ന് കുഞ്ഞിനെ എടുത്ത് മടിയിൽ കിടത്തി. കണ്ണീർ വാർന്നുണങ്ങിയ പാട് കവിളത്തു കാണാം. ചുണ്ടുകൾക്കിടയിൽ ഇരിക്കുന്ന കൈ വിരലിലൂടെ ഉമിനീർ ഇറങ്ങി കവിളത്ത് പടർന്നു കിടക്കുന്നുണ്ട്.

എന്തോ കണ്ട് ഭയന്നിട്ടെന്നോണം കുട്ടി ചാടി എഴുന്നേറ്റിരുന്നു. കണ്ണുകൾ ഉരുട്ടി മിഴിച്ച് അവൾ തന്നെത്തന്നെ നോക്കുകയായിരുന്നു ഭയം വിട്ടുമാറിയിട്ടില്ലാത്ത മുഖത്തോടെ… പെട്ടെന്ന് തന്‍റെ മടിയിൽ മുഖം പൂഴ്ത്തി കമിഴ്ന്നു കിടന്ന് അവൾ പോലുമറിയാതെ ഉറക്കത്തിലേക്ക് ആണ്ടുപോവുകയും ചെയ്‌തു. സുരക്ഷിതമായ ഇടത്തെന്ന പോലെ ശാന്തമായി ശ്വാസോച്ഛ്വാസം ചെയ്യുന്നത് അവളുടെ നെഞ്ചത്തിരിക്കുന്ന തന്‍റെ കൈകൾക്ക് അനുഭവവേദ്യമാകുന്നുണ്ട്.

ഇന്ന് വൈകുന്നേരം എന്താണുണ്ടായത്? ഒരു വലിയ പൊട്ടിത്തെറിയിലെത്താൻ മാത്രം സംഭവ വികാസങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. കാര്യങ്ങൾക്കു വേണ്ടി കാരണങ്ങൾ ഉണ്ടാക്കുക എന്നതാണ് ഇപ്പോൾ രമേശിന്‍റെ രീതി.

എല്ലാം ശാന്തമാണല്ലോ എന്ന ആശ്വാസത്തിൽ ഇരിക്കവെയാണ് അതുണ്ടായത്. എത്ര പെട്ടെന്നാണ് ആരോപണങ്ങളും തർക്കങ്ങളും ശരം കണക്കെ ചീറിപ്പായാൻ തുടങ്ങിയത്. മിണ്ടുന്നതു തന്നെ മണ്ടത്തരമായോ അപകടകരമായോ തീർന്നേക്കാവുന്ന സംഭവങ്ങളാണ് ഈയിടെയായി തനിക്കും രമേശിനുമിടയിൽ. തങ്ങളുടെ കൊച്ചു കുടുംബത്തിൽ നിന്നും ഈയിടെയായി രമേശ് വല്ലാതെ അകന്നു കഴിഞ്ഞിരിക്കുന്നു.

പുതിയ സൗഹൃദങ്ങളും മദ്യപാനവും രമേശിനെ മറ്റൊരു മനുഷ്യനാക്കിയിരിക്കുന്നു. താനും മോളും രമേശിന്‍റെ നല്ല ഓർമ്മകളിൽ നിന്ന് പോലും പുറം തള്ളപ്പെട്ടിരിക്കുന്നു എന്നു വേണം കരുതാൻ. ഈയിടെയായി വീട്ടിലേക്കുള്ള വരവു തന്നെ അപൂർവ്വമാണ്. ഓഫീസ് ടൂർ, മീറ്റിംഗ്, പൊതു പ്രവർത്തനം അങ്ങനെ വീട്ടിൽ നിന്നകന്നു നിൽക്കാൻ കാരണങ്ങൾ ഏറെ പറയാനുമുണ്ട്.

ഇത്തവണ രമേശ് പോയിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. പണ്ടൊക്കെ എവിടെപ്പോയാലും എന്നും രാത്രി ഉറങ്ങുന്നതിനു മുമ്പ് മോളെ വിളിക്കാറുള്ള ആളാണ്. ഇത്തവണ അഞ്ചോ ആറോ ദിവസം കൂടുമ്പോൾ ഒന്നു വിളിച്ചെങ്കിലായി.

“അച്‌ഛനെന്താ വരാത്തെ അമ്മേ?” രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ എന്നും നീലിമ ചോദിക്കുന്നതിന് വിശ്വസനീയമായ എന്തെങ്കിലും ഉത്തരങ്ങൾ കണ്ടെത്തി അവളെ നിശബ്ദയാക്കുന്നതിൽ താനും വിജയിക്കാറുണ്ട്. എങ്കിലും ഈയിടെയായി തന്‍റെ മറുപടികൾ അവൾക്ക് സ്വീകാര്യമല്ലാതായി തുടങ്ങിയിരിക്കുന്നു.

“അച്‌ഛൻ ടൂറിന് പോയിരിക്കുകയല്ലേ? നാളെയോ മറ്റന്നാളോ വരും…” ഉത്തരം നീലിമക്ക് തൃപ്തികരമായില്ല എന്നു തോന്നുന്നു. ചെരിഞ്ഞു കിടന്ന് ഒരു കാൽ തന്‍റെ ശരീരത്തിലേക്കെടുത്തിട്ടു കൊണ്ട് അവൾ തുടർന്നു.

“എന്താ അച്‌ഛൻ ടൂർ പോകുമ്പോൾ നമ്മളെ കൊണ്ടു പോകാത്തത്? എന്‍റെ ക്ലാസിലെ ഉത്തരയും അവളുടെ അച്‌ഛനും അമ്മയും ഒക്കെ ഒരുമിച്ചാ ടൂറു പോവ്വാ… .നല്ല രസാത്രെ… ” ആവേശത്താൽ അവളുടെ സ്വരം ഉച്ചസ്‌ഥായി ലായി.

“നമ്മക്കും അച്‌ഛന്‍റെ കൂടെ പോകാം, അമ്മേ… എന്നിട്ട് വെള്ളത്തിലൊക്കെ എറങ്ങി കളിക്കാം…” ഉത്തരയിൽ നിന്നു പകർന്നു കിട്ടിയ ടൂറിന്‍റെ രസങ്ങൾ അവളുടെ ഉള്ളിൽ ബാക്കി കിടക്കുന്നുണ്ട്.

“ഉത്തരാ പറയ്വാ… ഏതോ ഒരു സ്‌ഥലത്ത് പാറയിൽ തട്ടിച്ചിതറി ഒഴുകി വരുന്ന പുഴയുണ്ടത്രെ… അവളുടെ അച്‌ഛനും അമ്മയും അവളെ കൂട്ടി ആ വെള്ളത്തിൽ ഇറങ്ങി കളിക്കുകയും കുളിക്കുകയും എല്ലാം ചെയ്യുമത്രെ. അമ്മേ…” അവളുടെ കണ്ണുകളിൽ ആയിരം നക്ഷത്രത്തിളക്കം… സ്വരത്തിൽ ആവേശം.

