വസ്ത്രാലങ്കാരത്തിൽ തന്‍റേതായ കയ്യൊപ്പ് ചാർത്തിയ സമീറ സനീഷ് 10 വർഷം കൊണ്ട് 200ൽ പരം സിനിമകളിൽ വസ്ത്രാലങ്കാരം നിർവഹിച്ച് റെക്കോഡിട്ടിരിക്കുകയാണ്. വസ്ത്രാലങ്കാരത്തിൽ 2018ൽ സംസ്ഥാന അവാർഡ് നേടിയ സമീറ സനീഷുമായുള്ള അഭിമുഖത്തിൽ നിന്നും.
ഡാഡി കൂളിൽ നിന്നും തുടങ്ങി ഇപ്പോൾ ലേറ്റസ്റ്റായ പടങ്ങളിലെല്ലാം കോസ്റ്റ്യൂം ഡിസൈനറാണ്…
ഡാഡി കൂളിനു മുമ്പ് ഞാൻ വൈറ്റ് എലിഫന്‍റ് എന്ന ചിത്രത്തിലും കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചിരുന്നു. പക്ഷേ ശ്രദ്ധിക്കപ്പെട്ടത് ഡാഡി കൂളാണ്. അതിന് മുമ്പ് 7 വർഷത്തോളം ഞാൻ ആഡ് ഫിലിംസ് ചെയ്‌തു കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് ആഷിഖ് അബു ഡാഡി കൂളിലേക്ക് വിളിക്കുന്നത്. എറണാകുളത്തായിരുന്നു ലൊക്കേഷൻ. ഒരു പടം ചെയ്ത് നോക്കാമെന്ന് വിചാരിച്ചു വന്ന ആളാണ് ഞാൻ. അത് കഴിഞ്ഞാൽ തിരിച്ച് എന്‍റെ ജോലിയിലേയ്ക്ക് തന്നെ മടങ്ങി പോകാം എന്ന് കരുതി. പക്ഷേ ഒന്നിന് പിറകെ ഓരോ ചിത്രങ്ങളിലായി സജീവമാകുകയായിരുന്നു.
കോസ്റ്റ്യൂം ഡിസൈനിംഗ് പടത്തിലെ ഹൈലൈറ്റിംഗായ ഘടകങ്ങളിലൊന്നാണ്…
ഒരു പടം ചെയ്യുമ്പോൾ അതിലെ പ്രധാന കഥാപാത്രങ്ങളുടെയും മറ്റ് സഹകഥാപാത്രങ്ങളുടെയും കോസ്റ്റ്യൂമ്സിന്‍റെ പൂർണ്ണമായ ഉത്തരവാദിത്തം നമ്മൾക്കായിരിക്കും. ചിലപ്പോൾ തലേദിവസമായിരിക്കും ചിത്രത്തിന്‍റെ കാസ്റ്റിംഗിൽ മാറ്റമുണ്ടാക്കുക. അതൊക്കെ മുൻകൂട്ടി കണ്ടുവേണം ഇരിക്കാൻ. പിന്നെ മറ്റൊരു ടെൻഷൻ ഒരു സീൻ എടുത്ത് കഴിഞ്ഞാൽ അതിന്‍റെ തുടർച്ച ഒരാഴ്ച കഴിഞ്ഞിട്ടാകും ഷൂട്ട് ചെയ്യുക. മുമ്പ് എടുത്ത സീനിൽ ധരിച്ചിരുന്ന അതേ കോസ്റ്റ്യൂമും ആഭരണങ്ങളും ചെരിപ്പുകളുമടക്കം നമ്മൾ സൂക്ഷിച്ച് വയ്ക്കണം. നമ്മുടെ കൂടെ വർക്ക് ചെയ്യുന്നവരും അതനുസരിച്ച് പ്രവർത്തിക്കണം. ഇല്ലെങ്കിൽ അത് വലിയ വീഴ്ചയുണ്ടാക്കും. എല്ലാവരുടെയും കൂട്ടായ ശ്രമം കൊണ്ടാണ് ഓരോ പടവും രൂപം കൊള്ളുന്നത്.
മായാനദിയിലെ അപ്പുവിന്‍റെയും മാത്തന്‍റെയും കോസ്റ്റ്യൂമുകൾ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നല്ലോ?
