അക്ക ഏനു തപ്പ് മില്തിജി… ബെയ്പ്പുണ്ട് ചികളെ… ബെയ്പ്പുണ്ട് ബഞ്ചി.” ചേച്ചി ഞാൻ തെറ്റ് ചെയ്‌തിട്ടില്ല എന്‍റെ നെഞ്ചും വയറും കത്തുന്നു. 14 വയസ്സുള്ള ആ പെൺകുട്ടി പൊട്ടിക്കരയുകയാണ്. തുളു ഭാഷയിൽ അവൾ നിർത്താതെ ഇങ്ങനെ പലതും പറഞ്ഞുകൊണ്ടിരിക്കുന്നു.
കാസർകോഡ് അറൂരിലെ അമ്മയും രണ്ടുപെൺമക്കളും മാത്രമുള്ള വീട്ടിലെ 14 വയസ്സുകാരിയാണ് ഇവൾ. ഈ പെൺകുട്ടി ബലാത്സംഗത്തിനിരയായതാണ്. അവൾക്കാകെയുള്ള രണ്ട് ജോടി ഡ്രസ്സ് പിഞ്ചിക്കീറിയപ്പോൾ തുന്നാൻ വേണ്ടി സൂചിയും നൂലും വാങ്ങാൻ പോയതാണ്. തിരിച്ചു വീട്ടിലേക്കു നടക്കുമ്പോൾ അയൽവാസിയായ രവി എന്നയാൾ ഓട്ടോയുമായി വന്നു. അവളെ കയറ്റി വിജനമായ സ്‌ഥലത്ത് എത്തി ക്രൂരമായി ബലാത്സംഗം ചെയ്‌തു. അതിനു ശേഷം അവളുടെ ജീവിതം പഴയതിലും ദുരിതമയമായി. ശാരീരികവും മാനസികവുമായി ആ പെൺകുട്ടി തകർന്നു. അതിനിടയിൽ ഇത്ര ചെറു പ്രായത്തിലെ ഗർഭം ചുമക്കേണ്ടി വരികയും ചെയ്‌തു. ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അവളെ ആശുപത്രിയിൽ കൊണ്ടുപോകാനാണ് സാമൂഹ്യ പ്രവർത്തകയായ ധന്യാരാമൻ അവിടെ എത്തിയത്.
കാസർകോഡ് വനിതാ സി.ഐ ആണ് ധന്യയെ വിളിച്ച് ഇക്കാര്യം പറഞ്ഞത്. 14 വയസ്സുള്ള കുട്ടി ബലാത്സംഗത്തിനിരയായി. അടച്ചുറപ്പില്ലാത്ത വീട്ടിൽ അമ്മയും രണ്ട് പെൺകുഞ്ഞുങ്ങളും മാത്രമേയുള്ളൂ.
“കാസർകോഡ് അറൂരിലെ അവരുടെ വീട്ടിലെത്തുമ്പോൾ ആ പെൺകുട്ടി കിളിക്കുഞ്ഞിനെപ്പോലെ വിറയ്‌ക്കുകയായിരുന്നു. അവൾക്ക് മാനസികനില തെറ്റിയ പോലെയാണ് സംസാരിച്ചത്. ആത്മഹത്യ ചെയ്യാനുള്ള പ്രവണത ആ കുട്ടിക്കു ഉണ്ടെന്നു സംസാരത്തിൽ നിന്ന് മനസ്സിലായി. മൂന്ന് ദിവസം കൂടെ നിർത്തി സമാധാനിപ്പിച്ച് കരച്ചിൽ നിന്നശേഷം ജില്ലാ ആശുപത്രിയിലെത്തിച്ചു. ലേബർ റൂമിൽ പത്തോളം ഗർഭിണികൾ. അവരെ ചികിത്സിക്കുന്ന വനിതാ ഡോക്‌ടറെ കണ്ടപ്പോൾ അവർ വല്ലാത്ത രീതിയിലാണ് പെരുമാറിയത്. ബലാത്സംഗത്തെ തുടർന്ന് അഡ്മിറ്റ് ചെയ്യപ്പെട്ടതാണ് അവൾ നേരത്തെ. അന്ന് നീ എന്തിനാ പോയത് എന്നു ചോദിച്ച് ഡോക്‌ടർ ബഹളം വച്ചു. ഡോക്‌ടർ അറിവില്ലാതെ പറ്റിയതാണ്. ക്ഷമിക്കണം എന്നു പറഞ്ഞപ്പോൾ നിനക്ക് ഇതൊക്കെ അറിയാലോ… എന്ന് ദേഷ്യത്തോടെ അലറി. തകർന്ന മനസ്സും ശരീരവുമായി നിൽക്കുന്ന ആ കുട്ടിയോട് യാതൊരു ദാക്ഷിണ്യവുമില്ലാതെയാണ് ഡോക്‌ടറുടെ പെരുമാറ്റം.
