എന്നാൽ ഹൃദയത്തിനേറ്റ മുറിവുകളാണ് ശരീരത്തിനേറ്റ മുറിവുകളേക്കാൾ വലുതെന്ന് അദ്ദേഹമെഴുതി. എന്‍റെ അഭാവം ആ ഹൃദയത്തെ വല്ലാതെ മുറിപ്പെടുത്തിയെന്നും…

അച്‌ഛന്‍റെ പണത്തിന്‍റെ സ്വാധീനവും, ഉയർന്ന പോലീസ് ഉദ്യോഗസ്‌ഥനുമായുള്ള കൂട്ടുകെട്ടും നീണ്ടനാൾ അദ്ദേഹത്തെ കാരാഗൃഹത്തിലാക്കി

ഒരുനാൾ അച്‌ഛൻ അമ്മയോടു തർക്കിച്ച് പറയുന്നതു കേട്ടു. “ഈ ഫഹദ് സാർ എന്നു പറയുന്നവൻ പക്കാ വർഗ്ഗീയ വാദിയാണു കേട്ടോ. ഇവളെ അവൻ കെട്ടി മതം മാറ്റാനാണ് ഉദ്ദേശിച്ചിരുന്നത്. ഞാൻ ചെല്ലുമ്പോൾ ഇവൾ തനി മുസ്ലീം സ്ത്രീയായി വേഷവിധാനം ചെയ്‌തിരുന്നു. അവൾ ശരിയ്ക്കും ഹിന്ദുവാണെന്നറിഞ്ഞാൽ എല്ലാ ഹിന്ദുക്കളും അവനെതിരായി തിരിയുകയും ചെയ്യുമായിരുന്നു. അതാണ് ആ നാട്ടിൽ ഞാൻ ചെന്നപ്പോൾ ഉണ്ടായ സംഘർഷത്തിൽ നിന്നും മനസ്സിലായത്. ഏതായാലും ഭാഗ്യം കൊണ്ടാണ് അതൊരു വലിയ ലഹളയായി പരിണമിയ്ക്കാതിരുന്നത്. ഞാൻ പോലീസിനെയും കൊണ്ട് ചെന്നതാണ് ഏറ്റവും വലിയ ഭാഗ്യായത്. അല്ലെങ്കിൽ ഒരു വലിയ ലഹളയുണ്ടായി ഞങ്ങളും അതിൽ പെട്ടുപോയേനെ. നിന്‍റെ മോളെ ഇങ്ങനെ ജീവനോടെ കിട്ടിയത് എന്‍റെ മിടുക്കു കൊണ്ടാണെന്ന് കരുതിയ്ക്കോ. അല്ലെങ്കിൽ അവളുടെ കത്തിക്കരിഞ്ഞ ശവമേ നിനക്ക് കിട്ടുമായിരുന്നുള്ളൂ.”

എന്നെ വീട്ടുതടങ്കലിലിട്ടതിൽ മനംനൊന്ത് അച്‌ഛനോടു തർക്കിക്കാൻ ചെന്ന അമ്മയുടെ നാവടഞ്ഞുപോയി. അച്‌ഛൻ ചെയ്‌തതു തന്നെയാണ് ശരിയെന്ന് അമ്മയ്ക്കും ബോധ്യമായി. അമ്മയെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയ ശേഷം അച്‌ഛൻ എന്നോടു പറഞ്ഞു.

“നിന്നെ വിവാഹം കഴിയ്ക്കുവാൻ സുഭദ്രേച്ചിയുടെ മകൻ വിഷ്ണു നാരായണൻ ഒരുക്കമാണ്. നിന്നെ അത്രയ്ക്കിഷ്ടമാണ് അയാൾക്ക്. ഞാനീ വിവാഹം ഉടനെ നടത്താൻ പോവുകയാണ്. അതുവരെ നിന്‍റെയാ ഫഹദ്സാർ ജയിലിൽ കിടക്കുക തന്നെ ചെയ്യും. ചിലപ്പോൾ അവിടെക്കിടന്ന് പോലീസുകാരുടെ തല്ലു കൊണ്ട് അയാൾ മരിയ്ക്കും. കാരണം അയാൾ ചെയ്‌ത കുറ്റം അത്രയേറെ ഗൗരവമേറിയതാണ്. വർഗ്ഗീയ ലഹളയുണ്ടാക്കുക എന്നുവച്ചാൽ അതൊരു തരം തീവ്രവാദം തന്നെയാണ്. അയാളുടെ ശിക്ഷ ജീവപര്യന്തമാകാനും മതി.”

അച്‌ഛന്‍റെ കണ്ണുകളിൽ നിറഞ്ഞു നിന്ന നിഗൂഢഭാവം എന്നെ ഭയചകിതയാക്കി. അപകടം മണത്തറിഞ്ഞ ഞാൻ ആ കാലുപിടിച്ചപേക്ഷിച്ചു.

“അച്‌ഛാ… അച്‌ഛൻ എന്‍റെ വിവാഹം ആരുമായിട്ടു വേണമെങ്കിലും നടത്തിക്കോളൂ… പക്ഷേ എന്‍റെ ഫഹദ് സാറിനെ വെറുതെ വിടണം. അദ്ദേഹത്തിന്‍റെ പേരിലുള്ള കള്ളക്കേസുകൾ ഉടനെ പിൻവലിക്കണം അച്ഛാ…”

എന്നാൽ കാരിരുമ്പിന്‍റെ കരുത്തുള്ള ആ ഹൃദയം എന്‍റെ അപേക്ഷകൾക്ക് പുല്ലുവില പോലും കൽപിച്ചില്ല. എന്‍റെ ആത്മഹത്യാ ഭീഷണികളും വിലപ്പോയില്ല. ഒടുവിൽ ഒരു ചിങ്ങമാസപ്പുലരിയിൽ വിഷ്ണു നാരായണൻ എന്‍റെ കഴുത്തിൽ താലിചാർത്തി. വിവാഹ ശേഷം കാലിൽ തൊട്ടുവന്ദിച്ച് യാത്ര പുറപ്പെടാനൊരുങ്ങിയ എന്നോട് അച്‌ഛൻ പറഞ്ഞു.

“സോറി മോളെ… നിന്നെ എനിക്കൽപം വേദനിപ്പിക്കേണ്ടി വന്നു. നിന്‍റെ നല്ല ഭാവിയായിരുന്നു എനിക്ക് പ്രധാനം. അതിനുവേണ്ടി എനിക്കൽപം ക്രൂരനാകേണ്ടി വന്നു. പക്ഷേ ഇതോടെ നിന്‍റെ ഫഹദ് സാറിനോടുള്ള എന്‍റെ ശത്രുത തീർന്നു. പോലീസുകാർ അയാളെ ഉടനെ വിട്ടയയ്ക്കും. ഇതിനു വേണ്ടി നിന്നെ വേദനിപ്പിക്കേണ്ടി വന്നതിൽ ഞാൻ മാപ്പു ചോദിക്കുന്നു മോളെ…”

ഫഹദ്സാറിനെ വിട്ടയയ്ക്കും എന്ന വാർത്ത ആശ്വാസ പ്രദമായിരുന്നുവെങ്കിലും, അച്‌ഛന്‍റെ മാപ്പപേക്ഷ എന്‍റെ ഹൃദയത്തെ ചലിപ്പിച്ചില്ല. ഉള്ളിലുറഞ്ഞു കൂടിയ സ്നേഹപാശത്താൽ അദ്ദേഹം എന്നെ വരിഞ്ഞു മുറുക്കിയപ്പോഴും ഞാനല്പം പോലും ഇളകിയില്ല. എല്ലാം വെറും അഭിനയമാണെന്ന് ഞാൻ കരുതി. അച്‌ഛനു വലുത് സ്വന്തം ദുരഭിമാനവും, കുടുംബ മഹിമയുമാണെന്ന് മനസ്സു പറഞ്ഞു. അല്ലെങ്കിൽ ഫഹദ് സാർ എന്ന മുസൽമാനിലെ പച്ചമനുഷ്യനെ കണ്ടെത്തുവാൻ അദ്ദേഹത്തിനു കഴിഞ്ഞേനെ.

