വലിയൊരു സ്വപ്ന സാക്ഷാത്ക്കാരത്തിന്‍റെ യത്നത്തിലാണ് ലീല സന്തോഷ്. ഐതിഹ്യങ്ങളും വീര കഥകളും ഉറങ്ങുന്ന വയനാടൻ മണ്ണിന്‍റെ ചൂടും ചൂരും പേറുന്ന കരിന്തണ്ടന്‍റെ ജീവിതത്തെ സിനിമയാക്കുകയാണ് ലീല. കേരളത്തിൽ ഒരു പക്ഷേ ഇന്ത്യയിലെ തന്നെ ആദ്യ ട്രൈബൽ സംവിധായികയെന്ന ടൈറ്റിൽ കരസ്ഥമാക്കാൻ പോവുകയാണ്, വയനാട് നടവയലിലെ പണിയ സമുദായ അംഗമായ ലീല സന്തോഷ്. കരിന്തണ്ടന് മുമ്പായി മറ്റൊരു ചിത്രം പൂർത്തിയാക്കാനുള്ള തിരക്കിലാണിപ്പോൾ ലീല.

സ്ക്കൂളിൽ പോയി ഔപചാരിക വിദ്യാഭ്യാസം പോലും നേടാൻ കഴിയാത്ത പെൺകുട്ടിയുടെ സ്വപ്ന ഫ്രെയിമിലേക്ക് സിനിമയെന്ന മാധ്യമം എങ്ങനെ ചേക്കേറി. ആ സ്വപ്നത്തിലേക്ക് തന്നെ നയിച്ച അനുഭവങ്ങളെക്കുറിച്ചും സ്വന്തം ജീവിതത്തെക്കുറിച്ചും ലീല പങ്കുവയ്ക്കുന്നു.

ലീലയുടെ ബാല്യം

വയനാട് പാലക്കുന്നിൽ കൊളത്തറ കോളനിയിൽ ജനിച്ചു വളർന്ന ഒരു സാധാരണ പെൺകുട്ടിയാണ് ഞാൻ. കളിയും ചിരിയും നിറഞ്ഞ ബാല്യം. പക്ഷേ സ്ക്കൂളിൽ പോകാൻ വലിയ താൽപര്യമുണ്ടായിരുന്നില്ല. വീട്ടിൽ നിന്നും 5 കിലോമീറ്റർ ദൂരെയുള്ള സ്ക്കൂളിൽ നടന്നു വേണം പോകാൻ അതായിരുന്നു കാരണം. ഞാൻ ചെറുതായിരുന്നപ്പോഴെ അച്‌ഛൻ മരിച്ചു. പിന്നെ അമ്മ, ചേച്ചി, അനിയൻ, അനിയത്തി ഇവരായി എന്‍റെ ലോകം.

സിനിമ മോഹം

അച്ഛന്‍റെ മരണ ശേഷം ഞങ്ങൾ വയനാട് കൊളത്തറ കോളനിയിൽ നിന്നും നെയ്ക്കുപ്പയിലെ അമ്മ വീട്ടിലായി താമസം. അവിടെ കെജെ ബേബി സാർ പനമരത്ത് ആരംഭിച്ച കനവ് എന്ന ബദൽ സ്ക്കൂളിൽ ചേർന്ന് പഠനം തുടങ്ങി. 1993 ൽ ആദിവാസികളുടെ ഗദ്ദിക എന്ന കലാരൂപത്തെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയുള്ള ഗുരുകുലമായിരുന്നു കനവ്. അവിടുത്തെ പഠനമാണ് എന്നിൽ സിനിമ സ്വപ്നങ്ങൾ നിറച്ചത്. യഥാർത്ഥത്തിൽ എന്‍റെ ജീവിതത്തിൽ വലിയ മാറ്റമാണ് കനവ് ഉണ്ടാക്കിയത്. പാട്ടും നൃത്തവും കളരിപ്പയറ്റും തീയറ്ററും സിനിമയും ഭാഷയുമൊക്കെയുള്ള പഠന വിഷയങ്ങൾ. ജീവിതത്തിൽ പുതിയ നിറങ്ങൾ പകരുകയായിരുന്നു. സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ ആദിവാസി വിദ്യാർത്ഥികളെ കലയും ഭാഷയും മറ്റും പഠിപ്പിച്ചും പരിശീലിപ്പിച്ചും മുഖ്യധാരയിലെത്തിക്കുക എന്നതായിരുന്നു കനവിന്‍റെ ലക്ഷ്യം. കനവിന്‍റെ ഗൂഢവ എന്ന ചിത്രത്തിന്‍റെ അസിസ്റ്റന്‍റായി. എന്താണ് സ്ക്രിപ്റ്റ്, ഫ്രെയിം എന്നിങ്ങനെ സിനിമയെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങൾ മനസിലാക്കാനുള്ള അവസരമായിരുന്നുവത്. കുറച്ച് സിനിമ വർക്കുഷോപ്പുകൾ ചെയ്തു. പിന്നെ ഡോക്യുമെന്‍ററികളും ചെയ്തു. അതിലൊന്ന് അവിവാഹിതരായ അമ്മമാരെക്കുറിച്ചുള്ള ചീരുവ എന്ന ഡോക്യുമെന്‍ററിയായിരുന്നു.

