കമൽ സംവിധാനം ചെയ്‌ത ആയുഷ്ക്കാലം എന്ന സിനിമ പറയുന്നത് ഹൃദയം മാറ്റിവച്ച കഥയാണ്. പക്ഷേ സിനിമയിറങ്ങി വർഷങ്ങൾ കഴിഞ്ഞാണ് കേരളത്തിൽ ഒരു ഹൃദയം മാറ്റി വയ്‌ക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നത്. ലിസി ഹോസ്പിറ്റലിലെ ഡോ. ജോസ് ചാക്കോ പെരിയപ്പുറം അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമായി. കേരളത്തിന്‍റെ അഭിമാനവും. ഇപ്പോൾ അവയവമാറ്റ ശസ്‌ത്രക്രിയകൾ ധാരാളം നടക്കുന്നുണ്ട്. ജീവൻ കൊടുക്കുന്ന, ജീവിതം കൊടുക്കുന്ന ഈ മഹാദാനം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതു തന്നെയാണ്. ഹൃദയ സ്‌പർശിയായ ഒരു സിനിമപോലെയല്ല അവയവദാനത്തിന്‍റെ പ്രക്രിയ എങ്കിലും മഹത്തായ ചുവടുവെപ്പാണത്. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന് താങ്ങാവുന്നതിന്‍റെ ഹൃദയരാഗമാണത്.
പുതു ജീവൻ പകർന്ന് ശ്രുതി
ഒരിക്കൽ കൈവിട്ടുപോയി എന്നു കരുതിയ തന്‍റെ ജീവിതം തിരികെ കൈവന്നതിന്‍റെ രണ്ടാം വാർഷികത്തിലാണ് ശ്രുതി. ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാർഡിയോ മയോപ്പതി എന്ന അവസ്‌ഥയിലായിരുന്നു ആരക്കുന്നം കടപ്പുറത്ത് ശശീന്ദ്രന്‍റേയും ശാന്തയുടേയും മകളായ ശ്രുതി.
രക്‌തധമനികളെ ബാധിക്കുന്ന ടക്കയാസു ഡിസീസും ഈ പെൺകുട്ടിക്ക് ഉണ്ടായിരുന്നു. കൂടാതെ ജന്മനാ തന്നെ ഒരു വൃക്ക മാത്രമുള്ള അവസ്‌ഥയും. അങ്ങനെയിരിക്കുമ്പോഴാണ് ശ്രുതിക്ക് ഹൃദയം മാറ്റി വയ്‌ക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നത്. തുടർന്നുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി എറണാകുളം ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്‍റെ നേതൃത്വത്തിൽ ശസ്ത്രക്രിയ വിജയകരമായി നടന്നു.
കോട്ടയം വാഴപ്പള്ളി സ്വദേശിയായ തൈപ്പറമ്പിൽ ജോസഫ് മാത്യുവിന്‍റെ (ലാലിച്ചൻ) ഹൃദയമാണ് ശ്രുതിയുടെ ജീവനു തുണയായത്.
മസ്‌തിഷ്ക മരണം സംഭവിച്ച നീലകണ്ഠശർമ്മയുടെ ഹൃദയം കൊച്ചിയിൽ സ്വീകരിച്ച ചാലക്കുടി പരിയാരം സ്വദേശി മാത്യു അച്ചാടന്‍റെ വിവരം അറിഞ്ഞ ശ്രുതി അദ്ദേഹത്തിന്‍റെ വസതിയിൽ എത്തിയിരുന്നു. അതും ഭൂമിയിൽ സ്നേഹം നിറയുന്നതിന്‍റെ മറ്റൊരു കഥയാണ്.
ജീവൻ കൊടുക്കുന്നു, ജീവിതം കൊടുക്കുന്നു
ഇതു കൂടാതെ മസ്‌തിഷ്ക മരണം സംഭവിച്ച കണ്ണൂർ എടയന്നൂർ തിരുവാതിരയിൽ പ്രജീഷിന്‍റെ ഹൃദയം, കരൾ, വൃക്ക, പാൻക്രിയാസ്, നേത്രപടലം ഇവ ദാനം ചെയ്‌തിരുന്നു. മൂവാറ്റുപുഴ രണ്ടാർകര മണലിൽ ഷാബുവാണ് പ്രജീഷിന്‍റെ ഹൃദയം സ്വീകരിച്ചത്. ഷാബുവിന്‍റെ മജ്ജയിൽ നേരത്തെ ക്യാൻസർ ഉണ്ടായി. തിരുവനന്തപുരം ആർസിസിയിലെ ചികിത്സയിലൂടെ ഭേദമായി. പിന്നാലെയാണ് ഹൃദ്രോഗത്തിന് അടിപ്പെടുന്നത്. തുടർന്ന് അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലായിരുന്നു.
