സുഹൃത്തുക്കളുടെ സമ്മർദ്ദത്തിനു വഴങ്ങി സനിത ഭർത്താവ് മോഹിതിന് ഫോൺ ചെയ്തു. “ഏട്ടാ… അവരെല്ലാം നാളെ പാർട്ടി കൊടുക്കണമെന്ന് പറയുന്നു. ഞാനെന്താണ് മറുപടി പറയേണ്ടത്.”
“അച്‌ഛന്‍റെയും അമ്മയുടെയും സമ്മതം ചോദിക്കാതെ ആരേയും വീട്ടിലേയ്‌ക്ക് ക്ഷണിച്ചാൽ ശരിയാവില്ല.” മോഹിതിന്‍റെ വാക്കുകളിലും പരിഭ്രമത്തിന്‍റെ സ്പർശം ഉണ്ടായിരുന്നു.
“അപ്പോ ഇവർക്കുള്ള പാർട്ടി എപ്പോ കൊടുക്കും?”
“ഇതേപ്പറ്റി നമുക്ക് രാത്രി കൂടിയാലോചിക്കാം.”
“ആയിക്കോട്ടെ.”
സനിത ഫോൺ കട്ട് ചെയ്‌തു. എന്നിട്ട് മോഹതിന്‍റെ അഭിപ്രായം കൂട്ടുകാരോട് പറഞ്ഞപ്പോൾ അവർ അവളെ വിടാനുള്ള ഭാവമില്ലായിരുന്നു. “എടോ, ഞങ്ങൾ കൈയും വീശി വരികയൊന്നുമില്ല. ഗിഫ്റ്റ് എന്തായാലും കൊണ്ട് വരും.”
“ഭർതൃ വീട്ടുകാരെ പേടിച്ച് നീയിങ്ങനെ എത്രകാലം കഴിയും?” കൂട്ടുകാരെല്ലാവരും ഇതുപോലെ ഓരോന്ന് പറഞ്ഞ് സനിതയെ കളിയാക്കിക്കൊണ്ടിരുന്നു. പെട്ടെന്ന് വല്ലാത്തൊരു എനർജിയോടെ സനിതയും ഇടപെട്ടു കൊണ്ട് മറുപടി കൊടുത്തു.
“നിങ്ങൾ എന്‍റെ തല തിന്നാതെ. ഞാൻ പറയുന്നത് ശ്രദ്ധാപൂർവ്വം കേൾക്കൂ… നാളെ രാത്രി 8 മണിക്ക് എല്ലാവരും സാഗർ രത്നയിൽ വരിക. അവിടെയാണ് ഡിന്നർ പാർട്ടി. ഇനി ആരും ഗിഫ്റ്റ് വീട്ടിൽ മറന്ന് വച്ച് വരേണ്ട.”
സനിതയുടെ ഈ പ്രഖ്യാപനം ഹർഷാരവത്തോടെയാണ് കൂട്ടുകാർ സ്വീകരിച്ചത്.
കുറച്ച് നരം കഴിഞ്ഞപ്പോൾ സനിതയെ തനിച്ച് കിട്ടിയപ്പോൾ സംഗീത മാഡം ചോദിച്ചു. “ചെലവ് കൊടുക്കാമെന്നേറ്റിട്ട് നീ സ്വയം എടാകൂടത്തിൽ പെട്ടിരിക്കുകയാണോ മോളെ?”
“ഇനി വരുന്നിടത്ത് വച്ച് കാണാം ചേച്ചി” സനിത പുഞ്ചിരി പൊഴിച്ചു കൊണ്ട് മറുപടി പറഞ്ഞു.
“വീട്ടിൽ ടെൻഷൻ കൂടുകയാണെങ്കിൽ എന്നെ വിളിക്കാൻ മടിക്കണ്ട. ഞാൻ എല്ലാവരെയും വിളിച്ച് പാർട്ടി കാൻസൽ ചെയ്ത വിവരം പറഞ്ഞോളാം. നാളെ നീ കരയുകയും മറ്റും ചെയ്യരുത് കെട്ടോ.”
“ചേച്ചി കരഞ്ഞു തീർക്കാനുള്ള കണ്ണീരത്രയും ഞാൻ കഴിഞ്ഞ ഒരു വർഷം കൊണ്ട് തീർത്തതല്ലേ. ചേച്ചിയ്‌ക്കും അത് അറിയാവുന്നതല്ലേ.”
