തുളച്ചു കയറുന്ന വെയിൽ, പൊങ്ങിപ്പടരുന്ന പൊടിപടലങ്ങൾ, വേനൽക്കാലം ശരിക്കും വല്ലാത്ത പ്രയാസമാണ്. അത് ചർമ്മത്തിന്‍റെയും മുടിയുടെയും സ്വാഭാവിക സൗന്ദര്യം നഷ്‌ടപ്പെടുത്തിക്കളയും. പക്ഷേ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ കാലാവസ്‌ഥയിലും കൂൾ, ഫ്രഷ് ഫീൽ നിലനിർത്താനാകും.
ദിവസവും കുളിക്കാം
വേനൽക്കാലത്ത് ദിവസവും കുളിക്കുന്നതിലൂടെ ശരീരദുർഗന്ധം, രോഗാണുബാധ എന്നിവയിൽ നിന്ന് രക്ഷ നേടാം. പ്രതിരോധ ശക്‌തിയും വർദ്ധിക്കും. നമ്മുടെ ശരീരത്തിൽ നിന്ന് ധാരാളം വിയർപ്പ് പുറന്തള്ളപ്പെടുന്നുണ്ട്. ഇതിനൊപ്പം ചില വിഷാംശങ്ങളും. സ്നാനത്തിലൂടെ ഈ വിഷാംശങ്ങൾ മാത്രമല്ല, ജീവാണുക്കളും, വൈറസുകളും എല്ലാം കഴുകിപ്പോകുന്നു. കുളിയിലൂടെ നല്ല ഉറക്കവും ലഭിക്കും. അൽപം ഉപ്പിട്ട വെള്ളത്തിലെ കുളി പ്രായാധിക്യത്തിന്‍റെ പ്രഭാവങ്ങൾ കുറയ്‌ക്കുന്നു.
മോയിസ്ചുറൈസര്‍
വേനലിൽ ചർമ്മം ഉണങ്ങി വരണ്ടതായി കാണപ്പെടാം. തീക്ഷണമായ സൂര്യകിരണങ്ങൾ ചർമ്മത്തെ ഡീഹൈഡ്രേറ്റ് ചെയ്‌ത് സ്വാഭാവികത നശിപ്പിക്കും. ഇതൊഴിവാക്കാൻ നല്ല നിലവാരമുള്ള മോയിസ്ചുറൈസർ ക്രീം ഉപയോഗിക്കുക.
സൺസ്ക്രീന്‍
അൾട്രാവയലറ്റ് കിരണങ്ങളുമായി ശരീരം സമ്പർക്കത്തിലാവുമ്പോൾ ചർമ്മത്തിന് അത് ഹാനികരമായി മാറുന്നു. ഇതിലൂടെ സൂര്യാഘാതം ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് ബ്യൂട്ടി എക്സ്പെർട്ട് നിർമൽ രൺധാവ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ സൺസ്ക്രീൻ പ്രയോഗിക്കേണ്ടത് അനിവാര്യമാണ്. 30 എസ്പിഎഫ് നുമേലുള്ള സൺസ്ക്രീൻ ആണ് ഉപയോഗിക്കേണ്ടത്. വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിന് 15-20 മിനിട്ട് മുമ്പ് സൺസ്ക്രീൻ പുരട്ടണം.
ചർമ്മം സംരക്ഷണം
വേനലിൽ ചർമ്മം യഥാവിധം പരിപാലിച്ചില്ലെങ്കിൽ സൺബേൺ, കരുവാളിപ്പ്, ചുവന്നു തടിക്കൽ, സ്കിൻ അലർജി തുടങ്ങിയവ ഉണ്ടായേക്കാം.
- സൂര്യ രശ്മികൾ നേരിട്ട് ശരീരത്തിൽ പതിക്കുമ്പോൾ ചർമ്മത്തിലെ കൊളാജനും, ഇലാസ്റ്റിക് കോശങ്ങൾക്കും കേടുപാട് സംഭവിക്കുന്നു. പുറത്തേക്ക് പോകേണ്ട അവസരങ്ങളിൽ സൺസ്ക്രീൻ പുരട്ടുക.
