രണ്ടു ദിവസം സ്ക്കൂളിന് അവധി കിട്ടിയപ്പോൾ മോന്‍റെ ആഗ്രഹം ആയിരുന്നു എവിടെയെങ്കിലും പോകുക എന്നത്. ജോലി തിരക്കിൽ നിന്നെല്ലാം മാറി ബഹളമില്ലാത്ത ശാന്തമായ ഒരു സ്ഥലത്തേക്ക് രണ്ടു ദിവസത്തേക്കു മാറി നിൽക്കാം എന്ന് കരുതി. എവിടെ പോകും എന്നായി ചിന്ത. തണുപ്പുള്ള, അധികം ആളുകളോ തിരക്കോ ഇല്ലാത്ത സ്‌ഥലത്തെ കുറിച്ചായി ചിന്ത. എങ്കിൽ ഊട്ടിയിൽ പോകാം, അവിടെ നഗരത്തിൽ നിന്നെല്ലാം മാറി സഞ്ചാരികൾ അധികം വരാത്ത ഒരുപാടു സ്‌ഥലങ്ങൾ ഉണ്ട്. അതിലെവിടെയെങ്കിലും പോകാമെന്നു തീരുമാനിച്ചു.

മനസ്സിൽ വന്ന സ്‌ഥലങ്ങൾ ഗ്ലൻമോർഗനും ലവ്ഡേലും ആയിരുന്നു. രാവിലെ ഭാര്യയേയും മോനെയും കൂട്ടി ഇറങ്ങി. സാധാരണയായി ഊട്ടിയിൽ പോകുന്നത് നിലമ്പൂരിൽ നിന്നും വഴിക്കടവ് വഴി നാടുകാണി ചുരം കയറിയാണ്. പ്രളയത്തിൽ ഉരുൾപൊട്ടി ചുരം നശിച്ചു പോയിരിക്കുകയാണ്. വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ഇനി ഊട്ടിയിൽ എത്താൻ പ്രധാനമായും രണ്ടു വഴികളാണ് ഉള്ളത്.

കോയമ്പത്തൂർ മേട്ടുപ്പാളയം വഴിയും പിന്നെ വയനാട് മേപ്പാടി ഗൂഡല്ലൂർ വഴിയും. ഊട്ടിയിൽ എത്തണമെങ്കിൽ എഴുപതോളം കിലോമീറ്റർ കൂടുതൽ സഞ്ചരിക്കണം. പിന്നെയൊരു വഴിയുള്ളതു അട്ടപ്പാടി മുള്ളി മഞ്ചൂർ വഴിയാണ്. കാട്ടു വഴിയാണ്. ഈ വഴിയേ പോയിട്ടുള്ളതുമാണ്. കുത്തനെയുള്ള ഹെയർ പിൻ വളവുകളും ആനകളുടെ സാന്നിധ്യവും കൂടുതലാണ്.

മണ്ണാർക്കാട് വഴി അട്ടപ്പാടിയിലേക്ക് പോകാൻ തീരുമാനിച്ചു. മണ്ണാർക്കാട് വരെ നല്ല റോഡായിരുന്നു. അവിടെ നിന്നും അട്ടപ്പാടി റോഡിലെ ചുരത്തിലേക്കു പ്രവേശിച്ചത് മുതൽ റോഡിന്‍റെ അവസ്‌ഥ മാറി. പലയിടത്തും റോഡ് ഉണ്ടോയെന്നു തന്നെ സംശയമാണ്.

മുകളിലേക്കു കയറും തോറും സൈലന്‍റ്‍വാലി കാടുകളുടെ വന്യത കൂടി വരുന്നു. പലയിടത്തും ചുരം മണ്ണിടിഞ്ഞു താഴേക്കു പോയിരിക്കുന്നു. അവിടെയൊക്കെ ചാക്കിൽ മണ്ണ് നിറച്ചു താൽക്കാലിക ഗതാഗതം തയ്യാറാക്കിയിട്ടുണ്ട്. പക്ഷേ സൂക്ഷിച്ചു വാഹനം ഓടിച്ചില്ലെങ്കിൽ താഴെ കൊക്കയിലേക്ക് പോകും.

നല്ല മഴക്കാറുണ്ട്, ഹെയർ പിൻ വളവുകൾ കയറി പോകുംതോറും ഇരുവശവും നിബിഢ വനമായതുകൊണ്ട് ഇരുട്ട് കൂടൂന്നുണ്ട്. കോടമഞ്ഞു നിറഞ്ഞു വരുന്നു.