“ആ ദിനങ്ങളിലെ ഓർമ്മകളാണ് എന്നെ ഇപ്പോഴും ആധിപിടിപ്പിക്കുന്നത് എന്‍റെ മോളെ.”
“എന്നെക്കുറിച്ചോർത്ത് ടെൻഷനടിക്കണ്ട. കഴിഞ്ഞ ഒരു വർഷം കൊണ്ട് ഞാനും ഏറെ മാറിയിട്ടുണ്ട്.”
“ശരിയാണ്. നിനക്ക് വലിയ മാറ്റം സംഭവിച്ചിരിക്കുന്നു സനിതേ. ഭർതൃവീട്ടിലെ പ്രയാസങ്ങൾ നിന്നെ മാറ്റിയിരിക്കുന്നു. അമ്മായിയമ്മപ്പോരും നാത്തൂന്‍റെ ഒറ്റപ്പെടുത്തലും അനുഭവിച്ച് നിനക്കിപ്പോ ഒന്നും പ്രശ്നമല്ലാതായിരിക്കുന്നു.
“ടെൻഷൻ, സങ്കടം, പേടി ഇത്തരം രോഗങ്ങൾ ഞാനിപ്പോൾ മനസ്സിൽ വളർത്താറില്ല ചേച്ചി. നാളെ രാത്രി പാർട്ടി ഗംഭീരമായി നടക്കും. ചേച്ചി ചേട്ടനും പിള്ളേരുമായി തീർച്ചയായും വരണം.” ഇത്രയും പറഞ്ഞ് കൊണ്ട് സനിത തന്‍റെ ഇരിപ്പിടത്തിൽ ചെന്നിരുന്നു.
സനിത അനുവാദമില്ലാതെയാണ് കൂട്ടുകാർക്ക് പാർട്ടി കൊടുക്കാനുള്ള തീരുമാനമെടുത്തത്. ഈ വിവരമറിഞ്ഞ് അമ്മായിയമ്മ ദേഷ്യം കൊണ്ട് പൊട്ടിത്തെറിച്ചു. “ഞങ്ങളോട് ചോദിക്കാതെ ഇത്തരമൊരു തീരുമാനം എടുക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നു. ഈ വീട്ടിലെ ചിട്ടവട്ടങ്ങൾ തെറ്റിക്കാൻ ആർക്കും അവകാശമില്ല. ഇവിടുത്തെ രീതികൾ നിനക്ക് പിടിക്കുന്നില്ലെങ്കിൽ മാറി താമസിക്കുന്നതിനെപ്പറ്റി ചിന്തിച്ചോ…”
“അമ്മേ അവരെല്ലാം എന്‍റെ പിന്നാലെ കൂടിയത് കൊണ്ടാണ്. നിങ്ങൾക്കിത് മോശമായി തോന്നുന്നുവെങ്കിൽ ഞാനിപ്പോൾ തന്നെ അവരെ വിളിച്ച് പാർട്ടി കാൻസൽ ചെയ്‌ത കാര്യം പറയാം.” വളരെ ശാന്തമായി സനിത പറഞ്ഞു. എന്നിട്ട് അവൾ അടുക്കളയിലേയ്‌ക്ക് ചെന്ന് ജോലി ചെയ്യാൻ തുടങ്ങി.
അമ്മായിയമ്മ പക്ഷേ നിർത്താൻ ഭാവമില്ലായിരുന്നു. അവർ കലിതുള്ളികൊണ്ടിരുന്നു. ഈ സമയം അവരുടെ മകൾ ഇടപെട്ടു.
“അമ്മേ, ചേച്ചിയ്ക്ക് തന്നിഷ്ടം ചെയ്യുന്നതിലാണ് താൽപര്യമെങ്കിൽ അമ്മ വെറുതെ വായിട്ട് അലച്ചിട്ടെന്താ കാര്യം. വെറുതെ ഒച്ച വച്ച് എന്നെ ശല്യം ചെയ്യല്ലേ. തല പെരുക്കുന്നു. ഒന്ന് നിർത്താമോ? നിങ്ങൾ അവരെ ചീത്ത പറയുമ്പോൾ അവൾ അടുക്കളയിൽ പാട്ട് കേട്ട് ജോലി ചെയ്യുകയാണ്. അമ്മയെ കളിയാക്കുന്നതും അമ്മ ആസ്വദിക്കുകയാണോ?”