എനിക്ക് ഒത്തിരി ഇഷ്ടമാണ് ആ സിനിമ. ആഷിഖിന്‍റെ പടമാകുമ്പോൾ സ്വാതന്ത്യ്രമുണ്ട്. മിക്ക ഡയറക്ടേഴ്സും അങ്ങനെ തന്നെയാണ്. അതിലെ കോസ്റ്റ്യൂം എല്ലാം സിമ്പിളായിട്ടുള്ളതാണ്. വളരെ റിയലിസ്റ്റിക്കായ കോസ്റ്റ്യൂമ്സാണ് ഞാൻ മായാനദിക്കു വേണ്ടി ഡിസൈൻ ചെയ്തത്. ഇളം നിറങ്ങളും പെസ്റ്റൽ ഷെയ്ഡുകളുമായിരുന്നു കോസ്റ്റ്യൂമിന്. ജീൻസ്, കാഷ്വൽസ്, സാരി, ഗൗൺ ഒക്കെയും ഈ ചിത്രത്തിലുണ്ട്.
സാധാരണ ഒരു സിനിമ ചെയ്യുമ്പോൾ ഒരു മാസത്തെ പ്രിപ്പറേഷൻ ടൈം കിട്ടാറുണ്ട്. പക്ഷേ മായാനദി വളരെ ചെറിയ സമയം കൊണ്ട് തുടങ്ങിയ ചിത്രമായിരുന്നു. വളരെ സിമ്പിളായ കോസ്റ്റ്യൂമ്സ് ആണ് ചിത്രത്തിനാവശ്യം. ആഷിഖ് അബുവാകട്ടെ വളരെ ഫ്രണ്ട്‍ലിയായ ഡയറക്ടറാണ്. ഡിസൈനറുടെ ക്രിയേറ്റിവിറ്റിയെ അംഗീകരിക്കുന്ന ഡയറക്ടർ. അതുകൊണ്ട് വളരെ ഫ്രീ മൈൻഡോടെയാണ് അപ്പുവിന്‍റെയും മാത്തന്‍റെയും വസ്ത്രാലങ്കാരം നിർവഹിച്ചത്. ആ സമയത്ത് ഞാൻ പ്രഗ്നന്‍റായിരുന്നു. വ്യക്‌തിപരമായി എനിക്ക് ഏറെയിഷ്ടമുള്ള പടമാണിത്.
പ്രണയകഥ. സുന്ദരിയും സുന്ദരനുമായ നായികയും നായകനും, മേക്കപ്പിന്‍റെ അതിപ്രസരം വേണ്ടാത്ത കഥാപാത്രങ്ങൾ. ഇതെല്ലാം മനസിൽ വച്ചു കൊണ്ടാണ് അവർക്കുള്ള ഓരോ വേഷങ്ങളും ക്രിയേറ്റ് ചെയ്തത്. പിന്നെ മാത്തൻ എന്ന കഥാപാത്രത്തിന് പ്രത്യേക ലുക്ക് നൽകാൻ ഒരു ക്യാപും കൊടുത്തു. മൊത്തത്തിൽ വളരെ ക്യൂട്ടായ ചിത്ര മായിരുന്നുവത്. പിന്നെ സിനിമയുടെ ക്ലൈമാക്സ് സീനിൽ ഐശ്വര്യ അണിയുന്ന ഒരു ഗൗൺ ഉണ്ട്. ആ ഗൗൺ എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. എന്‍റെ പ്രസവം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞ്, അതായത് മോന് 15 ദിവസം പ്രായമുള്ളപ്പോഴാണ് ഗൗൺ വേണമെന്ന് ആഷിഖ് പറയുന്നത്. എന്‍റെ ഡെലിവറിയാകട്ടെ സിസേറിയനും. ഈ ജോലിയാണെങ്കിൽ മാറ്റി വയ്ക്കാനും പറ്റില്ല. ഞാൻ കുഞ്ഞിനെ വീട്ടിലേൽപ്പിച്ച് ഷോപ്പിൽ പോയി മെറ്റീരിയൽ വാങ്ങി ഡിസൈൻ ചെയ്തെടുക്കുകയായിരുന്നു. കുഞ്ഞിന്‍റെ കാര്യത്തിൽ സങ്കടമുണ്ടായിരുന്നുവെങ്കിലും ജോലിയോടുള്ള പ്രതിബദ്ധതയും ഇഷ്‌ടവുമൊക്കെ മറക്കാനാവില്ലല്ലോ. സിനിമയെന്നത് ഒത്തിരി പേരുടെ കൂട്ടായ്മയും സ്വപ്നവുമാണല്ലോ. അതുകൊണ്ട് ഞാനത് ഭംഗിയാക്കാൻ ശ്രമിച്ചു. സിനിമ റിലീസായതും ഗൗൺ ഹിറ്റായി.