കുറച്ചു വളവുകൾ കഴിഞ്ഞപ്പോൾ ഒന്നും കാണാൻ കഴിയാത്ത അത്രയും കോടമഞ്ഞ് നിറഞ്ഞിരിക്കുന്നു. തൊട്ടടുത്തു ഹസാർഡ് ലാംപ് ഓൺ ചെയ്തു ഒരു കാർ പാർക്കു ചെയ്‌തിട്ടുണ്ട്. അതിന്‍റെ മഞ്ഞ വെളിച്ചം മാത്രം കാണുന്നുണ്ട്. ഞാൻ കാർ സൈഡാക്കി മോനെയും വിളിച്ചു പുറത്തേക്കിറങ്ങി. നല്ല മഞ്ഞ്! അവൻ തൊപ്പിയെടുത്തു തലയിൽ വച്ചു. മഞ്ഞിൽ കുളിച്ചു അവിടെയുള്ള കലുങ്കിൽ ഇരുന്നു. താഴെ വനത്തിനുള്ളിൽ എവിടെയോ വെള്ളച്ചാട്ടമുണ്ട്. നല്ല ശബ്ദം കേൾക്കുന്നു. കുറെ സമയം അവിടെ ഇരുന്നു. ഫോട്ടോ എടുത്തെങ്കിലും മഞ്ഞു മാത്രം കാണുന്നുള്ളൂ.

റോഡ് പതിയെ തെളിഞ്ഞു വരുന്നുണ്ട്. ഞങ്ങൾ കാറെടുത്തു യാത്ര തുടർന്നു. മോശം റോഡാണ്. സൈലന്‍റ്‍വാലി നാഷണൽ പാർക്കിന്‍റെ കവാടവും കഴിഞ്ഞു ഞങ്ങൾ മുന്നോട്ടു പോയി. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ മുള്ളിയിലേക്കു തിരിയേണ്ട റോഡ് എത്തി. വളരെ മോശം റോഡും അതിലൂടെ കുറച്ചു മാസം മുന്നേ പോയതും ആലോചിച്ചപ്പോൾ കരുതി ഇപ്രാവശ്യം വേറെ വഴി പരീക്ഷിക്കാം എന്ന്.

ooty

നേരെ ആനക്കട്ടിയിലേക്കു പോകാം അവിടെ നിന്നു മേട്ടുപ്പാളയം വഴി ഊട്ടി. ഞങ്ങൾ മുന്നോട്ടു നീങ്ങി. അട്ടപ്പാടിയുടെ ഗ്രാമീണത, റോഡിന്‍റെ വശങ്ങളിൽ ദൂരെ കുന്നിൻ മുകളിൽ കാറ്റാടി യന്ത്രങ്ങൾ. കാഴ്ചകൾ ആസ്വദിച്ചു അഗളിയും പിന്നിട്ടു മുന്നോട്ടു പോയി. കോട്ടത്തറ, കേരള തമിഴ്നാട് അതിർത്തിയിലുള്ള ഗ്രാമമാണ്. കൃഷി മാത്രമാണ് അവിടെയുള്ള പ്രധാന തൊഴിൽ.

സമയം പത്തുമണിയായി അടുത്തുള്ള ചെറിയൊരു ഹോട്ടലിൽ പ്രഭാത ഭക്ഷണം കഴിക്കാനായി കയറി. നല്ല ചൂട് ദോശയും ചമ്മന്തിയും! തമിഴ്നാട് രീതിയിൽ ഇലയിലാണ് വിളമ്പുന്നത്. ദോശയൊടൊപ്പം ഓംലറ്റും കഴിച്ചു. ഗൂഗിൾ മാപ്പ് നോക്കിയപ്പോൾ ആനക്കട്ടി പോകാതെ തന്നെ മേട്ടുപ്പാളയം എത്താൻ വേറൊരു റോഡ് കാണിക്കുന്നുണ്ട്. ഇരുപതോളം കിലോമീറ്റർ കുറവുണ്ട്. കാട് വഴിയാണ്. ആ വഴി പരീക്ഷിക്കാൻ തീരുമാനിച്ചു.