കരിന്തണ്ടൻ എന്ന പ്രൊജക്ട്

കരിന്തണ്ടന്‍റെ സ്ക്രിപ്റ്റിന്‍റെ അവസാന മിനുക്കുപണികളിലാണ്.വിനായകൻ ആണ് കരിന്തണ്ടന്‍റെ റോൾ ചെയ്യുന്നത്. പിന്നെ മറ്റൊരാൾ കൂടി വേണം. തമിഴ് ഇൻഡസ്ട്രിയിൽ നിന്നും ആരെയെങ്കിലും കണ്ടെത്തണം. സിനിമ ചർച്ചകൾക്കും മറ്റുമായി ഒരു ഓഫീസ് സെറ്റ് ചെയ്തു. ഈ പ്രൊജക്ടിന് ആവശ്യമായ റിസർച്ചിനും മറ്റുമായി ധാരാളം പുസ്തകങ്ങൾ വാങ്ങിയിരുന്നു. ഇനിയുള്ള കടമ്പ നിർമ്മാണത്തെ സംബന്ധിച്ചുള്ളതാണ്. ചില പ്രൊഡ്യുസർമാരുമായി സംസാരിക്കുന്നുണ്ട്. ഈ വർഷമോ അടുത്ത വർഷം ആദ്യമോ സിനിമ പൂർത്തിയാക്കാനാണ് പ്ലാൻ.

karinthandan

മറ്റൊരു സിനിമ കൂടി

ഒരു ചെറിയ സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണിപ്പോൾ. അതിന്‍റെ തിരക്കഥ രചനയിലാണ്. സ്ത്രീ പ്രാധാന്യമുള്ള സിനിമയാണ്. ആദിവാസി പെൺകുട്ടികൾ അനുഭവിക്കുന്നതും എന്നാൽ പുറംലോകം അറിയാതെ പോകുന്നതുമായ വിഷയമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഒരു പെൺകുട്ടി രണ്ട് പ്രണയങ്ങളിൽ അകപ്പെട്ടു പോവുകയും അവൾ അതിനെ അതിജീവിക്കുകയും ചെയ്യുന്നതാണ് കഥ. ഒരു ഫീച്ചർ മൂവിയായിരിക്കും. പേര് നിശ്ചയിച്ചിട്ടില്ല. കരിന്തണ്ടന് മുമ്പായി ഈ ചിത്രം പൂർത്തീകരിച്ച് റിലീസ് ചെയ്യാനാണ് പ്ലാൻ.