എരിതീയിൽ എണ്ണ ഒഴിക്കുന്നതുപോലുള്ള മകളുടെ സംസാരം കേട്ട് അവർക്ക് ഒന്നു കൂടി ഹാലിളകി. അവർ എന്തെല്ലാമോ ഉറക്കെ പറഞ്ഞു കൊണ്ടിരുന്നു.
പക്ഷേ ഇതൊന്നും കേട്ട് സനിത പ്രകോപിതയായില്ല. അവൾ അടുക്കള പണിയെല്ലാം തീർത്ത് ഭക്ഷണം മേശ മേൽ നിരത്തി.
“ഭക്ഷണം റെഡിയായിരിക്കുന്നു.” അവളുടെ ഉറക്കെയുള്ള ക്ഷണം കേട്ട് എല്ലാവരും ഡൈനിംഗ് ടേബിളിനരികലെത്തി. എല്ലാവരുടെയും മുഖത്ത് പക്ഷേ നീരസം പ്രതിഫലിച്ചിരുന്നു.
സനിത പക്ഷേ അന്ന് ഭക്ഷണം ആസ്വദിച്ചു കഴിച്ചു. അമ്മായിഅച്ഛൻ അന്തരീക്ഷം ശാന്തമാക്കാനായി പലതും പതിയെ സംസാരിച്ചെങ്കിലും അമ്മായിയമ്മ കുലുങ്ങിയില്ല. അമ്മായിയമ്മ കൂടുതൽ പ്രശ്നം ഉണ്ടാക്കുമെന്നായപ്പോൾ അവരുടെ ഭർത്താവ് ഇടപെട്ട് ഒതുക്കി.
സനിത പക്ഷേ ഒരക്ഷരം ഉരിയാടിയില്ല. അതുകൊണ്ട് കൂടുതൽ പൊട്ടിത്തെറികൾ ഉണ്ടായില്ല. അമ്മായിയമ്മയ്ക്കുള്ള മറുപടി അവൾ പുഞ്ചിരിയായാണ് തിരിച്ചു നൽകിയത്.
രാത്രി മോഹിതും തന്‍റെ നീരസം ഭാര്യയോട് പ്രകടിപ്പിക്കാതിരുന്നില്ല. ധിക്കാരം നല്ലതല്ലെന്നുള്ള നിലപാടിലായിരുന്നു മോഹിത്.
“മറ്റാരുടെ അനുവാദം ചോദിച്ചില്ലെങ്കിലും ഇത്തരമൊരു തീരുമാനം എടുക്കും മുമ്പ് നിനക്ക് എന്നോടെങ്കിലും ചോദിക്കാമായിരുന്നില്ലേ. നാളെ നിന്‍റെ പാർട്ടിയ്ക്ക് എന്നെ പ്രതീക്ഷിക്കേണ്ട.”
“നിങ്ങളുടെ ഇഷ്‌ടം” കുസൃതി നിറഞ്ഞൊരു ചിരി മുഖത്ത് വരുത്തി സനിത പറഞ്ഞു. എന്നിട്ട് അയാളുടെ കവിളിൽ ഒരുമ്മ നൽകി അവൾ ബാത്ത്റൂമിലേയ്‌ക്ക് കയറി.
രാത്രി പന്ത്രണ്ടു മണിയായപ്പോൾ സനിതയുടെ മൊബൈൽ അലാറം അടിച്ചതിനാൽ രണ്ടാളുടെയും ഉറക്കം മുറിഞ്ഞു.
“എന്തിനാണ് ഈ പാതിരാത്രിയ്ക്ക് അലാറം വച്ചത്?” മോഹിത് ഉറക്കം മുറിഞ്ഞ ദേഷ്യം പ്രകടിപ്പിച്ചു.
“ഹാപ്പി മാര്യേജ് ആനിവേഴ്സറി സ്വീറ്റ് ഹാർട്ട്.” സനിത വളരെ റൊമാന്‍റിക്കായി മോഹിതിന്‍റെ കവിളിൽ തൊട്ടു.
രാത്രിയുടെ നിശ്ശബ്ദയാമത്തിൽ പ്രണയത്തിന്‍റെ ശ്വാസ നിശ്വാസം മുറിയിൽ നിറഞ്ഞപ്പോൾ മോഹിതിന്‍റെ ദേഷ്യം എവിടെയോ പോയി മറഞ്ഞു. അയാൾ ഭാര്യയെ ചേർത്ത് പിടിച്ചു. അവളുടെ ചുവന്ന ചുണ്ടിൽ തന്‍റെ ചുണ്ടമർത്തി. അവൾ നാവ് കൊണ്ട് അയാളുടെ മേൽ ചുണ്ടിൽ ഇക്കിളിയിട്ടു.