ഇതൊന്നും ബലാംത്സംഗം അല്ല, സ്വന്തം ഇഷ്‌ടപ്രകാരം പോകുന്നതല്ലേ എന്നാണവർ ചോദിച്ച് കുറ്റപ്പെടുത്തുന്നത്. “ഈ പെൺകുട്ടിയെ പോലെ നൂറു കണക്കിന് ദളിത്-ആദിവാസി പെൺകുട്ടികൾ ബലം പ്രയോഗിക്കപ്പെട്ടും അറിവില്ലായ്മ കൊണ്ടും ദാരിദ്യ്രം കൊണ്ടും കടുത്ത ചൂഷണത്തിന് ഇരയാവു ന്നുണ്ട്. ആദിവാസികൾക്ക് വനമേഖലയിൽ സർക്കാർ അനുവദിച്ച ഭൂമി പാട്ടത്തിനെടുക്കാനും മറ്റും പുറത്തു നിന്ന് വരുന്നവരാണ് അവിടത്തെ സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്നവരിൽ ഏറിയ പങ്കും.
ഇങ്ങനെ പീഡിപ്പിക്കപ്പെട്ട് ഗർഭിണികളായി അവിവാഹിത അമ്മമാരായി ജീവിക്കേണ്ടി വരുന്ന പെൺകുട്ടികളെ വയനാട്, പാലക്കാട്, കാസർകോഡ്, തിരുവനന്തപുരം ജില്ലകളിലെ ട്രൈബൽ മേഖലകളിൽ കാണാം. വനം വകുപ്പ് ഉദ്യോഗസ്‌ഥർ, തൊഴിലാളികൾ, ടൂറിസ്‌റ്റുകൾ, പ്രാദേശിക നേതാക്കൾ ഇങ്ങനെ പലരും പ്രതിസ്‌ഥാനത്തുണ്ട്. പണവും സമ്മാനവും നൽകിയോ അതല്ലെങ്കിൽ ബലം പ്രയോഗിച്ചോ പെൺകുട്ടികളെ ഉപയോഗിച്ച് തള്ളുന്ന പ്രവണത. സർക്കാർ കണക്കുകൾ പ്രകാരം കേരളത്തിലെ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ 50 ശതമാനവും ദളിത് പെൺകുട്ടികൾക്കു നേരെയാണ്. ആരും ചോദിക്കാനില്ലാത്ത വിഭാഗം, പുറമ്പോക്കിൽ കഴിയുന്നവർ, ദരിദ്രർ എന്നീ നിലകളിൽ അവർ അവജ്‌ഞയ്ക്കിരയാവുന്നു.
28 വയസ്സ് പ്രായമുള്ള എൽഎൽബി പഠിക്കുന്ന ജിഷ എന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തു കൊന്ന വാർത്ത പോലും അഞ്ചു ദിവസം കഴിഞ്ഞാണ് പുറം ലോകം അറിയുന്നത്. അതും നഗരവുമായി അത്ര അകലെയൊന്നും അല്ലാത്ത ഒരു പ്രദേശത്ത് സ്വന്തം വീട്ടിൽ പട്ടാപ്പകൽ നടന്ന അതിക്രമം. അയൽപക്കത്തുള്ളവരെ പോലും ബാധിക്കാത്ത ഒരു സംഭവമായത് എന്തുകൊണ്ട് എന്ന ചോദ്യം ഉയർന്നത് സ്വാഭാവികമാണ്. ഈ പെൺകുട്ടി സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്നവളാണ്. ആദിവാസി മേഖലയിലെ സ്ത്രീകളുടെ നിസഹായാവസ്‌ഥയും ഏറെ വേദനാജനകമാണ്. അവരിൽ എല്ലാവരും തന്നെ ദുരിതങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിലും ചില മുഖങ്ങൾ കടുത്തനീറ്റൽ തരും.