എങ്ങനെയുള്ള സിനിമകൾ

ട്രൈബൽ ബേസ്ഡായിട്ടുള്ള കഥകളാണ് ഇത്രയും കാലം മനസിലുണ്ടായിരുന്നത്. ഒരു പക്ഷേ ഈ രണ്ട് സിനിമകൾ ചെയ്‌ത് കഴിഞ്ഞാൽ പൊതു സ്വഭാവമുള്ള സിനിമകൾ ചെയ്തേക്കാം. പിന്നെ ഇവിടുത്തെ വളരെ റെയർ ആയിട്ടുള്ള ജീവിതം അതായത് ബാഹ്യലോകം അറിയാത്തതായ ചിലത് ചെയ്യണമെന്നുണ്ട്. നമ്മുടെ ഒരു ജീവിത ശൈലിയുണ്ടല്ലോ. സിറ്റി ലൈഫിൽ നിന്നും വേറിട്ടതാണ്. വയനാട്ടിൽ തന്നെ രണ്ട് തരം ജീവിതമുണ്ട്. ഒന്ന് സാധാരണവും മറ്റൊന്ന് ട്രൈബ്സിന്‍റെ ജീവിതവും. മുമ്പ് പല സിനിമകളിൽ ട്രൈബ്സിന്‍റെ ജീവിതം പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇവിടുത്തെ ജീവിതവും സിനിമയിൽ പരാമർശിക്കപ്പെടുന്ന ജീവിതവും തമ്മിൽ കുറേ അന്തരമുള്ളതായി തോന്നിയിട്ടുണ്ട്. കൃത്യമായ ജീവിതം പുറംലോകത്ത് എത്തിക്കണം. അതാണ് ആഗ്രഹം. ട്രൈബ്സിന്‍റെ ജീവിതം കൃത്യമായി പറയാൻ എനിക്കാവും. കാരണം നമ്മൾ അതിന്‍റെ ഭാഗമാണല്ലോ.

സാമൂഹിക – രാഷ്ട്രീയ കാര്യങ്ങളിലുള്ള ഇടപെടലുകൾ

ഗൗരവമർഹിക്കുന്ന രീതിയിലില്ല. എന്നാൽ എനിക്ക് പ്രതികരിക്കാൻ തോന്നുന്ന ചില കാര്യങ്ങളിൽ ഇടപ്പെടാറുണ്ട്. മറ്റൊന്ന്, ചെയ്യുന്ന കാര്യങ്ങൾക്കൊന്നും പബ്ലിസിറ്റി കൊടുക്കാറില്ല. കോളനിയിലുള്ള അശരണരും മുതിർന്ന പ്രായക്കാരുമായ ആളുകളെ നമ്മൾ ആവും വിധം സഹായിക്കാറുണ്ട്. അതിപ്പോൾ വസ്ത്രമോ ഭക്ഷണമോ ഒക്കെ നൽകിയാണ്. അതുപോലെ ഇവിടെയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ട സഹായങ്ങളും ചെയ്യാറുണ്ട്. ബുക്സും മറ്റും വാങ്ങി നൽകാറുണ്ട്. ഇപ്പോൾ ഓൺലൈൻ ക്ലാസ് ആയതു കൊണ്ട് ചില സുഹൃത്തുക്കൾ വഴി 3 ഊരുകളിലായി 3 ടിവികൾ കൊടുത്തു. ഇങ്ങനെയൊക്കെ ചെറിയ തോതിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുന്നുണ്ട്. സിനിമകൾ ഇറങ്ങി സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട ശേഷം എന്തെങ്കിലും ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ട്. ഇവിടെയുള്ളവർക്ക് സാമ്പത്തിക സഹായമാണ് വേണ്ടത്. മറ്റൊന്ന് രോഗികളെ ആശുപത്രിയിലെത്തിക്കാൻ വാഹനങ്ങൾ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് ഇവിടെ. അങ്ങനെ പല പ്രശ്നങ്ങൾ വരുമ്പോൾ എനിക്ക് പലപ്പോഴും നിസ്സഹായയായി ഇരിക്കേണ്ടി വന്നിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങളെപ്പറ്റി പ്രൊമോട്ടർമാരെ അറിയിക്കാറുണ്ട്. പ്രളയമുണ്ടായപ്പോൾ നമ്മൾ പരമാവധി സഹായം എത്തിച്ചിരുന്നു.

