ഏക് ഥാ ടൈഗർ, ആഷിഖി 2, കിക്ക്, പ്രേം രതൻ ധൻ പായോ, കാബിൽ, ബാഗി, എംഎസ് ധോണി, ലവ് യാത്ര അടക്കം ആയിരക്കണക്കിന് സിനിമകളിൽ പാടി പ്രേക്ഷകഹൃദയം കീഴടക്കിയ പലക് മുഛൽ നിർദ്ധനരും ഹൃദ്രോഗികളുമായ കുട്ടികളുടെ ദേവദൂതയാണ്.
സംഗീത പരിപാടികളിൽ ലഭിക്കുന്ന പണം പലക് ഹൃദ്രോഗികളായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കും മറ്റുമായാണ് വിനിയോഗിക്കുന്നത്. ഇപ്പോൾ 2,368 കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയ്ക്കായി പണം ചെലവഴിച്ച്, അവർക്ക് പുതിയ ജീവിതം നൽകിയിരിക്കുകയാണ് ഈ ഗായിക.
ഹൃദ്രോഗികളായ കുഞ്ഞുങ്ങൾക്കു വേണ്ടി ജീവിതകാലം മുഴുവൻ ഗാനമാലപിക്കണമെന്ന ദൃഢനിശ്ചയമെടുത്തിട്ടുള്ള പലക്, കഴിഞ്ഞ 21 വർഷമായി ഈ രംഗത്ത് സജീവമായി പ്രവർത്തിച്ച് വരികയാണ്. അവരുടെ സേവനങ്ങളെ മുൻനിർത്തി ധാരാളം അന്താരാഷ്ട്ര പുരസ്കാരങ്ങളും തേടിയെത്തുകയുണ്ടായി.
വർഷങ്ങൾക്ക് മുമ്പ് ഏറ്റവും ചെറിയ പ്രായക്കാരിയായ സാമൂഹ്യ പ്രവർത്തക എന്ന നിലയിൽ പലക് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടുകയും ചെയ്‌തിരുന്നു. പലക് മുഛലുമായി നടത്തിയ അഭിമുഖത്തിൽ നിന്നും:
കുടുംബത്തെക്കുറിച്ച് പറയാമോ?
1992 മാർച്ച് 30 ന് ഇന്തോറിലാണ് ഞാൻ ജനിച്ചത്. അച്‌ഛൻ രാജ്കുമാർ മുഛൽ അക്കൗണ്ടന്‍റും അമ്മ അമിത മുഛൽ വീട്ടമ്മയുമാണ്. 8 വയസ്സു തുടങ്ങി ചാരിറ്റി ഷോകളിൽ പാടി പണം സ്വരൂപിച്ച് പാവപ്പെട്ട കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയ്ക്കായി പണം കണ്ടെത്തി തുടങ്ങിയയാളാണ് ഞാൻ. 4-ാം വയസിലാണ് സംഗീതം പഠിച്ച് തുടങ്ങിയത്. അന്തരിച്ച സത്യനാരായണൻ മിശ്ര ആയിരുന്നു ആദ്യ ഗുരു.
എന്നു തുടങ്ങിയാണ് സാമൂഹ്യ സേവനത്തിലേക്ക് തിരിഞ്ഞത്?
6-ാം വയസിൽ അന്ധരായ കുട്ടികൾക്കു വേണ്ടി സ്റ്റേജിൽ പാട്ട് പാടി പണം സ്വരൂപിച്ചായിരുന്നു തുടക്കം. അതിനുശേഷം കാർഗിൽ ജവാന്മാർക്കായി കടകൾ തോറും എ വതൻ കെ ലോഗോം… എന്ന പാട്ട് പാടി 25,000 രൂപ സമാഹരിച്ച് നൽകി.
ആളുകൾ സങ്കടപ്പെടുന്നത് കാണാൻ എനിക്കിഷ്ടമല്ല. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ എന്‍റെ സമപ്രായക്കാരായ കുട്ടികൾ അല്ലെങ്കിൽ അതിലും മുതിർന്ന കുട്ടികൾ സ്വന്തം വസ്ത്രമൂരി ട്രെയിനിന്‍റെ നിലം വൃത്തിയാക്കുന്നത് കാണുമ്പോൾ വല്ലാത്ത സങ്കടമായിരുന്നു. അതൊക്കെയാണ് എന്നെ സാമൂഹ്യസേനത്തിലേക്ക് നയിച്ചത്.
ഹൃദ്രോഗികളായ കുട്ടികൾക്ക് സൗജന്യ ശസ്ത്രക്രിയ എന്നത് എന്നു മുതലാണ് തുടങ്ങിയത്?
