അടുത്ത വീട്ടിലെ കുട്ടി… അനശ്വര രാജനെന്ന നടിയെ കാണുമ്പോൾ ആർക്കും അങ്ങനെ തോന്നിപ്പോകും. സംസാരത്തിലും പെരുമാറ്റത്തിലുമൊക്കെ അത്രയ്‌ക്ക് ലാളിത്യം. ഉദാഹരണം സുജാതയെന്ന ചിത്രത്തിൽ മഞ്‌ജുവാര്യരുടെ മകളായി മലയാള സിനിമയിൽ കടന്നുവന്ന അനശ്വരയിപ്പോൾ നായികാറോളുകളിലും മിന്നുന്ന പ്രകടനമാണ് കാഴ്‌ചവച്ചത്. നടിയിപ്പോൾ പ്ലസ് വൺ പരീക്ഷാ തിരക്കിലാണ്. പഠനത്തിരക്കിനിടയിൽ നിന്നും ഇത്തിരി നേരം അനശ്വര തന്‍റെ സിനിമാവിശേഷങ്ങൾ പങ്കുവയ്‌ക്കുന്നു.

ഉദാഹരണം സുജാതയിലൂടെ തുടക്കം…

ഓഡിഷൻ വഴിയാണ് ചിത്രത്തിലെത്തിയത്. ചിത്രത്തിലേക്ക് കുട്ടികളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഒരു പരസ്യം വന്നിരുന്നു. എന്‍റെ കുറച്ച് ഫാമിലി ഫ്രണ്ട്‌സ് ഇത് അയച്ചു തന്നു. കവി ഉദ്ദേശിച്ചത്… എന്ന സിനിമ ഡയറക്‌റ്റ് ചെയ്‌തത് എന്‍റെ ഫാമിലി ഫ്രണ്ടായ ലിജു ആണ്. അദ്ദേഹമാണ് ഈ സിനിമയിലേക്ക് എന്‍റെ ചിത്രമയയ്‌ക്കാൻ പ്രോത്സാഹിപ്പിച്ചത്. അയച്ചോ നല്ല മൂവിയും നല്ല ടീമുമാണ് എന്നൊക്കെ ലിജുച്ചേട്ടൻ പറഞ്ഞത് കേട്ടാണ് ഞാൻ ഫോട്ടോ അയച്ചു കൊടുത്തത്. അങ്ങനെ ആ സിനിമയിലേക്ക് എന്നെ വിളിച്ചു. ആദ്യമായി സെറ്റിൽ പോയപ്പോൾ നല്ല പേടിയുണ്ടായിരുന്നു. ടീമിലെല്ലാവരും നല്ല പിന്തുണയാണ് തന്നത്. മഞ്‌ജു ചേച്ചി (മഞ്‌ജുവാര്യർ)യൊക്കെ നല്ലവണ്ണം പ്രോത്സാഹിപ്പിച്ചു. ഫസ്‌റ്റ് ഡേ മാത്രമേ പേടിയുണ്ടായിരുന്നുള്ളൂ. ആ സെറ്റ് ഒരു ഫാമിലി പോലെയായിരുന്നു. അത്ര ടെൻഷനൊന്നും പിന്നെയുണ്ടായില്ല. എട്ടാം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ സമയത്തായിരുന്നു ആ ചിത്രത്തിന്‍റെ ഷൂട്ട്.

തണ്ണീർമത്തൻ ദിനങ്ങൾ

നല്ല ലൊക്കേഷൻ ആയിരുന്നു. എന്‍റെ പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞിട്ട് കൂട്ടുകാരെ പിരിയുന്ന സമയത്തായിരുന്നു സിനിമയുടെ ഷൂട്ട്. അഞ്ചാം ക്ലാസ്സ് മുതൽ 10-ാം ക്ലാസ് വരെ പഠിച്ച സ്‌ക്കൂൾ, കൂട്ടുകാരെയൊക്കെ വിട്ടു പോകുകയാണല്ലോ… ഇനി ഞങ്ങൾ ഒരുമിച്ചില്ലല്ലോ… എന്നൊക്കെ ഓർത്ത് നല്ല സങ്കടം തോന്നി. പക്ഷേ നേരെ ലൊക്കേഷനിൽ എത്തിയപ്പോൾ എന്‍റെ സങ്കടം മാറി. ഫുൾടൈം എൻജോയ്‌മെന്‍റ്! സ്‌ക്കൂൾ അന്തരീക്ഷമാണല്ലോ… എല്ലാം സമപ്രായക്കാർ… ഞങ്ങളെല്ലാവരും സ്‌ക്കൂളിലെ കുട്ടികളെപ്പോലെ ഫുൾടൈം തമാശയും കളിയും ചിരിയുമൊക്കെയായി. ഇപ്പോഴും എന്‍റെ നല്ല ഫ്രണ്ട്‌സാണ് അവർ. എന്‍റെ മൂന്നാമത്തെ സിനിമയായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. അതിനിടയിൽ എവിടെ എന്ന സിനിമയും ചെയ്‌തിരുന്നു. ബോബി-സഞ്‌ജയ് ടീമിന്‍റെതായിരുന്നു ആ ചിത്രം. തണ്ണീർമത്തനിലെ കഥാപാത്രമായ കീർത്തിയായി മാറാൻ എനിക്ക് അത്ര പ്രയാസമൊന്നും തോന്നിയില്ല.