പക്ഷേ വ്യക്‌തിപരമായി, ഒരു സാമൂഹിക പ്രവർത്തക എന്ന നിലയിലാകാനുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ പറ്റിയിട്ടില്ല. ഉള്ളിൽ വലിയ ആഗ്രഹമുണ്ട്, സ്വപ്നങ്ങളുണ്ട്. സിനിമകൾ ചെയ്‌ത ശേഷം കുട്ടികൾക്കായി ഒരു സ്റ്റഡി സെന്‍റർ പോലെ അവർക്ക് സ്വതന്ത്രമായി ഇടപഴകാനുള്ള ഒരിടം ഒരുക്കണമെന്നുണ്ട്. ആദിവാസി കുട്ടികളുടെ പ്രത്യേകതയെന്തെന്നു വച്ചാൽ അവർക്ക് കളിക്കാൻ സ്ഥലമില്ലെന്നതാണ്. ആകെയുള്ളത് വയലും പുഴതീരങ്ങളുമാണ്. അങ്ങനെ ഉള്ളയിടത്തേക്ക് അവർ നമ്മളെ വിട്ടങ്ങ് മറഞ്ഞു പോകും. നമ്മളും അവരുമായുള്ള ബന്ധം അറ്റുപോകും. അവരെ നമ്മുടെ അടുത്തായി കൊണ്ടുവരികയാണ് വേണ്ടത്. അവരുടെ ക്രിയേറ്റിവിറ്റിയെ പുറത്തു കൊണ്ടുവരാൻ കഴിയുന്ന ആക്ടിവിറ്റിസുകളിൽ അവരെ ഉൾപ്പെടുത്തുകയാണ് വേണ്ടത്. അങ്ങനെയുള്ള ഒരു സ്റ്റഡി സെന്‍റർ തുടങ്ങണം. എന്തായാലും അതിനു വേണ്ടി കൂടിയാണ് ശ്രമിക്കുന്നത്.

മക്കൾ സംരക്ഷിക്കാത്ത മാതാപിതാക്കളുണ്ട്. അന്തിയുറങ്ങാൻ പോലും ഇടമില്ലാത്തവരുണ്ട്, ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിടുന്നവരുണ്ട്, മരുന്ന് വാങ്ങാൻ കഴിയാത്തവരുണ്ട്. സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും പലപ്പോഴും അത്തരം സേവനങ്ങൾ എത്തപ്പെടാത്ത മേഖലകളുമുണ്ട്. അത്തരക്കാരെ വേണ്ട രീതിയിൽ സഹായിക്കണം.

സാമൂഹികവും വിദ്യാഭ്യാസപരവുമായ മാറ്റങ്ങൾ തീർച്ചയായും നല്ലതും ചീത്തയുമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ആളുകളുടെ മനോഭാവത്തിലും മാറ്റമുണ്ടായി. ചില ഊരുകളിൽ വിദ്യാഭ്യാസം ചെയ്തവരിലുണ്ടായ മാറ്റം പൊതു സമൂഹത്തിലുള്ള ചിലർ സ്വന്തം മാതാപിതാക്കളോട് എങ്ങനെയാണോ പെരുമാറുന്നത് ആ രീതിയിലാണ് അവരും മാതാപിതാക്കളോട് പെരുമാറുന്നതെന്നാണ്. ഇത് ആറ്റിറ്റ്യൂഡിന്‍റെ പ്രശ്നമാണ്.

വിദ്യാഭ്യാസം കൊണ്ട് മാറ്റം വന്നുവെന്ന് തോന്നിയിട്ടില്ല. എനിക്ക് വിഷമം തോന്നിയിട്ടുള്ള കാര്യമാണിത്. രക്ഷിതാകൾക്കൊപ്പം പുറത്തു പോകാൻ മടി കാട്ടുന്നവരുണ്ട്, മാതാപിതാക്കളാണെന്ന് പറയാൻ മടി, ഇതൊക്കെ അവരിലെ അന്തർമുഖതയെയാണ് വെളിപ്പെടുത്തുന്നത്. വിദ്യാഭ്യാസം ഒരുപാടുണ്ട്. ഭൗതിക സൗകര്യങ്ങൾ ഏറെയുള്ളവരാണ്. ജോലി ചെയ്യുന്നവരുമാണ്. എന്നിട്ടും പഴയപ്പോലെ മാതാപിതാക്കളെ അംഗീകരിക്കാൻ യുവതിയുവാക്കൾക്കും കുട്ടികൾക്കും സങ്കോചമാണ്. കുട്ടികളുടെ ഈ മനോഭാവത്തിൽ മാറ്റം ഉണ്ടാകണം. എന്‍റെ അച്ഛൻ, എന്‍റെ അമ്മ എന്ന ധൈര്യത്തോടെ പറയാൻ ആർജ്ജവം അവർക്ക് ഉണ്ടാകണം. അത്തരം കുറച്ച് കാര്യങ്ങൾ ചുറ്റുമുള്ളവർക്ക് പറഞ്ഞു കൊടുക്കാറുണ്ട്.