പിന്നീട് എന്നെ യാത്രയാക്കുമ്പോൾ പൊട്ടിക്കരഞ്ഞ അമ്മയുടേയും അനുജത്തിമാരുടേയും മുന്നിൽ ഞാൻ സ്വയം നിയന്ത്രിച്ചു നിന്നു. ഒടുവിൽ മരവിച്ച മനസ്സുമായി നരേട്ടനോടൊപ്പം, അദ്ദേഹത്തിന്‍റെ സ്നേഹ വചസ്സുകൾക്ക് ചെവി കൊടുക്കാതെ, അങ്ങകലെയുള്ള ഏതോ ഗ്രാമത്തിലേയ്ക്ക് കാറിൽ ഒരു യാത്ര!…

ഇഴഞ്ഞു നീങ്ങിയ മണിക്കൂറുകൾക്കൊടുവിൽ ചെമ്മണ്ണു വിരിച്ച ഏതോ ഗ്രാമപാതയോരത്ത് ഞങ്ങളുടെ കാറെത്തി. ഇരുവശത്തും നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെൽ വയലുകൾക്കിടയിലൂടെ പൊടിപറത്തിക്കൊണ്ട് പാഞ്ഞു പോയ ഞങ്ങളുടെ കാർ കണ്ട് ചിലർ നിന്നു. ഗ്രാമത്തിന്‍റെ ഹൃദയ നൈർമ്മല്യം കോർത്തു വച്ച് അവർ പറഞ്ഞു.

“അതാ പനയ്ക്കലെ വിഷ്ണു നാരായണനും ഭാര്യയുമല്ലേ. ഇന്നായിരുന്നു അവരുടെ താലികെട്ട്, പെണ്ണു കാണാൻ സുന്ദരി തന്നെ. അല്ലെങ്കിലും മുറപ്പെണ്ണു തന്നെയല്ലെ.” ഒടുവിൽ നരേട്ടന്‍റെ തറവാട്ടിൽ എത്തിച്ചേർന്ന ഞങ്ങളെ സ്വീകരിക്കാൻ അദ്ദേഹത്തിന്‍റെ ബന്ധുജനങ്ങളോടൊപ്പം അമ്മയും പെങ്ങന്മാരും കാത്തു നിന്നു.

കാറിൽ നിന്നിറങ്ങി, മൂത്ത പെങ്ങൾ നീട്ടിയ നിലവിളക്കുമായി പൂജാമുറിയിലേയ്ക്ക് നടക്കുമ്പോൾ അറിയാതെ കാലുകൾ വിറകൊണ്ടുവോ…? ഇടറിവീഴാതിരിയ്ക്കാൻ, പണിപ്പെട്ട് കാലുകൾ വലിച്ചു വച്ച് നടന്നടുക്കുമ്പോൾ ഹൃദയം മൂകമായി മന്ത്രിച്ചു.

“ഇവിടെ നീ കാലുറപ്പിച്ച് നടന്നടുക്കുന്നത് മരണത്തിലേയ്ക്കാണ്… ഇവിടെ മരണ ദൂതൻ നിനക്കായ് മണിയറയൊരുക്കി കാത്തിരിക്കുന്നു.”

ആരുമറിയാതെ ഹൃദയത്തിലൊളിപ്പിച്ച ദുരൂഹ രഹസ്യത്തെ മടിത്തട്ടിലൊതുക്കി ഞാൻ മണിയറയിൽ കടന്നു.

എന്നെ മണിയറയിലെത്തിച്ചത് അദ്ദേഹത്തിന്‍റെ ഇളയ സഹോദരി ഇന്ദുലേഖയായിരുന്നു. അച്‌ഛന്‍റെ വീട്ടിൽ എല്ലാവരും അവളെ ഇന്ദു എന്നാണ് വിളിച്ചിരുന്നത്. അവൾ കൈയ്യിലൊരു പാൽ ഗ്ലാസ്സ് തന്നു കൊണ്ട് കളിതമാശയായി പറഞ്ഞു.

“ഉം… ചെല്ല്…. ചെല്ല്… ഏട്ടൻ മീരേച്ചിയെ കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അതുകൊണ്ട് ഇനി മീരേച്ചി അൽപനേരം ഏട്ടനെ കാത്തിരുന്നോളൂ…”

അന്ന് ഡിഗ്രിയ്ക്കു പഠിച്ചു കൊണ്ടിരുന്ന അവൾ എന്‍റെ മായയുടെ പ്രായമാണ്. അച്‌ഛന്‍റെ തറവാട്ടിലെത്തുമ്പോൾ കുട്ടിക്കാലത്ത് പലപ്പോഴും ഞങ്ങളൊന്നിച്ച് കളിക്കാറുണ്ടായിരുന്നു. പക്ഷേ അപ്പോഴെല്ലാം അവരെക്കാൾ മൂന്നു നാലു വയസ്സു മുതിർന്ന ഞാൻ അവരെ നിയന്ത്രിച്ചിരുന്നു. ഒരു മൂത്ത ജ്യേഷ്ഠത്തിയെപ്പോലെ… അതിനോടൊപ്പം സ്നേഹ വാത്സല്യങ്ങളും നൽകിയിരുന്നു. അവരെക്കാളൊക്കെ ഊർജ്ജസ്വലയായ പെൺകുട്ടിയായിരുന്നു ഞാൻ. എന്നാലിന്നിപ്പോൾ ചത്ത കോഴിയെപ്പോലുള്ള എന്‍റെ തൂങ്ങിപ്പിടിച്ച നില്പു കണ്ടിട്ടാകാം ഇന്ദു അൽപം തമാശ കലർത്തി പറഞ്ഞു.

“ഉം… മീരേച്ചി നരേട്ടനെ ആകെ ഭയന്നിട്ടാണെന്നു തോന്നുന്നു. ഒന്നും പേടിക്കേണ്ടാട്ടോ… എന്‍റെ നരേട്ടൻ ചെറുപ്പത്തിലേപ്പോലെ തന്നെ ഇപ്പോഴും ഒരു പാവമാണ്. ഒരു മിണ്ടാപ്പൂച്ച… ഒറ്റക്കുഴപ്പമേ ഉള്ളൂ… മീരേച്ചിയോട് കണ്ണും പൂട്ടിയുള്ള പ്രേമമാണ്… അല്ല… അത് ചെറുപ്പത്തിലെ തൊടങ്ങിയതാണല്ലോ… ഇപ്പഴാ അസുഖം അൽപം കൂടിയിട്ടുണ്ടെന്നു മാത്രം… ഉം… ചേച്ചി തന്നെ അതുമാറ്റിയെടുത്താൻ മതി…” അവൾ എന്‍റെ ചെവിയിൽ അൽപം ഉറക്കെ കളിതമാശകൾ പറഞ്ഞു കൊണ്ട് പൊട്ടിച്ചിരിച്ചു.

