ഇല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും കേട് ഇലയ്‌ക്ക് തന്നെ. ഈ പഴഞ്ചൊല്ല് സ്ത്രീകളുടെ ദൗർബല്യം ചൂണ്ടിക്കാട്ടാൻ ഉപയോഗിക്കാറുള്ള ഒരു പതിവു വാചകമാണ്. ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയിൽ സംവിധായിക അഞ്ജലി മേനോൻ ആ ഡയലോഗ് ഒന്നു മാറ്റിപ്പിടിച്ചു. ഇക്കാലത്ത് ഇല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും കേട് മുള്ളിന്! അതിനു പറ്റിയ ഒരു സീനും. മോഡേൺ ആയ പെൺകുട്ടിയെ ചൂളമടിച്ച നിവിൻ പോളി അവതരിപ്പിച്ച കഥാപാത്രത്തെ അവൾ വന്നു തല്ലുമ്പോൾ ദുൽഖർ സൽമാൻ പറയുന്ന ഡയലോഗ്. പെണ്ണിനെ ദുർബലയാക്കി മുദ്ര കുത്തുന്ന വാചകക്കസർത്തുകളെ മാറ്റി പരീക്ഷിക്കാൻ ഒരു സ്ത്രീക്കു മാത്രമേ കഴിയൂ എന്നു പറയുന്നില്ല. എന്നാൽ കാലങ്ങളായി സിനിമയിലും, ദൈനംദിന ജീവിതത്തിലും ഉപയോഗിച്ചു വരുന്ന ആ വാചകത്തിലെ സ്ത്രീ വിരുദ്ധത മനസ്സിലാക്കാൻ ഒരു സ്ത്രീക്കു കഴിഞ്ഞു എന്നതാണ് പ്രത്യേകത.
സ്ത്രീ പുരുഷ ബന്ധത്തെക്കുറിച്ച് അല്ലെങ്കിൽ സ്ത്രീയുടെ ദൗർബല്യത്തെ കുറിച്ച് എടുത്തു കാട്ടാൻ ഉപയോഗിക്കുന്ന അനേകം വാചകങ്ങളിൽ ഒന്നു മാത്രമാണിത്. യഥാർത്ഥ ജീവിതത്തിലും, സിനിമയിലും ഇത്തരം ക്ലീഷേകൾ സ്ത്രീയെ പിന്തുടരുന്നുണ്ട്. ഒരു പ്രായം കഴിഞ്ഞാൽ സ്വന്തം ഉത്തരവാദിത്തങ്ങൾ ധൈര്യപൂർവ്വം ഏറ്റെടുക്കാൻ പെൺകുട്ടികൾക്കു കഴിയണം. അതിനു ഊർജ്‌ജം പകരുന്ന കാഴ്ചകൾ നമുക്ക് ആവശ്യമാണ്. ഈ സാഹചര്യത്തിൽ, ബാല്യം മുതൽ വാർദ്ധക്യം വരെ സ്ത്രീയെ സംരക്ഷിക്കാൻ ആണൊരുത്തൻ ഇല്ലാതെ പറ്റില്ല എന്ന പൊതു കാഴ്ചപ്പാട് തന്നെയാണ് മിക്ക സിനിമകളിലും പ്രതിഫലിക്കുന്നത്. ഇതിന് അപവാദമായി ചില സ്ത്രീ പക്ഷ സിനിമകൾ ഇറങ്ങുന്നുണ്ട്. ആശ്വാസകരമാണത്. “വസ്ത്രധാരണത്തിൽ പോലും സ്ത്രീത്വം അളക്കപ്പെടുന്ന ഇക്കാലത്ത് സ്ത്രീയ്ക്ക് അർഹിക്കുന്ന ആദരവും സ്നേഹവും ലഭിക്കാൻ പ്രേരിപ്പിക്കുന്ന സിനിമകൾ, അല്ലെങ്കിൽ കാഴ്ച അനിവാര്യമാണ്.” കൊച്ചിയിൽ കോർപ്പറേറ്റ് ഉദ്യോഗസ്ഥയായ അനിതാറാവു.