ട്രൈബൽ പെൺകുട്ടികളുടെ ജീവിതാവസ്‌ഥ

13 വയസാവുമ്പോൾ കല്യാണം കഴിഞ്ഞു പോകുന്ന സ്‌ഥിതി വിശേഷമാണിവിടെ. ഇത് കുട്ടികളെ സാമ്പത്തികമായും ശാരീരികവുമായി തളർത്തുന്ന കാര്യമാണ്. ശാരീരികമെന്ന് പറഞ്ഞാൽ ഡെലിവറിയൊക്കെ ആകുമ്പോൾ അവർക്ക് സ്വയം മാനേജ് ചെയ്യാൻ പറ്റാത്ത അവസ്‌ഥയാണ്. ഉൾക്കൊള്ളാൻ പറ്റില്ലെന്ന് മാത്രമല്ല ശാരീരികമായി അവർ ഡൗൺ ആയി പോകുന്നു. ഉദാ: അനിമിക് ആവുക, മറ്റ് ശാരീരിക – മാനസിക പ്രശ്നങ്ങൾ. അതിലൊക്കെ നമ്മൾ ഇടപ്പെട്ടിട്ടുണ്ട്. പക്ഷേ രക്ഷിതാക്കളെയാണ് യഥാർത്ഥത്തിൽ ഇവിടെ ബോധവൽക്കരിക്കേണ്ടത്. രക്ഷിതാക്കൾക്ക് ഇത് സംബന്ധിച്ചുള്ള ബോധവൽക്കരണം നൽകണമെന്നാണ് ആഗ്രഹം. എന്‍റെ ചുറ്റുവട്ടങ്ങളിൽ ഞാൻ അത്തരക്കാരെ ബോധവൽക്കരിക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ അവരത് ഉൾക്കൊള്ളാൻ തയ്യാറാകുന്നില്ലെന്നതാണ് സത്യം.

ബാലവിവാഹം നിയമപരമായി ശിക്ഷാർഹമല്ലേ

നിയമപരമായി ശിക്ഷാർഹമാണ്. ഇവിടെ അത്തരം കേസുകളും നടക്കുന്നുണ്ട്. ഋതുമതിയായി കഴിഞ്ഞാൽ കല്യാണം കഴിക്കണമെന്ന നിയമം പണിയ സമുദായത്തിലുണ്ട്. മറ്റ് ആദിവാസി സമുദായങ്ങളിലുമുണ്ടാവാം. അതൊരു പ്രശ്നമാണ്. നമ്മുടെ പൊതു നിയമവും സമുദായത്തിന്‍റെ നിയമവും തമ്മിൽ ഒരു ക്ലാഷ് നടക്കുന്നുണ്ട്. അതാണ് പ്രശ്നം. പെൺകുട്ടിയ്ക്ക് ആരെ വേണമെങ്കിലും കല്യാണം കഴിക്കാം. ഭർത്താവ് ഉപേക്ഷിച്ച് പോയാൽ തന്നെ പെൺകുട്ടിയ്ക്ക് മറ്റൊരാളെ കണ്ടെത്താം. അത് ആ പെൺകുട്ടിയുടെ തീരുമാനമാണ്. തെറ്റെന്നും ശരിയെന്നും പറയാനാവില്ല. ചെറുപ്രായത്തിൽ കുട്ടികളും പ്രാരാബ്ധങ്ങളും പേറുന്നതാണ് പ്രശ്നം. ഇപ്പോൾ 13 വയസ് എന്ന് പറയുന്നത് ചെറുപ്രായമാണ്. അതുകൊണ്ട് ചെറുപ്രായത്തിലുള്ള വിവാഹം നല്ല പ്രവണതയായി കാണാനാവില്ല.

കേസുണ്ടായാൽ തന്നെ സമുദായത്തിന്‍റെ നിയമങ്ങൾ തടസമായി വരുന്നു. നിയമപരമായ നടപടികൾ സ്വീകരിക്കുകയും കുട്ടികളെയും മാതാപിതാക്കളേയും ബോധവൽക്കരിക്കുകയും വേണം. അങ്ങനെ കുറേ കാര്യങ്ങൾ പറഞ്ഞാലും മനസിലാകാവത്തരാണ്. ക്ലാസുകൾ കൊടുത്തിട്ടും ഡോക്യുമെന്‍ററികൾ കാണിച്ചിട്ടും വിവാഹം എന്ന ആകർഷണത്തിന് പിന്നാലെ പോകുന്ന കുട്ടികളുണ്ട്. ഇവർക്ക് ഭയമാവശ്യമാണ്.