എന്നാലവയൊന്നും ഉൾക്കൊള്ളാനാവാത്ത സ്‌ഥിതിയിൽ ഒരു മരപ്പാവയെപ്പോലെയായിരുന്നു ഞാൻ. ചെറുപ്പം മുതൽ നരേട്ടന് എന്നോട് ഇഷ്ടക്കൂടുതലുണ്ടെന്നറിയാമായിരുന്നു. എന്നാൽ അതിത്രത്തോളം ഗാഢമാണെന്ന് ഞാനറിഞ്ഞിരുന്നില്ല. ഇന്നിപ്പോൾ മറ്റൊരു പുരുഷന്‍റെ ഭാര്യയായിക്കഴിഞ്ഞ എന്നെ എല്ലാം അറിഞ്ഞു കൊണ്ട് ആയിരിക്കുമോ നരേട്ടൻ സ്വീകരിക്കുന്നത്? അച്‌ഛൻ നരേട്ടനോട് എല്ലാം പറഞ്ഞു കാണുമോ? അതോ ഞാൻ കന്യകയാണെന്നു കരുതി അദ്ദേഹം എന്നെ സ്വീകരിക്കുന്നതായിരിക്കുമോ? മനസ്സിൽ ചോദ്യശരങ്ങൾ വന്ന് വിർപ്പുമുട്ടിച്ചു കൊണ്ടിരുന്നു. ഒപ്പം കുറ്റബോധവും നിരാശാ ബോധവും മനസ്സിനുള്ളിലേയ്ക്ക് ആർത്തലച്ച് കടന്നു വന്നു.

പൊട്ടിച്ചിരികളും കളിതമാശകളുമായി മണിയറയിലേയ്ക്ക് എന്നെ തള്ളിവിട്ട് അദ്ദേഹത്തിന്‍റെ ബന്ധുക്കൾ നടന്നകന്നു. അപ്പോൾ മണിയറയിൽ ഞാൻ തനിച്ചായിരുന്നു. വേപഥുവോടെ ഭർത്താവിന്‍റെ വരവിനായി കാത്തിരിയ്ക്കേണ്ട നിമിഷങ്ങളിൽ കുറ്റബോധവും നിരാശാബോധവും എന്നെ വിർപ്പുമുട്ടിച്ചു. ഒടുവിൽ എല്ലാം തുറന്നു പറഞ്ഞ് ഒരു യാത്രാമൊഴി… ഞാൻ തീരുമാനിച്ചുറച്ചു. കയ്യിൽ കരുതിയിരുന്ന പേനയും കടലാസ്സുമെടുത്ത് ധൃതിയിൽ വരികൾ കുറിച്ച് ഹാൻഡ് ബാഗിൽ കരുതിയിരുന്ന സ്ലീപ്പിംഗ് പിൽസ് എടുത്ത് വായിലേയ്ക്കിടുവാൻ ഭാവിക്കവേ, രണ്ടു കൈകൾ എന്നെ പിടിച്ചു നിർത്തി. ബലിഷ്ഠമായ ആ കരങ്ങളുടെ മുറുക്കത്തിൽ ഞാൻ ചലനരഹിതയായ്ത്തീർന്നു.

“അരുത്… മീര… താൻ അവിവേകമൊന്നും കാണിക്കരുത്. കഴിഞ്ഞതെല്ലാം താൻ മറക്കണം. ഞാൻ എല്ലാം അറിഞ്ഞു കൊണ്ടാണ് തന്നെ വിവാഹം ചെയ്‌തത്. ചെറുപ്പം മുതൽ എനിക്ക് തന്നെ അത്രയ്ക്കിഷ്ടമായിരുന്നു. എല്ലാം മറന്ന് നമുക്ക് ഒരു പുതുജീവിതം തുടങ്ങാം…”

ആ വാക്കുകൾ എന്‍റെ ഉള്ളിൽ കത്തിജ്വലിച്ച അഗ്നിയിൽ ശീതമഴ പെയ്യിച്ചു. എന്നാൽ ഉള്ളിലെ നെരിപ്പോട് അപ്പോഴും ഒരിയ്ക്കലും അണയാത്തവിധം എരിഞ്ഞു കൊണ്ടിരുന്നു. പിന്നീട് ഉത്തരേന്ത്യയിലെ ദില്ലിയിലേയ്ക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിൽ അദ്ദേഹം എന്നെ അനുനയിപ്പിക്കാൻ പല തവണ ശ്രമിച്ചു.

എന്നാൽ ഫഹദ് മുഹമ്മദ് എന്ന ചെറുപ്പക്കാരൻ മനസ്സിന്‍റെ അകത്തളങ്ങളിൽ ഒരു നനുത്ത ബിന്ദുവായി തെളിഞ്ഞു നിന്നപ്പോൾ മനസ്സ് നരേട്ടനിൽ നിന്ന് നിശ്ചിത അകലം പാലിച്ചത് ഞാനറിയാതെയാണ്. എവിടെയോ എപ്പോഴൊക്കെയോ ആ പിൻവിളി മുഴങ്ങുന്നത് ഞാൻ കാണുകയും കേൾക്കുകയും ചെയ്‌തു.

മീരാ… ഞാൻ വരുന്നു… നീയെന്‍റെ കൂടെ വരികയില്ലെ… അകലങ്ങളിലെ ആത്മാവിന്‍റെ തേങ്ങലുകൾ ഞാൻ കേട്ടു.

“ഞാൻ വരുന്നു ഫഹദ്സർ… നമുക്കൊരുമിച്ച് മുന്തിരിത്തോപ്പുകളിൽ രാപാർക്കാം… നമുക്കൊരുമിച്ച് അറിയാത്ത… കേൾക്കാത്ത ഗാനവീഥിയിലൂടെ അലയാം…” എങ്ങോ കേട്ടു മറന്ന കവിതയിലെ വരികൾ അറിയാതെ മനസ്സു മന്ത്രിച്ച നിമിഷങ്ങളിൽ ഹൃദയം എന്തിനോ വേണ്ടി കലമ്പൽ കൂട്ടി. ഇണയെ പിരിഞ്ഞ കിളിയുടെ ആത്മവേദന സ്വയമനുഭവിച്ചറിഞ്ഞ നാളുകളിൽ ഹൃദയം ആത്മപീഢയാൽ വെന്തുരുകി… ഒരു പറവയായ് ആകാശത്തിന്‍റെ അനന്ത നീലിമയിലേയ്ക്ക് പറന്നുയരാൻ തനിക്ക് കഴിഞ്ഞെങ്കിൽ! മനസ് അറിയാതെ കൊതിച്ചു പോയി.

(ഇന്നീ ആശുപത്രിക്കിടക്കയിൽ വച്ച് ചിന്തിക്കുമ്പോൾ എനിക്കു തോന്നുന്നു, അന്ന് അച്‌ഛനെ എതിർക്കുവാൻ വേണ്ടത്ര ചങ്കൂറ്റമുണ്ടായിരുന്നുവെങ്കിൽ ഒരു പക്ഷേ എന്‍റെ ജീവിതം ഒരിയ്ക്കലും മറ്റൊരു രീതിയിൽ വഴി തിരിയുമായിരുന്നില്ല. മറ്റൊരാളുടെ മുന്നിൽ സ്വയം നിസ്സഹായയായ ഒരു പെണ്ണിനെ പോലെ താലിക്കെട്ടാൻ നിന്നു കൊടുക്കേണ്ടി വരുമായിരുന്നില്ല. ഒരാണിന്‍റെ തന്‍റേടമുണ്ടെന്ന് സ്വയം അഹങ്കരിച്ചു നടന്ന താൻ, കേവലമൊരു പെണ്ണാണെന്ന് തിരിച്ചറിഞ്ഞ നാളുകൾ! അപകർഷതാ ബോധത്തിന്‍റെ ആണിക്കല്ലിൽ സ്വയം തളച്ചിട്ട ആ നാളകൾ എനിക്കൊരിക്കലും മറക്കാനാവുകയില്ല…)

“ചായ്…ചായ്…സാബ്ജീ….”