“അച്‌ഛൻ വന്നാൽ അമ്മ പറയണംട്ടോ… നമ്മക്കും പോണംന്ന്… ”പുറത്തേക്കു തെറിച്ചു വീഴുന്ന വാക്കുകളിൽ വല്ലാത്ത ആവേശം. എത്ര പെട്ടെന്നാണ് കുട്ടികൾക്ക് സ്വയം പകർന്നാടാൻ കഴിയുന്നത്. മായയുടെ തലക്കുള്ളിൽ കഴിഞ്ഞാഴ്ച രമേശ് വന്നപ്പോഴുണ്ടായ വാഗ്‍വാദങ്ങളും അട്ടഹാസങ്ങളും പ്രകമ്പനങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു. നീലിമ ഈയിടെയായി അച്‌ഛന്‍റെ അടുത്തേക്കധികം പോകാറില്ല.

ഭീതി നിറഞ്ഞ കണ്ണുകളോടെ നോക്കി നിൽക്കാറാണ് പതിവ്. ആ കുഞ്ഞുമനസ്സിന് താങ്ങാവുന്നതിലുമധികം ഭയമുളവാകുമ്പോൾ മേശക്കടിയിലോ കട്ടിലിനടിയിലോ അവൾ കമിഴ്ന്ന് കിടക്കും. സ്‌ഥലകാല ബോധങ്ങൾ മറന്ന് ക്രമേണ അവൾ ഉറങ്ങിപ്പോകും. ചുണ്ടുകൾക്കിടയിലെ തള്ളവിരലിലാണ് സർവ്വ ആലംബവും എന്ന പോൽ കണ്ണുകൾ പാതി തുറന്ന് ഉറങ്ങിക്കിടക്കുന്ന കാഴ്ച ഹൃദയഭേദകമാണ്.

ഇന്നെന്താണ് ഉണ്ടായത്? ഓർത്തെടുക്കാൻ ശ്രമിക്കവെ അടുക്കും ചിട്ടയുമില്ലാതെ ഒട്ടേറെ സംഭവങ്ങൾ മനസ്സിലൂടെ തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞ് മലീമസമാക്കിയ സായാഹ്നമായിരുന്നു അത്. അഞ്ചുവയസ്സുകാരിയുടെ കുഞ്ഞുമനസ്സിനെ അതു കീറി മുറിപ്പെടുത്തുമെന്ന് ആലോചിക്കാനുള്ള വിവേകം നഷ്ടപ്പെട്ട അച്‌ഛനമ്മമാരായിക്കഴിഞ്ഞിരുന്നല്ലോ ഞങ്ങൾ.

എത്രയോ സമയമായി ഈ ഇരിപ്പു തുടരുകയായിരുന്നു എന്ന് അപ്പോഴാണ് മായ ഓർത്തത്. കണ്ണു തുറന്നു നോക്കുമ്പോൾ മുറിയിലാകെ ഇരുട്ടു പടർന്നു കഴിഞ്ഞിരുന്നു. നീലിമയുടെ നേരിയ കൂർക്കം വലിയും ഇടയ്ക്കിടെ പൊന്തിയ തേങ്ങലും ദുഃഖ സാന്ദ്രമായ സന്ധ്യയെ കൂടുതൽ ഇരുണ്ടതാക്കി.

ഇനി ചില തീരുമാനങ്ങളെടുത്തേ പറ്റൂ… തന്‍റെ കുഞ്ഞിനൊരു ജീവിതം വേണം. അച്‌ഛനമ്മമാരുടെ വാശിയേറിയ മത്സരത്തിനിടയിൽ അവളെ വിസ്മരിക്കാനാവില്ല. അച്‌ഛനുമമ്മയും വഴക്കിടുമോ എന്നു ഭയന്ന് അവധി ദിവസങ്ങളിൽ കൂട്ടുകാരോടൊപ്പം പുറത്തു പോയി കളിക്കാൻ പോലും നീലിമ സമ്മതിക്കാറില്ല. പോയാൽ തന്നെ ഇടയ്ക്കിടെ ഓടി വന്ന് ഒന്നെത്തി നോക്കി പോകും. എപ്പോഴും ഒരു വേവലാതി കലർന്ന പെരുമാറ്റമാണ് ഈയിടെയായി നീലിമ കാണിക്കുന്നത്.

“സാറാടേം അബൂന്‍റേയും പപ്പയും മമ്മയുമൊന്നും വഴക്കടിക്കാറേയില്ലത്രേ. എന്താ എന്‍റെ അച്‌ഛനും അമ്മയും മാത്രം ഇങ്ങനെ…?” ഒരു ദിവസം അവൾ ചോദിക്കുക തന്നെ ചെയ്‌തു.

“വേണ്ടാത്ത കാര്യങ്ങൾ അന്വേഷിക്കാതെ കടന്നു പോകുന്നുണ്ടോ എന്‍റെ മുമ്പിൽ നിന്ന്…” കുറച്ച് ഉറക്കെത്തന്നെയാണ് പറഞ്ഞത്. അവളുടെ വിടർന്ന കണ്ണുകളിൽ ഭയം നിഴലിച്ചു. അമ്മയും എന്താ ഇങ്ങനെ എന്ന അവിശ്വസനീയമായ ഭാവമായിരുന്നു അപ്പോൾ അവളുടെ മുഖത്ത്.

കാറും കോളും നിറഞ്ഞ ജീവിതം ഇഴഞ്ഞു നീങ്ങുന്നതിനിടെ ഒരു ദിവസമാണ് അതുണ്ടായത്. ആഴ്ചകൾക്കു ശേഷമാണ് അന്ന് രമേശ് വീട്ടിലെത്തിയത്. എവിടെയായിരുന്നെന്നും എന്തുകൊണ്ടിത്ര ദിവസം ഒന്നുവിളിക്കുക പോലും ചെയ്‌തില്ലെന്നുമുള്ള തർക്കങ്ങളും കുറ്റപ്പെടുത്തലുകളും ചീറിപ്പാഞ്ഞ് അന്യോന്യം ചെളി വാരി എറിഞ്ഞ ഒരു സായാഹ്നം…

“ഈ വീട് വിൽക്കാൻ പോവുകയാണ്. മോളേയും കൂട്ടി നീ നിന്‍റെ വീട്ടിലേയ്ക്ക് പോയ്ക്കോ…” മുഖത്തു നോക്കാതെയാണ് രമേശ് പറഞ്ഞത്.