ആദിവാസി കോളനികളിൽ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഉണ്ടാകുന്ന പോഷകാഹാരക്കുറവ്

ഇപ്പോൾ ഈ പ്രശ്നം വളരെ കുറഞ്ഞിട്ടുണ്ട്. സർക്കാർ വേണ്ട ഇടപെടലുകളും ജാഗ്രതയും പുലർത്തുന്നതു കൊണ്ട് ആളുകൾ കുറച്ചു കൂടി നന്നായി ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. എന്തൊക്കെ റിസ്ക് ഉണ്ടായാലും രക്ഷിതാക്കൾ കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കാറുണ്ട്.

മദ്യപാനം

മദ്യപാനമാണ് വലിയൊരു പ്രശ്നം. ഇത് കുട്ടികളെ ദോഷകരമായി ബാധിക്കുന്നുണ്ട്. 10-15 വയസാകുന്നതോടെ കുട്ടികൾ മദ്യപാനികളാവുന്ന അവസ്‌ഥയാണ്. കോളനികളിൽ കഴിയുന്ന കുട്ടികളിലാണ് കൂടുതലായും ഇത് കണ്ടുവരുന്നത്. മാതാപിതാക്കൾ പരസ്പരം കലഹിക്കുമ്പോൾ കുട്ടികൾ വയലുകളിൽ പോയി ഒളിച്ചിരിക്കും. ഇങ്ങനെയുള്ള അവസ്‌ഥകൾക്ക് മാറ്റം വരണമെങ്കിൽ ഊരുകളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തേണ്ടതാവശ്യമാണ്.

സ്വതന്ത്ര സംവിധായികയാവണം… വെല്ലുവിളി

തീർച്ചയായും വെല്ലുവിളി തന്നെയാണ്. ഒരു സ്ത്രീയായതു കൊണ്ടും റിസ്കാണ്. പ്രത്യേകിച്ച് ഞാനൊരമ്മയും കൂടിയാണല്ലോ. അതിന്‍റെ റിസ്കുമുണ്ട്. പക്ഷേ കുട്ടികളുടെ കുസൃതികളും കുറുമ്പുകളും എഴുത്തിനിടയിൽ എൻജോയ് ചെയ്യാറുണ്ട്.

പിന്നെ സിനിമയ്ക്ക് പുറത്ത് നിന്നുള്ള സപ്പോർട്ട് വരുമ്പോൾ അതിന്‍റെ പിന്നിലെ ഗൂഢലക്ഷ്യം മനസിലാക്കാൻ പെട്ടെന്ന് കഴിഞ്ഞെന്നു വരില്ല. ഞാനൊരു ട്രൈബായതു കൊണ്ടാകാം. എല്ലാവരേയും കണ്ണുമടച്ച് വിശ്വസിക്കും. 2-3 ആഴ്ച കഴിഞ്ഞായിരിക്കും സത്യം മനസിലാവുക. അത്തരം ഘട്ടങ്ങളെ തിരിച്ചറിഞ്ഞ് അതിജീവിക്കാൻ ശ്രമിക്കാറുണ്ട്. പിന്നെ ട്രൈബ്സിന്‍റെ ഒരു പൊതു സ്വഭാവമുണ്ട്. അവർ നിഷ്കളങ്കരാണ്. എല്ലാവരേയും വിശ്വസിക്കും. പക്ഷേ ഞാൻ ഇപ്പോൾ എല്ലാവരേയും നന്നായി മനസിലാക്കാൻ ശ്രമിക്കും. സ്ക്രിപ്റ്റ് അടക്കം നഷ്ടപ്പെട്ട സംഭവം വരെ ഉണ്ടായിട്ടുണ്ട്.

കരിന്തണ്ടന്‍റെ സവിശേഷതകൾ

ഒരു ഫീച്ചർ ഫിലിം മോഡിലാണ് കരിന്തണ്ടൻ എത്തുക. ഹോളിവുഡ് സ്റ്റൈലിലായിരിക്കും ചിത്രം. ഉടനെ തന്നെ സ്ക്രിപ്റ്റ് പൂർത്തിയാകും. അതിന്‍റെ നിർമ്മാണ ചർച്ചകൾ നടക്കുന്നു.