- വെയിലത്തിറങ്ങുമ്പോൾ കറുത്ത കണ്ണട ഉപയോഗിച്ചാൽ കണ്ണിനു താഴെയുള്ള കറുപ്പ് കുറയ്ക്കാം.
- വേനൽക്കാലത്ത് ചർമ്മത്തിൽ ക്ലൻസിംഗ്, ടോണിംഗ്, മോയിസ്ചുറൈസിംഗ് ഇവ നിശ്ചയമായും ചെയ്‌തിരിക്കണം.
- പാൽ കൊണ്ട് ക്ലൻസിംഗ് ചെയ്യാം റോസ് വാട്ടർ ഉപയോഗിച്ച് ടോണിംഗും, അലോവെരാജെൽ കൊണ്ട് മോയിസ്ച്ചുറൈസിംഗും ചെയ്യാം.
- ആഴ്ചയിൽ കുറഞ്ഞത് ഒരു ദിവസമെങ്കിലും എക്സ്ഫോളിയേറ്റ് ചെയ്യുക. ഇതിലൂടെ രക്‌തചംക്രമണം വർദ്ധിക്കും. ചർമ്മത്തിന്‍റെ ബാഹ്യപാളിയിലുള്ള മൃതകോശങ്ങൾ അകന്നു കിട്ടുകയും ചെയ്യും.
മുടിയുടെ പരിചരണം
വേനൽക്കാലത്ത് ഹ്യുമിഡിറ്റി ലെവൽ വർദ്ധിക്കുന്നത് മുടിയെ ദോഷകരമായി ബാധിക്കും. കേശ പരിചരണത്തിന് ബിഗ് ബോസ് ഹെയർ സലൂൺ ആന്‍റ് സ്പാ ഫൗണ്ടർ ഹരീഷ് ഭാട്ടിയ നൽകുന്ന ചില ടിപ്സുകൾ.
- ഹെയർഡ്രയർ പ്രയോഗം പരമാവധി കുറയ്ക്കുക.
- മുടി ഷാംപു ചെയ്‌തശേഷം നേരിയ ചൂടുള്ള എണ്ണ മുടിവേരുകൾ തുടങ്ങി. അറ്റം വരെ പുരട്ടി മസാജ് ചെയ്യുക.
- പല്ലകന്ന ചീപ്പ് ഉപയോഗിക്കുക.
- നനഞ്ഞ മുടി ചീകരുത്
- പുറത്ത് പോകുന്ന അവസരങ്ങളിൽ തലയിൽ തൊപ്പിയണിയുകയോ സ്കാർഫ് കെട്ടുകയോ ചെയ്താൽ സൂര്യന്‍റെ ശക്‌തമായ ചൂടേറ്റ് മുടിയ്ക്ക് ദോഷമേൽക്കുകയില്ല.
- നീന്തലിന് പോകുമ്പോൾ വെള്ളത്തിൽ ഇറങ്ങും മുമ്പ് മുടി കഴുകുക. മുടി നനഞ്ഞിരിക്കുന്നതിനാൽ കുറച്ച് ക്ലോറിൻ മാത്രമേ മുടി വലിച്ചെടുക്കൂ.
- മുടിയിൽ പതിവായി കണ്ടീഷണറും ഹെയർ സൺസ്ക്രീൻ ക്രീമും ഉപയോഗിക്കുക.
വസ്ത്രത്തില്‍ ശ്രദ്ധിക്കാം
വേനൽക്കാലത്ത് ഫാഷനും മേക്കപ്പുമൊന്നും ഒഴിവാക്കാനാവില്ല. അതിനാൽ ഈ കാലാവസ്‌ഥയിൽ വാർഡ്രോബിന് ഒരു കൂൾ ടച്ച് നൽകാം. ലൈറ്റ് നിറങ്ങളിലുള്ള കോട്ടൺ അല്ലെങ്കിൽ ലിനൻ ഫാബ്രിക്കിലുള്ള വസ്‌ത്രങ്ങൾ അണിയാം ഇണങ്ങുന്ന ലൈറ്റ് ഷെയിഡുകളായ വെള്ള, മഞ്ഞ, ലൈറ്റ് പിങ്ക്, ബ്ലൂ അല്ലെങ്കിൽ പെസ്റ്റൽ ഷെയിഡുകൾ മികച്ചതായിരിക്കും.