ഹോട്ടലിൽ ആ വഴിയെക്കുറിച്ച് അന്വേഷിച്ചു. മോശം വഴിയാണ്. തൊട്ടു മുന്നിൽ കാണുന്ന കോട്ടത്തറ ചെക്ക് പോസ്റ്റിന്‍റെ അവിടെ നിന്നും ഇടത്തോട്ട് ഒരു കോൺക്രീറ്റ് വഴിയുണ്ട്. ഇറങ്ങുന്നിടത്തു മാത്രമേ കോൺക്രീറ്റ് ഉള്ളൂ. പിന്നെ മൺപാതയാണ്. ഒരു വണ്ടിക്കു പോകാം. ഇത് ഇറങ്ങി ചെല്ലുന്നതു ഒരു തോട്ടിലേക്കാണ്. കാൽമുട്ടോളം വെള്ളമുണ്ട് തോട്ടിൽ, നല്ല ഉരുളൻ കല്ലുകളും. ഞാൻ കാർ പതിയെ തോട്ടിലേക്ക് ഇറക്കി മറുകരയിൽ എത്തി. വെള്ളം കുറച്ചു കൂടിയാൽ ഈ വഴി കടക്കാൻ കഴിയില്ല. ഇവിടെ ഈ തോടിന് ഇപ്പുറം തമിഴ്നാടാണ്. കാടിനു നടുവിലൂടെ ഉരുളൻ കല്ലുകൾ നിറഞ്ഞ കുത്തനെയുള്ള വഴി ഏകദേശം ഇരുനൂറ് മീറ്റർ ഉണ്ട്.

അവിടന്നു അങ്ങോട്ട് ടാർ ചെയ്ത ചെറിയ റോഡിലേക്ക് കയറി. അവിടെ തമിഴ്നാട് ഫോറസ്റ്റ് ചെക്ക് പോസ്റ്റുണ്ട്. വാഹനം പൂർണ്ണമായും അവർ പരിശോധിച്ചു. നമ്മുടെ ഫോൺ നമ്പറും വിവരങ്ങളും അവിടെ കൊടുത്തു യാത്ര തുടർന്നു. റോഡിൽ വലിയ കുഴികളാണ്, രണ്ടു പുറം കാടും. കേരളത്തിലെ കാട് പോലെ ഭംഗിയില്ല കാണാൻ. ഉണങ്ങി കിടക്കുന്നു. അവിടവിടങ്ങളിലായി ആനത്താരകൾ.

കുറേ ദൂരം പിന്നിട്ടു കാടു കഴിഞ്ഞപ്പോൾ ചെറിയ ഗ്രാമങ്ങൾ കാണാൻ തുടങ്ങി. മനോഹരമായ സ്‌ഥലം. നോക്കെത്താദൂരത്തോളം കൃഷി സ്‌ഥലം. ഗ്രാമങ്ങൾ പിന്നിട്ടു പതിയെ ഞങ്ങൾ മേട്ടുപ്പാളയം പട്ടണത്തിലേക്കു പ്രവേശിച്ചു. നല്ല തിരക്കുണ്ട്. ഒരു ഇടുങ്ങിയ വഴിയിലൂടെയാണ് ഞങ്ങൾ ടൗണിലേക്ക് പ്രവേശിച്ചത്. ഇടത്തോട്ട് തിരിഞ്ഞാൽ മെയിൻ റോഡാണ്. മെയിൻ റോഡിൽ കുറച്ചു മുന്നോട്ടു വന്നു ചെറിയൊരു ജംഗ്ഷൻ ആണ്. നേരെ പോയാൽ കൂനൂർ, ഊട്ടി. വലത്തോട്ട് പോയാൽ കോട്ടഗിരിയും. ഞങ്ങൾ ഊട്ടി റോഡിലൂടെ കുറച്ചു മുന്നോട്ടു പോയി. മുന്നിൽ ടോൾ പിരിക്കുന്ന പോലെ രണ്ടാളുകൾ കാശു വാങ്ങുന്നുണ്ട്.

ഒരു കാറിനു മുപ്പതു രൂപ! ചോദിച്ചപ്പോൾ ഗ്രീൻ ടാക്സ് ആണെന്ന് പറഞ്ഞു. ഇവിടെ നിന്നും വീണ്ടും ചുരം തുടങ്ങുകയാണ്. മനോഹരമായി പരിപാലിക്കുന്ന റോഡുകൾ പക്ഷേ, വീതി കുറവാണ്. ഊട്ടിയിൽ പ്ലാസ്റ്റിക് നിരോധിച്ചു കൊണ്ടുള്ള ബോർഡുകൾ അങ്ങോളമുണ്ട്. തണുപ്പ് കൂടി വരുന്നു. സമയം ഉച്ചയോട് അടുക്കുന്നെങ്കിലും അത് അറിയുന്നില്ല. രാവിലെ ആയതു പോലെ നല്ല തണുപ്പും മഞ്ഞുമാണ് റോഡിൽ. ഞങ്ങൾ കൂനൂർ പിന്നിട്ടു ഊട്ടിയിലേക്ക് പ്രവേശിച്ചു.