ഒരു സ്ത്രീയുടെ ശക്തി

വീട്ടിലെ പ്രതികൂലമായ സാഹചര്യത്തെ അതിജീവിച്ച് സ്ത്രീ മുന്നേറുന്നതാണ് ഏറ്റവും വലിയ ശക്തിയെന്ന് പറയാം. നമ്മൾ പരാതി പറയാതെ സ്വയം മാറാൻ ശ്രമിക്കുക. അപ്പോൾ തന്നെ മുന്നേറാനുള്ള കരുത്ത് ഉള്ളിലുണ്ടാകും. വീട്ടിൽ ധാരാളം സുഖസൗകര്യങ്ങൾ ഉള്ളവർ പോലും പരാതി പറയുന്നത് കേൾക്കാറുണ്ട്.

ഇത്രയും സൗകര്യമുള്ളപ്പോൾ എന്തിനാണ് ഇങ്ങനെ പരാതി പറയുന്നത്. നമുക്ക് ശ്രമിച്ച് നേടാവുന്ന കാര്യങ്ങളെയുള്ളൂ. ഒന്ന് ടൈം സെറ്റ് ചെയ്താൽ മതി. ഏത് സമയവും വിലപ്പെട്ടത് തന്നെയാണ്. നമ്മൾ നിശ്ചയിച്ചാൽ മതി നമ്മുടെ സമയം. അതായിരിക്കും ഒരു സ്ത്രീയുടെ ശക്തി. തീർച്ചയായും അത് സമൂഹത്തിൽ ഒരുപാട് മാറ്റമുണ്ടാകും. നമ്മളെ അംഗീകരിക്കാൻ ധാരാളമാളുകൾ വരും. പിന്നെ കടന്നു വരികയെന്നുള്ളതാണ്. നമ്മൾ സ്വയം മറിയാൽ മാത്രമേ നമുക്ക് സമൂഹത്തോട് ഒരു പരാതിയെങ്കിലും പറയാൻ പറ്റുകയുള്ളൂ.

ജാതീയവും വർഗ്ഗപരവുമായ വിവേചനങ്ങൾ

വ്യക്‌തിപരമായ നിലയിൽ എനിക്ക് സ്വന്തം ഗ്രാമത്തിൽ നിന്നു പോലും ജാതീയമായ കമന്‍റുകൾ വരാറുണ്ട്. അങ്ങനെയൊരു അനുഭവത്തെപ്പറ്റി പറയാം. ഒരു ദിവസം ഞാൻ ടൗണിൽ പോയപ്പോൾ ഒരു ലോട്ടറിക്കാരനും മറ്റൊരാളും തമ്മിൽ എന്തോ സംസാരിക്കുന്ന കൂട്ടത്തിൽ ഇവിടെ എവിടെയോ ഒരു പണിച്ചി സിനിമ ചെയ്യുന്നത് കേട്ടല്ലോ. പത്രത്തിൽ കണ്ടിരുന്നുവല്ലോ എന്നൊക്കെ മറ്റേയാൾ ലോട്ടറിക്കാരനോട് ചോദിക്കുന്നത് ഞാൻ കേട്ടു. ലോട്ടറിക്കാരൻ ഉടനടി എന്‍റെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് “ആ പണിച്ചിയാണ്” അവിടെ നിൽക്കുന്നതെന്ന് പറഞ്ഞു. അത്രത്തോളം നമ്മളെ ജാതീയമായി അടിച്ചമർത്തി കൊണ്ടിരിക്കുന്നുണ്ട്.

എത്ര ഉയരങ്ങളിൽ പോയാലും ജാതീയുടെ പേരിൽ താഴ്ത്തി കെട്ടും. അയാൾക്ക് അത്രയേ നിലവാരമുള്ളൂവെന്ന് ചിന്തിച്ചു കൊണ്ട് ഞാനത് കാര്യമാക്കിയില്ല. എന്‍റെ നിലവാരം അതല്ലല്ലോ. അവരോട് പ്രതികരിച്ചിട്ടെന്ത് കാര്യം. നമ്മളും ആ നിലവാരത്തിലായി പോകില്ലേ. ഇതുപോലെ വേദനിപ്പിച്ച കുറേ സാഹചര്യങ്ങൾ ഉണ്ട്. പക്ഷേ അത് ആ സ്പോട്ടിൽ മാത്രം. പക്ഷേ അതിനെ അതിജീവിക്കുകയെന്നതിലാണ് ലക്ഷ്യം. ഒരാൾ നെഗറ്റീവ് പറഞ്ഞാൽ അതിലപ്പുറം കടക്കാൻ ശ്രമിക്കുകയാണ് ചെയ്യുക. അതുകൊണ്ട് ഇത്തരം സംഭവങ്ങൾ എനിക്ക് ഊർജ്ജമാണ് തരുന്നത്. കൂടുതൽ കരുത്തോടെ മുന്നേറാൻ.