മേപ്പാടി ചെമ്പൂത്ര കോളനിയിലെ 14 വയസ്സുള്ള കുട്ടിയുടെ കഥ അങ്ങനെയൊന്നാണ്. ഭാഗികമായ കാഴ്‌ചയുള്ള കുട്ടിയാണ് അവൾ. അച്‌ഛനമ്മമാർ ജോലിക്കു പോയ നേരത്ത് ബലാത്സംഗത്തിനിരയായി. അതോടെ മാനസികനില തകരാറിലായി. ഗർഭിണിയായതോ, പ്രസവിച്ചതോ തനിക്കൊരു കുഞ്ഞുണ്ടെന്നോ അറിയാതെ പീഡനത്തിന്‍റെ ഷോക്കിൽ കഴിയുകയായിരുന്നു. ട്രൈബൽ ഡിപ്പാർട്ട്‌മെന്‍റിന്‍റെ സഹായത്തോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോയി ചികിത്സ നൽകിയപ്പോൾ ചെറിയ മാറ്റം വന്നുവെന്നു മാത്രം. “ഞാൻ ഈ പെൺകുട്ടിയെ കാണാൻ ചെന്നപ്പോൾ മൺകുടിലിലെ ഭിത്തിയിൽ നെറ്റിയുരച്ച് ആകെ ചോര പൊടിഞ്ഞിരിക്കുകയായിരുന്നു. നെറ്റിയിൽ ഭസ്‌മം തേയ്‌ക്കുന്നതു പോലെ മൂന്ന് വിരലുകൾ നീളത്തിൽ വരച്ച് അവൾ എന്നെ നോക്കി ഒരു ചിരി ചിരിച്ചു. ആ ചിരി കുറേക്കാലം എന്‍റെ ഉറക്കം കെടുത്തിക്കളഞ്ഞു” ധന്യ പറയുന്നു.
വിതുരയിലെ ആലുമ്മൂടിൽ മറ്റൊരു പെൺകുട്ടിയുടെ കഥയും ഇതിലും ദയനീയമാണ്. അച്‌ഛനും അമ്മയും സഹോദരനും മരിച്ചതോടെ തനിച്ചായിപ്പോയ പെൺകുട്ടിയെ വനത്തിൽ തടിവെട്ടിനു വന്ന നാലുപേർ മാനഭംഗം ചെയ്‌തു. കാണി സമുദായത്തിൽ പെട്ട പെൺകുട്ടി ഗർഭിണിയായതോടെ അവൾക്ക് ഊരുവിലക്കായി. വനത്തിൽ ഒറ്റപ്പെട്ടുപോയ അവൾ തനിയെ മുളങ്കമ്പുകൾ നാട്ടി ഒരു കുടിലുണ്ടാക്കി അതിൽ ജീവിച്ചു. മറച്ചു കെട്ടില്ലാത്ത ആ കുടിലിന്‍റെ തറയിൽ കിടന്ന് അവൾ പ്രസവിച്ചു. കത്തിയെടുത്തു പൊക്കിൾക്കൊടി മുറിച്ച്, തൊട്ടടുത്തുള്ള തോട്ടിൽ പോയി കുഞ്ഞിനെ കഴുകി അവളും വൃത്തിയായി. കുഞ്ഞിനെ തറയിൽ കിടത്തിയിട്ട് വനത്തിൽ പോയി മുതുവാൻ കിഴങ്ങ് വെട്ടിക്കൊണ്ടുവന്ന് പുഴുങ്ങി കഴിച്ച് വിശപ്പടക്കി അവൾ. ഒരു പെൺകുട്ടിക്കും ഇത്രയും ഭീകരമായ അവസ്‌ഥ ഉണ്ടായിട്ടുണ്ടാവില്ല. ഈ പെൺകുട്ടിയെയും പിന്നീട് ധന്യ പോലീസ് സഹായത്തോടെ ഷെൽട്ടർ ഹോമിലേക്ക് മാറ്റുകയും ട്രൈബൽ ഡിപ്പാർട്ടുമെന്‍റിൽ നിന്ന് വീടും സ്വയം തൊഴിൽ വായ്‌പയും അനുവദിക്കുകയും ചെയ്‌തു.