ഓൺലൈനിൽ റേറ്റും റിവ്യൂവും നോക്കി ഹോട്ടൽ ബുക്ക് ചെയ്‌തു. നല്ല നിരക്കിൽ തന്നെ റൂം കിട്ടി. നേരെ റൂമിലേക്ക്… ഒന്ന് ഫ്രഷ് ആകണം. ചെക്ക് ഇൻ ചെയ്‌തു. മുറിയിൽ നിന്നുമുള്ള കാഴ്ച അതിമനോഹരം ആണ്. ഊട്ടിയുടെ ഒരു ഏരിയൽ കാഴ്ചയാണ് ജനലിലൂടെ കിട്ടുന്നത്. ഉച്ച ഭക്ഷണം കഴിച്ചു കുറച്ചു സമയം വിശ്രമിച്ചതിന് ശേഷം ഞങ്ങൾ പുറത്തേക്കിറങ്ങി.

നേരെ പോകുന്നത് ലവ്ഡേലിലേക്കാണ്. കൂനൂർ റോഡിൽ പോയി വലത്തോട്ട് തിരിഞ്ഞാൽ അഞ്ചു കിലോമീറ്ററെയുള്ളൂ ലവ്ഡേലിലേക്ക്. ഞങ്ങൾ വലത്തോട്ട് തിരിഞ്ഞു, ഊട്ടിയുടെ തിരക്കുള്ള കാഴ്ചകൾ മാറി. വളരെ ശാന്തമായ പ്രദേശം. റോഡിനു താഴെ കൃഷി സ്ഥലങ്ങൾ ആണ്.

മുന്നോട്ടു പോകുന്തോറും ശാന്തത കൂടി വരുന്നു. മനസ്സിന് കുളിർമ്മയും ആശ്വാസവും. ഇംഗ്ലീഷുകാർ ചൂടുകാലത്തു താമസിക്കുന്നതിനായി കണ്ടെത്തിയ സ്‌ഥലമാണ് ഇത്. സമുദ്ര നിരപ്പിൽ നിന്നുമുള്ള ഏഴായിരത്തി ഇരുനൂറു അടി ഉയരത്തിൽ ആണ് ലവ്ഡേൽ സ്‌ഥിതി ചെയ്യുന്നത്. ഏതു സമയത്തും ഇവിടെ നല്ല തണുപ്പാണ്.

റോഡിനു ഇരുവശവും മനോഹരമായ വ്യൂ ആണ്. തൊട്ടുമുന്നിലായി കാണുന്നതാണ് ലവ്ഡേൽ റെയിൽവേ സ്റ്റേഷൻ. ഊട്ടി മേട്ടുപ്പാളയം ഹെറിറ്റേജ് റെയിൽവേ റൂട്ടിലെ സ്റ്റേഷൻ ആണിത്. നിറയെ ചെടികളും പൂക്കളും ഉള്ള ഒരു കുഞ്ഞു റെയിൽവേ സ്റ്റേഷൻ. ഇവിടെ കുഞ്ഞു ട്രെയിൻ നിർത്തി ആളുകൾ കയറുന്നതും ഇറങ്ങുന്നതും മനോഹര കാഴ്ചയാണ്. വേറെ ഏതോ ലോകത്ത് വേറെ ഏതോ കാലത്ത് ജീവിക്കുന്നത് പോലെ. ട്രെയിൻ കണ്ടപ്പോൾ മനസ് കുറേ കൊല്ലം പുറകിലേക്ക് പോയി, കിലുക്കം സിനിമയിൽ രേവതി വന്നിറങ്ങുന്ന താണ് ഓർമ്മയിൽ നിറഞ്ഞത്.