എഴുത്തും കുടുംബ ജീവിതവും

കുടുംബത്തിന്‍റെ സപ്പോർട്ട് നല്ലവണ്ണം ഉണ്ട്. ഭർത്താവ് സന്തോഷ് നല്ല പ്രോത്സാഹനമാണ് തരുന്നത്. എനിക്ക് സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും ഒരു സ്പേസ് ഉണ്ട്. ചിലപ്പോൾ രാത്രി ഒരു മണിക്കൊക്കെ സിനിമ ചർച്ചകൾ ഉണ്ടാവും. അതിനൊക്കെ അദ്ദേഹം സപ്പോർട്ട് ചെയ്യും. ലീവ് എടുത്ത് കുട്ടികളെ നോക്കും. എന്നെ വീട്ടിലെ തിരക്കുകളിൽ നിന്നും മാറ്റി എന്‍റേതായ സമയം തരാറുണ്ട്. ഞങ്ങൾ ഒരുമിച്ച് പഠിച്ച് വളർന്നവരാണ്. നല്ല കൂട്ടുകാരാണ്. ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. ബന്ധുക്കൾക്ക് ആദ്യമൊക്കെ പ്രശ്നമായിരുന്നു. അതൊക്കെ മാറ്റം വരുത്തി. പുരുഷൻ, സ്ത്രീ എന്ന വേർതിരിവ് പൊതുവെ ട്രൈബ്സിനിടയിലില്ല. രണ്ടുപേർക്കും ഈക്വൽ സ്പേസുണ്ട്. പൊതു സമൂഹത്തിലുള്ള സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഞങ്ങൾ സ്ത്രീകൾ നേരിടാറില്ല. എല്ലാ ഉത്തരവാദിത്തങ്ങളും രണ്ടുപേരും നിർവഹിക്കും. ഞങ്ങൾക്ക് 4 കുട്ടികളാണ് മൂത്തയാൾ 8 ലും രണ്ടാമത്തെയാൾ 5 ലും മൂന്നാമത്തെ കുട്ടി 3 ലും പഠിക്കുന്നു. ഏറ്റവും ഇളയ കുഞ്ഞിന് 2 വയസ്സായിട്ടേയുള്ളൂ.

സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നും നൽകുന്ന സന്ദേശം?

പൊതുവെ ഒരു സ്ത്രീ സങ്കൽപമുണ്ടല്ലോ. സ്ത്രീകൾക്ക് പരിമിതികൾ ഉണ്ടെന്നത് സത്യമാണ്. പുരുഷന്മാർ രാത്രിയിൽ സഞ്ചരിക്കുന്നതു പോലെ സ്ത്രീകൾക്ക് സഞ്ചരിക്കാനാവില്ല. അത് മനസിലാക്കി കൊണ്ട് അതിജീവിക്കുകയാണ് പ്രധാനം. ഒരു പക്ഷേ ഭാവിയിൽ നമുക്ക് രാത്രിയിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ സാധിച്ചേക്കാം. അങ്ങനെ സ്വതന്ത്രമായി ഇറങ്ങി നടക്കാൻ പറ്റുന്ന സാഹചര്യം നമ്മുടെ ഗ്രാമത്തിൽ അല്ലെങ്കിൽ ചുറ്റുപാടുകളിലെങ്കിലും ഉണ്ടാക്കാൻ പറ്റണം. നമ്മുടെ പരിമിതികളെപ്പറ്റി പറഞ്ഞു കൊണ്ടിരിക്കാതെ മുന്നേറാൻ ശ്രമിച്ചു കൊണ്ടിരിക്കുക.

और कहानियां पढ़ने के लिए क्लिक करें...