2000 മാർച്ച്, ഒരു ദിവസം വീട്ടിൽ സഹായമാവശ്യപ്പെട്ട് രാധേശ്യാം കുരിൽ എന്നയാൾ എത്തി. അദ്ദേഹത്തിന്‍റെ 6 വയസ്സുള്ള മകൻ ലോകേഷിന്‍റെ ഹൃദയത്തിൽ ദ്വാരങ്ങൾ ഉണ്ടായിരുന്നു. രാധേശ്യാം അന്ന് ഒരു ചെരുപ്പുകുത്തിയുടെ കടയിൽ 75 രൂപ ശബളത്തിൽ ജോലി ചെയ്‌ത് വരികയായിരുന്നു. അദ്ദേ ഹത്തെ സംബന്ധിച്ച് മകന്‍റെ ശസ്ത്രക്രിയ അസാധ്യമായിരുന്നു.
അങ്ങനെ ഞാൻ മാർച്ച് 8-ാം തീയതി എന്‍റെ ആദ്യ ചാരിറ്റി ഷോ നടത്തി 51,000 രൂപ ശേഖരിച്ചു. മീഡിയ ഇതിന് വലിയ പ്രചാരം നൽകി. ഈ വാർത്ത കണ്ട് ബംഗ്ലൂരുവിലെ മണിപ്പാൽ ഹാർട്ട് ഫൗണ്ടേഷൻ ഡയറക്ടർ ദേവി ഷെട്ടി ലോകേഷിന്‍റെ ശസ്ത്രക്രിയ സൗജന്യമായി നടത്താമെന്ന് അറിയിച്ച് മുന്നോട്ട് വന്നു. 24 മാർച്ചിൽ ലോകേഷിന്‍റെ ശസ്ത്രക്രിയ നടന്നു. അങ്ങനെ ആ 51,000 രൂപ ലോകേഷിന് തന്നെ നൽകാൻ തീരുമാനിച്ചു. പക്ഷേ അവർ പാവപ്പെട്ടവരായിട്ടു പോലും ആ തുക സ്വീകരിക്കാൻ തയ്യാറായില്ല, പകരം ആ പണം മറ്റേതെങ്കിലും ഹൃദയസംബന്ധമായ അസുഖമുള്ള കുട്ടികളുടെ ശസ്ത്രക്രിയയ്ക്കായി വിനിയോഗിക്കാനാണ് അവർ ആവശ്യപ്പെട്ടത്. അങ്ങനെ എന്‍റെ രക്ഷിതാക്കൾ ഒരു പ്രാദേശിക പത്രത്തിൽ ഇത് സംബന്ധിച്ച് ഒരു വാർത്ത നൽകി. വാർത്ത കണ്ട് ചുറ്റും നിന്നും ധാരാളം ആവശ്യക്കാരെത്തി. പണമില്ലാത്തതുകൊണ്ട് ചികിത്സയ്ക്കായി ബുദ്ധിമുട്ടുന്നവരായിരുന്നു അവർ. ആ സമയത്ത് എനിക്ക് 11 വയസ് പ്രായം. ആ പ്രായത്തിൽ 7 കുട്ടികളുടെ ശസ്ത്രക്രിയയാണ് ഇന്തോറിലെ ആശുപത്രിയിൽ നടത്തിയത്.
ഇന്ത്യയിലെ കുട്ടികൾക്ക് മാത്രമാണോ ഈ സേവനം നൽകുക?
ധാരാളം വിദേശീയരായ കുട്ടികൾക്കു വേണ്ടിയും ഹൃദ്രോഗ ചികിത്സയ്ക്കുള്ള ചെലവ് വഹിച്ചിട്ടുണ്ട്. 2003 ൽ പാകിസ്ഥാനിലെ നദീം ദമ്പതികളുടെ മകൾ നൂർ ഫാത്തിമ അവരിൽ ഒരാളാണ്.
ലോക്ക്ഡൗൺ സംഗീത ജീവിതത്തിന് തടസ്സം സൃഷ്ടിച്ചോ?
എനിക്ക് സ്വന്തമായി മ്യൂസിക് സ്റ്റുഡിയോ ഉണ്ട്. ഞാൻ പാട്ടെഴുതാറുണ്ട്. ലോക്ക്ഡൗൺ സമയത്ത് സിനിമകൾക്കായി പാട്ടുകളെഴുതിയിരുന്നു. ആ 5 മാസക്കാലത്ത് ഞാൻ 400 സംഗീതജ്ഞന്മാർക്ക് റേഷൻ തുടങ്ങി മറ്റ് സാമഗ്രികൾ എത്തിച്ചു കൊടുത്തിരുന്നു.