കമ്മാര സംഭവത്തിലെ വസ്ത്രാലങ്കാരത്തിന് സംസ്ഥാന അവാർഡ് ലഭിച്ചിരുന്നല്ലോ?
മായാനദി ചെയ്‌തു കൊണ്ടിരിക്കുമ്പോഴാണ് കമ്മാര സംഭവത്തിന്‍റെ വർക്കും. കമ്മാര സംഭവം പകുതിയായപ്പോഴാണ് ഞാൻ ഗർഭിണിയായത്. അതൊരു പീരിയോഡിക് മൂവിയായിരുന്നു. മായാനദി പോലെ തന്നെ വളരെ സ്ട്രെയിൻ ചെയ്‌താണ് അതിലെ വസ്ത്രാലങ്കാരവും നിർവഹിച്ചത്. അതിന് സ്റ്റേറ്റ് അവാർഡും കിട്ടി. അവാർഡ് പ്രതീക്ഷിച്ചിരുന്നില്ല. അതിലും വലിയ പടങ്ങളുണ്ടായിരുന്നു. ചാർലി ചെയ്തപ്പോൾ പലരും പറഞ്ഞിരുന്നു അവാർഡ് കിട്ടുമെന്ന്. അതുകൊണ്ട് ഇത്തവണ അവാർഡ് കാര്യം ഓരോരുത്തരും മുൻകൂട്ടി പറഞ്ഞപ്പോൾ മൈൻഡ് ചെയ്യാൻ പോയില്ല.
ഞാൻ പ്രകാശനിലെയും കോസ്റ്റ്യൂം ഡിസൈൻ ശ്രദ്ധിക്കപ്പെട്ടിരുന്നു… വൈറസിലെയും…
സത്യൻ സാറിന്‍റെ കൂടെ വർക്ക് ചെയ്യുന്നത് വളരെ കംഫർട്ടിബിളാണ്. വളരെ സ്വാതന്ത്യ്രത്തോടെ ചെയ്യാം. ആഷിഖായാലും ലാൽ ജോസ് സാറായാലും അങ്ങനെ തന്നെ. ലാൽ ജോസ് സാർ കോസ്റ്റ്യൂം ഏതാണെന്നു പോലും ചോദിക്കില്ല. ഇഷ്ടമുള്ളതെന്താണെന്ന് വച്ചാൽ ചെയ്യാൻ പറയും. അത് വിശ്വാസമാണ്. കഥ കേട്ട് അതിനനുയോജ്യമായ രീതിയിൽ ഡിസൈൻ ചെയ്യും. സത്യൻ സാറിന്‍റെ ഞാൻ പ്രകാശൻ ചെയ്യുമ്പോൾ കാണാൻ ഭംഗിയുണ്ടാകണം എന്ന് മാത്രമേ സാർ പറഞ്ഞുള്ളൂ. അതിലെ സലോമിയെന്ന പെൺകുട്ടി പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്. പക്ഷേ അതൊന്നും നോക്കണ്ട. വീട്ടിൽ ദാരിദ്യ്രാവസ്‌ഥയിൽ കഴിയുന്നവരാണെങ്കിൽ പോലും ഏറെ സ്വപ്നങ്ങളുമായി നടക്കുന്ന പെൺകുട്ടികൾ സ്വന്തം വേഷത്തിൽ കൂടുതൽ ജാഗ്രത പുലർത്തുമല്ലോ. ഇപ്പോഴത്തെ കുട്ടികൾ അങ്ങനെയാണല്ലോ.
