സുജാത മടിയൊന്നുമില്ലാതെ അകത്തേക്കു കടന്നു. ജയപാൽ എന്തോ പറയാൻ ശ്രമിക്കുന്നു ണ്ടായിരുന്നു. പക്ഷേ അയാൾ അദ്ഭുതസ്തബ്ധനായി തന്നെ നിൽക്കുകയാണ്. സുജാത തന്‍റെ വീട് കണ്ടുപിടിച്ച് വരുമെന്ന് അയാൾ ഒട്ടും പ്രതീക്ഷിച്ചില്ല. അയാളുടെ വൈക്ലബ്യത്തിന്‍റെ കാരണം ഉടനെ തന്നെ സുജാതയ്ക്കു മുന്നിൽ അഖിലിന്‍റെ രൂപത്തിൽ പ്രത്യക്ഷമായി. ജയപാലിന്‍റെ മകനാണ് അഖിൽ. അയാൾ അകത്തു നിന്ന് പുഞ്ചിരിയോടെ ലിവിംഗ് റൂമിലേക്കു വന്നു സുജാതയെ അഭിവാദ്യം ചെയ്‌തു.
“ഗുഡ് ഈവനിംഗ് ആന്‍റി.”
“ഗുഡ് ഈവനിംഗ്” സുജാത അതിശയത്തോടെ അഖിലിനെയും ജയപാലിനെയും നോക്കി. എന്നോടെന്താണ് അപ്പു വന്നിട്ട് പറയാത്തേ എന്ന മുഖഭാവം അവളുടെ മുഖത്തുണ്ടായിരുന്നു. അതറിഞ്ഞിട്ടെന്ന പോലെ ജയപാൽ പറഞ്ഞു. “അപ്പു ഇന്നു രാവിലെ എത്തി.”
“ആന്‍റി ഞാൻ ഇന്നലെ വീട്ടിലെത്തി, അമ്മയുടെ അടുത്തേക്കാണ് ആദ്യം പോയത്. ഇന്ന് രാവിലെ ഞാൻ ഇവിടെയും.” അപ്പു എന്ന അഖിൽ ചിരിച്ചു കൊണ്ട് പറഞ്ഞു.
ജയപാലിന്‍റെ അതേ പെരുമാറ്റ രീതികൾ. ശരിക്കും അച്‌ഛന്‍റെ മകൻ തന്നെ. സുജാത മനസ്സിലോർത്തു. കൗതുകത്തോടെ അഖിലിനെ നോക്കി.
ജയപാൽ അകത്തേക്കു പോയ സന്ദർഭത്തിൽ അഖിൽ സുജാതയെ നോക്കി ഹൃദ്യമായി ചിരിച്ചു.
“ആന്‍റി, അച്‌ഛൻ എന്നോട് നിങ്ങളെ കുറിച്ച് പറഞ്ഞിരുന്നു.” സുജാത ഒട്ടൊരു ഞെട്ടലോടെ അഖിലിന്‍റെ കണ്ണുകളിലേക്ക് നോക്കി. ജയപാലും ഭാര്യയും ഡിവോഴ്സ് ചെയ്‌തിട്ട് വർഷങ്ങളായി. മകൻ അമ്മയുടെ കൂടെയാണ്. നിയമപരമായ നടപടിയാണല്ലോ. എന്നാൽ 18 വയസ്സിനു ശേഷം അവൻ രണ്ടുപേർക്കുമൊപ്പം സമയം ചെലവഴിക്കാൻ ശ്രമിക്കാറുണ്ട് എന്ന് ജയപാൽ പറഞ്ഞ് സുജാതയ്ക്കറിയാം.
“ഒരു സമ്പന്നനായ അച്‌ഛന്‍റെ ഒറ്റപുത്രി എന്ന പദവി എന്‍റെ അമ്മയ്ക്ക് വളരെ ദോഷം ചെയ്‌തു. ഈഗോയുടെ പ്രതിരൂപമായി അമ്മ ജീവിക്കുന്നതു കാണുമ്പോൾ ഏറ്റവും വേദനിക്കുന്നത് ഞാനാണ്. അമ്മയുടെ ഈഗോയുടെ ഇരയാണ് അച്‌ഛൻ. അവർക്ക് വേദനിക്കാതിരിക്കാനാണ് അച്‌ഛൻ തന്‍റെ വ്യക്‌തിത്വം പോലും അടിയറവുവച്ചത്. അമ്മയുടെ സ്വഭാവത്തിന് ഇപ്പോഴും ഒരു മാറ്റമില്ല.” അഖിൽ ദുഃഖത്തോടെ പറയാൻ തുടങ്ങി.