ട്രെയിൻ പാളങ്ങളിൽ ഉരഞ്ഞു നില്ക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. ട്രെയിൻ ഏതോ സ്റ്റേഷനിൽ എത്തി നിൽക്കുന്നു. ചുറ്റിനും നിറമുള്ള വസ്ത്രങ്ങൾ ധരിച്ച യാത്രക്കാർ തങ്ങളുടെ കംപാർട്ടുമെന്‍റുകൾ തേടി അലയുന്നു. യാത്രയവസാനിപ്പിച്ച് കംപാർട്ടുമെന്‍റുകളിൽ നിന്നുമിറങ്ങാൻ തിരക്കു കൂട്ടുന്നവർ… അവർ ആളുകളെ തള്ളിമാറ്റി ഭാരമുള്ള ലഗേജ്‌ജുമായി പുറത്തിറങ്ങാൻ വെമ്പൽ കൂട്ടുന്നു.

വിൽപന സാധനങ്ങളുമായി ഓരോ കംപാർട്ടുമെന്‍റിനു മുന്നിലുമെത്തുന്നവർ, ആളുകളെക്കൊണ്ട് അതുവാങ്ങിപ്പിക്കുവാൻ വ്യഗ്രതയോടെ അലയുന്നവർ. ആകെ ബഹളമയമായ ആ അന്തരീക്ഷത്തിൽ നിന്നും അൽപം മാറി നിന്ന നരേട്ടൻ എന്‍റെ അരികിലെത്തി ആരാഞ്ഞു.

“മീരാ… താനിത്രനേരവും ഒന്നും കഴിച്ചില്ലല്ലോ… അതിരാവിലെ വീട്ടിൽ നിന്നും പുറപ്പെടുമ്പോൾ എന്തോ കഴിച്ചതല്ലെ?… ഇപ്പോൾ നേരം രാത്രിയായിരിക്കുന്നു. ഉച്ചയ്ക്കും താനൊന്നും കഴിച്ചില്ല. ഇങ്ങനെ പട്ടിണിയിരുന്നാൽ വല്ല അസുഖവും പിടിപെടും…”

നരേട്ടൻ തന്നെ ഓർമിപ്പിച്ചു. പക്ഷേ വിശപ്പും, ദാഹവും തന്നെ വിട്ടകന്നിട്ട് നാളുകളേറെയായിരിക്കുന്നു എന്ന് ഇദ്ദേഹത്തിനറിയില്ലല്ലോ എന്ന് മീര ഓർക്കുകയായിരുന്നു. ഫഹദ്സാറിനെ വിട്ടു പിരിഞ്ഞ നാളുകളിൽ തനിക്ക് വിശപ്പ് കെട്ടടങ്ങിയതാണ്. പിന്നെ അച്‌ഛന്‍റെ കടുത്ത ശിക്ഷാവിധിയ്ക്കനുസരിച്ച് അല്പാഹാരം കഴിച്ചു തുടങ്ങിയതോടെ വേണമെങ്കിൽ ആഹാരമില്ലാതെയും ജീവിയ്ക്കാമെന്നായി.

“എനിക്കൊന്നും വേണ്ടാ… വിശപ്പില്ലാ…” നരേട്ടൻ നീട്ടിപിടിച്ച താലീ മീൽസ് നിഷേധച്ചു കൊണ്ട് ഞാൻ പറഞ്ഞു. ആ മുഖം മങ്ങുന്നതും അവിടെ ദുഃഖം വന്നു നിറയുന്നതും ഞാൻ കണ്ടു. എന്‍റെ സ്നേഹത്തെ മനസ്സിലാക്കുവാൻ ഇവൾക്കാകുന്നില്ലല്ലോ എന്നായിരിക്കും അപ്പോളദ്ദേഹം ആലോചിച്ചത്. പിന്നീടല്പം കഴിഞ്ഞ് ഒരു ഗ്ലാസ് ചായയുമായദ്ദേഹം വന്നെത്തി.

“ഈ ചായയെങ്കിലും കുടിയ്ക്കു മീരാ… നമ്മൾ പോകുന്നത് ബന്ധുമിത്രാദികളൊന്നുമില്ലാത്ത വിദൂരമായ ഒരു സ്‌ഥലത്തേയ്ക്കാണ്. അവിടെ വച്ച് തനിയ്ക്കെന്തെങ്കിലും അസുഖം പിടിപെട്ടാൽ ശുശ്രൂഷിയ്ക്കാൻ ഞാനല്ലാതെ മറ്റാരും ഉണ്ടാവുകയില്ല. എനിക്കാണെങ്കിൽ കോളേജിൽ പോകേണ്ടതുള്ളതു കൊണ്ട് തന്നെ ശുശ്രൂഷിക്കാനും പറ്റുകയില്ല. അതുകൊണ്ട് താൻ തന്‍റെ ആരോഗ്യം ശ്രദ്ധിക്കണം. വേണ്ട പോലെ ആഹാരം കഴിയ്ക്കണം. തന്നെ ഒരു രോഗിയായിക്കാണുവാനല്ല ഞാൻ കൂട്ടിക്കൊണ്ടു വന്നത്…”

അദ്ദേഹം പകുതി കാര്യമായും, പകുതി കളിതമാശയായും പറഞ്ഞു നിർത്തി. തനിയ്ക്കു വേണ്ടി ത്യാഗങ്ങൾ സഹിക്കുന്ന ആ മനുഷ്യനെ വേദനിപ്പിക്കണ്ടല്ലോ, എന്നു കരുതി ഞാൻ ചായ വാങ്ങിക്കുടിച്ചു അതുകണ്ടപ്പോൾ ആശ്വാസത്തോടെ നരേട്ടൻ പറഞ്ഞു.

“മീര, ഞാൻ തന്നെ വിവാഹം ചെയ്‌തത് തന്‍റെ സന്തോഷം തുടിയ്ക്കുന്ന മുഖം കാണാനാണ്. അല്ലാതെ മൂടിക്കെട്ടിയ ഈ മുഖം കണ്ട് ജീവിതകാലം മുഴുവൻ കഴിയാനല്ല…”

പിന്നീട് എന്നെ സന്തോഷിപ്പിക്കുവാനുള്ള ശ്രമങ്ങളായിരുന്നു നരേട്ടന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരുന്നത്. ഏതു രീതിയിലും എന്നെ ജീവിതത്തിലേയ്ക്കു മടക്കിക്കൊണ്ടുവരാൻ അദ്ദേഹം ആവുന്നത്ര ശ്രമിച്ചുക്കൊണ്ടിരുന്നു. സത്യത്തിൽ എനിക്കു വേണ്ടി ഒരു കോമാളി വേഷം കെട്ടുകയായിരുന്നുവല്ലോ, അദ്ദേഹം ജീവിതകാലം മുഴുവൻ എന്ന് ഞാനോർത്തു. ഉള്ളു തുറന്ന് ചിരിയ്ക്കാത്ത രാജകുമാരിയെ ചിരിപ്പിയ്ക്കാനായി വിദൂഷക വേഷം കെട്ടിയാടിയ കോമാളി…

മുറപ്പെണ്ണിനോടുള്ള അഭിനിവേശം മൂത്ത് എന്നെ വിവാഹം കഴിക്കുമ്പോൾ അദ്ദേഹത്തിന് സ്വർഗ്ഗം പിടിച്ചടക്കിയ സന്തോഷമായിരുന്നു. എന്നോടൊത്തുള്ള ജീവിതത്തിൽ മഴവിൽ നിറങ്ങൾ സ്വപ്നം കണ്ട അദ്ദേഹത്തിന് പൂർണ്ണ മനസ്സോടെ അതു നൽകുവാൻ എനിക്കു കഴിഞ്ഞുവോ? ഇന്ന് ഈ ഹോസ്പിറ്റൽ ബെഡ്‌ഡിൽ വച്ച് എല്ലാം ഓർക്കുമ്പോൾ മനസ്സ് എന്നെ പ്രതിക്കൂട്ടിൽ നിർത്തുന്നുവോ?