കുറച്ചു സമയം റെയിൽവേ സ്റ്റേഷൻ പരിസരത്ത് ചെലവഴിച്ചു ഞങ്ങൾ മുന്നോട്ടു പോയി. മരങ്ങൾ തണലിട്ട മഞ്ഞു വീണ വഴികളിലൂടെ തന്‍റെ ഇണയുടെ കൈ ചേർത്തു പിടിച്ചു നടന്നു പോകുന്ന യുവമിഥുനങ്ങളെ അങ്ങിങ്ങായി കണ്ടു. ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഹണിമൂൺ ഡസ്റ്റിനേഷനിൽ ഒന്നാണ് ലവ്ഡേൽ. സഞ്ചാരികളുടെ ശല്യമോ നഗരത്തിന്‍റെ ബഹളമോ ഇല്ലാതെ തന്‍റെ ഇണയോടൊപ്പം പ്രകൃതി ഒരുക്കിയ കാഴ്ചകൾ കണ്ടു മഞ്ഞിൽ കുളിച്ചു നടക്കാവുന്ന സ്‌ഥലം. റോഡിന്‍റെ വലതു വശത്തായി കാണുന്നതാണ് ലോക പ്രശസ്തമായ ലോറൻസ് സ്ക്കൂൾ.

ലോറൻസ് സ്ക്കൂൾ ക്യാമ്പസ് അതിമനോഹരമായ കാഴ്ചയാണ്. ഇന്ത്യയിലെ പല പല ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. സ്ക്കൂൾ ക്യാമ്പസിനു അകത്തുള്ള മറ്റൊരു കാഴ്ച യാണ് ഗോത്തിക് സ്റ്റൈലിൽ നൂറ്റി പതിനെട്ടു കൊല്ലം മുന്നേ പണിത ചർച്ച് ഓഫ് അസംപ്ഷൻ. ലവ്ഡേലിലെ കാഴ്ചകൾ കണ്ടു ഞങ്ങൾ നടന്നു. നൂറ്റാണ്ടു പഴക്കമുള്ള കെട്ടിടങ്ങളും ബംഗ്ലാവുകളും ഇംഗ്ലീഷുകാർ പണിതതാണ്. വളരെ സമാധാനമുള്ള സ്‌ഥലം, യാത്രക്കാരും വാഹനങ്ങളും കുറവാണ്. ശുദ്ധവായു ശ്വസിച്ചു ആ തണുപ്പിൽ കുളിരണിഞ്ഞു നടന്നപ്പോൾ സമയം പോയതറിഞ്ഞില്ല.

ഇരുട്ടായി തുടങ്ങിയിരിക്കുന്നു. തണുപ്പ് വർദ്ധിച്ചു വരുന്നു. ഞങ്ങൾ കാറിൽ കയറി. ഊട്ടിയെ ലക്ഷ്യമാക്കി നീങ്ങി. പോകുന്ന വഴിയിൽ കണ്ട ഒരു പെട്ടിക്കടയ്ക്ക് സമീപം വണ്ടി നിർത്തി. അമ്പതിൽ അധികം പ്രായമുള്ള ഒരു തമിഴ് സ്ത്രീയാണ് കടയിൽ. ചൂടുള്ള ഒരു കട്ടൻ പറഞ്ഞു. തൊട്ടടുത്തു കനൽ അടുപ്പിൽ ചോളം ചുട്ടെടുക്കുന്നു. കൈകൾ കനലിനു മുകളിൽ കാണിച്ചു ചൂട് പിടിച്ചു. ചെറുതായി ചൂട് തട്ടിയപ്പോൾ കൈക്കു ചെറിയ ഉണർവ് വന്നു. അപ്പോഴേക്കും കട്ടൻ ചായ റെഡി. കട്ടൻ കുടിച്ചു ചുട്ട ചോളവും വാങ്ങി ഞങ്ങൾ മുന്നോട്ടു നീങ്ങി, നല്ല തണുപ്പിൽ ചൂടുള്ള ചോളം കഴിക്കാൻ നല്ല രുചിയുണ്ട്.

ഞങ്ങൾ ഊട്ടിയിൽ എത്തി, നഗരം തണുപ്പിൽ മുങ്ങിക്കിടക്കുന്നു. കുറച്ചു സാധനങ്ങൾ വാങ്ങണം. നീലഗിരി ചായപ്പൊടി, ഊട്ടി ബർക്കി, ഹോം മെയ്ഡ് ചോക്ലേറ്റ്. ഇങ്ങനെ ഊട്ടിയിൽ മാത്രം കിട്ടുന്ന സാധനങ്ങൾ എല്ലാം വാങ്ങിയപ്പോഴേക്കും നല്ല രാത്രിയായി.