കൈപ്പത്തികൾ വിജയകരമായി മാറ്റി വച്ച ശസ്ത്രക്രിയകളും അടുത്തിടെ നടന്നു. കുറേ നാള്‍ മുമ്പ് അമൃതയിൽ കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയ പിറവം സ്വദേശിനിയായ സ്വാതിയും സാധാരണ ജീവിതം നയിക്കുന്നു. മാതൃകയായി മരണത്തിലേക്ക്
അവയവ ദാനത്തിന്‍റെ പ്രചാരകനായി പ്രവർത്തിച്ചു വരികയായിരുന്നു കായംകുളം കണ്ണച്ചള്ളി ഭാഗം കൊട്ടോളിൽ പ്രണവ്. മുതുകുളത്ത് വച്ച് ഒരു ബൈക്കപകടത്തിൽ പെടുകയായിരുന്നു. തലയ്‌ക്കു ഗുരുതരമായി പരിക്കേറ്റ നിലയിൽ ആലപ്പുഴ മെഡിക്കൽ കോളേജിലും തുടർന്ന് കൊച്ചി ലേക്ഷോർ ആശുപത്രിയിലും ചികിത്സ തേടി. എന്നാൽ ദൗർഭാഗ്യകരമായ ആ വസ്‌തുത ഡോക്ടർമാർ വ്യക്‌തമാക്കി.
പ്രണവ് ഇനി ജീവിതത്തിലേക്കു മടങ്ങി വരികയില്ലെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞു. തന്‍റെ മകന് മസ്തിഷ്കമരണം സംഭവിച്ചതറിഞ്ഞ പിതാവ് ഹരിലാൽ അവയവദാനത്തിനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. പ്രണവിന്‍റെ ഹൃദയം, ശ്വാസകോശം, വൃക്കകൾ, കരൾ, ചെറുകുടൽ എന്നിവയാണ് കൈമാറ്റം ചെയ്തത്. ഹൃദയം ഇവിടെ നിന്ന് ചെന്നൈയിലേക്ക് വിമാന മാർഗ്ഗം കൊണ്ടു പോയി. അവിടെ ഫോർട്ടീസ് മലർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മഹാരാഷ്ട്ര സ്വദേശിയായ 24 കാരന് ഹൃദയവും ശ്വാസകോശവും ഒന്നിച്ചു മാറ്റി വയ്‌ക്കുകയായിരുന്നു.
കേരള നെറ്റ്‍വർക്ക് ഓഫ് ഓർഗൻ ഷെയറിംഗ് അധികൃതർ നടത്തിയ അന്വേഷണത്തിൽ കേരളത്തിൽ ഇതിനു യോജിച്ച രോഗികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയാണ് തമിഴ്നാട് നെറ്റുവർക്കുമായി ബന്ധപ്പെട്ടത്. കേരളത്തിൽ നിന്നും അയൽ സംസ്ഥാനത്തേക്ക് ആദ്യമായി ഒരു അവയവ മാറ്റം നടന്നു.
ദേശങ്ങൾക്കപ്പുറത്ത് ഒരു കുടുംബത്തിന്‍റെ സന്തോഷം വീണ്ടെടുക്കാൻ കഴിഞ്ഞതിന്‍റെ നിർവൃതിയിലാണ് പ്രണവിന്‍റെ മാതാപിതാക്കളായ ഹരിലാലും ഭാര്യ ബിന്ദുവും. കോളേജിലെ സാന്ത്വനം ചാരിറ്റി ക്ലബിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച അവയവദാന ബോധവൽക്കരണ ക്യാമ്പിന്‍റെ സംഘാടകനായി പ്രവർത്തിക്കുകയായിരുന്നു പ്രണവ്. യുവാവിന്‍റെ കരളും വൃക്കകളും കേരളത്തിൽ ചികിത്സയിൽ കഴിയുന്ന മറ്റുരോഗികൾക്കാണ് നൽകിയത്.