“ഞാൻ നിങ്ങളുടെ കൂടെ സ്വയം ഇറങ്ങി വന്നതൊന്നുമല്ല. അച്‌ഛനമ്മമാർ തീരുമാനിച്ചുറപ്പിച്ച് നടത്തിയ വിവാഹമാണ്. നിങ്ങൾക്കെന്നെ വേണ്ടെങ്കിൽ അന്തസ്സായി എന്‍റെ വീട്ടിൽ കൊണ്ടു പോയാക്കണം. എനിക്കും ഈ ജീവിതം മതിയായി…” ഇത്രയും രമേശ് പ്രതീക്ഷിച്ചില്ലെന്നു തോന്നുന്നു.

ശൂന്യമായ മനസ്സുമായി നിർവ്വചിക്കാനാവാത്ത ശാന്തതയോടെ മായയും അവിടെത്തന്നെ ഇരുന്നു. രണ്ടുപേർക്കുമിടയിൽ ഒരു ശ്വാസത്തിന്‍റെ അകലം മാത്രം…

ഇനിയും ഒരു തീരുമാനമെടുക്കാൻ വൈകി കൂടാ. മായ ചിന്തിച്ചു. തനിക്കു വേണ്ടി വാദിക്കാനോ സംസാരിക്കാനോ ആരുമില്ല. വയസ്സായ അമ്മ മാത്രമേയുള്ളൂ. അവർ ഇതൊന്നും അറിയാനിടവരരുത്.

കരടിയുടെ കെട്ടിപ്പിടുത്തം പോലുള്ള ഈ ദാമ്പത്യം കൊണ്ട് താൻ എന്തു നേടി? കുടഞ്ഞുകളയാനോ പിടിവിടുവിക്കാനോ ആവാതെ എത്രകാലം ഇങ്ങനെ കഴിയാനാകും? തന്‍റെ കുഞ്ഞിനെങ്കിലും നല്ലൊരു ജീവിതം ഉണ്ടാക്കി എടുക്കണം. അതിനു വേണ്ടി എന്തു ചെയ്യാനാകുമെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.

ഇനിയുള്ള കാലം തനിയെ ജീവിക്കാനാണെങ്കിൽ അതിനും താൻ തയ്യാറാണ്. തീരുമാനമെടുക്കാൻ വൈകി കൂടാ. പരസ്പരസ്നേഹവും സത്യസന്ധതയുമാണ് ഏതൊരു വിവാഹവും അരക്കിട്ടുറപ്പിക്കുന്നത്. കുറഞ്ഞ പക്ഷം അതൊക്കെ ഉണ്ടെന്ന ഒരു തോന്നലെങ്കിലും അന്യോന്യം ഉണ്ടാക്കി എടുത്താലേ ദാമ്പത്യം പോകൂ. ഇവിടെ ഞങ്ങൾക്കിടയിൽ അതൊന്നുമില്ലെന്ന് എന്നേ പരസ്പരം തിരിച്ചറിഞ്ഞതാണ്.

പലതവണയായി അന്യോന്യം വാരി എറിഞ്ഞ കടുത്ത വാക്കുകൾ വൃത്തിയുള്ള ഭിത്തിയിൽ കോറിയിട്ട വികൃതമായ ചിത്രങ്ങൾ പോലെ മനസ്സിൽ ആഴ്ന്നു കിടപ്പുണ്ട് ഇന്നും…

ഇനി വയ്യ. ഇതിവിടെ അവസാനിപ്പിച്ചേ പറ്റൂ. ഏറെ നേരത്തെ പുനർ ചിന്തകൾക്കും കൂട്ടിക്കിഴിക്കലുകൾക്കും ഒടുവിൽ ഒരു ഉറച്ച തീരുമാനത്തിലെത്തിക്കഴിഞ്ഞിരുന്നു.

പിറ്റേന്ന് മോളേയും കൂട്ടി നിർവ്വികാരമായ മനസ്സോടെ വീട്ടിലെത്തുമ്പോൾ അമ്മ പൂജാമുറിയിലായിരുന്നു. ആകാശത്തും അന്തിത്തിരി കൊളുത്തിക്കഴിഞ്ഞിരുന്നു.

ഇപ്പോൾ ഈ ഒരു തീരുമാനമെടുത്തില്ലെങ്കിൽ നാളെ തന്‍റെ മകൾ പോലും തന്നോടു തിരിച്ചു ചോദിക്കും, പേരിനു മാത്രമായി ഒരച്‌ഛൻ! എന്താവശ്യത്തിന്? താൻ കരുത്താർജ്ജിച്ചേ പറ്റൂ.

ഭർത്താവുണ്ടായിട്ടും ഏകാകിനിയായി കഴിയുന്ന മകളെ ഓർത്ത് അമ്മ കണ്ണീർ വാർത്തു. അമ്മയെ ആശ്വസിപ്പിക്കാൻ വാക്കുകൾ മതിയാവില്ല എന്നറിയാവുന്നതു കൊണ്ട് താൻ നിശബ്ദയായി കാര്യങ്ങൾ ചെയ്യുകയും കരുത്താർജ്ജിക്കുകയും ചെയ്‌തു. വിധവയായ അമ്മയും ഭർത്താവിനാൽ തിരസ്കൃതയായ ഭാര്യയും അച്‌ഛൻ എന്ന സങ്കൽപ്പം ഉള്ളിൽ സൂക്ഷിക്കുന്ന മകളും അടങ്ങുന്ന ഇടമായി മാറി ഞങ്ങളുടെ വീട്.

ആരുടേയും കനിവിനു വേണ്ടി യാചിക്കേണ്ടവളല്ല സ്ത്രീ. അമ്മയുടെയും അച്‌ഛന്‍റേയും ഉത്തരവാദിത്വം തന്നിലൂടെ നിറവേറ്റപ്പെടേണ്ടതുണ്ട് എന്ന തിരിച്ചറിവ് തന്നെ കരുത്തുള്ളവളാക്കിയിരിക്കുന്നു. അമ്മയ്ക്ക് തന്‍റേയും മോളുടേയും തിരിച്ചു വരവ് വലിയ പ്രഹരമേറ്റ പോലെയായി.

ടീച്ചറായിരുന്ന അമ്മയുടെ പെൻഷനും മൂന്നുനാലുപേർക്ക് ജീവിച്ചു പോകാനുള്ള കൃഷിയുമാണ് ആകെയുള്ള സമ്പാദ്യം. സ്വന്തം കാലിൽ നിൽക്കാൻ തക്കവണ്ണമുള്ള ഒരു ജോലി ഉണ്ടെന്നതു കൊണ്ടു കൂടിയാകാം ഇത്തരമൊരു പറിച്ചുനടലിന് തനിക്കു ധൈര്യം കിട്ടിയത്.

വർഷങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നു ഇപ്പോൾ… ! അന്ന് സർവ്വം സഹയായി രമേശിനൊടൊപ്പം കഴിഞ്ഞിരുന്നെങ്കിൽ തന്‍റെ മകൾ ഇത്ര കരുത്താർജ്ജിക്കുമായിരുന്നില്ല. സ്നേഹത്തിനു പകരം അപമാനവും ആക്ഷേപവും സഹിച്ച് ഒന്നിന് കൊള്ളാത്തവളായിത്തീരുമായിരുന്നു. മകളെ തന്നോടൊപ്പം വിട്ടു കിട്ടാൻ വേണ്ടി രമേശ് പല തന്ത്രങ്ങളും നടത്തിയിരുന്നു. ഉത്തരവാദിത്തമില്ലാത്ത അച്‌ഛനോടൊപ്പം പോകാൻ നീലിമ തയ്യാറായില്ല. അച്‌ഛന്‍റെ സാമീപ്യം ഭയമുളവാക്കുന്ന അനുഭവമായിരുന്നല്ലോ അവൾക്കെന്നും.

ഇതിനിടെ രമേശിന്‍റെ അമ്മയും തനിക്ക് എതിരെ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞിരുന്നു. മകനുമായി പിണങ്ങി കുഞ്ഞുമൊത്ത് സ്വന്തം വീട്ടിൽ കഴിയുന്ന മരുമകൾക്ക് അഹങ്കാരത്തിനു പുറമെ മറ്റു പല ആരോപണങ്ങളും അവർ ഉന്നയിച്ചു കൊണ്ടിരുന്നു. കഥകൾ കേൾക്കാൻ എക്കാലത്തും കാതോർത്തിരിക്കുന്ന സമൂഹം അതേറ്റുപാടി ആസ്വദിച്ചു. കുളിക്കാതെ ഈറൻ ചുമക്കേണ്ടി വരുന്നതിൽ തളരാതെ വാശിയുൾക്കൊണ്ട് മുമ്പോട്ടു പോകാനുള്ള വഴികൾ മായയും കണ്ടെത്തി.

ഒരു ഞായറാഴ്ച മകളേയും കൊണ്ട് രമേശിന്‍റെ വീട്ടിലെത്തിയ മായയെ കണ്ട് അമ്മയിഅമ്മ ഉറഞ്ഞുതുള്ളി. അവൾക്കുമേൽ എന്നും ഒരു സംരക്ഷണവലയം സൃഷ്ടിച്ചിരുന്ന അച്‌ഛൻ പതിവുപോലെ അവളെ നോക്കി പുഞ്ചിരിച്ചു.

നീലിമയെ വിളിച്ച് ചേർത്തു നിർത്തി മൂർദ്ധാവിൽ തടവുമ്പോൾ ആ വൃദ്ധ നയനങ്ങൾ നിറഞ്ഞു കവിയാൻ തുടങ്ങിയിരുന്നു. തന്‍റെ മിഴികളുമായി ഇടയുമ്പോഴൊക്കെ സാന്ത്വനത്തിന്‍റെ ചെറുപുഞ്ചിരി അച്ഛന്‍റെ മുഖത്തു തിളങ്ങി. മകനെ ഉപേക്ഷിച്ചു നടക്കുന്ന മരുമകളെ വീട്ടിൽ കയറ്റരുതെന്ന് അമ്മ അടുക്കളയിൽ നിന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു.

“ഭർത്താവിനെ വേണ്ടാത്തവർക്ക് എന്തിനാണ് ഭർത്താവിന്‍റെ വീടും വീട്ടുകാരും…?” ഈ ചോദ്യം പല തവണ വിവിധ രൂപത്തിൽ അവർ ചോദിച്ചു കൊണ്ടിരുന്നു.

“എന്‍റെ മകളുടെ അച്‌ഛനാണ് അമ്മയുടെ മകൻ.” മായയുടെ സ്വരം ഒരിട ഒന്നിടറിയെങ്കിലും അവൾ ഉറച്ച സ്വരത്തിൽ ആവശ്യം വ്യക്‌തമാക്കി.

“ഞങ്ങൾ രണ്ടുപേർക്കും പരസ്പരം വേണ്ട. എങ്കിലും നീലിമയ്ക്ക് അവളുടെ അച്‌ഛനെ വേണം… ” ചൂണ്ടിക്കാണിക്കാനെങ്കിലും…” ഒന്നും മനസ്സിലാകാത്ത പോലെ അമ്മ തുറിച്ചു നോക്കി നിന്നതേയുള്ളൂ.

അമ്മയുടെ പുറകിൽ നിന്ന് തന്‍റെ മുഖത്തു പതിയുന്ന അച്‌ഛന്‍റെ കണ്ണുകളിലെ സാന്ത്വനം പ്രോത്സാഹജനകമായിരുന്നു. പേടിക്കണ്ട, ഞാൻ കൂടെയുണ്ട് എന്ന ഭാവം. അമ്മ അറിയാതെ അച്‌ഛൻ ഫോൺ ചെയ്യുമ്പോൾ നിന്‍റെ കൂടെ ഞാനുണ്ട് മോളേ എന്നൊരു ആശ്വസിപ്പിക്കൽ അനുഭവപ്പെടാറുണ്ട്. അതാണ് തനിക്ക് കരുത്തേകുന്നത്. ഞാൻ പറഞ്ഞാലൊന്നും അവൾ കേൾക്കില്ല മോളെ എന്നൊരു കുറ്റസമ്മതവും അച്‌ഛൻ ഇടയ്ക്കിടെ നടത്തുന്നതു കേൾക്കാം.

പെട്ടിയുമെടുത്ത് മകളുടെ കൈ പിടിച്ച് തന്‍റെ മുറിയിലേക്കു നടക്കുമ്പോൾ അവൾ തിരിഞ്ഞു നിന്ന് ഒന്നു കൂടി ഉറപ്പു കൊടുത്തു.

“ഇവിടെ ഞാൻ താമസിക്കുന്നു എന്നു വച്ച് എനിക്ക് അമ്മയുടെ മകനെ വേണ്ട… നീലിമയ്ക്ക് വേണ്ടി മാത്രമാണ് ഇങ്ങനെയൊരു തീരുമാനം… ”

രമേശ് മദ്രാസിലാണ് ഇടക്കു വല്ലപ്പോഴുമേ നാട്ടിലെത്താറുള്ളൂ. അമ്മയിൽ നിന്ന് വിവരമറിഞ്ഞാൽ ഫോണിൽ കൂടെ ഉണ്ടാകാവുന്ന പ്രത്യാക്രമണങ്ങൾ നേരിടാനുള്ള ഒരുക്കങ്ങൾ താൻ സ്വയം എടുത്തു കഴിഞ്ഞിരുന്നു.

മാനസികമായ തയ്യാറെടുപ്പുകൾ. വേണമെങ്കിൽ എനിക്ക് എന്‍റെ വീട്ടിലേക്ക് തിരിച്ചു പോകാമായിരുന്നു. ഇതിലും ദാരുണമായൊരു അവസ്ഥയിലേക്ക് എടുത്തെറിയലാകും അത്. വിധവയായ തന്‍റെ അമ്മയ്ക്ക് സ്വന്ത ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ ഭർത്താവുമായി തെറ്റിപ്പിരിഞ്ഞു വരുന്ന മകളും കുട്ടിയും താങ്ങാനാവാത്ത ഭാരമായിരിക്കും. മാനസികമായും സാമ്പത്തികമായും.