കുമ്പളങ്ങി നൈറ്റ്സ് റിയലിസ്റ്റിക് സ്റ്റോറി ആണല്ലോ. ആ നാട്ടിലെ ആൾക്കാർ എന്താണോ ഉപയോഗിക്കുന്നത് അത് തന്നെയാണ് അവരുടെ കോസ്റ്റ്യുമിൽ ഫോളോ ചെയ്തത്. മഹേഷിന്‍റെ പ്രതികാരത്തിലും അങ്ങനെ തന്നെയായിരുന്നു. ഇങ്ങനെ കഥയുടെയും കഥാപരിസരത്തിന്‍റെയും ടച്ച് വരുന്ന രീതിയിലാണ് കോസ്റ്റ്യും ഡിസൈൻ ചെയ്യുന്നത്. സൂക്ഷ്മമായ കാര്യങ്ങൾ പോലും അതിനായി ശ്രദ്ധിക്കാറുണ്ട്. പീരിയഡ് മൂവിയുടെ കാര്യത്തിലാണെങ്കിൽ വർക്ക് ഇത്തിരി ബുദ്ധിമുട്ടാണ്. പഴയ സാധനങ്ങൾ തപ്പിയെടുക്കണം. ആ കാലഘട്ടം ആവശ്യപ്പെടുന്ന ആഭരണങ്ങൾ ഏതൊക്കെയാണെന്ന് അറിയണം. പഴയ ടൈപ്പ് മെറ്റീരിയൽ കിട്ടാൻ അലയേണ്ടി വരും.
വൈറസ് എന്ന മൂവിയുടെ കാര്യം പറയുകയാണെങ്കിൽ അത് വളരെ വലിയ വർക്കായിരുന്നു. അതും വളരെ ചുരുങ്ങിയ സമയത്തിൽ ചെയ്യുകയും വേണം. ആ സിനിമയിലാണെങ്കിൽ ഒരു ലോഡ് താരങ്ങളും. പ്രധാന കഥാപാത്രങ്ങൾക്ക് പുറമെ ഹോസ്പിറ്റൽ സ്റ്റാഫിനുള്ള യൂണിഫോമുകൾ വരെ തയ്യാറാക്കേണ്ടി വന്നു. വർക്കിനൊടുവിൽ കോസ്റ്റ്യും ഇത്തിരി ലേറ്റായതു കൊണ്ട് ടെൻഷനുണ്ടായിരുന്നു. പക്ഷേ എല്ലാം ഭംഗിയായി നടന്നു.
സമീറ ഇപ്പോൾ ഇരട്ടി സന്തോഷത്തിലാണല്ലോ… കുഞ്ഞുവാവയുടെ വിശേഷങ്ങൾ എന്തൊക്കെയാണ്?
അതെ, മുമ്പൊക്കെ സിനിമയുടെ വർക്കിന് പോയാൽ ലേറ്റായാലും കുഴപ്പമില്ലായിരുന്നു. അതുപോലെ വർക്കിനു വേണ്ടി ഏത് സമയത്തും വീട്ടീന്ന് പോകാമായിരുന്നു. പക്ഷേ ഇപ്പോഴെല്ലാം കുഞ്ഞിന്‍റെ സമയത്തിനനുസരിച്ചാണ് കാര്യങ്ങൾ നീക്കുന്നത്. സയാൻ എന്നാണ് കുഞ്ഞിന്‍റെ പേര്. ഹസ്ബന്‍റ് സനീഷ് ടെലികോമിൽ വർക്ക് ചെയ്യുന്നു. ഹസ്ബന്‍റിന്‍റെ നിർലോഭമായ പിന്തുണയുള്ളതു കൊണ്ടാണ് എനിക്കിത്രമാത്രം സമാധാനത്തോടെ വർക്ക് ചെയ്യാൻ കഴിയുന്നത്.
കോസ്റ്റ്യും ഡിസൈൻ ചെയ്യാനിഷ്ടപ്പെടുന്ന താരങ്ങൾ
മംമ്ത മോഹൻദാസ്. അതുപോലെ ദുൽഖർ, ഫഹദ് എന്നിവർക്കു വേണ്ടിയും കോസ്റ്റ്യൂം ഡിസൈൻ ചെയ്യാനിഷ്ടമാണ്. ഞാൻ കടുത്ത മമ്മൂക്ക ഫാനാണ്. മമ്മൂക്കയ്ക്ക് വേണ്ടിയും ഡിസൈൻ ചെയ്യാനിഷ്ടമാണ്.