“ഏറ്റവും പ്രിയപ്പെട്ട രാത്രിയായിത് മാറിയത് നിയെനിക്ക് അവിചാരിതമായി തന്ന ഈ കിടപ്പറ സമ്മാനം കാരണമാണ്.” ഈ സമ്മാനത്തിന് ഞാനെന്താണ് പകരം തരേണ്ടത്?” തന്‍റെ നെഞ്ചിൽ തല ചായ്ച്ച് കിടക്കുന്ന ഭാര്യയോട് അയാൾ മന്ത്രിച്ചു.
“ഇന്ന് എന്‍റെ കൂടെ വരില്ലേ?” സനിത പ്രണയാർദ്രമായി ചോദിച്ചു.
“പാർട്ടിക്കോ?” അയാൾ ഭാര്യയെ അമർത്തിപ്പിടിച്ചു.
“ഞാൻ പാർക്കിൽ പോകുന്ന കാര്യമാണ് പറഞ്ഞത് മാഷേ.”
“അവിടെ ഞാനെന്തായാലും വരും.”
“നിങ്ങൾ എത്ര സ്നേഹമുള്ളവനാണ്!” സനിത അതീവ സന്തോഷത്തോടെ പറഞ്ഞു. എന്നിട്ട് അയാളെ ഒരു വട്ടം കൂടി ഉമ്മ വച്ചു.
സനിത രാവിലെ 6 മണിക്ക് എഴുന്നേറ്റ് കുളിച്ച് തയ്യാറായി. എഴുന്നേറ്റ് കണ്ണ് തുടച്ച ഉടനെ ഭാര്യ സുന്ദരിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്നതാണ് മോഹിത് കണ്ടത്. അയാൾക്ക് വലിയ സന്തോഷം തോന്നി.
“സുന്ദരിക്കുട്ടിയായല്ലോ…” ജീവിത പങ്കാളിയുടെ കോംപ്ലിമെന്‍റ് അവളെ തരളിതയാക്കി. മോഹിത് അവളെ വാരി പുണരാൻ ശ്രമിച്ചതും, വിദഗ്ദ്ധമായി ഒഴിഞ്ഞുമാറി അവൾ മുറിയ്ക്ക് പുറത്ത് വന്നു.
ഉടനെ അടുക്കളയിൽ കയറി എല്ലാവർക്കുമായി ചായ ഇട്ടു. ശേഷം അമ്മായിയമ്മയുടെ മുറിയിലെത്തി അമ്മായി അച്ഛന്‍റെയും അമ്മായിയമ്മയുടെയും കാലിൽ തൊട്ട് ആശീർവാദം വാങ്ങി.
ചായ മൊത്തി കൊണ്ട് അമ്മായിയമ്മ മൃദുസ്വരത്തിൽ ചോദിച്ചു. “മോളെ രാവിലെ തന്നെ നീ വീട്ടിൽ പോവാനൊരുങ്ങിയോ?”
“ഞങ്ങൾ പാർക്കിലേയ്‌ക്ക് പോവാണ് അമ്മേ” സനിത സ്നേഹം തുളുമ്പുന്ന സ്വരത്തിൽ പറഞ്ഞു.
“അതെന്തായാലും നന്നായി, രാവിലെ കുളിർ കാറ്റിൽ നടക്കുന്നത് വളരെ നല്ലതാണ് മോളെ” അമ്മായി അച്‌ഛൻ ഇടപെട്ടു കൊണ്ട് പറഞ്ഞു.
“ഞങ്ങൾ പോയിട്ട് വരട്ടെ അമ്മേ?”
“എന്തേലും ചെയ്യുന്നതിനു മുമ്പ് നീ എന്‍റെ അഭിപ്രായം ചോദിക്കുന്ന ശീലം ഇല്ലായിരുന്നല്ലോ? അമ്മായിയമ്മ തലേ ദിവസത്തെ മൂഡിലേയ്‌ക്ക് മെല്ലെ വന്നു കൊണ്ടിരുന്നു.
“എന്നോട് പിണങ്ങല്ലേ അമ്മേ, ഞങ്ങൾ പോയിട്ട് വേഗം വരാം.” അവൾ അമ്മായിയമ്മയെ ബുദ്ധിപൂർവ്വം ഒഴിവാക്കി കൊണ്ട് പ്രസന്നമായ മുഖഭാവത്തോടെ തന്‍റെ മുറിയിലേയ്‌ക്ക് നടന്നു.
