ബംഗാളിനും രാജ്യത്തിനും വേണ്ടി അഭിമാന നേട്ടങ്ങൾ കൈവരിക്കാനുള്ള തീവ്രശ്രമത്തിലാണ് സിൻഡ്രല്ല. ഇത്തവണ അടുത്ത ഒളിമ്പിക്‌സിൽ സ്വർണ്ണ മെഡൽ നേടുക എന്നതാണ് സിൻഡ്രല്ലയുടെ ലക്ഷ്യം.
എങ്ങനെയായിരുന്നു ടേബിൾ ടെന്നീസിലേക്കുള്ള കടന്നു വരവ്?
നാലു വയസ്സുള്ളപ്പോഴാണ് ഞാൻ ആദ്യമായി ടേബിൾ ടെന്നീസ് റാക്കറ്റ് പിടിക്കുന്നത്. എന്‍റെ അച്ഛന് ടേബിൾ ടെന്നീസ് ബാറ്റ് ഉണ്ടായിരുന്നു. അത് ഉപയോഗിച്ച് കളിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. മണിക്കൂറുകളോളം ചുവരിൽ പന്ത് അടിച്ചു കളിച്ചിരുന്നു. അങ്ങനെയായിരുന്നു പരിശീലനത്തിന്‍റെ തുടക്കം. പിന്നീട് എന്‍റെ മാതാപിതാക്കൾ എന്നെ ഒരു പ്രാദേശിക ടേബിൾ ടെന്നീസ് ക്ലബ്ബിൽ ചേർത്തു. നീന്തൽ, പെയിന്‍റിംഗ്, പാട്ട്, നൃത്തം എന്നിവയ്ക്കൊപ്പം, ടേബിൾ ടെന്നീസും പരിശീലിച്ചു. എട്ട് വയസ്സുള്ളപ്പോൾ പ്രാദേശിക ടേബിൾ ടെന്നീസ് ടൂർണമെന്‍റിൽ പങ്കെടുക്കുകയും ചാമ്പ്യനാകുകയും ചെയ്‌തു. കുട്ടികളുടെ ടൂർണമെന്‍റായതിനാൽ ലിംഗ വ്യത്യാസം ഉണ്ടായിരുന്നില്ല. ഞാൻ ആൺകുട്ടികളോടും പെൺകുട്ടികളോടും മത്സരിച്ചു. ആ ടൂർണമെന്‍റ് അക്ഷരാർത്ഥത്തിൽ എന്‍റെ ജീവിതം മാറ്റിമറിക്കുകയായിരുന്നു.
സ്പോർട്സ് കരിയർ ആരംഭിക്കാൻ പ്രേരിപ്പിച്ച ഘടകം?
പരിശീലകരായ സൗമ്യദീപ് റോയ് സാറിന്‍റെയും പാത്മി ഘട്ടക്കിന്‍റെയും കീഴിൽ 9 വയസ്സുള്ളപ്പോഴാണ് ഞാൻ പരിശീലനം ആരംഭിക്കുന്നത്. അവരുടെ പരിശീലനം എന്‍റെ ടേബിൾ ടെന്നീസ് യാത്രയിൽ വഴിത്തിരിവായി. അവരുടെ പ്രോത്സാഹനവും മാർഗനിർദേശവും പോസിറ്റീവ് മനോഭാവവുമൊക്കെ എന്‍റെ ആത്മവിശ്വാസത്തെ ശക്തിപ്പെടുത്തി. പ്രൊഫഷണൽ അത്ലറ്റ് ആകണമെന്ന ആഗ്രഹം അങ്ങനെയാണ് മനസിലുദിക്കുന്നത്. എന്നിലുള്ള അവരുടെ വിശ്വാസം സ്വപ്നങ്ങൾ കാണാനും കായികരംഗത്ത് എന്നെത്തന്നെ പൂർണ്ണമായും സമർപ്പിക്കാനുമുള്ള ആത്മവിശ്വാസം നൽകി. അന്താരാഷ്ട്ര പരിശീലകൻ വാങ്‌മന്യു ഇപ്പോൾ എന്‍റെ ഗുരുക്കന്മാരിൽ ഒരാളാണ്.
എങ്ങനെയാണ് കായിക ലോകത്ത് നേട്ടങ്ങൾ കൈവരിച്ചത്?
ലോക ടേബിൾ ടെന്നീസ് യൂത്ത് ഇവന്‍റുകളിൽ നിരവധി തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര തലത്തിൽ 7 സ്വർണ്ണം, 8 വെള്ളി, 7 വെങ്കലം എന്നിവ നേടിയിട്ടുണ്ട്. അടുത്തിടെ കാഠ്മണ്ഡുവിൽ നടന്ന ദക്ഷിണേഷ്യൻ റീജിയണൽ ചാമ്പ്യൻ ഷിപ്പിൽ സീനിയർ ടീം ഇനത്തിൽ ടീം ഇന്ത്യയ്ക്കായി സ്വർണ്ണ മെഡലും നേടി. ആഭ്യന്തര സർക്യൂട്ടിൽ ദേശീയ റാങ്കിംഗ് ഇവന്‍റുകളിൽ നിരവധി പോഡിയം ഫിനിഷുകൾ നേടി സ്‌ഥിരമായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. "അണ്ടർ 17 ഗേൾസ് സിംഗിൾസിൽ 2023 ദേശീയ ചാമ്പ്യനായി. സീനിയർ നാഷണൽസിൽ 2024 വെങ്കല മെഡൽ നേടി. വർഷത്തിലെ ഏറ്റവും മികച്ച "മാസ്‌റ്റർ ഡിവേൾഡ് ട്രോഫിയും എനിക്ക് ലഭിച്ചു. അടുത്തിടെ "കൽക്കട്ട ജേണലിസ്‌റ്റ് ക്ലബ്" എനിക്ക് വെള്ളി മെഡൽ നൽകി.
നിലവിൽ "അണ്ടർ 17", "അണ്ടർ 19" പെൺകുട്ടികളുടെ വിഭാഗത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തും വനിതാ വിഭാഗത്തിൽ ഒമ്പതാം സ്‌ഥാനത്തും ആണ് ഞാൻ. അന്താരാഷ്ട്ര തലത്തിൽ എന്‍റെ ലോക റാങ്കിംഗ് 15 (അണ്ടർ 17 സ്ത്രീകൾ) 25 (അണ്ടർ 19 സ്ത്രീകൾ) 182 (സ്ത്രീകൾ) എന്നിങ്ങനെയാണ്.