ഇതുപോലെ തന്നെ കേരളത്തിൽ നിന്ന് മറ്റൊരു ഹൃദയം കൂടി ചെന്നൈയിലേക്ക് കൊണ്ടുപോയി. വാഹനാപകടത്തിൽ മസ്‌തിഷ്ക മരണം സംഭവിച്ച ഇരിങ്ങാലക്കുട ചേലൂർ കല്ലൂക്കാരൻ വീട്ടിൽ പോൾസന്‍റെ മകൻ അഭിജിത്തിന്‍റെ ഹൃദയം, കരൾ, കിഡ്നി, കോർണിയ എന്നിവയാണ് മറ്റു രോഗികൾക്കായി നൽകിയത്. ചെന്നൈയിൽ നിന്ന് ഡോക്ടർമാർ ഇവിടെയെത്തി അവയവം സ്വീകരിച്ചു.
മൃത സഞ്ജീവനി ആശ്വാസം
കേരള സർക്കാറിന്‍റെ നേതൃത്വത്തിൽ അവയവദാനത്തിന്‍റെ മഹത്വം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപവൽക്കരിച്ച് മൃതസഞ്ജീവനി (കേരള നെറ്റ്‍വർക്ക് ഫോർ ഓർഗൻ ഷെയറിംഗ്) യിലൂടെ 100ലധികം കുടുംബങ്ങൾ മുന്നോട്ട് വന്നിട്ടുണ്ട്. ഇതിലൂടെ എഴുന്നൂറിലധികം പേർക്ക് പ്രത്യാശ പകർന്നു നൽകാനും കഴിഞ്ഞു. 2012 ആഗസ്‌റ്റിലാണ് സർക്കാർ നേരിട്ട് ഈ സംരംഭത്തിനു തുടക്കം കുറിച്ചത്. ഇതിന്‍റെ വെബ്സൈറ്റ് സന്ദർശിച്ച് വിശദ വിവരങ്ങൾ മനസ്സിലാക്കാം.
അവയവദാതാക്കൾക്കും സ്വീകർത്താക്കൾക്കും തങ്ങളുടെ ആവശ്യം മൃതസഞ്ജീവനിയെ അറിയിക്കാം. സ്റ്റേറ്റ് കൺവീനർ : ഫോൺ: 0471- 2528386, 2528658. അതിലൂടെ മാർഗ്ഗ നിർദേശങ്ങളും അനന്തര നടപടികളും ലഭ്യമാക്കാൻ വഴിയൊരുക്കും. അതോടൊപ്പം തന്നെ അവയവം സ്വീകരിക്കാൻ കാത്തിരിക്കുന്നവരുടെ എണ്ണവും ആശുപത്രികളുടെ വിവരങ്ങളും മനസ്സിലാക്കാം.
മഹത്വമറിഞ്ഞ് കടന്നു വരുന്നവർ
കേരളത്തിൽ അവയവ കൈമാറ്റ ശസ്‌ത്രക്രിയകൾ വ്യാപകമാകുന്നുണ്ട്. കൂടുതൽ ആളുകൾ ഇതിന്‍റെ മഹത്വമറിഞ്ഞു കൊണ്ട് മുന്നോട്ടു കടന്നു വരുന്നതാണ് കാരണം. അവയവമാറ്റ ശസ്‌ത്രക്രിയകൾ അധികവും നടക്കുന്നത് കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലായാണ്. കരൾ, വൃക്ക, ഹൃദയ ശസ്ത്രക്രിയകൾ നടത്തുവാൻ സുസജ്ജമായ മുപ്പതോളം ആശുപത്രികൾ ഇപ്പോൾ കേരളത്തിൽ ഉണ്ട്. ജീവിച്ചിരിക്കുന്ന ഒരാൾക്ക് സ്വന്തം ഇഷ്‌ടപ്രകാരം അവരുടെ ഒരു വൃക്ക പൂർണ്ണമായും കരൾ ഭാഗികമായും നൽകാൻ കഴിയും. എന്നാൽ മസ്തിഷ്ക മരണം സംഭവിച്ചയാളുടേതാണെങ്കിൽ കണ്ണുകൾ, ശ്വാസകോശങ്ങൾ, വൃക്കകൾ, കരൾ, ചെറുകുടൽ, ഹൃദയം, പാൻക്രിയാസ്, കൈകാലുകൾ, തൊലി, എല്ലുകൾ ഇവയൊക്കെ മറ്റൊരാളിലേക്ക് കൈമാറ്റം നടത്താൻ കഴിയും. ഇരുവരുടേയും രക്‌തഗ്രൂപ്പും ഒന്നാകണം. രക്‌ത ദാനനിയമങ്ങൾ ഇവിടെയും ബാധകമായിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് സ്വീകർത്താവിന് വിവിധ മെഡിക്കൽ ചെക്കപ്പും വേണ്ടി വരും.