അവൾ മോഹിതിനൊപ്പം പാർക്കിലെത്തി. പ്രഭാതത്തിലെ മഞ്ഞിൻ തണുപ്പും ശുദ്ധവായുവും അവരുടെ മനസ്സിനെ കൂടുതൽ അടുപ്പിച്ചു. രണ്ട് മൂന്ന് റൗണ്ട് പരസ്പരം കൈപിടിച്ചും തൊട്ടുരുമിയും നടന്ന ശേഷം അവൻ അടുത്തുള്ള ഹോട്ടലിൽ കയറി നന്നായി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു.
രണ്ട് മണിക്കൂറിനു ശേഷമാണ് അവർ വീട്ടിൽ മടങ്ങി എത്തിയത്. വീട്ടിലുള്ളവർക്കെല്ലാം അവർക്കിഷ്ടപ്പെട്ട ബ്രേക്ക്ഫാസ്റ്റ് പാർസൽ വാങ്ങി കൊണ്ടു വന്നിരുന്നു സനിത. ഇതൊന്നും പക്ഷേ വീട്ടുകാരുടെ നീരസം മാറാൻ ഉതകുന്നതായില്ല.
ആരും സനിതയുടെ മുഖത്ത് നോക്കി സംസാരിച്ചിരുന്നില്ല. അമ്മായിയമ്മയും മുഖം വീർപ്പിച്ചാണ് നടന്നിരുന്നത്. അവർക്ക് തന്‍റെ ഭർത്താവിന്‍റെയും മകളുടെയും അയഞ്ഞ സമീപനം അത്ര പിടിച്ചിരുന്നില്ല. മകൾക്കും അമ്മയുടെ വാശി അത്ര പിടിച്ചിരുന്നില്ല. എന്തെങ്കിലും പറഞ്ഞ് കൂടുതൽ പ്രശ്നം സൃഷ്ടിക്കണ്ടാ എന്ന് കരുതി അവൾ സനിതയോട് അമ്മ കാൺകെ അടുപ്പം കാണിച്ചില്ല.
ഉച്ചഭക്ഷണം തയ്യാറാക്കാനായി സനിത വീണ്ടും അടുക്കളയിൽ കയറി, സജീവമായി. ഡ്രസ് മാറ്റാൻ നാത്തൂൻ പറഞ്ഞെങ്കിലും അവൾ അതിനു മറുപടി പറഞ്ഞു. “ചേച്ചി, ഇന്ന് നിങ്ങളുടെ ചേട്ടൻ എന്‍റെ സൗന്ദര്യത്തെ എത്രമാത്ര മാണെന്നോ പുകഴ്ത്തിയത്. അതിനാൽ ഈ സാരി ഞാൻ രാത്രിയായാലേ മാറ്റൂ.”
“ഈ വില പിടിച്ച സാരിയിൽ അടുക്കള ജോലിയെടുത്താൽ കറയാവില്ലെ? അതു കൊണ്ട് പറഞ്ഞതാണേ…”
“ഇത്തരം ചെറിയ കാര്യങ്ങൾക്ക് ടെൻഷനടിക്കുന്ന കാര്യം ഞാൻ വിട്ടിരിക്കുകയാണ് ചേച്ചി” സനിത പറഞ്ഞു.
“എന്‍റെ അഭിപ്രായത്തിൽ മണ്ടന്മാരാണ് തങ്ങൾക്ക് വരുന്ന നഷ്ടങ്ങളെ വകവയ്ക്കാതെ കാര്യങ്ങൾ ചെയ്യുക.” നാത്തൂൻ പറഞ്ഞു.
“ഞാൻ പക്ഷേ അത്ര മണ്ടിയൊന്നുമല്ല. ചേട്ടന്‍റെ സ്നേഹത്താൽ ഭ്രാന്തായതാണ്…” സനിത നിർത്താതെ ചിരിച്ചു കൊണ്ട് നാത്തൂനെ കെട്ടിപ്പിടിച്ചു. അപ്പോൾ നാത്തൂനും ആ ചിരിയിൽ പങ്ക് ചേർന്നു. അടുക്കള നിറയെ ചിരി മുഴങ്ങി.
സനിത അന്ന് വിഭവ സമൃദ്ധമായ സദ്യയൊരുക്കി. ചെമ്മീൻ റോസ്റ്റ് മാത്രം പുറത്ത് നിന്ന് വരുത്തിച്ചു.