ആദ്യമായി കാണുന്ന ഒരാളോട് ചിരപരിചിതമെന്നോണമുള്ള അഖിലിന്‍റെ സംസാരം, സുജാതയെ അമ്പരപ്പെടുത്തി. എന്നാൽ ആ അമ്പരപ്പ് സന്തോഷത്തിലേക്ക് വഴി മാറാൻ ഒട്ടും സമയം വേണ്ടി വന്നില്ല.
“അച്ഛൻ ആരോടും അത്ര വേഗം അടുക്കുന്ന ആൾ അല്ല. പക്ഷേ ആന്‍റിയെ കണ്ടതും പരിചയപ്പെട്ടതും ഗോവ യാത്രയ്ക്കു പ്ലാൻ ചെയ്യുന്നതിനെക്കുറിച്ചും അച്‌ഛൻ എന്നോടു പറഞ്ഞു. ഇവിടത്തെ കാര്യമൊക്കെ ഞാൻ നോക്കിക്കൊള്ളാം. അച്‌ഛനെ എങ്ങനെയും യാത്രയ്ക്കു കൂടെ കൂട്ടൂ. ആ മനസ്സ് സന്തോഷം എന്തെന്ന് അനുഭവിച്ചിട്ടേയില്ല എന്ന് എനിക്കറിയാം.”
അഖിൽ ആവേശത്തോടെയും അതിലേറെ ആഹ്ലാദത്തോടെയും പറഞ്ഞു കൊണ്ടിരുന്നു. അയാളുടെ കണ്ണിൽ കണ്ട നനവ് ഹൃദയത്തിൽ നിന്നൂറിയതാണെന്ന് സുജാത അറിഞ്ഞു.
“അപ്പു, അക്കാര്യം ഞാനേറ്റു.”
സുജാത തന്‍റെ പതിവു ശൈലിയിൽ ചിരിച്ചു.
ആ ചിരിക്കിടയിലും സുജാതയുടെ കണ്ണിനു മുന്നിൽ ജയപാലിന്‍റെ കണ്ണുകളിലെ വിഷാദഭാവം തെളിഞ്ഞു വന്നു. എന്താണ് അതിന്‍റെ കാരണം എന്ന് അവർ തിരിച്ചറിഞ്ഞു. എത്ര സ്നേഹം കൊടുത്തിട്ടും അവജ്ഞ മാത്രം തിരികെ ലഭിച്ചു കൊണ്ടിരിക്കുന്ന ഒരാൾ. ഇതുപോലൊരു സ്നേഹനിധിയായ വ്യക്‌തിയോട് ഇങ്ങനെയൊക്കെ പെരുമാറാൻ അവർക്കെങ്ങനെ കഴിഞ്ഞു? ഇതിനിടെ ജയപാൽ ആവി പറക്കുന്ന ചായയും സുജാതയ്ക്കിഷ്ടപ്പെട്ട പഴം പൊരിയുമായെത്തി. അവൾ സന്തോഷപൂർവ്വം അത് വാങ്ങി.
“നാളെ രാവിലെ 11 മണിക്ക് നമുക്ക് മാളിൽ പോകാം. കുറച്ച് ഡ്രസ് വാങ്ങണം.” ചായ ഊതി കുടിച്ച് സുജാത പറഞ്ഞു.
“ആർക്കാണ് ഡ്രസ്. എനിക്ക് ആവശ്യത്തിന് ഇവിടെയുണ്ട്.” ജയപാൽ അമ്പരപ്പോടെ നോക്കി.
“അതൊക്കെ അവിടെയിരിക്കട്ടെ, നമുക്ക് ചില ഡ്രസുകൾ വാങ്ങണം. ഒരു മേക്കോവർ നടത്തണം.”
സുജാത, കുസൃതിച്ചിരിയോടെ അഖിലിനെ നോക്കി.