മസ്തിഷ്ക മരണം എന്നാൽ എന്ത്?
മനുഷ്യ ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളേയും നിയന്ത്രിക്കുന്നത് മസ്‌തിഷ്‌കമാണെന്നു പറയാം. മസ്‌തിഷ്ക മരണം സംഭവിക്കുന്ന ഒരാൾക്ക് ശാസോച്ഛ്വാസവും രക്‌തചംക്രമണവും വെന്‍റിലേറ്റർ, പേസ്മേക്കർ തുടങ്ങിയ യന്ത്ര സാമഗ്രികളിലൂടെയാണ് തുടരാൻ കഴിയുക. ഈയവസ്‌ഥയിൽ ഹൃദയമിടിപ്പും ബിപിയുമൊക്കെ ഇസിജിയിലൂടെ അറിയാനാവും. ഇത് വളരെയധികം സമയം തുടരാനാവില്ല. ഈ ഇടവേളയിലാണ് മസ്‌തിഷ്ക മരണം സംഭവിച്ചയാളുടെ അവയവങ്ങൾ മറ്റൊരാൾക്കു വേണ്ടി കൈമാറാൻ തയ്യാറാകേണ്ടത്.
സാധാരണ മരണം സംഭവിക്കുമ്പോൾ തന്നെ രക്‌തചംക്രമണം നിലയ്ക്കുകയും കോശങ്ങൾ നശിക്കുകയും ചെയ്യുന്നതാണ്. ഈ യവസരത്തിൽ നേത്ര പടലമല്ലാതെ മറ്റൊരു അവയവവും സ്വീകരിക്കാൻ കഴിയില്ല. ഇത് നേത്രപടലത്തിന് രക്‌ത ചംക്രമണത്തിന്‍റെ ആവശ്യമില്ലാത്തതിനാലാണ്.
മസ്‌തിഷ്ക മരണം സംഭവിച്ച ഒരാൾക്ക് പ്രതികരണശേഷി നഷ്‌ടപ്പെട്ട നിലയിലായിരിക്കും. ഇവർക്ക് വേദനയെന്തെന്ന് അറിയുകയേയില്ല. കണ്ണിനടുത്തേക്ക് ഒരു വസ്‌തു പാഞ്ഞു വന്നാൽ പോലും കൺപോളകൾ അടയുകപോലുമില്ലാത്ത അവസ്‌ഥയാണ്.
മസ്‌തിഷ്ക മരണം ഉണ്ടാകുന്നതിന് പല കാരണങ്ങൾ ഉണ്ട്. ട്യൂമർ, പക്ഷാഘാതം, രക്‌തസ്രാവം, അന്യൂറിസം എന്നിവയിലൂടെ ഉണ്ടാകാം. പലപ്പോഴും അപകടങ്ങൾ വഴിയും ഇത് സംഭവിക്കുന്നു. മരുന്നിന്‍റേയും വെന്‍റിലേറ്ററിന്‍റെയും സഹായത്തോടെ വ്യക്‌തിയുടെ ജീവൻ ദിവസങ്ങളോളമോ മണിക്കൂറുകളോളമോ നിലനിർത്താൻ സാധിച്ചേക്കും.
എന്നാൽ ഇതുകൊണ്ട് വ്യക്‌തിക്കോ, കുടുംബത്തിനോ യാതൊരു വിധ പ്രയോജനവും ലഭിക്കുന്നുമില്ല. ആയതിനാൽ അവയവദാനം നടത്തുകയാണെങ്കിൽ അതിലൂടെ മറ്റു നിരവധി ജീവനും ജീവിതവും തിരിച്ചു പിടിയ്ക്കാൻ കഴിയും.