മേക്കപ്പ്
വളരെ ലൈറ്റ് നിറത്തിലുള്ള മേക്കപ്പാണ് വേനൽക്കാലത്ത് ഇണങ്ങുക. വാട്ടർപ്രൂഫ് മേക്കപ്പാണ് നല്ലത്. ബ്യൂട്ടി എക്സ്പെർട്ട് നിർമ്മൽ രൺധാവ പറയുന്നത് ശ്രദ്ധിക്കൂ.
“വേനൽക്കാലത്ത് ഐഷാഡോ ക്രീം അല്ലെങ്കിൽ ഗ്ലിറ്റർ പ്രയോഗിക്കുന്നത് ഒഴിവാക്കണം. ലൈറ്റ് ഷെയിഡിലുള്ള കേക്ക് ഐഷാഡോ ഉപയോഗിക്കാം. കണ്ണുകളുടെ മേക്കപ്പിന് ഒരേ നിറത്തിലുള്ള ഷെയിഡുകൾ പ്രയോഗിക്കുന്നതാണ് നല്ലത്. ഐലൈനറിനൊപ്പം വാട്ടർപ്രൂഫ് മസ്ക്കാര ഉപയോഗിക്കുക. പീച്ച്, റോസ് അല്ലെങ്കിൽ ഇളം പിങ്ക് നിറത്തിലുള്ള ഷെയിഡുകൾ ചുണ്ടുകൾക്കായി ഉപയോഗിക്കാം.
ജലാംശം നഷ്‌ടപ്പെടാതിരിക്കാൻ
വേനൽക്കാലത്ത് പകൽ സമയം കുറഞ്ഞത് 10-12 ഗ്ലാസ് വെള്ളം കുടിക്കുക. ശരീരം ഹൈഡ്രേറ്റഡ് ആകുമെന്ന് മാത്രമല്ല ഊർജ്ജസ്വലവുമാകും. ഈ കാലാവസ്‌ഥയിൽ തണ്ണിമത്തൻ, മുന്തിരി, മുള്ളങ്കി, തുടങ്ങി ജലാംശമുള്ള പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ദിവസവും ഒരു ബൗൾ സലാഡ് കഴിക്കുക. ചിപ്സ്, ക്രാക്കേഴ്സ്, ടിന്നിലടച്ച ഭക്ഷ്യവസ്‌തുക്കൾ, ജങ്ക് ഫുഡ് ഇവ കഴിക്കരുത്.
ഫ്രാഗ്രന്‍റഡ് സോപ്പ്, ടാൽക്കം പൗഡർ
വേനൽക്കാലത്ത് വിയർപ്പ് വഴിയുണ്ടാകുന്ന ദുർഗന്ധമകറ്റാൻ നമ്മൾ പൊതുവെ ഡിയോ ഉപയോഗിക്കാറുണ്ട്. ഡിയോയിൽ രാസ വസ്തുക്കൾ ധാരാളമായി ഉണ്ടെന്ന കാര്യം മറക്കാതിരിക്കുക. നിങ്ങൾ ഇത് നേരിട്ട് ചർമ്മത്തിൽ സ്പ്രേ ചെയ്യുകയാണെങ്കിൽ വെയിലേറ്റ് ചർമ്മത്തിൽ അലർജിയുണ്ടാകാനിടയാകും. അതുകൊണ്ട് വേനൽക്കാലത്ത് ഫ്രഷ് ആയി തോന്നാൻ ടാൽക്കം പൗഡറോ നല്ല സുഗന്ധമുള്ള സോപ്പോ ഉപയോഗിക്കുക. ലെമൺ, മെന്തോൾ, ലാവന്‍റർ, റോസ്, ജാസ്മിൻ തുടങ്ങി വിവിധതരം സുഗന്ധങ്ങളിൽ ലഭ്യമായ സോപ്പും പൗഡറും പ്രകൃതിദത്തമായ സാമഗ്രികൾ കൊണ്ട് നിർമ്മിതമാണ്.