മലയാളത്തിൽ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ നീന ഒരു സ്ത്രീ പക്ഷ സിനിമയായിട്ടാണ് കരുതുന്നത്. എന്നാൽ ഈ ചിത്രത്തിൽ നായികയാണ് കേന്ദ്ര കഥാപാത്രം എന്നതിലുപരി സ്ത്രീപക്ഷത്തുനിന്ന് മാത്രം സംസാരിക്കുന്ന ഒരു ചിത്രമല്ല. പുരുഷന്‍റെ കണ്ണിലൂടെ സ്ത്രീത്വത്തെ രണ്ടു രീതിയിൽ വ്യാഖ്യാനിക്കാൻ ശ്രമിക്കുകയാണ് ഇവിടെയും. മദ്യപിക്കുകയും പുകവലിക്കുകയും ബൈക്കോടിക്കുകയും ചെയ്യുന്ന ഇതിലെ നീന എന്ന കഥാപാത്രം സ്ത്രീയാണെങ്കിൽക്കൂടി പുരുഷനെ അനുകരിക്കുന്നതുകൊണ്ടാണ് അങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് സമർത്ഥിക്കുന്നു.
അച്ഛൻ നീനയെ ആൺകുട്ടിയെപ്പോലെ വളർത്തുന്നതും കുട്ടിക്കാലം മുതൽ ചേരിയിലെ ആൺസൗഹൃദങ്ങളും അവളുടെ സ്വതന്ത്ര ചിന്താഗതിക്ക് കാരണമാകുന്നു. ഇതുപോലും പുരുഷനോടുള്ള അനുകരണമാണ്. എന്നാൽ ഇതിലെ നായകനെ പ്രേമിക്കുമ്പോൾ അവൾ ഒരു സ്ത്രീയാണ്. നായകന്‍റെ ഭാര്യയാവട്ടെ ഒരു വ്യക്‌തി എന്ന നിലയിൽ പോലും സ്വതന്ത്രചിന്ത ഇല്ലാത്ത സ്ത്രീ. ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും സൗന്ദര്യം വർദ്ധിപ്പിക്കുകയും മാത്രമാണ് ഉത്തമ കുടുംബിനിയുടെ റോൾ എന്നു ചിന്തിച്ചു പോകും! ബോക്സ് ഓഫീസ് ഹിറ്റ് ആയ പ്രേമം എന്ന ചിത്രത്തിലുമുണ്ട് മൂന്ന് നായികമാർ. നായകന്‍റെ പ്രണയ പരീക്ഷണങ്ങളിൽ വന്ന മൂന്ന് പെൺകുട്ടികൾ മാത്രമാണിവർ. നായകന് പ്രണയം തോന്നാനുള്ള ചില കാരണങ്ങളിലൂടെ രൂപപ്പെട്ട ഈ നായികമാർക്കും അസ്തിത്വം ഇല്ല!
ആണിന് പ്രേമം തോന്നുന്ന സ്ത്രീകളുടെ സൃഷ്ടി ഇങ്ങനെ കാതലില്ലാത്ത ചില കാര്യങ്ങളിലൂടെ രൂപപ്പെടുമ്പോൾ സ്വതന്ത്ര സ്ത്രീയുടെ ആവിഷ്കരണം പലപ്പോഴും സ്റ്റീരിയോ ടൈപ്പ് ആകുന്നു. കാർട്ടൂൺ അനിമേറ്ററായ ഫെബിന്‍റെ കാഴ്ചപ്പാട് ഇതാണ്.