“ഇപ്പോഴത്തെ പെൺകുട്ടികൾ വളരെ ധൂർത്തടിക്കാരികളാണ്. കാശ് വെറുതെ ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങി കളയും. പണിയെടുക്കാൻ മടിച്ചിട്ട് എല്ലാം പുറത്ത് നിന്ന് വാങ്ങി കൊണ്ടു വരും.” ഇത്തരം കുത്തുവാക്കുകൾ അമ്മായിയമ്മ പറയുമ്പോൾ അതെല്ലാം സനിത ഒരു പുഞ്ചിരിയോടെ ആണ് നേരിടാറ്. ആ പതിവ് ഇന്നും അവൾ തെറ്റിച്ചില്ല.
അന്നേ ദിവസം മോഹിതിനും സനിതയ്ക്കും ഗിഫ്റ്റുകൾ കിട്ടി. സനിതയ്ക്ക് ഒരു സാരി മോഹിതിന് ഒരു ഷർട്ട്. സനിത നാത്തൂനും അമ്മായിയമ്മയ്ക്കും നൽകാൻ രണ്ട് സമ്മാനങ്ങൾ കരുതിയിരുന്നു. അമ്മായിയമ്മയ്ക്ക് സാരി, നാത്തൂന് അവൾക്കിഷ്ടപ്പെട്ട പെർഫ്യൂം ബ്രാന്‍റ്. അമ്മായി അച്ഛന് കസവ് മുണ്ടും വെള്ള ജുബ്ബയും. ഇത്രയും കൈമാറ്റം ചെയ്യപ്പെട്ടത്തോടെ വീട്ടിലെ സംഘർഷാവസ്‌ഥയ്ക്ക് തെല്ല് മാറ്റം വന്നു. എല്ലാവരുടെയും മനസ്സിൽ സ്നേഹത്തിന്‍റെ പ്രകാശം പരക്കാൻ തുടങ്ങിയിരുന്നു. ഹോട്ടൽ സാഗർ രത്നയിലെ പാർട്ടി സമയം രാത്രി 8 മണിക്കാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു.
6 മണിയ്ക്ക് മോഹിത് ഡ്രോയിംഗ് റൂമിൽ എത്തിയപ്പോൾ, തന്‍റെ വീട്ടുകാരുടെ മൂഡ് വീണ്ടും അലമ്പായത് ശ്രദ്ധയിൽപ്പെട്ടു.
“പാർട്ടിയ്ക്ക് എന്‍റെ അനുമതിയില്ലാതെ പോകണമെന്നുണ്ടെങ്കിൽ പൊയ്ക്കോളൂ” മോഹിതിന്‍റെ അമ്മ മുഖം വീർപ്പിച്ചു.
“ഇന്നേ ദിവസം എല്ലാവർക്കും ഒന്നിച്ച് നിൽക്കുന്നതല്ലെ നല്ലത് ചേട്ടാ” പെങ്ങൾ അയാളോട് ചോദിച്ചു.
“സനിത പാർട്ടിയ്ക്ക് പോകുന്നില്ല എന്നാണ് പറയുന്നത്.” മോഹിതിന്‍റെ മറുപടി കേട്ട് മറ്റ് മൂന്ന് പേരും എന്തോ അവിചാരിതമായി സംഭവിച്ചപോലെ പരസ്പരം നോക്കി.
“മരുമോളെന്താ പാർട്ടിയ്ക്ക് പോകില്ലെന്ന് തീരുമാനം എടുത്തത്?” അമ്മായിഅച്ഛൻ ചോദിച്ചു പോയി.
“നിങ്ങൾ മൂന്ന് പേരും ഇല്ലെങ്കിൽ അവളും വരുന്നില്ലെന്നാണ് പറയുന്നത്.” മോഹിത് പറഞ്ഞു.
“ഈയിടെയായി അവൾ വല്ലാതെ നാടകം കളിക്കുന്നുണ്ട്.” അമ്മയുടെ മുഖം ചുവക്കുന്നത് മോഹിത് ശ്രദ്ധിച്ചു. അയാൾ ഒന്നിനും മറുപടി പറയാതെ സോഫയിൽ പോയി ഇരുന്നു.