“ശരിയാ…അത് വേണം” അഖിലും സുജാതയെ പിന്താങ്ങി.
“ബെല്ലയെക്കുറിച്ചും ചിന്ത വേണ്ട. അവളുടെ കാര്യം ഞാനേറ്റു.”
ജയപാൽ അക്കാര്യം പറയും മുന്നേ അഖിൽ അതിലും ഒരു പരിഹാരം കണ്ടെത്തി.
അത്രയും പറഞ്ഞിട്ട് വിജയഭാവത്തിൽ അഖിൽ ജയപാലിനെ ഇടം കണ്ണിട്ട് നോക്കി.
പിറ്റേന്ന് രാവിലെ തന്നെ രണ്ടുപേരും ഷോപ്പിംഗിനായി നഗരത്തിലേക്കിറങ്ങി. സുജാത, രണ്ടുപേർക്കും യാത്രയ്ക്കായുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുത്തു. കൂട്ടത്തിൽ ജയപാലിന് ചേരുന്ന ജീൻസും കുർത്തിയും എല്ലാം എടുക്കാനും അവൾ മറന്നില്ല. ഡ്രസ് എടുത്തു കഴിഞ്ഞപ്പോഴെക്കും രണ്ടുപേർക്കും നല്ല വിശപ്പു തോന്നി. റസ്റ്ററന്‍റിൽ കയറി വയറു നിറയെ കഴിച്ച് പുറത്തേക്കിറങ്ങി.
വീട്ടിലേക്ക് ബസിനു പോയാലോ എന്ന് സുജാതയ്ക്ക് ഒരു തോന്നൽ. പലപ്പോഴും കാർ വിളിച്ചാണ് പോകുന്നത്. ഇങ്ങനെ ഒരു അവസരത്തിൽ ബസിൽ പോകുന്നതിനെ കുറിച്ചോർത്തപ്പോൾ അവൾക്ക് ഒരു രസം തോന്നി. ബസ് സ്റ്റോപ്പിൽ ധാരാളം സ്ക്കൂൾ കുട്ടികൾ ഉണ്ടായിരുന്നു. ആദ്യത്തെ ബസ് നിറയെ കുട്ടികളുമായി കടന്നു പോയി. തൊട്ടുപിന്നാലെ വന്ന ബസിൽ അത്ര തിരക്കില്ലായിരുന്നു.
അവർ രണ്ടുപേരും ആ ബസിൽ കയറി. സുജാതയുടെ കയ്യിലെ കൂടുകളും മറ്റും കണ്ടിട്ട് ഒരു യുവാവ് അവൾക്ക് തന്‍റെ സീറ്റ് ഒഴിഞ്ഞു കൊടുത്തു.
“താങ്ക് യു” അവൾ ആ സീറ്റിൽ ഇരുന്നു. ജയപാൽ അവൾക്കടുത്തു തന്നെ സീറ്റിൽ പിടിച്ചു നിന്നു. അടുത്ത സ്റ്റോപ്പിൽ നിന്ന് നിറയെ ആളുകൾ കയറി. ജയപാൽ സീറ്റിൽ ചാരി നിന്നതിനാൽ സുജാതയ്ക്ക് കൂടുതൽ തിക്കും തിരക്കും അനുഭവിക്കേണ്ടി വന്നില്ല. അയാൾ അങ്ങനെ നിൽക്കവെ, തനിക്ക് വലിയൊരു സുരക്ഷിതത്വം അനുഭവപ്പെടുന്നത് അവൾ തിരിച്ചറിഞ്ഞു.
വൈകിട്ട് 6 മണിയോടെ രണ്ടുപേരും വീട്ടിലെത്തി. സുജാതയെ വീടു വരെ അനുഗമിച്ച ശേഷം ജയപാൽ സ്വന്തം വീട്ടിലേക്ക് മടങ്ങി. അയാളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞു നിന്നിരുന്നു.