ആദ്യരാത്രി

തണ്ണീർ മത്തന് മുമ്പേ കമ്മിറ്റ് ചെയ്‌ത സിനിമയാണ് ആദ്യരാത്രി. ഷൂട്ട് നീണ്ട് പോയി. അതിന് മുമ്പായി തണ്ണീർമത്തൻ കംപ്ലീറ്റ് ആയി. ആദ്യരാത്രിയിൽ അൽപം മുതിർന്ന ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കഥാപാത്രത്തിന് തടി വേണമെന്ന് പറഞ്ഞിരുന്നു. പക്ഷേ തടിവയ്‌ക്കാൻ പറ്റിയില്ല. നല്ല ടീമായിരുന്നു. നായികയുടെ ഇമേജിൽ വന്ന മൂവി ഇതാണ്. സിനിമയിലെ അജുച്ചേട്ടനു (അജു വർഗീസ്)മൊത്തുള്ള ആ പാട്ട് മൂന്ന് ദിവസമെടുത്താണ് ഷൂട്ട് ചെയ്‌തത്. അത് കഴിഞ്ഞിട്ടായിരുന്നു ബാക്കി രംഗങ്ങൾ. ആദ്യമായിട്ടാണ് ഡാൻസ് ചെയ്യുന്നത്. ഒന്നാമത് ആ സെറ്റൊക്കെ കണ്ടപ്പോൾ ടെൻഷനായി. രണ്ടാമത് എന്‍റെ കോസ്‌റ്റ്യും സാരിയും, നിറയെ ആഭരണങ്ങളും അണിഞ്ഞുള്ള രംഗം. ഇതെല്ലാം എനിക്ക് കുറച്ച് കഷ്‌ടപ്പാടായിരുന്നു. ഷൂട്ടിനിടയിൽ ആഭരണങ്ങൾ അഴിച്ചുവയ്‌ക്കാൻ പറ്റില്ലായിരുന്നു. സിനിമയിൽ കല്യാണമൊക്കെ രണ്ട് ദിവസമുണ്ടായിരുന്നു. ആ ഓർണമെന്‍റ് ഞാൻ രാവിലെ മുതൽ വൈകുന്നേരം വരെ രണ്ട് ദിവസം ഇടേണ്ടി വന്നു.

അഭിനയമോഹം നേരത്തെയുണ്ടായിരുന്നോ?

ഇല്ല. അങ്ങനെ ചിന്തിക്കാനുള്ള അവസരം കിട്ടിയില്ല. വളരെ അവിചാരിതമായി കടന്നു വന്നതാണ്. സ്‌ക്കൂളിൽ പഠിക്കുമ്പോൾ മോണോആക്‌ട് ഒക്കെ ചെയ്യുമായിരുന്നു. അതുപോലെ സ്‌കിറ്റിനും നാടകത്തിലുമൊക്കെ പങ്കെടുക്കുമായിരുന്നു. ഡാൻസും പാട്ടുമൊന്നും പഠിച്ചിട്ടില്ല. ആ സമയത്ത് ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരുന്നു. ദുൽക്കർ സൽമാന്‍റെ മേക്കപ്പ്മാൻ രതീഷേട്ടൻ ചെയ്‌ത ചിത്രമായിരുന്നു അത്. അതിൽ അഭിനയിച്ച പരിചയം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ.

anaswara rajan

താരമായത് നാട്ടിൽ സ്വാതന്ത്യക്കുറവുണ്ടാക്കുന്നുണ്ടോ?

നാട്ടിൽ മാത്രമല്ല മറ്റ് സ്ഥലങ്ങളിലും പണ്ടത്തെ സ്വാതന്ത്യ്രത്തൊടെ പോകാൻ പറ്റാറില്ല. എന്നാലും ആളുകളുടെ സ്നേഹവും മറ്റും കാണുമ്പോൾ പെരുത്ത് സന്തോഷം തോന്നാറുണ്ട്.