“സനിതയെ അപമാനിക്കാനുള്ള അവകാശമൊന്നും നമുക്കില്ല. നിങ്ങൾ രണ്ടാളും പാർട്ടിയ്ക്ക് പോകാനായി വേഗം തയ്യാറാവൂ. ഇല്ലെങ്കിൽ ഞാനിനി ഈ വീട്ടിൽ നിന്ന് ഒരിക്കലും ഭക്ഷണം കഴിക്കുകയില്ല.” അമ്മായിഅച്‌ഛൻ പതിവിലധികം വികാരാധീനനായി. ഇത്രയും പറഞ്ഞു കൊണ്ട് അദ്ദേഹം വേഗം തന്‍റെ മുറിയിലെത്തി വേഷം മാറാൻ തുടങ്ങി.
വീട്ടുകാരെല്ലാം കൃത്യസമയത്ത് തന്നെ ഹോട്ടലിലെത്തി. സനിതയുടെ കൂട്ടുകാരെയെല്ലാം അമ്മായിയമ്മയും മോഹിതും ചേർന്നാണ് സ്വാഗതം ചെയ്തത്. എല്ലാവരെയും ചിരിച്ച മുഖഭാവത്തോടെ കണ്ടതോടെ ചില കൂട്ടുകാർക്കെങ്കിലും ആശ്ചര്യം തോന്നാതിരുന്നില്ല. എന്ത് മാജിക് ആണ് സനിത കാണിച്ചതെന്ന് അറിയാൻ അവർക്ക് താൽപര്യമായി.
“നീയെന്ത് കൂടോത്രമാണെടി കാണിച്ചേ… ഇവരെയെല്ലാം ഇത്ര സന്തോഷത്തോടെ ഇവിടെയെത്തിക്കാനായി… ഹെ” സംഗീത മാഡം സനിതയെ ഹാളിന്‍റെ ഒഴിഞ്ഞയിടത്തേയ്ക്ക് മാറ്റി നിർത്തി കൊണ്ട് ചോദിച്ചു പോയി!
സനിതയുടെ മുഖത്തൊരു പൂർണ്ണ ചന്ദ്രന്‍റെ വെളിച്ചം വിടർന്നു. അവൾ വളരെ ശാന്തമായി സംസാരിക്കാൻ തുടങ്ങി. “ചേച്ചി കഴിഞ്ഞ ഒരു വർഷമായി എന്‍റെ ഉള്ളിൽ ഉണ്ടായിട്ടുള്ള മാറ്റത്തെക്കുറിച്ച് ഞാൻ പറയാം. ഒന്നാം വിവാഹ വാർഷിക ദിവസം എന്‍റെ ഭർതൃവീട്ടുകാരുടെ കടുത്ത നിലപാടും പെരുമാറ്റവും കാരണം ഒരുപാട് കരഞ്ഞിരുന്നു. ഈ കാര്യങ്ങളൊക്കെ ചേച്ചിക്കും നന്നായി അറിയാമല്ലോ…”
“അന്ന് രാത്രിയാണെനിക്ക് ഒരു കാര്യം വ്യക്‌തമായത്. അന്ന് എന്‍റെ കണ്ണീര് കണ്ട് അവിടെ ആരും തന്നെ സന്തോഷിച്ചിരുന്നില്ല. എന്‍റെ സങ്കടം ഒരു തരത്തിലും അമ്മായിയമ്മയേയും നാത്തൂനെയും സംതൃപ്തിപ്പെടുത്തുന്നില്ല എന്ന് എനിക്ക് മനസ്സിലായി. തമ്മിലടിപ്പിച്ച് സന്തോഷം കണ്ടെത്താനുള്ള മനസ്സ് ആ വീട്ടുകാർക്കില്ലായെന്നുള്ള സത്യമാണ് ഇതിലൂടെ എനിക്ക് വെളിപ്പെട്ടത്. ഈ അറിവാണെന്നെ മാറാൻ പ്രേരിപ്പിച്ചത്. എന്‍റെ മനസ്സിന്‍റെ ശാന്തിയും സമാധാനവും എന്‍റെ കൈയ്യിൽ തന്നെയാണെന്ന് എനിക്ക് മനസ്സിലായി.
“ഞാനുമായി ബന്ധപ്പെട്ട ആളുകളെ ഞാൻ രണ്ടായി തരം തിരിച്ചിരിക്കുകയാണ്. അതിലൊരു കൂട്ടർ ഞാൻ സന്തോഷിച്ചിരിക്കുന്നത് കാണുമ്പോൾ സന്തോഷിക്കുന്നവരാണ്. ചിലർ അങ്ങനെയല്ലാത്തവരും. രണ്ടാമത്തെ വിഭാഗത്തിലുള്ളവർ എന്നെ നിരാശപ്പെടുത്താനും വെറുപ്പിക്കാനും ശ്രമിക്കുന്നവരാണ്. ഇപ്പോൾ ഞാനത്തരക്കാരുമായി യാതൊരു അടുപ്പവും പുലർത്താറില്ല. അവരു പറയുന്നതൊന്നും അതിനാൽ തന്നെ എന്നെ ബാധിക്കാറുമില്ല.