മീരാ നാരായണൻ അസ്വസ്ഥതയോടെ മിഴികൾ പൂട്ടി സ്വയം ഒരു ആത്മപരിശോധന നടത്തി…

പിന്നീട് ദില്ലിയിലെ ഫ്ളാറ്റിൽ ഒരു പുതിയ ജീവിതത്തിന് അടിത്തറയിടുമ്പോൾ നരേട്ടൻ ആഹ്ലാദവാനായിരുന്നു. എന്നെ ചേർത്തു പിടിച്ച് അദ്ദേഹം പറഞ്ഞു.

“കഴിഞ്ഞതെല്ലാം നമുക്കു മറക്കാം മീരാ… ഒരു പുതിയ ജീവിതം നമുക്കിവിടെ ആരംഭിക്കാം. നീയെന്നോടൊപ്പമുണ്ടെങ്കിൽ ഏതു കല്ലും, മുള്ളും എനിക്കു പൂമെത്തയാകും. എല്ലാം മറന്ന് സംഗീത സാന്ദ്രമായ ഒരു പുതുജീവിതം. അതാണ് ഞാൻ സ്വപ്നം കാണുന്നത്.”

പുതിയ ജീവിതത്തിന്‍റെ സന്തോഷ ലഹരിയിൽ അദ്ദേഹം പുതിയ ഫർണീച്ചറുകളും, കരകൗശല വസ്തുക്കളും, ഇലക്ട്രോണിക് സാധാനങ്ങളും വാരിക്കൂട്ടി. പുത്തൻ കർട്ടനുകളാൽ വീടു മോടിപിടിപ്പിച്ചു. പെയിന്‍റിംഗുകളാൽ ഭിത്തി അലങ്കരിച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു.

“എല്ലാം നിനക്കു വേണ്ടിയാണ് മീര. നീയൊന്നു ചിരിച്ചു കാണാൻ ഞാൻ അത്രയേറെ ആഗ്രഹിക്കുന്നു.” പക്ഷേ എന്‍റെ മുഖത്തു നിന്ന് കാർമേഘങ്ങൾ ഒഴിഞ്ഞു പോയില്ല. അതെപ്പോഴും മൂടിക്കെട്ടിയ ആകാശം പോലെ മേഘാവൃതമായിരുന്നു. വല്ലപ്പോഴും ഒറ്റയ്ക്കിരിയ്ക്കുമ്പോൾ പെയ്തൊഴിയാൻ മാത്രമായ കാർമേഘക്കീറുകൾ വീണ്ടും വീണ്ടും എന്‍റെ മിഴികളിൽ ഉറഞ്ഞു കൂടി. എന്തൊക്കെ ചെയ്‌തിട്ടും എന്‍റെ സ്‌ഥിതിയിൽ മാറ്റമില്ലെന്നു കണ്ട് ഒരിയ്ക്കൽ അദ്ദേഹം പറഞ്ഞു.

“മീരാ… നീയിങ്ങനെയായാൽ എനിക്ക് വേഗം ജീവിതം മടുത്തു പോകും. നീയൊരു കാര്യം ചെയ്യൂ. കഴിഞ്ഞതെല്ലാം മറക്കാൻ എന്തിലെങ്കിലും മുഴുകാൻ ശ്രമിയ്ക്കൂ. ഒരു പക്ഷേ നിനക്ക് പഠിക്കാനോ, ജോലിയ്ക്കു പോകാനോ ഇഷ്ടമാണെങ്കിൽ അങ്ങിനെയാവാം.”

ഒടുവിൽ നരേട്ടന്‍റെ സ്നേഹപൂർവ്വമായ നിർബന്ധത്തിനു വഴങ്ങി ഞാൻ പിഎച്ച്ഡി കംപ്ലീറ്റാക്കാമെന്ന് തീരുമാനിച്ചു. അങ്ങിനെ ഡൽഹി യൂണിവേഴ്സിറ്റിയിലെ പ്രഗത്ഭനായ ഒരു അദ്ധ്യാപകന്‍റെ കീഴിൽ പിഎച്ച്ഡി ഗവേഷണം പുനരാരംഭിച്ച ഞാൻ അതിൽ മുഴുകി സ്വയം മറക്കാൻ ശ്രമിച്ചു. ഒപ്പം ഡൽഹി യൂണിവേഴ്സിറ്റിയിലെ ലക്ചറർ തസ്തികയ്ക്കും ഞാനപേക്ഷിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ പിഎച്ച്ഡി ലഭിച്ച എനിക്ക് ഡൽഹി യൂണിവേഴ്സിറ്റിയിൽ ലക്ചററായി നിയമനാനുമതിയും ലഭിച്ചു. അങ്ങിനെ വീണ്ടും ചിറകുമുളച്ച ദിനങ്ങൾ ആഹ്ലാദത്തോടെ പറന്നുയരാൻ തുടങ്ങി.

മനസ്സിനുള്ളിൽ ഒരു നേരിയ വിങ്ങൽ മാത്രമവശേഷിപ്പിച്ച് വേദനകൾ അകലേയ്ക്ക് പോയി മാഞ്ഞു തുടങ്ങി. നരേട്ടന്‍റെ സ്നേഹമസൃണമായ പെരുമാറ്റത്തിൽ ഞാൻ നല്ലൊരു ഭാര്യയാകുവാനുള്ള ശ്രമമാരംഭിച്ചു.

ഇതിനിടയിൽ വീട്ടിൽ നിന്നും കത്തുകൾ വന്നു കൊണ്ടിരുന്നു. ഞങ്ങളുടെ പുതു ജീവിതത്തിൽ സന്തോഷമറിയിച്ച് അച്‌ഛന്‍റേയും അമ്മയുടേയും അനുജത്തിമാരുടേയും കത്തുകൾ. ഒടുവിൽ ആ വിശേഷവും വന്നെത്തി. ഞങ്ങളുടെ ആദ്യത്തെ കണ്മണി രാഹുൽ മോന്‍റെ ജനനം. അവന്‍റെ ജനനം എന്‍റെ മനസ്സിൽ ഇടയ്ക്കിടെ വീശിയടിച്ചിരുന്ന ഈറൻ കാറ്റിനെ പോലും അകലേയ്ക്കുതുരുത്തി.

