23 വയസുള്ള പൂർണ്ണിമ ഗുപ്ത ചത്തീസ്ഗഡ് ജില്ലയിലെ അംബികാപൂരിലെ ഒരു പ്രശസ്ത കോളേജിലായിരുന്നു പഠിച്ചിരുന്നത്. പഠിക്കാൻ നല്ല മിടുക്കിയായിരുന്നു. എംഎസ്സി ചെയ്യുന്നതിനൊപ്പം പിഎസ്സി പരീക്ഷകളും അവൾ എഴുതിയിരുന്നു. ഇടത്തരം കുടുംബത്തിലെ സൽസ്വഭാവിയായ പൂർണ്ണിമയ്ക്ക് ഇതേ പ്രായത്തിലുള്ള കുട്ടികൾക്ക് സംഭവിക്കുന്ന തെറ്റ് പറ്റി.

പ്രണയിക്കുന്നതു തെറ്റൊന്നുമല്ല. പക്ഷേ പ്രണയത്തിൽ അകപ്പെട്ട് കുടുംബപ്പേര്, അഭിമാനം, നല്ലതും ചീത്തയും തിരിച്ചറിയാതെ പോകുന്നതും ഇവയെല്ലാം വലിയ സാഹസമാണ്. അതിന്‍റെ വില പൂർണ്ണിമയ്ക്ക് കൊടുക്കേണ്ടിയും വന്നു. സഹിക്കാനാവാതെ അവൾ ജീവനൊടുക്കി.

പൂർണ്ണിമ തന്‍റെ നഗരത്തിലെ മൊബൈൽ കട നടത്തുന്ന 23 വയസുകാരനായ ഫിർദൗസുമായി പ്രണയത്തിലായിരുന്നു. ഒരിക്കൽ തന്‍റെ മൊബൈൽ നന്നാക്കാൻ കടയിൽ ചെന്നപ്പോഴാണ് പരിചയപ്പെട്ടത്. അത് പിന്നെ വാട്സാപ്പിലൂടെ വളർന്നു. നിത്യവും വിളിക്കലും ചാറ്റ് ചെയ്യലുമായി പ്രണയബന്ധം മുറുകി.

പ്രണയകാലത്ത് ഒരു ദിനം പൂർണ്ണിമയുടെ അർദ്ധനഗ്ന ഫോട്ടോ, അതും ഫിർദൗസ് നിർബന്ധിച്ച് എടുപ്പിച്ച് അയച്ചത് അയാൾ തന്നെ വൈറൽ ആക്കുമെന്ന് ഭീഷണിപ്പെടുത്തി. ഒരിക്കൽ വഴക്കടിച്ചപ്പോൾ ആണ് ഫിർദൗസ് ഇങ്ങനെ പറഞ്ഞത്. പൂർണ്ണിമ കയ്യും കാലും പിടിച്ച് അത് വൈറൽ ആക്കരുതെന്ന് പറഞ്ഞെങ്കിലും തന്‍റെ തീരുമാനത്തിൽ അയാൾ ഉറച്ചു നിന്നു. തന്‍റെ വീട്ടുകാരുടെ മാനം കപ്പലുകേറുമെന്ന് പേടിച്ച പൂർണ്ണിമ മറ്റൊന്നും നോക്കിയില്ല. ഫിർദൗസിനോട് പറഞ്ഞപോലെ സ്വയം ജീവനൊടുക്കി. തന്‍റെ മുറിയിൽ കയറി വാതിലടച്ച ശേഷം ഫാനിൽ കെട്ടി തൂങ്ങി. സംഭവശേഷം ഫിർദൗസ് ഒളിവിൽ പോയി.

ഒരിക്കലും ഇതു ചെയ്യരുത്

പ്രണയിക്കുമ്പോൾ കാമുകൻ പറയുന്നതെന്തും ചെയ്യാൻ കാമുകിമാർ തയ്യാറാവും. പ്രത്യേകിച്ചും ഇമോഷണലി പറയുന്ന കാര്യങ്ങൾ. പൂർണ്ണിമയെ പോലെ തന്നെ തെറ്റു പറ്റിയത് ഡൽഹിയിലെ സമീപ പ്രദേശമായ നോയിഡയിൽ താമസിക്കുന്ന സജനിക്കാണ് (പേര് വ്യാജം) സജനി അതേ കോളനിയിലെ തന്നെ ചെറുപ്പക്കാരനായ ശ്രീവാസ്തവയുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധം അധികകാലം നീണ്ടു നിന്നില്ല. അവർ തെറ്റി പിരിഞ്ഞു. പക്ഷേ സജനിയുടെ കുറെ ഫോട്ടോകൾ ശ്രീവാസ്തവയുടെ മൊബൈലിൽ ഉണ്ടായിരുന്നു. പ്രണയകാലത്ത് ഇരുവരും ചേർന്ന് എടുത്ത റൊമാന്‍റിക്ക് ചിത്രങ്ങൾ. പരസ്പരം പുണരുന്നതും മറ്റും. ഇതൊക്കെ ലോകം അറിഞ്ഞാൽ അഭിമാനക്ഷതം സംഭവിക്കുമായിരുന്നു.