ഇവരെപ്പോലെ നിരവധി അവിവാഹിത അമ്മമാരാണ് ആദിവാസി ഊരുകളിൽ കഴിയുന്നത്. ഈ കേസ് പുറംലോകം കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത് 2012 ൽ ഇവർക്ക് വേണ്ടി കേസ് രജിസ്റ്റർ ചെയ്‌ത് പെൻഷനും റേഷനും മറ്റും അനുവദിക്കാൻ സമ്മർദ്ദങ്ങളെ തുടർന്ന് സർക്കാർ തയ്യാറായപ്പോഴാണ്.
2015 ൽ എൻസിആർബി പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് പട്ടികജാതിക്കാരോട് 47064 അതിക്രമങ്ങൾ നടന്നിട്ടുണ്ട്. 2014 ൽ ഇന്ത്യയിൽ 2233 ദളിത് സ്ത്രീകൾ ബലാത്സംഗത്തിനിരയായിട്ടുണ്ട്. കേരളത്തിൽ 5756 ദളിത് പീഡനക്കേസുകൾ ഇതുവരെ രജിസ്‌റ്റർ ചെയ്യപ്പെട്ടു. ദളിതുകൾക്കെതിരെ അക്രമം നടക്കുന്ന കാര്യത്തിൽ ഹരിയാനയാണ് മുന്നിൽ.
“ദളിത് വിഭാഗത്തിലായതു കൊണ്ടു മാത്രം അവർക്കെതിരെയുള്ള കേസ് ദളിത് മുദ്രവൽക്കരിക്കുന്നത് യാഥാർത്ഥ്യത്തിൽ നിന്ന് മുഖം തിരിക്കുന്നതിനു തുല്യമാകും. എല്ലാ സംഭവങ്ങൾക്കു നേരെയും ഇതേ മനോഭാവം വരുന്നതും നല്ലതല്ല. ജിഷ കൊലപാതകം നടക്കുന്ന കാലയളവിൽ തന്നെയാണ് വർക്കലയിൽ ഒരു നഴ്‌സിംഗ് വിദ്യാർത്ഥിനി കൂട്ടമാനഭംഗം ചെയ്യപ്പെട്ടത്. കാമുകനും സുഹൃത്തുക്കളും ചേർന്നായിരുന്നു പീഡനം. ഈ പെൺകുട്ടിയും ദളിത് ആയിരുന്നു എന്നത് അവഗണിക്കേണ്ട കാര്യമല്ല.” കൊല്ലം സ്വദേശിയും രാഷ്ട്രീയ പ്രവർത്തകനുമായ കെ. കെ സതീഷ് പറയുന്നു. 1989 ലെ പട്ടികജാതി വർഗ്ഗ പീഡന നിരോധനനിയമം നടപ്പിലായതിനു ശേഷവും ദളിതരോടുള്ള സമീപനത്തിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.
ദരിദ്രനെയും ദളിതനെയും മുഷിഞ്ഞ വേഷം ധരിക്കുന്നവനെയും അവജ്‌ഞയോടെ കാണുന്ന ശീലമാണ് പൊതുവേ കണ്ടുവരുന്നത്. സ്ത്രീകൾക്കു നേരെയുള്ള അക്രമത്തിന്‍റെ കാര്യം വരുമ്പോൾ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന കേരളവും മറ്റു സംസ്‌ഥാനങ്ങളിൽ നിന്ന് വ്യത്യസ്‌തമല്ല. പെണ്ണിന്‍റെ അവകാശവും അഭിമാനവും ജലരേഖയായി മാറുന്ന കാഴ്ചകളാണ് ആൺമേൽക്കോയ്മയുള്ള സമൂഹത്തിൽ കണ്ടു വരുന്നത്. ഇക്കാര്യത്തിൽ ജാതിമതഭേദമില്ല.
ദളിത് പിന്നോക്ക വിഭാഗത്തിൽപെട്ട സ്ത്രീക്കു നേരെയാണ് അതിക്രമമെങ്കിൽ അവർ അതിന് അർഹരാണെന്ന മനോഭാവം കൂടുന്നു. ഇതിനൊരു മാറ്റം ഇനി എന്നാണ് ഉണ്ടാവുക?