പെണ്ണുങ്ങൾ ഒരുമിച്ചിരുന്ന് മദ്യപിക്കുക, സുന്ദരനായ ആണിനെ ഫോണിൽ വിളിച്ച് ഉമ്മ കൊടുക്കുക, ബൈക്ക് ഓടിക്കുക, ഇതൊക്കെ ചെയ്‌താൽ സ്വതന്ത്ര സ്ത്രീ ആയി. സർവ്വോത്തമയായ വിനയാന്വിതയായ പെണ്ണ്, അൽപം കള്ളത്തരമുള്ള സ്വാതന്ത്യ്ര ബോധം ഉള്ള കാര്യപ്രാപ്തിയുള്ള പെണ്ണ് ഇതിൽ ആരെയാണ് നിങ്ങൾ ഇഷ്ടപ്പെടുക എന്ന പരോക്ഷമായ ചോദ്യവും അതിന്‍റെ ഉത്തരവും നൽകാൻ പല സിനിമകളും ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.
“ചലച്ചിത്രങ്ങളിലെ ബോൾഡ് കഥാപാത്രങ്ങൾക്ക് നിറയെ കയ്യടി കിട്ടും. എന്നാൽ ജീവിതത്തിലോ? വിമർശനങ്ങളാണ് കിട്ടുക” കോട്ടയം സ്വദേശിയായ അനീഷ് സെബാസ്റ്റ്യൻ ഇതാണ് ചൂണ്ടിക്കാട്ടുന്നത്. സിനിമയ്‌ക്കകത്തെ നായികാ കഥാപാത്രങ്ങളെ നമ്മൾ അംഗീകരിക്കും. പക്ഷേ യഥാർത്ഥജീവിതത്തിൽ നമുക്ക് അത്രയും വിശാലമനസ്കത ഇല്ല. സ്ത്രീയായാലും പുരുഷനായാലും ഇക്കാര്യത്തിൽ വലിയ വ്യത്യാസമില്ല. അതേസമയം നല്ല സ്ത്രീ, ചീത്ത സ്ത്രീ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിൽ സിനിമകൾക്ക് വലിയ പങ്കുണ്ടുതാനും.
ഇന്ത്യൻ സിനിമകളിലും സ്ത്രീ കേന്ദ്രീകൃത സിനിമകൾക്ക് ബോക്സ് ഓഫീസ് ഹിറ്റ് സൃഷ്ടിക്കാൻ കഴിയുമെന്ന് തെളിയിച്ച ചിത്രങ്ങളിൽ ചിലതാണ് ഡർട്ടിപിക്ചർ, ഫാഷൻ, കഹാനി, ഇംഗ്ലീഷ് വിംഗ്ലീഷ്, ക്വീൻ, റിവോൾവർ റാണി, മർദാനി തുടങ്ങിയവ. ഇത്തരം കുറെ ചിത്രങ്ങൾ മലയാളത്തിലും ഉണ്ട്. ഏറ്റവും പുതിയ ചിത്രം നീന ഒരു ഉദാഹരണം. 22 ഫീ മെയിൽ കോട്ടയം, ഓം ശാന്തി ഓശാന, ഹൗ ഓൾഡ് ആർ യു, സഖറിയായുടെ ഗർഭിണികൾ… ഇതൊക്കെ. പുരുഷകേന്ദ്രീകൃത ഉത്തരേന്ത്യൻ വിവാഹ രീതികളോടുള്ള ഒരു പെൺകുട്ടിയുടെ പോരാട്ടമാണ് ക്വീൻ എന്ന ചിത്രം.
പുരുഷന്‍റെ താൽപര്യങ്ങളെ മറികടന്നും സ്ത്രീക്ക് ജീവിക്കാൻ പറ്റും എന്ന് ഈ ചിത്രം ഓർമ്മപ്പെടുത്തുന്നു. വിദ്യാബാലനും കങ്കണയ്ക്കും പ്രിയങ്കയ്‌ക്കും ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രങ്ങൾ ഹിറ്റുകളായി. അതേസമയം കഥാമൂല്യമുള്ള ചിത്രങ്ങൾ ഇറക്കുന്നുവെന്ന് പേരുള്ള മലയാള സിനിമയിൽ 12 വർഷമായി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കടന്നു വന്നിട്ടില്ല. പാഠം ഒന്ന് ഒരു വിലാപത്തിലൂടെ മീരാ ജാസ്മിൻ കൊണ്ടു വന്നതാണ് അവസാനത്തെ ദേശീയ അവാർഡ്. നായിക പ്രാധാന്യമുള്ള സിനിമകൾ ഉണ്ടാകാത്തതാണ് കാരണം. ആണുങ്ങൾക്ക് വേണ്ടി ആണുങ്ങൾ നിർമിച്ചെടുക്കുന്ന സിനിമാ രംഗത്തേക്ക് ചരക്കിന്‍റെ മൂല്യം മാത്രമായി സ്ത്രീകളും സ്ത്രീ കഥാപാത്രങ്ങളും മാറുന്നു.