ബ്രേക്ക്അപ്പിനു ശേഷം സജനിയെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രീവാസ്തവ ഈ ഫോട്ടോകൾ ഉപയോഗിച്ചിരുന്നു. അതെല്ലാം സജനി സഹിച്ചു. പക്ഷേ അവൾ പിടിവിട്ടു പോയത് കല്യാണം നിശ്ചയിച്ചപ്പോഴാണ്. ഇതറിഞ്ഞ ശ്രീവാസ്തവ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സജനിയുടെ അശ്ലീല ഫോട്ടോകൾ വൈറൽ ആക്കുമെന്ന് ഭീഷണി മുഴക്കി. ഇതോടെ സജനി ആകെ ധർമ്മ സങ്കടത്തിലായി. നല്ല കാലത്ത് വിശ്വസിച്ച് എടുപ്പിച്ച പടങ്ങൾ ഇപ്പോൾ നാട്ടുകാരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇത് ചെക്കന്‍റെ വീട്ടുകാർ അറിഞ്ഞാൽ കല്യാണം മുടങ്ങും. വീട്ടിലും നാട്ടിലും പിന്നെ തല ഉയർത്തി നടക്കാനാവില്ല. സജനി അയാളുടെ വർത്തമാനങ്ങളോട് പ്രതികരിക്കാതിരുന്നപ്പോൾ ശ്രീവാസ്തവയ്ക്ക് കൂടുതൽ കലി കയറി. അയാൾ സജനിയുടെ ചിത്രങ്ങൾ അവളുടെ സഹോദരന്‍റെയും അച്‌ഛന്‍റെയും വാട്സ്സാപ്പിലേയ്ക്ക് അയച്ചു കൊടുത്തു.

ഇതിനു മുമ്പ് തന്നെ സജനിയുടെ സഹോദരൻ പോയി പോലീസ് സ്റ്റേഷനിൽ ഇതേപ്പറ്റിയുള്ള പരാതി ശ്രീവാസ്തവക്കെതിരെ നൽകിയിരുന്നു. പോലീസ് ഉടനെ നടപടി എടുത്തു. ശ്രീവാസ്തവയെ അറസ്റ്റ് ചെയ്‌തു. അങ്ങനെ സജനിയുടെ ജീവിതം രക്ഷപ്പെട്ടു. എങ്കിലും ജീവിതകാലം മുഴുവൻ ഈ അനിഷ്ട സംഭവം സജനിയുടെ പേടിസ്വപ്നമായി. പെൺകുട്ടികളാണ് എപ്പോഴും ഇത്തരം ചതിയിൽ പോയി വീഴുന്നത്. പ്രേമിക്കുന്ന കാലത്ത്, കാമുകന്‍റെ താൽപര്യങ്ങൾക്ക് വഴങ്ങി കൊടുക്കേണ്ടി വരുന്നു. അത് സ്നേഹത്തിന്‍റെ പുറത്ത് ചെയ്യുന്നതാവും. പരസ്പരം വിശ്വാസത്തിന്‍റെ ബലത്തിലാവും ഇങ്ങനെ ചെയ്യുന്നത്. പക്ഷേ അത് ഭാവിയിൽ അപകടം ക്ഷണിച്ചു വരുത്തുന്നു. ബ്രേക്ക്അപ്പ് ആവുമ്പോഴാണ് ഇതെല്ലാം പാരയാവുന്നത്. അതുകൊണ്ട് വളരെ ശ്രദ്ധിക്കുക.