അടുത്ത ശനിയാഴ്ച ഗോവ പോവുകയാണ്. അതിന്‍റെ തയ്യാറെടുപ്പുകൾ എല്ലാം സുജാത പൂർത്തിയാക്കി. ഇതിനിടയിലാണ് മകൾ വിളിച്ചത്. “ഹായ് അമ്മ എന്തുണ്ട് അവിടെ? എന്ന ചോദ്യം കേട്ടപ്പോൾ സുജാത ഒന്ന് ആലോചിച്ചു. ഗോവയ്ക്കു പോകുന്ന കാര്യം പറയണം, പക്ഷേ ജയപാൽ ഉണ്ടെന്നു പറയണോ?”
അടുത്ത നിമിഷം അവൾ വേണ്ടെന്നു വച്ചു. ഇപ്പോൾ ഒന്നും പറയണ്ട.
“എല്ലാം ശരിയാക്കുന്നു” അടുത്ത ശനിയാഴ്ച പോകും.”
“മീരാന്‍റി ഉണ്ടോ കൂടെ?”
“ഉണ്ട്”
ഒരുപാടു നേരം പല കാര്യങ്ങൾ സംസാരിച്ച ശേഷം അവൾ ഫോൺ വച്ചു. പക്ഷേ ജയപാലിനെക്കുറിച്ച് സുജാത മൗനം പാലിച്ചു.
ഗോവ യാത്രയ്ക്ക് 12 പേരാണ് ബുക്ക് ചെയ്‌തിരിക്കുന്നത്. ഒരു മിനി ലക്ഷ്വറി വാനിലാണ് യാത്ര.
സുജാതയുടെ വീടിനു മുന്നിൽ 7 മണിക്ക് ബസ് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജയപാലും അവിടെ നിന്ന് കയറാനാണ് പ്ലാൻ.
കൃത്യം 7 മണിക്കു തന്നെ ജയപാൽ സുജാതയുടെ വീട്ടിലെത്തി. പുതിയ ഡ്രസിൽ അതീവ സുന്ദരനായിരിക്കുന്നു ജയപാൽ.
“അടിപൊളി! നല്ല ചേർച്ചയുണ്ട് ഈ ഡ്രസ്!” സുജാത അയാളെ ചിരിയോടെ കോംപ്ലിമെന്‍റ് ചെയ്‌തു. ഓഫ് വൈറ്റ് ടീഷർട്ടിലും ബ്ലൂ ജീൻസിലും അയാൾക്ക് പകുതി വയസ്സ് കുറഞ്ഞതു പോലെ!
“ഓൾ ക്രെഡിറ്റ് ഗോസ് റ്റു യു” ജയപാൽ പുഞ്ചിരിച്ചു.
ബസ് പത്തു മിനിറ്റിനകം സ്‌ഥലത്തെത്തി. സുജാത എല്ലാവരേയും ജയപാലിന് പരിചയപ്പെടുത്തി. കുറച്ച് സമയത്തിനകം സുജാതയുടെ സുഹൃത്തുക്കളുമായി ജയപാൽ നല്ല കമ്പനിയായി. യാത്രയിലുടനീളം അവർ രണ്ടുപേരും പരസ്പരം വളരെയേറെ കെയർ ചെയ്‌തു കൊണ്ടിരുന്നു. യഥാർത്ഥത്തിൽ സുജാത ആ യാത്രയിൽ പുതിയൊരു ജയപാലിനെയാണ് ദർശിച്ചത്.
ജയപാൽ വളരെ ശാന്ത നാണെന്നാണ് അതുവരെ സുജാത കരുതിയിരുന്നത്. എന്നാൽ ഒരുപാട് നർമ്മ ബോധമുള്ള ഊർജ്വസ്വലനായ മറ്റൊരു ജയപാൽ അയാളിൽ നിന്നു ഉണർന്നു വന്നു. സുജാത പതിവിലും സന്തോഷവതിയായി. അവളിലെ മാറ്റം മീരയും ശ്രദ്ധിച്ചു. രണ്ടുപേരുടെയും സന്തോഷം നിറഞ്ഞ ഇടപെടൽ ആ യാത്രയിലുട നീളം സഹയാത്രികർക്കും വലിയ ആവേശമാണ് നൽകിയത്.