നിശബ്ദ സിനിമയുടെ കാലം മുതൽ മലയാള സിനിമ എങ്ങനെയാണ് സ്ത്രീത്വത്തെ ചിത്രീകരിക്കുന്നതെന്ന് ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. മലയാള സിനിമയിൽ സ്ത്രീപക്ഷ സിനിമകൾ ജനിക്കണമെങ്കിൽ പുരുഷൻ പ്രതിസ്ഥാനത്തു നിൽക്കേണ്ടി വരുന്നതായി മിക്ക സിനിമകളും തെളിയിക്കുന്നുണ്ട്. അടുത്തയിടെ ഇറങ്ങിയ ഹൗ ഓൾഡ് ആർയു തന്നെ ഉദാഹരണം. വിവാഹം, കുടുംബം എന്ന വ്യവസ്‌ഥാപിത ചട്ടക്കൂടിൽ നിന്ന് ഇറങ്ങി വന്ന് ജീവിതത്തെ നേരിടുമ്പോൾ നിരുപമ എന്ന നായികയ്ക്ക് സ്വന്തം ഭർത്താവാണ് എതിരാളിയുടെ സ്‌ഥാനത്തു വരുന്നത്. 22 ഫീമെയിൽ കോട്ടയത്തിലും ഇതു തന്നെ അവസ്ഥ.
കന്മദത്തിലെ ഭാനുവും പത്രത്തിലെ ദേവികയും എൽസമ്മ എന്ന ആൺകുട്ടിയിലെ എൽസമ്മയും നീനയിലെ നീനയും ഇവർക്കെല്ലാം പൊതുവായ ഒരു സവിശേഷതയുണ്ട്. ആണായി ജനിക്കേണ്ടവർ, ആണിന്‍റെ ധൈര്യമുള്ളവർ എന്ന വിശേഷണത്തോടെയാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പെണ്ണിന് പെണ്ണത്തത്തിന്‍റെ ബോൾഡ്നസ് അല്ല, കടം വാങ്ങിയ ആണത്തത്തിന്‍റെ ആദരവാണ് ഇവിടെയും ലഭിച്ചതെന്ന് സാരം. ഇനി അങ്ങനെയൊന്നുമല്ലാത്ത സ്ത്രീ കഥാപാത്രങ്ങൾ ആൺമേൽക്കോയ്മയെ അംഗീകരിച്ചില്ലെങ്കിൽ അത് സ്ത്രീയുടെ തന്‍റേടമോ ധാർഷ്ട്യമോ ആവുന്നു! മുന്നറിയിപ്പിലെ പത്രപ്രവർത്തകയും ദൃശ്യത്തിലെ ഐജിയും ഇതിനുദാഹരണമാണ്.