നരേട്ടനോടൊപ്പം ജീവിതം ആസ്വദിച്ചു തുടങ്ങിയ നിമിഷങ്ങൾ. അവന്‍റെ കളിചിരികളിൽ കുട്ടിക്കുറുമ്പുകളിൽ എല്ലാം മറന്നുല്ലസിച്ച നാളുകൾ! ഇതിനിടയിൽ ഔദ്യോഗിക ജീവിതത്തിന്‍റെ തിരക്കുകൾ. എന്നിലേയ്ക്കു തിരിഞ്ഞു നോക്കുവാൻ ഒരു നിമിഷം പോലും ലഭിക്കാതെയായപ്പോൾ വേദനകൾ ഒരു ശവപ്പറമ്പിലെന്ന പോലെ കുഴിച്ചു മൂടപ്പെട്ടു.

ഉള്ളിൽ പണിതുയർത്തിയ ശവക്കല്ലറയിൽ കഴിഞ്ഞ കാല യാഥാർത്ഥ്യങ്ങൾ ഒരു പൊട്ടു പോലും അവശേഷിക്കാതെ ജീർണ്ണിച്ചു കിടന്നു. പിന്നെ രണ്ടു വർഷങ്ങൾക്കു ശേഷം കൃഷ്ണമോൾ ജനിച്ചു. കാലം ഒരു മാന്ത്രികനെപ്പോലെ ഹൃദയത്തിൽ നിറങ്ങൾ ചാലിച്ചു ചേർത്തപ്പോൾ അച്‌ഛനോടുള്ള വിദ്വേഷവും ക്രമേണ വിട്ടകന്നു. പിന്നീട് വളരെക്കാലത്തിനു ശേഷം ഇടയ്ക്കിടയ്ക്കുള്ള നാട്ടിലേയ്ക്കുള്ള യാത്രകൾ.

പക്ഷേ ഫഹദ്സാറിനെപ്പറ്റി ഒരിയ്ക്കൽ പോലും ആരും ഒന്നും പറഞ്ഞു കേട്ടില്ല. പഴയ കൂട്ടുകാർ ആരേയും കണ്ടതുമില്ല. വീട്ടിലാണെങ്കിൽ എല്ലാവരും എന്നെ ഒന്നും അറിയിക്കാതിരിക്കാൻ പാടുപെടുകയായിരുന്നു. അമ്മയും എന്‍റെ സ്വന്തം അനുജത്തിമാർ പോലും എല്ലാം മറച്ചു വച്ചു. ഒടുവിൽ എപ്പോഴോ ഞാനറിഞ്ഞു എല്ലാം എന്നിൽ നിന്നും മറയ്ക്കപ്പെടുകയായിരുന്നുവെന്ന്. എല്ലാവർക്കും നേരെ അച്‌ഛന്‍റെ ഭീഷണികൾ നിലനിന്നു.

ഒരിയ്ക്കൽ കോളേജിൽ നിന്നും മടങ്ങിയെത്തുമ്പോഴാണ് ഡോറിനടുത്ത് ആ കത്തു കിടക്കുന്നത് ഞാൻ കണ്ടത്. അത് നിമിഷയുടേതായിരുന്നു. യാഥാർത്ഥ്യങ്ങളും, കുറ്റപ്പെടുത്തലുകളും പരിഭവങ്ങളും നിറഞ്ഞ ആ കത്ത് എന്‍റെ ഉള്ളുലയ്ക്കുന്നതായിരുന്നു. മനസ്സിനകത്ത് കുഴിച്ചു മൂടിയ കഴിഞ്ഞകാല യാഥാർത്ഥ്യങ്ങൾ ഒരു പ്രേതത്തെപ്പോലെ ഉയിർത്തെഴുന്നേറ്റ് വന്ന് എന്നെ ശ്വാസം മുട്ടിച്ചു. ചുറ്റിനും ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ ഓർമ്മകൾ പൊടി പടലമുയർത്തി എന്നെ ചൂഴ്ന്നു നിന്നു.

“മീര… നീ ഞങ്ങളെയൊക്കെ മറന്നുവെന്ന് ഞാൻ കരുതുന്നു. ഇത്ര കാലമായിട്ടും ഒരു കത്തു പോലും അയയ്ക്കുവാൻ നിനക്ക് സമയമില്ലായിരുന്നുവെന്ന് ഞാനറിയുന്നു. ജീവിതത്തിന്‍റെ ആഘോഷത്തിരക്കുകളിൽ നീ ഞങ്ങളെയൊക്കെ മറക്കുകയായിരുന്നുവല്ലോ. ഞങ്ങളെ മറന്നതു പോകട്ടെ. നിനക്കുവേണ്ടി ജീവിതം ബലി കഴിച്ച ഫഹദ്സാറിനെ നീ മറക്കരുതായിരുന്നു. പക്ഷേ ഞങ്ങൾക്കദ്ദേഹത്തിനെ മറക്കാനാവുകയില്ല. കാരണം പ്രഗത്ഭനായ ഒരു അദ്ധ്യാപകനായിരുന്നുവല്ലോ അദ്ദേഹം. അദ്ദേഹത്തിന്‍റെ ശിഷ്യഗണത്തിൽപ്പെട്ട എനിക്ക് അദ്ദേഹത്തിന്‍റെ പതനം കണ്ടു നിൽക്കാനാവുമായിരുന്നില്ല.

ഞാനിപ്പോൾ നിന്‍റെ അഡ്രസ്സ് നിന്‍റെ അനുജത്തിമാരിൽ നിന്നും ശേഖരിച്ചാണ് ഈ കത്തെഴുതുന്നത്. നിനക്കറിയുമോ മീരാ… നിന്‍റെ വിവാഹശേഷം കുറച്ച് കോളേജ് അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ശ്രമഫലമായി ജയിലിൽ നിന്നും പുറത്തിറങ്ങിയ ഫഹദ്സാർ ഒരു ഭ്രാന്തനെപ്പോലെയായിത്തീർന്നു. ശരീരത്തിനും മനസ്സിനുമേറ്റ ആഘാതം അദ്ദേഹത്തിന് താങ്ങാനാവുമായിരുന്നില്ല.

അദ്ദേഹം മിക്ക ദിവസവും കോളേജിൽ എത്തിയിരുന്നില്ല. ഒരു മദ്യപാനിയെപ്പോലെ തെരുവിൽ അലഞ്ഞു നടന്നു. ഒടുവിൽ കോളേജിൽ നിന്നും പുറത്താക്കപ്പെട്ട അദ്ദേഹം താല്ക്കാലികമായി ജോലി നഷ്ടപ്പെട്ട് എങ്ങോട്ടോ പോയി. ഇന്നിപ്പോൾ അദ്ദേഹത്തെപ്പറ്റി ഒരു വിവരവുമില്ല.

അദ്ദേഹത്തിന്‍റെ ഉമ്മയാകട്ടെ മകന്‍റെ അവസ്‌ഥയിൽ മനം നൊന്ത് ജീവിതം തള്ളി നീക്കുന്നു. ഞങ്ങൾ ഇടയ്ക്ക് അവരെപ്പോയി കാണാറുണ്ട്. പണമായും മറ്റും ഞങ്ങൾക്കാവുന്ന സഹായങ്ങളും ചെയ്‌തു കൊടുക്കാറുണ്ട്.

നിനക്കു സുഖമാണല്ലോ. നിന്നെ വേദനിപ്പിക്കുവാൻ വേണ്ടിയല്ല ഞാനീ കത്തെഴുതിയത്. അദ്ദേഹത്തിന്‍റെ അവസ്‌ഥ നിന്നെ അറിയിക്കണമെന്നു തോന്നി. ഒരു പക്ഷേ നീയിപ്പോൾ അദ്ദേഹത്തെ മറന്നു കാണുമെന്നെനിക്കറിയാം. നിനക്കു വലുത് നിന്‍റെ ജീവിതമാണല്ലോ.