തമിഴിലെ അരങ്ങേറ്റം

റാങ്കി എന്ന തമിഴ്ചത്രമായിരുന്നുവത്. തൃഷയ്ക്കൊപ്പമാണ് ഞാൻ അഭിനയിച്ചത്. ചെറുപ്പം മുതലെ തമിഴ്പടം കാണുന്നതുകൊണ്ട് തമിഴ് കുറച്ചൊക്കെ അറിയാം. ഷൂട്ട് സമയത്ത് ചെറിയ തെറ്റുകൾ വരുമ്പോൾ എല്ലാവരും കറക്ട് ചെയ്ത് തരുമായിരുന്നു. മലയാളത്തിൽ ഡയലോഗ് തെറ്റുമ്പോൾ ഭാഷ അറിയാവുന്നതുകൊണ്ട് നമുക്ക് കയ്യിൽ നിന്നും ഡയലോഗ് എടുത്തിടാമല്ലോ. പക്ഷേ തമിഴിൽ അങ്ങനെ ചെയ്യാൻ പറ്റില്ലല്ലോ. മുമ്പ് തമിഴിൽ ഒരു പരസ്യം ചെയ്തിരുന്നു. അതുകണ്ടിട്ടാണ് അവരെന്നെ വിളിച്ചത്. ഉസ്ബക്കിസ്ഥാനിൽ പോയപ്പോഴും തൃഷാ മാം നല്ല സപ്പോർട്ടായിരുന്നു. മാം എന്ന് വിളിക്കുമ്പോൾ അങ്ങനെ വിളിക്കല്ലെ എന്നു പറയുമായിരുന്നു. തൃഷ. അതുകൊണ്ട് ഞാൻ ചേച്ചി എന്നാണ് വിളിച്ചിരുന്നത്. ആദ്യമായിട്ടാണ് ഇന്ത്യയ്ക്ക് പുറത്തുള്ള ഒരു സ്ഥലത്ത് പോകുന്നത്. വളരെ എക്സൈറ്റഡായിരുന്നു ഞാൻ.

വീട്ടിലെ വിശേഷങ്ങൾ

അച്ഛൻ, അമ്മ, ചേച്ചി എന്നിവരടങ്ങുന്നതാണ് എന്‍റെ കുടുംബം. അച്ഛൻ കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷനിൽ ജോലി ചെയ്യുന്നു. അമ്മ അംഗനവാടി അദ്ധ്യാപികയാണ്. ചേച്ചി ബാങ്ക് കോച്ചിംഗ് ചെയ്യുന്നു. ചേച്ചിയും ഞാനും നല്ല കൂട്ടാണ്. എല്ലാവരും നല്ല സപ്പോർട്ടാണ്. സ്ക്കൂളിലും അങ്ങനെ തന്നെ. എന്‍റെ അദ്ധ്യാപകരൊക്കെ എനിക്ക് മിസ്സായ പാഠഭാഗങ്ങളൊക്കെ പറഞ്ഞുതരും. വെള്ളൂർ ഹയർ സെക്കന്‍ററി സ്ക്കൂളിലാണ് ഞാൻ പഠിക്കുന്നത്.

ഇഷ്ടങ്ങൾ

പാട്ട് കേൾക്കാൻ ഇഷ്ടമാണ്. ചിത്രം വരയ്ക്കാൻ ഇഷ്ടമാണെങ്കിലും വരയ്ക്കാൻ അത്ര അറിയില്ല. പക്ഷേ ഒത്തിരി ഇഷ്ടമാണ്. യാത്ര ചെയ്യാൻ ഇഷ്ടമാണ്. ഫുഡ് ഇഷ്ടമാണെങ്കിലും കുറേ കഴിക്കാറില്ല. പുതിയ കാര്യങ്ങൾ ഓരോന്നും ട്രൈ ചെയ്യാനിഷ്ടമാണ്. അഭിനയത്തിലാണെങ്കിൽ പാർവ്വതിയെ ഒരുപാടിഷ്ടമാണ്. പാർവ്വതി അഭിനയിച്ച എന്ന് നിന്‍റെ മൊയ്തീൻ, ഉയരെ എന്നി ചിത്രങ്ങളൊക്കെ വലിയ ഇഷ്ടമാണ്. എത്ര മനോഹരമായാണ് അവർ അതിൽ അഭിനയിച്ചിരിക്കുന്നത്.

ഇനിയുള്ള പ്രൊജക്ടുകൾ

മലയാളത്തിൽ 3-4 പ്രൊജക്റ്റുകൾ വന്നിട്ടുണ്ട്. തീരുമാനമായിട്ടില്ല. തെലുങ്കിൽ 2 ഉം. അതിലൊന്ന് തണ്ണീർമത്തന്‍റെ റീമേക്കാണ്. എല്ലാം കൊണ്ടും ഞാൻ ഹാപ്പിയാണ്.

വലിയൊരു സ്വപ്നം

നല്ലൊരു ബോൾഡ്, സ്ട്രോംഗ് കഥാപാത്രം ചെയ്യണമെന്ന ആഗ്രഹമുണ്ട്. അതൊരു സ്വപ്നമാണ്.

और कहानियां पढ़ने के लिए क्लिक करें...