ആളുകളുടെ ചിന്ത, പെരുമാറ്റം, വികാരം ഇവയേയൊക്കെ മാധ്യമങ്ങൾക്ക് സ്വാധീനിക്കാൻ കഴിയും. നായകന്‍റെ ഭാര്യ, മകൾ, കാമുകി, സുഹൃത്ത് എന്നിങ്ങനെ പ്രധാനമെന്നു തോന്നാവുന്ന റോളുകളിൽ ഒരു വ്യക്‌തിത്വവും പ്രകടമാക്കാത്ത സ്ത്രീ കഥാപാത്രങ്ങളാണ് സിനിമകളിലുള്ളത്. സമൂഹത്തിന്‍റെ പരിച്ഛേദമാണ് ഇത് എന്ന് പറയുമ്പോൾ കൂടിയും ഇത്തരം കഥാപാത്രങ്ങൾ സ്ത്രീകൾ ദുർബലരാണ്, സഹാനുഭൂതിക്ക് പാത്രമാകേണ്ടവരാണെന്ന ചിന്ത അരക്കിട്ടു ഉറപ്പിക്കുകയാണ് “മലയാള സിനിമയിലെ കുലപതികളായി കരുതുന്ന എം.ടി വാസുദേവൻ നായർ, പത്മരാജൻ, കെ.ജി. ജോർജ്, ലോഹിതദാസ്, ഐ വി ശശി തുടങ്ങിയവരുടെ സ്ത്രീ കഥാപാത്രങ്ങളെ ശ്രദ്ധിച്ചാൽ അവരുടെ സ്ത്രീ കഥാപാത്ര സൃഷ്ടികൾപോലും അവരുടെ കാഴ്ചപ്പാടുകളിൽ നിന്ന് ഉരുത്തിരിയുന്നതാണെന്ന് തോന്നും. എം.ടിയുടെ കഥയിലെ സ്ത്രീ കഥാപാത്രങ്ങളെല്ലാം തന്നെ പുരുഷാധിപത്യത്തോട് സന്ധി ചെയ്യുന്നവരാണ്. പഞ്ചാഗ്നിയിലെ ഗീത ചെയ്‌ത കഥാപാത്രം മാത്രമാണ് വ്യത്യസ്‌തമായിട്ടുള്ളത്. എത്ര ചെറുത്തു നിന്നാലും അവസാനം പുരുഷന് കീഴടങ്ങി സ്വന്തം അസ്തിത്വം വിട്ടു പോകുന്നവർ. ഒരു പക്ഷേ ഇത് തന്നെയാണ്. ഭൂരിഭാഗം സ്ത്രീകളുടെയും അവസ്‌ഥ.” എഴുത്തുകാരനായ കെ. പി മുരളി പറയുന്നു.
പത്മരാജന്‍റെ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളും പുരുഷാധിപത്യത്തിനു കീഴടങ്ങുന്നവരാണ്. തകരയിലെ സുഹാസിനി മുതൽ ഞാൻ ഗന്ധർവ്വനിലെ നായിക വരെ അതിന്‍റെ ഉദാഹരണങ്ങളാണ്. മാത്രമല്ല ഇവർ എല്ലാം ലൈംഗിക ബിംബങ്ങളുമാണ്. കെ.ജി ജോർജ്‌ജും ലോഹിതദാസുമാണ് ഒരു പക്ഷേ അതിലും ശക്‌തമായ സ്ത്രീ കഥാപാത്രങ്ങൾ സൃഷ്ടിച്ചത്. പുരുഷാധിപത്യത്തിൽ നിന്ന് മോചനം നേടുന്നവരാണ് ഇവരുടെ നായികമാർ. പുരുഷന്‍റെ സഹായം ഇല്ലെങ്കിലും ഞങ്ങൾ ജീവിക്കും എന്ന് തന്‍റേടമുള്ള കഥാപാത്രങ്ങൾ. ജീവിതാഭിമുഖ്യം പ്രകടിപ്പിക്കുന്നവരാണ് പല കഥാപാത്രങ്ങളും. ഇനി ജീവിച്ചിട്ടേ കാര്യമുള്ളൂ എന്ന് പറയുന്ന സ്ത്രീകൾ നാട്ടിൻ പുറത്തും കാണാം. ഇന്നത്തെയും അന്നത്തെയും സ്ത്രീ കഥാപാത്രങ്ങളെയും നടികളെയും ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്‌തമാണ്. നടികൾ വ്യക്‌തി ജീവിതത്തിൽ കുറേക്കൂടി ബോൾഡ് ആണ്. ഐവി ശശിയുടെ അവളുടെ രാവുകൾ എന്ന ചിത്രത്തിലെ സീമയുടെ റോളും സീമയും അത്തരത്തിൽ ബോൾഡാണ്.