നല്ല ചൂടുള്ള രാത്രി ഭക്ഷണം കഴിക്കണം. ഹോട്ടലുകളെക്കാൾ നല്ലത് ചെറിയ കടകളാണ്. ലൈവായി ഉണ്ടാക്കി കിട്ടും. അങ്ങനെയൊരു കട അന്വേഷിച്ചു ഞങ്ങൾ ടൗണിൽ കറങ്ങി. ടൗണിലെ തിരക്കെല്ലാം ഒഴിഞ്ഞിരിക്കുന്നു. രാത്രിയിൽ ശാന്തമായിരിക്കുന്ന ഊട്ടി സുന്ദരിയാണ്. ശരിക്കും ഒരു രാജകുമാരി. ഭക്ഷണം കഴിച്ചു ഞങ്ങൾ റൂമിലേയ്ക്ക് പോയി.

നല്ല തണുപ്പാണ് മൂടിപ്പുതച്ചു ഉറങ്ങണം. രാവിലെ ഗ്ലൻമോർഗൻ പോകണം. രാവിലെ എണീറ്റു കുളിച്ചു ഫ്രഷ് ആയി, റിസപ്ഷനിൽ നിന്നും വിളി വന്നു. ബ്രേക്ക്ഫാസ്റ്റ് റെഡി ആയിരിക്കുന്നു. ഭക്ഷണം കഴിച്ചു ഞങ്ങൾ ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട് ചെയ്‌തു.

ooty

ഊട്ടിയിൽ നിന്നും ഗൂഡല്ലൂർ റോഡിൽ മുപ്പത്തിയഞ്ചു കിലോമീറ്റർ ഉണ്ട് ഗ്ലൻ മോർഗനിലേക്ക്. ഞങ്ങൾ യാത്ര പുറപ്പെട്ടു, ഊട്ടിയിൽ നിന്നും ഗ്ലൻമോർഗൻ റൂട്ടിൽ ഒരുപാട് ടൂറിസ്റ്റ് സ്പോട്ടുകൾ ഉണ്ട്. പൈൻ ഫോറെസ്റ്റ്, ഷൂട്ടിംഗ് പോയിന്‍റ്, പൈക്കര തടാകം, പൈക്കര വെള്ളച്ചാട്ടം എന്നിവ ഈ റൂട്ടിലാണ്. ഇവിടെയെല്ലാം ഒരുപാട് തവണ പോയിട്ടുള്ളത് കൊണ്ടും അവിടെയെല്ലാം നിറയെ സഞ്ചാരികൾ ഉള്ളത് കൊണ്ടും അവിടെയൊന്നും ഇറങ്ങാതെ നേരെ പോകാനാണ് ഞങ്ങളുടെ പ്ലാൻ.

ഞങ്ങൾ ഊട്ടി ടൗൺ പിന്നിട്ടു, ഗൂഡല്ലൂർ റോഡിൽ പ്രവേശിച്ചു. റോഡിൽ വാഹനം കുറവാണ്. ഊട്ടിയിലേക്ക് കൂടുതൽ ആളുകൾ വന്നിരുന്ന വഴിക്കടവ് നാടുകാണി ചുരം തകർന്നതിനാൽ ഈ വഴി തിരക്ക് കുറവാണ്. പൈക്കര പിന്നിട്ടു ഞങ്ങൾ പതിനാറാം മൈലിൽ എത്തി, ഇവിടെ നിന്നും വലത്തോട്ട് തിരിഞ്ഞു പോകണം. പത്തു കിലോമീറ്റർ ദൂരമുണ്ട്, വിജനമായ വഴിയാണ്. രണ്ടു വശത്തും നല്ല കാട്. വേറെ ഒരു വാഹനം പോലും റോഡിൽ കാണുന്നില്ല. റോഡിൽ ആന പിണ്ഡം കിടക്കുന്നുണ്ട്. ഉള്ളിൽ ചെറിയ പേടിയൊടെ മുന്നോട്ടു പോയി. പോകുന്തോറും വഴിയുടെ സൗന്ദര്യം കൂടി വരുന്നു. ആരെയും ആകർഷിക്കുന്ന വന്യത. അകത്തേക്ക് സ്വകാര്യ സ്‌ഥലങ്ങളും ഉണ്ടെന്നു തോന്നുന്നു. റോഡിൽ നിന്നും കാടിന്‍റെ അകത്തേക്ക് ഓഫ് റോഡ് ട്രാക്കുകൾ നീണ്ടു കിടക്കുന്നു. ചില ഭാഗങ്ങളിൽ റോഡ് വളവു തിരിവുകൾ ആണ്. ചില ഭാഗത്തു നല്ല നേർരേഖയിലുള്ള റോഡുകൾ. ഇടയിൽ എവിടെയോ ഒന്നോ രണ്ടോ വണ്ടികൾ പാർക്കും ചെയ്‌തു ആളുകൾ ഫോട്ടോ എടുക്കുന്നുണ്ട്.