“ഓഫീസിൽ റീതു എന്നെ പ്രകോപിപ്പിക്കാറുണ്ട്. പക്ഷേ ഞാനതിൽ ഇപ്പോൾ വീഴാറില്ല. അതുപോലെ സുരേന്ദ്രൻ സാർ വഴക്ക് പറഞ്ഞ ശേഷം ഞാൻ അവരെ നോക്കി പുഞ്ചിരിക്കാനും ശ്രമിക്കുന്നു.”
“വീട്ടിലും ഇതാണ് ഞാൻ പരീക്ഷിക്കുന്നത്. അമ്മായിയമ്മയും നാത്തൂനും എത്ര തന്നെ ഒച്ചവച്ചാലും പ്രകോപിപ്പിച്ചാലും ഞാൻ കൂൾ ആയിരിക്കും. ആ വലയിൽ ഞാൻ വീഴാതെ നോക്കും. ആരുടെയും കുറ്റങ്ങൾ ഞാൻ മോഹിതിനോടും പറയാറില്ല.”
സംഗീതാ മാഡം അവൾ പറയുന്നതെല്ലാം കൗതുകം നിറഞ്ഞ സ്നേഹത്തോടെ കേട്ടിരുന്നു.
“ചെറിയ കാര്യത്തിനു കരയുന്ന സ്വഭാവമെല്ലാം ഞാൻ കളഞ്ഞു ചേച്ചി. ചിരിച്ചു കൊണ്ട് എല്ലാം ദുരന്തത്തെയും നേരിടാൻ എന്‍റെ മനസ്സ് പാകപ്പെട്ടിരിക്കുന്നു. എന്‍റെ സന്തോഷം ഞാനിപ്പോ ആർക്കും വിട്ടുകൊടുക്കുന്നില്ല…” സനിത ചിരിച്ചു. എന്‍റെ സന്തോഷം മറ്റുള്ളവരുടെ സന്തോഷമാക്കി മാറ്റാനുള്ള മാജിക് എനിക്കിപ്പോ അറിയാം ചേച്ചി. ആ മാജിക്കാണ് ഇവിടെ വർക്ക്ഔട്ടായത്. കണ്ടോ എന്‍റെ അമ്മായിയമ്മയും നാത്തൂനും അമ്മായി അച്‌ഛനും എത്ര സന്തോഷത്തോടെയാണ് പാർട്ടിക്ക് വന്നതെന്ന്. ഇനി നോക്കിക്കോ ഞാൻ എന്‍റെ വീട് ഒരു സ്വർഗ്ഗമാക്കും.”
സംഗീത മാഡം സ്നേഹപൂർവ്വം അവളെ താലോടി തന്നിലേയ്‌ക്ക് ചേർത്തു പിടിച്ചു. ഒരു മകളോടുള്ള വാത്സല്യം എന്നും അവർക്ക് സനിതയോട് ഉണ്ടായിരുന്നു.
“മോളെ നീ ശരിക്കും ബുദ്ധിമതിയാണ്. സ്നേഹമുള്ളവളാണ്. നിന്നെപ്പോലെ ഒരു മരുമകളെ എനിക്കും കിട്ടിയിരുന്നെങ്കിൽ …” സംഗീത മാഡം പറഞ്ഞു.
“ചേച്ചി എന്‍റെ ജീവിതത്തിൽ എനിക്കിത്രയും മനോഹരമായ കോംപ്ലിമെന്‍റ് മുമ്പോരിക്കലും കിട്ടിയിട്ടില്ല. താങ്ക് യു വെരി മച്ച്.”
“മോളെ, സനിതയെ അമ്മായിയമ്മ വിളിച്ചു. സന്തോഷത്തിന്‍റെ കണ്ണുനീർ നിറച്ച കണ്ണുകളുമായി അവൾ പാർട്ടിയിൽ മുഴുകി. അമ്മായിയമ്മയും അവളും ചേർന്ന് കേക്ക് മുറിച്ചപ്പോൾ എല്ലാവരും കൈയടിച്ചു.