നീലിമ അപ്പൂപ്പനുമായി സ്ക്കൂൾ വിശേഷങ്ങൾ കൈമാറുകയാണ്. അച്ഛൻ അവളുടെ തലയിൽ തടവികൊണ്ട് നല്ല ശ്രോതാവായി കൗതുകത്തോടെ നോക്കി ഇരിക്കുന്നു. തന്‍റേയും രമേശിന്‍റെയും മുറി വീട്ടിലെ ഉപയോഗശൂന്യമായ പഴയ പാത്രങ്ങളും കെട്ടിവെച്ച ദിനപത്രങ്ങളും മറ്റുമായി ഒരു സ്റ്റോർ മുറിയായി കഴിഞ്ഞിരിക്കുന്നു. ഞങ്ങളുടെ ജീവിതം പോലെത്തന്നെ മുറിയിലാകെ ജീർണ്ണതയുടെ ഗന്ധം നിറഞ്ഞു നിന്നിരുന്നു.

കല്യാണം കഴിഞ്ഞ് ഈ വീട്ടിൽ വന്ന ആദ്യ ദിവസം മുതലുള്ള സംഭവങ്ങൾ ഫ്ളാഷ് ബാക്കിലെന്നോണം മനസ്സിന്‍റെ സ്ക്രീനിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. പിടിച്ചു നിർത്താൻ കഴിയാത്തവണ്ണം ഓഫീസ് ടൂറുകളും യാത്രകളും മീറ്റിംഗുകളുമായി രമേശ് കുടുംബത്തിൽ നിന്നും ഏറെ അകലെയായിരുന്നു എന്നും. പുതിയ മേച്ചിൽ പുറങ്ങളും കൂട്ടുകാരും കൂട്ടിനുമുണ്ടായിരുന്നല്ലോ. കുടുംബം അസ്വസ്ഥത മാത്രമുള്ള ഇടമായി മാറാൻ… !

ഇല്ല തന്‍റെ മകൾ വളർന്ന് സ്വന്തം കാലിൽ നിൽക്കാനാവുന്നതുവരെ അവൾക്കൊരച്ഛന്‍റെ മേൽവിലാസം വേണം. എല്ലാം മനസ്സിലുറപ്പിച്ച് വ്യക്തമായ രൂപരേഖ ഉണ്ടാക്കിയിട്ടാണ് വന്നിട്ടുള്ളത്. കണ്ണീരിന് തടയിട്ട് പ്രവൃത്തിയിൽ ശ്രദ്ധിക്കുക എന്ന ഏക വഴിയേ തന്‍റെ മുമ്പിലുള്ളൂ. കരഞ്ഞ് ജീവിതം തുലയ്ക്കുന്ന സ്ത്രീകളുടെ കാലം കഴിഞ്ഞിരിക്കുന്നു.

അവൾ മുറി വൃത്തിയാക്കി പെട്ടിയിൽ നിന്ന് തന്‍റേയും നീലിമയുടെയും വസ്ത്രങ്ങൾ, പുസ്തകങ്ങൾ എല്ലാം പുറത്തെടുത്തു വച്ചു. ഏതാനും മണിക്കൂറുകൾ കൊണ്ട് ആ മുറി തന്‍റേയും നീലിമയുടേയും മാനോഹരമായ വാസസ്ഥലമാക്കി മാറ്റാൻ കഴിഞ്ഞു.

അമ്മ വാതിക്കൽ വന്ന് അകത്തേക്ക് എത്തി നോക്കുന്നത് കണ്ടു.

“നീ ഇതെന്തു ഭാവിച്ചാ…? അവനോടൊരു വാക്കു ചോദിക്കാതെ…” അമ്മ വാക്കുകൾക്കായി തപ്പുകയാണ്. രോഷത്തോടെ സംസാരിച്ച് കൂടുതൽ പ്രകോപിപ്പിക്കണ്ട എന്നു കരുതിയാവും സ്വരത്തിന് ഇത്ര മയം.

“അമ്മ പേടിക്കണ്ട. നിങ്ങൾക്കൊരു ഭാരമാവില്ല ഞങ്ങൾ. മകൾക്കൊരു അച്‌ഛനും എനിക്ക് സമൂഹത്തിൽ തല ഉയർത്തി നടക്കാൻ ഭർത്താവിന്‍റെ മേൽവിലാസവും വേണം. അതു മാത്രമേ ഞാൻ പ്രതീക്ഷിക്കുന്നുള്ളൂ… ആഗ്രഹിക്കുന്നുള്ളൂ…”

അച്‌ഛന്‍റെ കണ്ണുകൾ അഭിനന്ദന സൂചകമായി തന്നിൽ പതിയുന്നുണ്ട്. ഈ വീട്ടിൽ എന്നും അച്‌ഛൻ തനിക്കു നൽകി പോന്നിട്ടുള്ള കരുതൽ ഓർമ്മയുടെ നിലാവായി തന്നെ പൊതിഞ്ഞു. അമ്മ കനത്ത മുഖത്തോടെ ഒന്നു നോക്കിയ ശേഷം അടുക്കളയിലേക്കു നടന്നു.

ഒരു കുടുംബ കലഹം കൂടി ഈ ചേരിതിരിവിനോടൊപ്പം വേണ്ടെന്നു കരുതി ആവാം. അച്‌ഛൻ ഇതിലൊന്നും പ്രത്യക്ഷമായി ഇടപെടാതിരുന്നത്. എങ്കിലും ഓരോ തവണയും തന്‍റെ നോട്ടവുമായി ഇടയുമ്പോൾ സാന്ത്വനത്തിന്‍റെ ശാന്തതയും കണ്ണുകളിൽ പാരാവാരം പോലെ കിടക്കുന്ന സ്നേഹവും തനിക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു. മൗനം വാക്കുകളേക്കാൾ ഏറെ വാചാലമാകുന്ന നിമിഷങ്ങൾ.

വൈകുന്നേരം ടൗണിൽ പോയി സ്റ്റൗവും അത്യാവശ്യ സാധനങ്ങളും വാങ്ങിക്കൊണ്ടുവന്നു. അടുക്കളയോടു ചേർന്നുള്ള വരാന്തയിൽ ഒരു കൊച്ച് അടുക്കള രൂപം കൊണ്ടു.