ഞങ്ങൾ ഗ്ലൻമോർഗനോട് അടുത്തു. റോഡിന്‍റെ വശങ്ങളിൽ കാട് മാറി മനോഹരമായ തേയില തോട്ടങ്ങൾ കാണാൻ തുടങ്ങി. റോഡും വളരെ നല്ലതാണ്. വലതു ഭാഗത്തായി നല്ലൊരു വ്യൂ പോയിന്‍റ് ഉണ്ട്. വലിയൊരു പർവ്വതത്തിന്‍റെ മനോഹരമായ കാഴ്ചയാണ് ഇവിടെ നിന്നും. ഇവിടെ മുതൽ അങ്ങോട്ട് അഞ്ഞൂറ് ഏക്കർ വരുന്ന ഗ്ലൻമോർഗൻ ടീ എസ്റ്റേറ്റ് ആണ്. ഇവിടെയാണ് ആദ്യമായി ഗ്രീൻ ടീ ഉണ്ടാക്കിയത് എന്ന് പറയുന്നു.

കുറച്ചു ദൂരം മുന്നോട്ടു ചെന്നപ്പോൾ എസ്റ്റേറ്റിന്‍റെ ഗേറ്റിൽ എത്തി. ഗേറ്റിനു പുറത്തായി തൊഴിലാളികളുടെ ഒരു സൊസൈറ്റിയുണ്ട് അവിടെ രണ്ടു വാഹനങ്ങൾ പാർക്ക് ചെയ്‌തിട്ടുണ്ട്. ഞാൻ കാർ നിർത്തി അവരോടു അന്വേഷിച്ചു ഇവിടെ എന്തൊക്കെ കാണാൻ ഉണ്ടെന്നു. പത്തുമീറ്റർ മുന്നോട്ടു പോയാൽ ചെറിയൊരു വെള്ളച്ചാട്ടം ഉണ്ട്, കാണണമെങ്കിൽ റോഡിൽ നിന്നും താഴേക്കു ഇറങ്ങണം. വണ്ടി അവിടെ പാർക്ക് ചെയ്യാൻ പറഞ്ഞു. ഞങ്ങൾ ഇറങ്ങി നടന്നു, എസ്റ്റേറ്റ് ഗേറ്റ് കഴിഞ്ഞുള്ള വളവ് എത്തിയപ്പോൾ എതിർവശത്തായി വെള്ളമൊഴുകുന്ന ശബ്ദം കേൾക്കുന്നു.

താഴേക്കു നോക്കിയപ്പോൾ ഇറങ്ങാനുള്ള പടവുകൾ ഉണ്ട്. ശ്രദ്ധിച്ചു ഇറങ്ങണം. താഴേക്കിറങ്ങി കാട്ടുചോലയാണ് നല്ല ശക്തിയിൽ വെള്ളം വന്നു താഴേക്കു പതിക്കുന്നു. കാൽ വെള്ളത്തിലേക്കിട്ടു നോക്കി. ആഹാ നല്ല തണുപ്പ്. കുറച്ചു വെള്ളം കയ്യിലെടുത്തു മുഖം കഴുകി. കണ്ണാടി പോലെ തിളങ്ങുന്ന വെള്ളം. കുറച്ചു സമയം കാടിന്‍റെയും വെള്ളത്തിന്‍റെയും കാഴ്ചയും ശബ്ദവും ആസ്വദിച്ചു അവിടെ ഇരുന്നു. മതിവരാത്ത കാഴ്ചകൾ ബാക്കിയാക്കി ഞങ്ങൾ പതിയെ മുകളിലേക്കു കയറി.

കുറച്ചുദൂരം കൂടെ മുന്നോട്ടു പോയാൽ ഡാമും പവർ ഹൗസും കാണാം. ഞങ്ങൾ കാർ എടുത്തു മുന്നോട്ടു പോയി. ഗ്ലൻമോർഗന്‍റെ യഥാർത്ഥ സൗന്ദര്യം ഞങ്ങൾക്ക് മുന്നിൽ തെളിഞ്ഞു തുടങ്ങി. ഭംഗിയുള്ള റോഡിനു ഇരുവശത്തും നല്ല പച്ച പുൽത്തകിടികൾ. മഞ്ഞ നിറത്തിലുള്ള പൂക്കൾ. കുറച്ചു ദൂരം കൂടി ചെന്നപ്പോൾ ഇടതു വശത്തു വിശാലമായൊരു തടാകം. മുകളിലായി കോടമഞ്ഞു വീണു കിടക്കുന്നു. വാക്കുകൾ കൊണ്ടു പറയുന്നതിലും അപ്പുറമാണ് ആ കാഴ്ചകൾ.