എത്ര ട്രസ്റ്റ് ഉള്ളവരായാലും സ്നേഹമുള്ളവരായാലും ഇത്തരം ചിത്രങ്ങൾ, വീഡിയോകൾ ഒരിക്കലും കാമുകനു നൽകരുത്. പലരും ചാറ്റിൽ ഇങ്ങനെ ഫോട്ടോകൾ കൈമാറാറുണ്ട്. ചാറ്റിനു ശേഷം വിഡീയോ ചാറ്റിലും നഗ്നത പ്രദർശിപ്പിക്കും. അതും കാമുകന്‍റെ നിർബന്ധപ്രകാരം. അവനത് കാമുകി അറിയാതെ റെക്കോർഡ് ചെയ്യും. പിന്നീടാണ് ബ്ലാക്ക്മെയിലിനു വേണ്ടി ഇത് ഉപയോഗപ്പെടുത്തുക. ചിലപ്പോൾ കാമുകന്‍റെ ഫോൺ കേടായാൽ അതു നന്നാക്കാൻ കൊടുക്കുമ്പോൾ അവിടെ വച്ചും ലീക്കാവാം. അതു നാട്ടുക്കാരുടെ കൈകളിലേയ്ക്ക് പല ഗ്രൂപ്പുകൾ വഴി വൈറൽ ആവുകയും ചെയ്യും. അതുകൊണ്ട് ഒരിക്കലും എത്ര നിർബന്ധിച്ചാലും നഗ്ന വീഡിയോ, ഫോട്ടോ കാമുകനോ വിവാഹം കഴിക്കാൻ പോകുന്ന ആൾക്കോ ഒരിക്കലും അയക്കരുത്.

സ്വകാര്യത പകർത്തരുത്

മൊബൈൽ ആണ് പലപ്പോഴും വില്ലനാവുന്നത്. കാമുകീകാമുകന്മാരിൽ മാത്രമല്ല ഭാര്യ ഭർത്തൃബന്ധത്തിലും ഇത് കിടപ്പറയിൽ വില്ലത്തരം കാട്ടാറുണ്ട്. പരസ്പര സ്നേഹം മൂക്കുമ്പോൾ രതി രംഗം ഒന്ന് പകർത്താം എന്ന് കരുതുന്ന ദമ്പതികളും ഉണ്ട്. ലൈംഗിക വേഴ്ച മൊബൈൽ ക്യാമറ ഓൺ ആക്കി വച്ചിട്ട് നിർവ്വഹിക്കും. പിന്നീടത് നോക്കി ആസ്വദിക്കുകയും ചെയ്യും. ഈ സ്വഭാവമാണ് ഭാവിയിൽ അപകടം ക്ഷണിച്ചു വരുത്തുന്നത്. മൊബൈൽ ക്യാമറയിൽ പകർത്തിയ ദൃശ്യം അറിയാതെ ലീക്കാവും. അതു പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും കുട്ടികൾക്കും ബന്ധുമിത്രാദികൾക്കും ലഭിക്കുകയും ചെയ്യാം. മാനം പോകുന്ന കേസാണിത്. സ്വയം നഗ്നത പകർത്തുന്നത് ഒരുതരം മാനസികവൈകല്യം കൂടിയാണ്. മറ്റുള്ളവർ ഒളിഞ്ഞു പകർത്തിയ ദൃശ്യത്തിന്‍റെ കാര്യം നമ്മുടെ കയ്യിൽ ഉള്ള സംഗതി അല്ലെന്ന് പറയാം. പക്ഷേ മനപൂർവ്വം കിടപ്പറ രംഗമോ ഒന്നിച്ചുള്ള കുളിയോ പകർത്തി ആസ്വദിക്കുന്നത് അവനവൻ കുഴിക്കുന്ന കുഴികളിൽ വീഴാൻ വേണ്ടി മാത്രമായി തീരും. ഇതു വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇനി ദാമ്പത്യ രതി ആസ്വദിക്കാൻ ഈ മാർഗ്ഗം വേണമെന്ന് നിർബന്ധമാണെങ്കിൽ അതു എടുത്ത ശേഷം കണ്ടു കഴിഞ്ഞ് ഡിലീറ്റ് ചെയ്യുക. അതും പൂർണ്ണമായി സെയ്ഫ് അല്ലെങ്കിലും മൊബൈൽ നന്നാക്കാനോ മറ്റോ കൊടുക്കുമ്പോൾ പെട്ടെന്ന് അവർക്ക് എടുക്കാനായി സാധിക്കുകയില്ല.

സ്വകാര്യത സത്യത്തിൽ വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. അത് ദമ്പതികൾ മാനിക്കണം. നിർബന്ധിച്ചോ ഇമോഷണൽ ബ്ലാക്ക്മെയിലിംഗ് ചെയ്‌തോ നഗ്നചിത്രം എടുക്കാൻ പ്രേരിപ്പിക്കുന്നത്. പങ്കാളി നിർബന്ധിച്ചാലും അതിനു നിന്നു കൊടുക്കാൻ സ്ത്രീകൾ തയ്യാറാവരുത്. പകപോക്കാനും മറ്റും ഇത്തരം ചിത്രങ്ങൾ പിന്നീട് ഉപയോഗിക്കപ്പെട്ടേക്കാം.