“ഇക്കാലത്ത് സ്ത്രീകൾക്ക് പരസ്‌പരം അല്ലെങ്കിൽ സ്ത്രീക്ക് പുരുഷനോട് സെക്സിനെക്കുറിച്ച് തുറന്ന് സംസാരിക്കാൻ ഭയമില്ല. സ്ത്രീകൾ മദ്യപിക്കുന്ന ക്ലൈമാക്സ് കൂട്ടായ്മകൾക്കും അത്ര പഞ്ഞമില്ല. ഇതിനെ ശാക്‌തീകരണം എന്ന് വിളിക്കാൻ പറ്റില്ല. എന്നാൽ തന്നെയും സ്ത്രീയുടെ കാഴ്ചപ്പാടുകളിൽ വന്ന മാറ്റം പ്രകടമാണ്. ഈ മാറ്റം സിനിമകളിലും നിഴലിക്കാം” മുരളി പറയുന്നു.
തന്‍റെ വികാരം ശമിപ്പിക്കാൻ ഒരു സ്ത്രീ മതിയാവാതെ വരുമ്പോൾ, വഴി തെറ്റി പോകാതിരിക്കാൻ പുരുഷന് നാല് വിവാഹം വരെ കഴിക്കാം എന്നു പറഞ്ഞ മതപ്രഭാഷകനോട് ഫാത്തിമ എന്ന മുസ്ലീം സ്ത്രീ ഒരു ചോദ്യം ചോദിക്കുന്നുണ്ട്. അപ്പോൾ ഒരു പുരുഷൻ മതിയാവാത്ത സ്ത്രീയ്ക്കോ? ജനശ്രദ്ധ നേടാതെപോയ ആലീഫ് എന്ന ചിത്രത്തിൽ ലെന അവതരിപ്പിക്കുന്ന കഥാപാത്രം ചോദിക്കുന്ന ചോദ്യമാണത്. ഇത്തരം ചോദ്യത്തിലൂടെ ഒരു സ്ത്രീ യഥാർത്ഥ ജീവിതത്തിൽ എന്തെല്ലാം നേരിട്ടേക്കാം?
നീന എന്ന ചിത്രത്തിൽ സംവിധായകൻ അവസാനം നീനയെ സദ്ഗുണ സമ്പന്നയാക്കി കുടുംബത്തെ രക്ഷപ്പെടുത്തുന്നു. ഈ ചിത്രം കണ്ടവർ തനു വെഡ്സ് മനുവിലെ രണ്ട് നായികമാരെയും നായകനെയും തൂവാനത്തുമ്പിയിലെ ക്ലാര, രാധ, ജയകൃഷ്ണൻ കഥാപാത്രങ്ങളെയും ഓർമ്മിക്കുന്നത് നല്ലതാണ്. കുടുംബ വ്യവസ്‌ഥകളെ ലംഘിക്കാൻ കഴിവുള്ളവർക്ക് എപ്പോഴും ത്യാഗത്തിന്‍റെ പരീക്ഷണം കൂടി വച്ചു കൊടുക്കുന്നു. ഇത്തരം ക്ലീഷേകളെ മറികടക്കാൻ സംവിധായകർക്ക് കഴിയണം. സ്ത്രീകളുടെ പ്രശ്നങ്ങളെ, വികാരങ്ങളെ, ജീവിതത്തെ മനസ്സിലാക്കുന്ന തരത്തിലുള്ള സിനിമകൾ വേണം. അവയ്ക്ക് സ്ത്രീപക്ഷ സിനിമ എന്ന ബാനർ ആവശ്യമില്ല. ജനപക്ഷത്തു നിന്നു തന്നെ സ്ത്രീയെ ഉൾക്കൊള്ളുന്ന തരം കാഴ്ചകളും കാഴ്ചപ്പാടുകളും ഉള്ള സിനിമകൾ. അതാണ് നമുക്ക് ആവശ്യം. അതിലൂടെ അവളുടെ ജീവിതം ഒന്നാം നമ്പറിലേക്ക് ഉയരട്ടെ.