രാവിലെ നീലിമയെ ഒരുക്കി സ്ക്കൂളിലാക്കി താൻ ജോലിക്കു പോകുന്ന രീതി ഇപ്പോൾ വളരെ ആയാസരഹിതമായി കഴിഞ്ഞിരിക്കുന്നു. വൈകുന്നേരം അച്‌ഛൻ മോളെ സ്ക്കൂളിൽ നിന്ന് കൊണ്ടുവരും. രമേശിന്‍റെ അമ്മയെ അവൾക്ക് ഭയമായിരുന്നു. ഇതിനിടെ രണ്ടുമൂന്നു തവണ രമേശ് വീട്ടിൽ വന്നിരുന്നു.

അച്‌ഛനോടും അമ്മയോടും ഒപ്പം കഴിഞ്ഞ് തിരികെ പോകും. തന്നോടൊ മോളോടോ മിണ്ടാനൊ കാണാനൊ ശ്രമിക്കാറില്ല. പേടിയുളവാക്കുന്ന ഒരാളെ കാണുന്ന പോലെയാണ് ഇപ്പോൾ നീലിമ അച്‌ഛനെ നോക്കി കാണുന്നത്.

രാവിലെ കുളി കഴിഞ്ഞ് ബാത്ത്റൂമിൽ നിന്നു വരുമ്പോൾ തീരെ പ്രതീക്ഷിക്കാതെയാണ് താൻ രമേശിന്‍റെ മുമ്പിൽ എത്തപ്പെട്ടത്. ഏതോ നികൃഷ്ട വസ്തുവിനെ എന്ന പോലെ ഒന്നു നോക്കി രമേശ് നടന്നകലുന്നത് കണ്ണീർ മറച്ച കാഴ്ചയിലൂടെ നോക്കി നിന്നു. ഉള്ളിൽ എന്തൊക്കെയോ പൊട്ടിത്തകരുന്ന നൊമ്പരത്തോടെ നനവു നിറഞ്ഞ ഒരിളം കാറ്റ് തന്നെ തഴുകി കടന്നു പോയത് മായ അറിഞ്ഞു.

ഇല്ല… താൻ തോറ്റു കൊടുക്കില്ല. ഇവിടെ തളർന്നു പോയാൽ തകരുന്നത് തന്‍റെ കുഞ്ഞിന്‍റെ ഭാവിയാകും. തകർന്ന ദാമ്പത്യത്തിന്‍റെ ബാക്കി പത്രമായി അവൾ വളർന്നാൽ ക്ഷതമേറ്റു പിടഞ്ഞ് വികൃതമായ മനസ്സിനുടമയാകാനേ അതുപകരിക്കൂ. നിലനിൽക്കേണ്ടവയെല്ലാം നിലനിൽക്കും.

വീണും ഊർന്നും പോകേണ്ടവ പോകട്ടെ. ഇപ്പോൾത്തന്നെ നീലിമയുടെ മനസ്സിനേറ്റിട്ടുള്ള ക്ഷതം അവളെ അന്തർമുഖയാക്കിയിട്ടുണ്ട്. എന്തൊക്കെ പറഞ്ഞാലും ലോകത്ത് ഒരാളും അവനവനു വേണ്ടി മാത്രം ജീവിക്കുന്നില്ല. അങ്ങനെ ജീവിക്കാനും സാധിക്കില്ല എന്നത് ലോകസത്യം മാത്രമാണ്.

അച്‌ഛനമ്മമാർക്കു വേണ്ടി, ഭാര്യക്കുവേണ്ടി, മകൾക്കു വേണ്ടി അങ്ങനെ നമ്മുടെയൊക്കെ ജീവിതം എല്ലായ്പ്പോഴും മറ്റൊരു ജീവിതത്തെ പരിപോഷിപ്പിക്കാൻ വേണ്ടി നിയുക്തമായിട്ടുള്ളതാണ്. അപ്പോഴാണ് ജീവിതം സാത്വികമാകുന്നത്. എന്നാൽ എല്ലാവരുമുള്ള അക്ഷരത്തെറ്റുകളായി ഇതു പോലുള്ള ചിലവീടുകളും കണ്ടേക്കാം.

ഇപ്പോൾ തനിക്കെന്ന പോലെ തന്നെ നീലിമയ്ക്കും എല്ലാം ഉൾക്കൊള്ളാനാവുന്നുണ്ട്. അതിർത്തി കാക്കുന്ന ജവാന്മാരെപ്പോലെ ഇടയ്ക്കിടെ സംശയദൃഷ്ടിയോടെയുള്ള നോട്ടവും ചില കുഞ്ഞു കുഞ്ഞു ക്രമസമാധാനത്തകർച്ചയും ഉണ്ടാകാറുണ്ടെങ്കിലും വീട്ടിലെ അന്തരീക്ഷം ശാന്തമായിരുന്നു. വല്ലപ്പോഴും രമേശ് വന്നാൽ തന്നെ അയാളുടെ അതിർത്തിക്കപ്പുറം നോക്കാറില്ല. എങ്കിലും തന്‍റെ കുഞ്ഞിന്‍റെ രക്ഷാധികാരിയായി ആ വീട്ടിലൊരു മുറിയിൽ അവളുടെ അച്‌ഛൻ ഉണ്ടെന്നത് തനിക്ക് വളരെ ആശ്വാസവും സുരക്ഷിതത്വവും നൽകിയിരുന്നു.

——————————————————————————————-

വർഷങ്ങൾ എത്ര പെട്ടെന്നാണ് ഓടിയകലുന്നത്. ഇപ്പോൾ നീലിമ തന്‍റേടവും താൻ പോരിമയുമുള്ള മുതിർന്ന പെൺകുട്ടിയായിരിക്കുന്നു. ഈയിടെയായി രമേശ് അവളെ ഫോണിൽ വിളിക്കുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്യാറുണ്ടത്രേ! താൻ എത്ര അകറ്റി നിർത്തിയാലും അച്‌ഛനും മകളും എന്ന രക്ത ബന്ധം… അതിന്‍റെ പ്രതിപ്രവർത്തനം സംഭവിക്കാതിരിക്കില്ല.

രമേശാണ് കുടുംബം ഉപേക്ഷിച്ചു പോയത്. മകൾക്കു വേണ്ടി മാത്രമാണ് ഇത്രയും കാലം ബന്ധം വേർപ്പെടുത്താതെ താൻ ജീവിച്ചത്. അവൾക്ക് അച്‌ഛനെ തള്ളാനും കൊള്ളാനും സ്നേഹിക്കാനും വെറുക്കാനും പൂർണ്ണ സ്വാതന്ത്യ്രമുണ്ട്.