പക്വതക്കുറവും കാരണമാകുന്നു

പ്രണയിക്കുന്നവർക്കിടയിൽ കാമുകന്‍റെ സമ്മർദ്ദം മൂലം അല്ലാതെയും ഇത്തരം കാര്യങ്ങൾക്ക് മുൻകൈയെടുക്കുന്ന പെൺകുട്ടികളുമുണ്ട്. പക്വതക്കുറവ് കാരണമാണ് ഇത്. മറ്റൊന്ന് അവർ പ്രണയിക്കുന്ന ആളെ കണ്ണുമടച്ച് വിശ്വസിക്കുന്നു എന്നതാണ്. ഈ രണ്ടു കാര്യങ്ങളും അവരെ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. സാമൂഹിക അവസ്‌ഥയോ, വിവരക്കുറവോ ആണ് പലപ്പോഴും ഇത്തരം കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കാൻ ഇടയാക്കുന്നത്. സ്ക്കൂൾ തലത്തിൽ തുടങ്ങി പെൺകുട്ടികൾക്ക് കൗൺസിലിംഗ് കൊടുക്കേണ്ടതുണ്ട്. ഓൺലൈൻ അപകടങ്ങളെ പറ്റി അവരെ ബോധവാന്മാർ ആക്കണം.

ഏതെങ്കിലും കാമുകനോ കാമുകിയോ അല്ലെങ്കിൽ അടുത്ത സുഹൃത്തോ നഗ്ന ഫോട്ടോ എടുത്ത് അയക്കാനോ വീഡിയോ കോളിൽ നഗ്നത പ്രദർശിപ്പിക്കാനോ പറയുകയാണെങ്കിൽ ഒരു കാര്യം ഉറപ്പിച്ചോളൂ. ആ വ്യക്‌തിയ്ക്ക് നിങ്ങളോട് ഉദാത്ത പ്രണയം അല്ല. അയാൾ പണി തരാൻ വേണ്ടിയാണ് പ്രേരിപ്പിക്കുന്നത്.

  • സെക്സ് സുഖം ലഭിക്കാനും ഭാവിയിൽ ചൂഷണം ചെയ്യാനുമാണ് പ്രണയിക്കുന്ന ആൾ ഫോട്ടോ ആവശ്യപ്പെടുന്നതെന്ന് മനസ്സിലാക്കുക. അത് നിരുത്സാഹപ്പെടുത്താനുള്ള മാനസിക ബലം നിങ്ങൾ കാണിക്കണം.
  • “എന്നെ നിനക്ക് അത്രയ്ക്കും വിശ്വാസം ഇല്ലേ” കാലാകാലങ്ങളായി കാമുകന്മാർ പയറ്റുന്ന ഈ ഡയലോഗിൽ നിങ്ങൾ ഒരിക്കലും വീണുപോകരുത്.
  • നല്ല മനസ്സുറപ്പുള്ള കാമുകൻ, സുഹൃത്ത് ഒരിക്കലും ഇങ്ങനെയൊരു കാര്യം നിങ്ങളോട് നിരന്തരം ആവശ്യപ്പെടുകയില്ല. വീഡിയോ ചാറ്റിൽ തുടങ്ങി കുറച്ച് കാൽപാദം കാണിക്കൂ. ഇനി കുറച്ച് പുറം ഭാഗം കാണിക്കൂ എന്ന് പ്രേരിപ്പിക്കാം. അതു ചെയ്‌തു കഴിയുമ്പോൾ ബ്രാ ഊരാനും പിന്നീട് മുഴുവൻ കാണിക്കാനും പ്രേരിപ്പിക്കും. ഈ ഇമോഷണൽ അവസ്‌ഥയിലേക്ക് കാര്യങ്ങൾ കൊണ്ട് ചെന്ന് എത്തിക്കരുത്. ഒരിക്കൽ പെട്ടാൽ പിന്നീടത് ആവർത്തിക്കാൻ ഇടവരും. സ്‌ഥിരം പരിപാടി ആയി മാറുകയും ചെയ്യും. അപകടം മുൻകൂട്ടി കാണുക.
  • ചിലർ പടം എടുത്ത ശേഷം ഡിലീറ്റ് ചെയ്യാം എന്ന് വാഗ്ദാനം നൽകും. പ്രേരിപ്പിക്കും. പക്ഷേ അതു ഒരിക്കലും നടപ്പാകില്ല. ഈ കാര്യവും ശ്രദ്ധിക്കണം. കണ്ട് കഴിഞ്ഞ് ഡിലീറ്റ് ചെയ്യും എന്ന് വിശ്വസിക്കരുത്. ഇങ്ങനെ പറയുമ്പോൾ പലരുടെയും ആത്മ വിശ്വാസം കൂടും. എന്നിട്ട് പടം അയച്ചു കൊടുക്കുകയും ചെയ്യും. അതു പാടില്ല.
और कहानियां पढ़ने के लिए क्लिक करें...