അല്പമെങ്കിലും മനഃസാക്ഷിയുണ്ടെങ്കിൽ മനസ്സു കൊണ്ടെങ്കിലും നീ അദ്ദേഹത്തോടു മാപ്പു ചോദിക്കുക.

എന്ന്

ഇന്നിപ്പോൾ നിന്നെ വെറുക്കുന്ന

നിന്‍റെ പഴയ കൂട്ടുകാരി

ആ കത്ത് എന്നിലുളവാക്കിയ കൊടുങ്കാറ്റ് ആഞ്ഞടിച്ച് പലതും കടപുഴകി വീണു. മറവിയുടെ കരിങ്കൽ ഭിത്തി കൊണ്ട് ഞാൻ കെട്ടിപ്പൊക്കിയ കുടുംബ ബന്ധങ്ങളിൽ വിള്ളലുകൾ വീണു. അശാന്തിയുടെ തീരങ്ങളിൽ ഗതികിട്ടാതെ അലഞ്ഞു നടന്ന മനസ്സ് ആരോടൊക്കെയോ പക തീർക്കാനുള്ള വ്യഗ്രതയിൽ ഉഴറി നടന്നു. സ്വന്തം മക്കളോടു പോലും നീതികാണിക്കാനാവാതെ ഹൃദയം കലുഷിതമായി. ഏറെക്കാലത്തിനു ശേഷമുള്ള എന്‍റെ ഭാവമാറ്റം കണ്ട് നരേട്ടനും, മക്കളും അമ്പരന്നു നിന്നു.

“എന്താ മീര ഇത്… നീ വീണ്ടും പഴയതു പോലെയായോ? ഇത്രകാലത്തിനു ശേഷവും നിനക്കൊന്നും മറക്കാറായില്ലെ. നീയൊന്നോർക്കണം. നീയിന്നിപ്പോൾ പഴയ മീരയല്ല. നീയിന്നൊരു ഭാര്യയാണ് അതിലുപരി ഒരമ്മയും…” നരേട്ടൻ എന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. എന്നാൽ അതിനുത്തരം ഒരു പൊട്ടിത്തെറിയായിരുന്നു.

“അതെ നരേട്ടാ… ആദ്യം ഫഹദ്സാറിന്‍റെ ഭാര്യയായിട്ടാണ് ഞാൻ നിങ്ങളുടെ ഭാര്യയായത്. പക്ഷേ നിങ്ങൾ അതറിഞ്ഞു കൊണ്ടു തന്നെ എന്നെ വിവാഹം കഴിക്കുകയായിരുന്നു. എന്‍റെ നിസ്സഹായതയെ മുതലെടുത്ത എന്‍റെ അച്‌ഛനും, ഒരു ത്യാഗിയെപ്പോലെ എന്നെ വിവാഹം ചെയ്‌ത നിങ്ങളുമെല്ലാം ഒരു തരത്തിൽ എന്നോടും, ഫഹദ്സാറിനോടും ചെയ്തത് അനീതി തന്നെയാണ്. അല്ലെന്ന് നിങ്ങൾക്ക് പറയാനാകുമോ?”

എന്‍റെ ചോദ്യത്തിനു മുന്നിൽ ഉത്തരങ്ങളില്ലാതെ നരേട്ടൻ കുഴങ്ങി നിന്നു. ഞാൻ വീണ്ടും പൊട്ടിത്തെറിച്ചു.

“അതെ… നിങ്ങളെ വിവാഹം ചെയ്‌തതിലൂടെ ഞാൻ ഫഹദ്സാറിനോട് ചെയ്‌തത് ഏറ്റവും വലിയ ക്രൂരതയാണ്. നിമിഷയും മറ്റും കുറ്റപ്പെടുത്തുന്നതു പോലെ എനിക്കു വലുത് എന്‍റെ ജീവിതമായിരുന്നു. ഞാൻ നിങ്ങളോടൊപ്പം എല്ലാം മറന്നു ജീവിച്ചു. എന്‍റെ ഫഹദ്സാറിനെ… ആദ്യ ഭർത്താവിനെ ഞാൻ മറന്നു. ആ മനുഷ്യന് ഞാൻ ക്രൂരമായി മാനസിക- ശാരീരിക പീഡനങ്ങൾ നൽകി ജീവിതത്തിൽ നിന്നുമകറ്റി. ഞാൻ… ഞാൻ… മനസ്സാക്ഷിയില്ലാത്തവളാണ് നരേട്ടാ… എനിക്കദ്ദേഹത്തോട് മാപ്പു ചോദിക്കണം.”

അനിയന്ത്രിതമായ വികാരവിക്ഷുബ്ധതയാൽ നിലതെറ്റിയവളെപ്പോലെ ഉറക്കെ പൊട്ടിക്കരഞ്ഞു തുടങ്ങിയ എന്നെ ആശ്വസിപ്പിക്കേണ്ടതെങ്ങിനെയെന്നറിയാതെ നരേട്ടൻ ചലനരഹിതനായി നിലകൊണ്ടു. മിഴികളിൽ നിറഞ്ഞ അമ്പരപ്പോടെ നാലുകുഞ്ഞിക്കണ്ണുകൾ അപ്പോഴും ഞങ്ങളെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.

ആർത്തലച്ചു പെയ്ത മഴയ്ക്കു ശേഷമെന്ന പോലെ അലയടങ്ങി മനസ്സൊന്നു ശാന്തമായപ്പോൾ ഒരിയ്ക്കൽ, കോണാട്ട് പ്ലേസിലെ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു ഞാനും, നരേട്ടനും, മക്കളും. ഏതോ കൗതുകവസ്തുവിനായി വാശിപിടിച്ചു നിന്ന രാഹുൽ മോനേയും, കൃഷ്ണയേയും അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ച് ഞാൻ നിന്നു. പെട്ടെന്നാണ് ആൾക്കൂട്ടത്തിനിടയിൽ ഞാനാരൂപം കണ്ടത്. താടി വളർത്തി ഒരു ഫക്കീറിനെ പോലെ അലയുന്ന ഒരു ഭ്രാന്തന്‍റെ രൂപം…

തീക്ഷ്ണമായ ആ കണ്ണുകൾ. അതിലെ പ്രകാശം ഭൂതകാലത്തിന്‍റെ ഇനിയും നിറം മങ്ങാത്ത ഓർമ്മകളിലേയ്ക്കു എന്നെ കൂട്ടിക്കൊണ്ടു പോയി. ഒരിക്കൽ എന്നെ കുളിരണിയിച്ചിരുന്ന ആ കണ്ണുകളിലെ തിളക്കം… അത് ഫഹദ്സാറിന്‍റേതാണെന്ന് തിരിച്ചറിയാൻ എനിക്ക് അധികം താമസമുണ്ടായില്ല. കുട്ടികളുടെ കൈവിട്ട് തിങ്ങി നിറഞ്ഞ ആൾക്കൂട്ടത്തിനിടയിലൂടെ പായുമ്പോൾ എനിക്ക് സ്വബോധം നഷ്ടപ്പെട്ടിരുന്നു. പുറകിലൂടെ പാഞ്ഞെത്തിയ നരേട്ടന്‍റെ കൈകൾ എന്നെ പിടിച്ചു നിർത്തി.