താൻ വാശി കാണിച്ചാൽ അതേറെ തളർത്തുക നീലിമയെയാണ്. അവളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഒരമ്മയുടെ സന്തോഷവും നിരവൃതിയും അറിയാൻ തനിക്കായിട്ടുണ്ട്. രമേശിന് അവയൊക്കെ ഒരിക്കലും തിരിച്ചെടുക്കാൻ പറ്റാത്ത നഷ്ടങ്ങളായിത്തന്നെ നില കൊള്ളും. പകരം വെക്കാനില്ലാത്ത കഴിഞ്ഞ കാലങ്ങൾ പറഞ്ഞ് മാപ്പു ചോദിക്കുമായിരിക്കും. തിരിച്ചു പിടിക്കാനാവാത്ത എത്ര എത്ര മുഹൂർത്തങ്ങൾ. അവയൊക്കെ നഷ്ടം തന്നെയല്ലേ…

——————————————————————————————-

ഇപ്പോൾ വർഷങ്ങളെത്ര കഴിഞ്ഞിരിക്കുന്നു. രമേശിന്‍റെ അച്‌ഛൻ മരിച്ചപ്പോഴാണ് താൻ ശരിക്കും അനാഥയായത്. ഒട്ടിച്ചു വച്ചിട്ടും വേരുപിടിക്കാത്ത കമ്പ് പോലെ രമേശിന്‍റെ വീട്ടിൽ താനും മോളും അന്യരായിത്തന്നെ നിലകൊണ്ടു.

ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ തന്‍റെ തീരുമാനങ്ങൾ ശരിയായിരുന്നു എന്ന് ബോധ്യമാവുന്നുണ്ട്. തന്‍റെ മകൾ പഠിച്ച് ജോലി നേടി സ്വന്തം കാലിൽ നിൽക്കാനായല്ലോ. ഇനി അവളുടെ ജീവിതം… അതവൾക്കു തെരഞ്ഞെടുക്കാം. അച്‌ഛനമ്മമാരുടെ ആഗ്രഹ പൂർത്തീകരണത്തിനുള്ളതല്ല മക്കളുടെ ജീവിതം. അവർക്കും ഇഷ്‌ടാനാഷ്ടങ്ങളുണ്ടാവാം. ശരിതെറ്റുകൾ തിരിച്ചറിയാനുള്ള കഴിവും ബുദ്ധിയും അവർക്കുമുണ്ട്.

തീരെ പ്രതീക്ഷിക്കാതെയാണ് ഒരുനാൾ രമേശിന്‍റെ ഫോൺ വന്നത്. വർഷങ്ങൾക്കു മുമ്പ് നേരിട്ടും ഫോണിലൂടെയും കേട്ടു പരിചയിച്ച ക്രൂരത നിറഞ്ഞ ശബ്ദമല്ല… മറിച്ച് കുറ്റബോധമോ… ലജ്ജയോ… ആത്മവിശ്വാസമില്ലായ്കയോ… വേർതിരിച്ചെടുക്കാൻ കഴിഞ്ഞില്ല… ചിതറിത്തെറിച്ച വാക്കുകൾ മനസ്സിലെ വിടെയൊക്കെയോ ഉടക്കി.

“കഴിഞ്ഞതെല്ലാം മറന്നു കൂടേ…” വർഷങ്ങൾക്കു മുമ്പ് ഈ ഒരു ചോദ്യത്തിനു വേണ്ടി എത്ര ആഗ്രഹിച്ചതാണ്… കാത്തിരുന്നതാണ്. ഇപ്പോൾ തന്‍റെ മനസ്സ് നിർവ്വികാരമാണ്. ശക്തനല്ലാത്ത എതിരാളിയോട് യുദ്ധം ചെയ്‌ത് വിജയം നേടിയിട്ടെന്തു കാര്യം?

എന്താണ് പറയേണ്ടതെന്നറിയാതെ രണ്ടു അപരിചിതരെ പോലെ ഫോൺ കൈയ്യിൽ പിടിച്ച്… തമ്മിൽ തല്ലുന്ന ഹൃദയമിടുപ്പോടെ നിശബ്ദമായി നിൽക്കാനെ കഴിഞ്ഞുള്ളൂ. തൊട്ടടുത്ത് മകൾ വീർപ്പടക്കി നിൽക്കുന്നുണ്ട്.

തന്‍റെ മുഖഭാവവും മൗനവും പെയ്തൊഴിയുന്ന കണ്ണീരും കണ്ടാവാം അവൾക്കെന്തൊക്കെയോ മനസ്സിലായിട്ടുണ്ട്. മാത്രവുമല്ല ഇപ്പോൾ അവൾ അച്‌ഛനുമായി ഇടയ്ക്ക് ഫോണിൽ സംസാരിക്കാറുണ്ടെന്ന് തനിക്കറിയാവുന്നതാണ്. അതുവഴി രക്‌തം രക്‌തത്തെ തിരിച്ചറിഞ്ഞിട്ടെന്ന വണ്ണം സ്നേഹത്തിന്‍റെ സ്നിഗ്ദ്ധത ഉടലെടുത്തിട്ടുണ്ടാകാം. ശരിക്കും തെറ്റിനുമിടക്കുള്ള രണ്ടിലേക്കും ചായുന്ന ഒരു മുക്കൂട്ടുകവലയിലൂടെ സഞ്ചരിക്കുകയാണ് ഇപ്പോൾ തന്‍റെ മനസ്സ്. വേണോ വേണ്ടയോ എന്ന തീരുമാനം തന്‍റെതു മാത്രം…

മകൾ ശ്വാസമടക്കി തൊട്ടടുത്തു നിൽക്കുന്നു. ഏറെ പ്രതീക്ഷ നിറഞ്ഞ അവളുടെ മനസ്സ് തനിക്ക് വായിച്ചെടുക്കാം. ഒരു സ്ത്രീ തകർന്നു പോകുന്നതും കരുത്താർജ്ജിക്കുന്നതും അവൾ കഠിനമായി പരീക്ഷണങ്ങളിലൂടെ കടന്നു പോകുമ്പോഴാണ്. രണ്ടുതരത്തിൽ അത്തരം ചുറ്റുപാടുകളോടു പ്രതികരിക്കാം.

കരഞ്ഞും സ്വയം വിധിയെ പഴിച്ചും കാലം കഴിക്കുക. അല്ലെങ്കിൽ ചുടലയിൽ നിന്നുയർന്നു എണീറ്റ് വന്നാലെന്ന വണ്ണം കരുത്താർജ്ജിച്ച് പ്രതികൂല സാഹചര്യങ്ങളെ തനിക്ക് അനുകൂലമാക്കി എടുത്ത് മുന്നേറുക. രണ്ടാമത്തേതാണ് താനിഷ്ടപ്പെടുന്നത്. ഏതു പ്രതികൂലാവസ്‌ഥയിലും ഒരു വൻസാധ്യത ഒളിഞ്ഞിരിപ്പുണ്ടാവും. അതു കണ്ടെത്തി മുന്നേറുക.

ചിന്തയിലാണ്ടിരിക്കുന്ന തന്‍റെ അടുത്ത് മകൾ വന്നിരുന്നു. കഴുത്തിലൂടെ കൈയിട്ട് തന്നെ ചേർത്തു പിടിച്ചു. അവളുടെ കൈകൾ കരുത്താർജ്ജിച്ചിരിക്കുന്നു.