ഒരു ആഴ്ചയോളം നീണ്ട വിനോദയാത്ര സുജാതയെ ഒരുപാട് ഉന്മേഷവതിയാക്കി. മാത്രമല്ല, ജയപാലുമായി ഗാഢമായ ആത്മബന്ധം ഉടലെടുക്കുകയും ചെയ്‌തു. യാത്ര കഴിഞ്ഞു വന്നശേഷം രണ്ടുപേരും ദിവസവും ഫോണിൽ സംസാരിക്കുന്നതും ശീലമായി.
വീട്ടിലെ ജോലികൾ ചെയ്യുന്ന സമയമൊഴികെ, ബാക്കി വേളകളിലൊക്കെ ഫോണിലൂടെയോ നേരിട്ടോ അവർ പരസ്പരം സംസാരിച്ചു കൊണ്ടേയിരുന്നു. രാജ് വേർപിരിഞ്ഞതിനുശേഷം ഇത്രയും സന്തോഷഭരിതമായ ദിനങ്ങൾ സുജാത അനുഭവിച്ചിട്ടേയില്ല. ദിവസങ്ങൾ ശരവേഗം കടന്നു പോവുകയായിരുന്നു. ഇതിനിടയിൽ ഒരു പുലരിയിൽ പതിവു നടത്തത്തിന് ജയപാൽ എത്തിച്ചേർന്നില്ല. സുജാത കുറച്ചു കാത്തുവെങ്കിലും ആളെ കണ്ടില്ല.
“എന്തെങ്കിലും തിരക്കിലായി കാണും, മോൻ വീട്ടിലുള്ളതല്ലേ.” സുജാത സ്വയം വിശ്വസിപ്പിക്കാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു. എന്തായാലും ഒന്നു ഫോൺ ചെയ്യാമല്ലോ. അതും ഉണ്ടായില്ലല്ലോ. അവൾ തിരിച്ചു വീട്ടിലേക്ക് നടന്നു. ഫോൺ ചെയ്‌തു. പക്ഷേ ഫോൺ എടുക്കുന്നില്ല. അവൾ അന്നത്തെ നടത്തത്തിനു ശേഷം വീട്ടിലെത്തി അത്യാവശ്യ ജോലികളൊക്കെ ചെയ്‌ത ശേഷം ജയപാലിന്‍റെ വീട്ടിലേക്ക് നടന്നു. വീടിനു മുന്നിൽ എത്തിയപ്പോൾ അവിടെ അടിച്ചു വാരാൻ വരുന്ന സ്ത്രീ മുറ്റത്തു നിൽപ്പുണ്ട്.
“ജയപാൽ ഇല്ലേ?”
“ഉണ്ടല്ലോ, അകത്തുണ്ട്.”
“അസുഖം വല്ലതും? ഇന്നു പുറത്തേക്ക് കണ്ടില്ല.”
സുജാത അവരോട് അന്വേഷിച്ചു. “സാറിന് കുഴപ്പമൊന്നുമില്ല. ഇന്നലെ ഇവിടത്തെ നായ് ചത്തു പോയി.” അവർ ശബ്ദം താഴ്ത്തി പറഞ്ഞു.
“എന്താ പറഞ്ഞേ, എന്തു പറ്റി ബെല്ലയ്ക്ക്?”
സുജാത വിശ്വാസം വരാതെ എടുത്തു ചോദിച്ചു. ഇന്നലെയും താൻ അവളെ കണ്ടതാണല്ലോ.
“വൈകുന്നേരമായപ്പോ എവിടെന്നോ ഒരു പാമ്പ് ഇഴഞ്ഞു വന്നു. അതിനെ നായ് എടുത്തു കടിച്ചു കുടഞ്ഞു. പക്ഷേ പാമ്പിന്‍റെ കടിയേറ്റു. ആശുപത്രിയിൽ കൊണ്ടുപോയി, കാര്യമുണ്ടായില്ല.”
“ഓഹ്! ബെല്ല!”
സുജാത വീടിനകത്തേക്കു ഓടിച്ചെന്നു. ലിവിംഗ് റൂമിലെ സോഫയിൽ ദുഃഖിതനായി ജയപാൽ ഇരിക്കുന്നുണ്ടായിരുന്നു. സുജാതയെ കണ്ടപ്പോൾ കൊച്ചു കുഞ്ഞിനെപ്പോലെ ജയപാൽ വിതുമ്പി.
(തുടരും)