ആകർഷകമായ സുഗന്ധമുള്ള സോപ്പും ടാൽക്കം പൗഡറും നിങ്ങളെ ഉൻമേഷവാനാക്കുന്നു. ഇതിൽ വൈദ്യഗുണങ്ങൾ ഉണ്ട്. ടാൽക്കം പൗഡർ കക്ഷത്തിൽ നിന്നും മറ്റും ഈർപ്പം വലിച്ചെടുക്കുന്നു. ഫംഗസ് ഇൻഫക്ഷൻ എന്നിവയും തടയുന്നു.
ഉചിതമായ പെർഫ്യൂം തെരഞ്ഞെടുക്കാം
വേനലിൽ സിട്രസും വുഡും അടിസ്ഥാനമാക്കിയുള്ള പെർഫ്യൂം ആണ് നല്ലത്. നേർത്ത സുഗന്ധമുള്ള ചന്ദന പെർഫ്യൂം മനസ്സിനും ശരീരത്തിനും കുളിർമ്മയേകും. ഇതു കൂടാതെ ലെമൺ, സ്ട്രോബറി, ലാവന്‍റഡർ, മുല്ല തുടങ്ങിയ പൂക്കളുടെ സുഗന്ധമുള്ള പെർഫ്യൂം നന്ന്.
അനാവശ്യ രോമങ്ങളിൽ നിന്ന് മുക്‌തി
വേനലിൽ വിയർപ്പിന്‍റെ പ്രശ്നങ്ങൾ അധികമായിരിക്കും. ശരീരത്തിലെ ചില ഭാഗങ്ങളിൽ രോമവളർച്ച കൂടുതലായിരിക്കും. അവിടെ വിയർപ്പും കൂടുതലായുണ്ടാവുന്നതിനാൽ ദുർഗന്ധവും ഇൻഫക്ഷനും ഉണ്ടാവുന്നു. “ശരീരത്തിലെ അനാവശ്യരോമങ്ങൾ നീക്കം ചെയ്യുന്നതിന് വാക്‌സിംഗ്, ഷേവിംഗ് എന്നിവയാണ് ഉചിതമായ മാർഗ്ഗങ്ങൾ. സ്‌ഥിരമായി രോമം നീക്കം ചെയ്യാൻ ലേസർ ടെക്‌നിക്കാണ് പ്രയോഗിക്കുന്നത് ഇത് ഫലപ്രദവുമാണ്.” നിർമ്മൽ പറയുന്നു. ഇതു കൂടാതെ പ്രകൃതിദത്തമായ രീതികളിലൂടെയും രോമ നീക്കം ചെയ്യാം.
ബിഗ് ബോസ് ഹെയർ സലൂൺ ആന്‍റ് സ്പായിലെ ഹെയർ സ്റ്റൈലിസ്റ്റ് മിലൻ ഭാട്ടിയ നൽകുന്ന ടിപ്സ്
- പഞ്ചസാര, തേൻ, ചെറുനാരങ്ങ നന്നായി മിക്‌സ് ചെയ്‌ത് ചെറുതായി ചൂടാക്കുക. ഈ മിശ്രിതം കട്ടിയായി തുടങ്ങുമ്പോൾ കുറച്ച് വെളളം ഒഴിക്കുക. എന്നിട്ട് തണുക്കാൻ വയ്‌ക്കുക. ഇളം ചൂടോടെ ചെറിയ തവി ഉപയോഗിച്ച് രോമം നീക്കം ചെയ്യാനുള്ള ഇടങ്ങളിൽ തേയ്ക്കുക. അവിടെ തുണികൊണ്ട് കവർ ചെയ്‌ത് തിരുമുക. എന്നിട്ട് രോമ വളർച്ചയുടെ എതിർദിശയിലേക്ക് വലിച്ചെടുക്കുക.
- രണ്ട് സ്പൂൺ പപ്പായ പേസ്‌റ്റിൽ അര സ്പൂൺ മഞ്ഞൾപൊടി ചേർക്കുക. ഈ പേസ്റ്റ് മുഖത്ത് തേച്ച് പിടിപ്പിക്കുക. 15-20 മിനിറ്റിനു ശേഷം കൈ കൊണ്ട് സ്ക്രബ്ബ് ചെയ്‌ത് തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുക. ആഴ്‌ചയിൽ 1-2 തവണ ഈ പ്രക്രിയ ആവർത്തിക്കുക.