“അമ്മയുടെ ഇഷ്‌ടം പോലെ തീരുമാനമെടുക്കാം… കഴിഞ്ഞ കുറേയേറെ വർഷങ്ങൾ കണ്ണീർ വറ്റിയ കരുത്തയായ സ്ത്രീയായി അമ്മ എന്നെ സംരക്ഷിച്ചു. ഒരിക്കൽ പോലും അച്‌ഛനെ കുറിച്ച് അമ്മ മോശമായി ഒന്നും എന്നോടു പറഞ്ഞിട്ടില്ല…” മനസ്സിലുള്ളത് എങ്ങനെ പറഞ്ഞു ഫലിപ്പിക്കണമെന്നറിയാതെ അവൾ പരുങ്ങുകയാണ്.

പ്രായപൂർത്തിയായ പെൺകുട്ടിയാണ് നീലിമ. അവളുടെ അഭിപ്രായങ്ങൾ പറയാനുള്ള വിവരവും സ്വാതന്ത്യ്രവും അവൾക്കുണ്ട്. ആകാംക്ഷയോടെ അവളുടെ മുഖത്തേക്കു നോക്കിയിരുന്നു. എന്താണ് പറഞ്ഞുവരുന്നത് എന്നു കേൾക്കാനുള്ള വ്യഗ്രതയോടെ.

“അമ്മ അച്‌ഛനോടൊപ്പം പോകാൻ തയ്യാറാകണം. തന്‍റെ മുഖത്തേക്കു തന്നെ നോക്കി അവൾ തുടർന്നു. തിരിച്ചു പിടിക്കാനാവാത്ത എന്‍റെ ബാല്യകൗമാര ചിന്തകളിൽ അച്‌ഛനമ്മമാരോടൊപ്പം കഴിഞ്ഞ നല്ല ഓർമ്മകളില്ല. എങ്കിലും…” എന്തുപറയണമെന്നറിയാതെ അവൾ നിശബ്ദയായി.

“അച്‌ഛനമ്മമാരോടൊത്തുള്ള ജീവിതത്തിന്‍റെ സുരക്ഷിതത്വം… സന്തോഷം… എല്ലാം എനിക്കന്യമായിരുന്നില്ലേ… ഇനിയെങ്കിലും….” അവളുടെ ശബ്ദം ഇടറി…

“ഇനിയെങ്കിലും ഒന്നിച്ചു കഴിഞ്ഞു കൂടെ?” പറഞ്ഞു തുടങ്ങിയത് അവസാനിപ്പിക്കണമല്ലോ എന്ന മട്ടിൽ അവൾ ധൃതിപ്പെട്ട് പറഞ്ഞു നിർത്തി.

“തീരുമാനമെടുക്കേണ്ടത് അമ്മയാണ്…” പുറത്തേക്കു നടക്കവേ ഒരു നിമിഷം തിരിഞ്ഞു നിന്ന് അവൾ തുടർന്നു. “ഒരു നിശ്ബദ ചിത്രം കണക്കെ ഇതുവരെ എത്തിച്ച ജീവിതത്തിന്‍റെ ബാക്കിയും അമ്മക്കു തന്നെ എഴുതാ…” അവൾ പുറത്തേക്കു പോകുമ്പോൾ നോക്കി നിന്നു. എന്തൊരു ചടുലമായ നീക്കങ്ങൾ… സംശയമോ പേടിയോ തൊട്ടുതീണ്ടിയിട്ടില്ലാത്ത വ്യക്തമായ തീരുമാനങ്ങൾ!! അവൾ തന്നേക്കാൾ വളർന്നിരിക്കുന്നു.

“ജീവിതത്തിൽ ഒരു പ്രതിസന്ധി വരുമ്പോൾ കുടുംബം ഉപേക്ഷിക്കുകയല്ല വേണ്ടത്…” അതിനെ നേരിട്ട് മുന്നേറുകയാണ് വേണ്ടത്…” നീലിമയുടെ സ്വരത്തിന് വല്ലാത്ത ദൃഢത…

താനും അതു തന്നെയല്ലേ ചെയ്തത്…? തന്‍റെ വഴി ശരി മാത്രമായിരുന്നു എന്ന ധാരണയെയാണ് മകൾ വർഷങ്ങൾക്കു ശേഷം ചോദ്യം ചെയ്തിരിക്കുന്നത്.

നീലിമ വളർന്നിരിക്കുന്നു. അച്‌ഛനമ്മമാരെ ചോദ്യം ചെയ്യാനുള്ള പക്വത ആർജ്ജിച്ചിരിക്കുന്നു. തിരുത്തി വരയ്ക്കാൻ പറ്റാത്ത ചിത്രമാണ് ജീവിതം. എത്ര കഴുകിക്കളഞ്ഞാലും പോകാത്ത കറ പോലെ പഴയകാല ഓർമ്മകൾ വ്യക്തതയോടെ മനസ്സിൽ തെളിഞ്ഞു വരുന്നു. ഇന്നലെ കഴിഞ്ഞ പോലെ…

ഇന്നലെയുടെ ഏടുകൾ തീർത്തും നശിപ്പിച്ചേ പറ്റൂ. ഇന്നിന്‍റെ പുതുജീവൻ ഉൾക്കൊള്ളാൻ തെറ്റുകൾക്കെല്ലാം കണ്ണീരിന്‍റെ നനവും ചോരയുടെ ഗന്ധവുമുണ്ടെന്ന് ആരാണ് പറഞ്ഞത്…!!

പെട്ടെന്ന് ചിന്തകളിൽ നിന്നും മായ ഞെട്ടി ഉണർന്നു. മനസ്സിന് വല്ലാത്തൊരു ലാഘവത്വം അനുഭവപ്പെടുന്നുണ്ട്. പുറകോട്ടു തിരിഞ്ഞു നോക്കുമ്പോൾ കഴിഞ്ഞ കാലങ്ങളിൽ എന്താണ് സംഭവിച്ചത് എന്ന് ഓർത്തെടുക്കാൻ കഴിയാത്ത ഒരവസ്ഥ… മനസ്സ് വെള്ളക്കടലാസ് പോലെ ശൂന്യം. ഇവിടെ നിന്ന് എല്ലാം ആദ്യം തുടങ്ങാം… തുടങ്ങണം.

മായ ഫോണിനടുത്തേുക്കു നടന്നു. അപ്പോൾ കിഴക്ക് പുലരി പൊട്ടി വിടരുന്നതേ ഉണ്ടായിരുന്നുള്ളൂ… പ്രഭാതം ഏറ്റവും സുന്ദരമായി പിറന്നത് ഇന്നാണെന്ന് മായയ്ക്ക് തോന്നി.

और कहानियां पढ़ने के लिए क्लिक करें...