സിനിമയിൽ വസ്ത്രാലങ്കാര രംഗത്ത് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഈ രംഗത്തുള്ള മാറ്റങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
സിനിമ പഴയതിലും ഒരുപാട് മാറിയിട്ടുണ്ട്. മുമ്പ് നല്ല ഡ്രസ്സൊക്കെയിട്ട് ഒരുപാട് മേക്കപ്പൊക്കെ ചെയ്യുമായിരുന്നു. ഇപ്പോൾ പക്ഷേ എല്ലാം റിയലാണ്. നാച്ചുറലാണ്. വളരെ ലൈറ്റ് മേക്കപ്പിനാണ് എല്ലാവരും മുൻതൂക്കം നൽകുന്നത്. വേഷത്തിലും അതേ മാറ്റം വന്നിട്ടുണ്ട്. കഥാപാത്രങ്ങൾ സിറ്റ്‍വേഷൻ അനുസരിച്ച് ലൈറ്റ് മേക്കപ്പ് മാത്രമേ ഇടുന്നുള്ളൂ. മുമ്പ് സിനിമയിൽ ഒരു സോംഗ് ഉണ്ടാവും. ഒപ്പം 10-15 ഡാൻസേഴ്സും. ഇപ്പോഴും സോംഗ്സുണ്ട്. പക്ഷേ അത് ചിത്രീകരിക്കുന്ന രീതിയിലും കുറേയെറെ മാറ്റമുണ്ടായിട്ടുണ്ട്.
ഞാൻ വന്ന സമയത്ത് സാരിയണിഞ്ഞ് കുറെപ്പേരെ കാണാമായിരുന്നു. അതൊക്കെ മാറി. ജീൻസും സൽവാറും കുർത്തയുമൊക്കെയായി. ഇപ്പോൾ താരങ്ങൾക്ക് സ്വന്തമായി ഡിസൈനർമാരുണ്ട്. സ്വയം വസ്ത്രം ഡിസൈൻ ചെയ്യുന്നവരുമുണ്ട്. എന്തിനേറെ സാധാരണക്കാർ പോലും മേക്കപ്പിലും വേഷത്തിലും കുറെയേറെ ബോധവാന്മാരായിട്ടുണ്ട്. അതൊരു പോസിറ്റീവായ കാര്യം തന്നെയാണ്.
ആരാണ് ഫാഷൻ ഡിസൈനിംഗ് രംഗത്തെ റോൾ മോഡൽ?
സബ്യസാചി. അദ്ദേഹത്തിന്‍റെ അപാരമായ കളർകോമ്പിനേഷൻ എന്നെ ആകർഷിക്കാറുണ്ട്.
ഓരോ വർക്കും യൂണിക് ആകാൻ ശ്രദ്ധിക്കാറുണ്ടോ?
സിനിമ കണ്ട് പകുതിയാകുമ്പോൾ ചിലരെങ്കിലും പറഞ്ഞ് കേട്ടിട്ടുണ്ട് ഇത് സമീറയാണ് ചെയ്‌തിരിക്കുന്നതെന്ന്. അങ്ങനെ പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. കളർ കോമ്പിനേഷൻ കാണുമ്പോൾ ചിലപ്പോൾ അറിയാൻ പറ്റുമായിരിക്കും. ഞാൻ ഒരു പടത്തിൽ യൂസ് ചെയ്‌ത സംഭവങ്ങൾ മറ്റ് പടങ്ങളിൽ യൂസ് ചെയ്യാറില്ല. എന്നിട്ടും ഇതെങ്ങനെ മനസിലാക്കുന്നുവെന്ന് അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. പിന്നെ ഓരോരുത്തർക്കും അവർ ചെയ്യുന്ന വർക്കിൽ പൊതുവായ ഒരു സ്റ്റാമ്പിംഗ് ഉണ്ടാകുമല്ലോ. അതുകൊണ്ടാകും.
സയാനിനു വേണ്ടി കോസ്റ്റ്യും ഡിസൈൻ ചെയ്യാറുണ്ടോ?
തീർച്ചയായും. ഫംഗ്ഷനൊക്കെ വരുമ്പോൾ അവനു വേണ്ടി ഞാൻ പ്രത്യേകം ഡിസൈൻ ചെയ്യാറുണ്ട്. എന്‍റെ കാര്യത്തിലാണെങ്കിൽ എനിക്ക് സാരി, കുർത്തി സൽവാറൊക്കെ ധരിക്കാൻ ഇഷ്ടമാണ്. പക്ഷേ സാരിയൊക്കെ കുറച്ചേ അണിയാറുള്ളൂ.