വലതു വശത്തായി പച്ച പുൽത്തകിടി കൊണ്ടു വിരിയിട്ട ചെറിയ കുന്നുകൾ, അതിനു മുകളിൽ ഡാമും പവർ ഹൗസുമായി ബന്ധപ്പെട്ട ഓഫീസുകൾ ആണ്. മുന്നോട്ടു പോയാൽ ഡാം ആണ്, ഞാൻ കാർ മുന്നോട്ടു എടുത്തു. ഇവിടുന്നു അങ്ങോട്ട് പ്രവേശനം ഇല്ലെന്നു സെക്യൂരിറ്റി ഓഫീസർ പറഞ്ഞു. കുറച്ചു ദൂരം നടന്നു പോവാൻ അനുമതി തന്നു.

കാർ ഒരിടത്തു ഒതുക്കി നിർത്തി ഞങ്ങൾ തടാക തീരത്തെ റോഡിലൂടെ നടന്നു. വേറെ ആരും ഇല്ല, ഞങ്ങൾ മാത്രം. സഞ്ചാരികളോ കച്ചവടക്കാരോ ഇല്ലാത്ത സ്‌ഥലമാണ് ഗ്ലൻമോർഗൻ. ശാന്തം സുന്ദരം. ഇടയ്ക്കു വരുന്ന തണുത്ത കാറ്റിന്‍റെ നേർത്ത ശബ്ദമല്ലാതെ മറ്റൊരു ശബ്ദം പോലും ഇല്ല. എന്തൊരു അനുഭൂതിയാണ് ഈ സ്‌ഥലം നമുക്ക് തരുന്നത്.

പച്ചപ്പും മഞ്ഞും തടാക വും തണുത്ത കാറ്റും ഇത്രയും റൊമാന്‍റിക് ആയ സ്‌ഥലം. ഇതിന്‍റെ ഭംഗി കൊണ്ടു മാത്രമാണ് പൃഥ്വിരാജ് അഭിനയിച്ച കൂടെ എന്ന സിനിമയ്ക്ക് ലെക്കേഷനായി ഈ സ്‌ഥലം തന്നെ തെരഞ്ഞെടുത്തത്. മനസ്സിലെ എല്ലാ ഭാരവും അലിയിച്ചു കളയുന്ന ആ തണുപ്പിൽ കുറേ നേരം ആ പ്രകൃതിയിലേക്ക് ആത്മാവിനെ ഇറക്കി വിട്ടു എല്ലാ ചിന്തകളിൽ നിന്നും മാറി കുറേ സമയം അവിടെ ചെലവഴിച്ചു. തിരിച്ചു പോകണം. പക്ഷേ മനസ്സ് അനുവദിക്കുന്നില്ല. മോൻ അവിടെ ഓടിക്കളിക്കുകയാണ്, അവന്‍റെ സ്വാതന്ത്രമായ ലോകത്ത്. അവരെ രണ്ടാളെയും വീണ്ടും ഇവിടെ വരാമെന്ന ഉറപ്പിൽ നിർബന്ധിച്ചു കാറിൽ കയറ്റി.

കാർ പതിയെ തിരിച്ചു, ഞങ്ങൾ ഗ്ലൻമോർഗനോട് വിട പറഞ്ഞു. അവൻ പുറകിലേ സീറ്റിൽ പുറകോട്ടു തിരിഞ്ഞു നിൽക്കുകയാണ് ദൂരേക്ക് പോകുന്ന ആ മനോഹര തീരവും നോക്കി.

പുറകോട്ടു പോകുന്ന മരങ്ങളും ചെടികളും ഞങ്ങളെ തിരിച്ചു വിളിക്കുന്നത് കണ്ണാടിയിൽ കാണാം. യാത്രകൾ തുടർന്ന് കൊണ്ടേയിരിക്കും, ഇവിടേയ്ക്ക് വീണ്ടും വരും.

और कहानियां पढ़ने के लिए क्लिक करें...