“നീയെന്താ മീരാ ഇക്കാണിക്കുന്നത്? ഇതൊരു മാർക്കറ്റാണെന്ന് നിനക്കറിയില്ലെ?…. ആളുകൾ നിന്നെ ശ്രദ്ധിക്കുന്നുണ്ട്.”

സ്വബോധം നഷ്ടപ്പെട്ടവളെപ്പോലെ ഞാൻ പിറുപിറുത്തു.

അത്… അത് ഫഹദ്സാറാണ്. നരേട്ടാ… ഞാൻ… ഞാൻ അദ്ദേഹത്തെ കണ്ടു.“ ഞാൻ മൂലം ഒരു ഭ്രാന്തനായി അലഞ്ഞു തിരിയുകയാണ് അദ്ദേഹമിപ്പോൾ. എനിക്കദ്ദേഹത്തെ കണ്ടെത്തി രക്ഷിക്കണം നരേട്ടാ.”

ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ തേങ്ങിക്കരഞ്ഞു കൊണ്ട് നരേട്ടന്‍റെ തോളിൽ തലചായ്ച്ചു. എന്നാൽ എന്നെ ശാസിച്ചു കൊണ്ട് നരേട്ടൻ പറഞ്ഞു.

“എല്ലാം നിന്‍റെ തോന്നലാണ് മീരാ… നിന്‍റെ ഫഹദ്സാർ ഇവിടെ എങ്ങിനെ വരാനാണ്. നീ അദ്ദേഹത്തെത്തന്നെ ഓർത്തിരിക്കുന്നതു കൊണ്ട് തോന്നുന്നതാണെല്ലാം.”

അന്ന് ഷോപ്പിംഗ് മതിയാക്കി കാറിൽ മടങ്ങുമ്പോഴും ആൾക്കൂട്ടത്തിനിടയിൽ ഞാനാ ഭ്രാന്തനെ തിരഞ്ഞു. എന്നാൽ എങ്ങും കാണാതെ നിരാശയാകുമ്പോഴും മനസ്സു പറഞ്ഞു കൊണ്ടിരുന്നു. ഉണ്ട് അദ്ദേഹം എന്‍റെ സമീപത്തുതന്നെ എവിടെയോ ഉണ്ട്. ഒരിയ്ക്കൽ എന്നെങ്കിലുമൊരിയ്ക്കൽ എനിക്കദ്ദേഹത്തിനെ കണ്ടെത്താൻ കഴിഞ്ഞേക്കും.

എന്‍റെ ഊഹം ശരിയായിരുന്നുവെന്ന് വീണ്ടും ഒരിയ്ക്കൽക്കൂടി കണ്മുന്നിൽ തെളിഞ്ഞു.

അപ്പോഴേയ്ക്കും ഫ്ളാറ്റുപേക്ഷിച്ച് ഞങ്ങൾ നഗരമദ്ധ്യത്തിൽ സ്വന്തം വീടു പണിതു താമസമാക്കിയിരുന്നു. ഒരു ദിവസം വൈകുന്നേരം മാളിക മുകളിലെ വിശാലമായ ടെറസ്സിൽ നിന്ന് ഞാനാകാഴ്ച കണ്ടു. മീരാ കെ പ്രഭു എന്നു തുടങ്ങുന്ന ഹിന്ദി ഭക്‌തിഗാനം പാടി അലയുന്ന ആ ഫക്കീറിനെ. ആ കണ്ണുകൾ എന്‍റെ വീടിനു ചുറ്റും അലഞ്ഞു നടന്നു. നഷ്ടപ്പെട്ടതെന്തോ തിരയുന്ന ഒരു അന്വേഷകന്‍റെ ഭാവമായിരുന്നു ആ മുഖത്തപ്പോൾ. പ്രാകൃതമായ ആ രൂപം ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവാതെ ഞാൻ നിന്നു. എന്നാൽ തൊട്ടടുത്ത നിമിഷം ആ പുരുഷ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു. കേരളത്തിലെ പ്രസിദ്ധമായ കോളേജങ്കണത്തിൽ മൃദുവചനങ്ങളാൽ എന്നെ അഭിഷേകം ചെയ്ത ആ പുരുഷ ശബ്ദം തിരിച്ചറിയാൻ എനിക്കധികം സമയം വേണ്ടി വന്നില്ല. തിരിച്ചറിഞ്ഞ നിമിഷം ഞാനെല്ലാം മറന്ന് ഓടുകയായിരുന്നല്ലോ?…

പക്ഷേ പൂട്ടിയിട്ട ഇരുമ്പു ഗേറ്റിനപ്പുറം വരെയെത്തി നിൽക്കാനെ എനിക്കു കഴിഞ്ഞുള്ളൂ. അവിടെ കാവൽ നിന്ന സെക്യൂരിറ്റി അപ്പോൾ എവിടെയോ പോയി മറഞ്ഞിരുന്നു. നിശ്ചലമായ പാദം വലിച്ചു വച്ച് തിരിഞ്ഞു നടക്കുമ്പോൾ ആ ശബ്ദം അകന്നു പോകുന്നത് ഞാൻ കേട്ടു.

ഒരു വിരഹ ഗാനത്തിന്‍റെ മാറ്റൊലി അന്തരീക്ഷത്തിൽ അപ്പോഴും അലഞ്ഞു നടന്നു. ആത്മാവില്ലാത്ത പ്രേതം പോലെ. ഗാനത്തിന്‍റെ ആത്മാവാകട്ടെ എന്നെ അന്വേഷിച്ച് വിദൂരതയിലെങ്ങോ അലഞ്ഞു തിരിഞ്ഞു. വീണ്ടും ഒന്നു രണ്ടു പ്രാവശ്യം ഞാൻ അകലെ നിന്ന് അദ്ദേഹത്തെക്കണ്ടു.

ഒരിയ്ക്കൽ ഒരു വളച്ചെട്ടിയായും പിന്നൊരിയ്ക്കൽ ഐസ്ക്രീം കച്ചവടക്കാരനായും തെരുവിൽ അലയുന്ന ഫഹദ്സാറിനെ. ഞാൻ അരികിൽ ഓടി എത്തുമ്പോഴേയ്ക്കും അദ്ദേഹം ആൾക്കൂട്ടത്തിൽ മറഞ്ഞു കഴിയും. ഒരു പക്ഷേ അതു മനഃപൂർവ്വമായിരുന്നോ എന്ന് എനിക്കറിയില്ല. ഒരു പക്ഷേ സ്വബോധം നഷ്ടപ്പെട്ട് ഭ്രാന്തനെപ്പോലെയായി തീർന്ന അദ്ദേഹം എന്നെ തിരിച്ചറിയാതെ പോയതാവാം.

എന്നാലും ആഴമളക്കാനാവാത്ത ഒരു സ്നേഹ സമുദ്രം ഉള്ളിലൊളിപ്പിച്ച് അദ്ദേഹം സ്വയമറിയാതെ എന്നെ പിന്തുടരുന്നതായി തോന്നിയിരുന്നു. ഉറക്കം നഷ്ടപ്പെട്ട ദിനരാത്രങ്ങളിൽ ഞാനാ രൂപം തേടിയലഞ്ഞു. എന്നാൽ കാലത്തിന്‍റെ ഇരുൾ മറയ്ക്കുള്ളിൽ എങ്ങോ പോയ്മറഞ്ഞ ആ രൂപവും, ശബ്ദവും പിന്നീടൊരിക്കലും എനിക്ക് വീണ്ടെടുക്കാനായില്ല. എന്നാൽ ഞാൻ പ്രതീക്ഷ കൈവിട്ടില്ല.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...