കാറിൽ നിന്നും ഇറങ്ങി ഹോട്ടിലിന്‍റെ ഗസ്റ്റ് പാർലറിലേക്ക് നടന്നടുക്കുന്ന പരമേശ്വരൻ സൂര്യവംശിയെ കൈലാസനാഥ് നോക്കിനിന്നു. അജാനുബാഹുവായ അദ്ദേഹത്തിന്‍റെ കയ്യിൽ പിടിച്ചിരിക്കുന്ന വെള്ളിയിൽ തീർത്ത ഗരുഡൻ തല പിടിപ്പിച്ച കനത്ത വാക്കിംഗ് സ്‌റ്റിക്ക് ഒരിക്കലും അദ്ദേഹത്തിന് നടക്കാൻ താങ്ങായിട്ടുള്ളതല്ല. പിന്നെ... കറുത്ത ക്രിസ്‌റ്റൽ കല്ലുകൾ പതിച്ച ഗരുഡന്‍റെ കണ്ണുകൾ പരമേശ്വരൻ സൂര്യവംശിയുടെ കൈവിരലുകൾക്കിടയിലൂടെ തിളങ്ങി. കൈകൾ കൂപ്പി അദ്ദേഹത്തെ വണങ്ങി ആർമി ഓഫീസർ കൈലാസ നാഥ് സ്വാഗതം ചെയ്തു. വിശാലമായ റിസപ്ഷൻ ഏരിയയിൽ അങ്ങിങ്ങായി നിൽക്കുന്ന പോലീസുകാരെ നോക്കി സൂര്യവംശി മന്ദഹസിച്ചു. പിന്നെ തുറന്നു പിടിച്ച ലിഫ്റ്റിലേക്ക് കയറി ഹോട്ടലിൽ തനിക്കായി കൈലാസ നാഥ് ഒരുക്കിയ പതിനൊന്നാം നിലയിലെ 111-കെ-1 സ്യൂട്ടിലേക്ക് കയറി. പിറകെ കൈലാസ നാഥും സൂര്യവംശിയുടെ സഹായി ഋഷികേശനും മുറിയിലേക്ക് കടന്നു.
"ഋഷി, തനിക്കായി ഒരുക്കിയ മുറിയിൽ പോയി കുളിയും വിശ്രമവും കഴിഞ്ഞ് മൂന്ന് മണിക്ക് ഇവിടെ വരിക. കൈലാസ നാഥ് താങ്കളും പരിവാരങ്ങളും അപ്പോൾ ഇവിടെ ഉണ്ടാകണം.” സൂര്യവംശിയുടെ കനത്ത ശബ്ദം അവി ടെ മുഴങ്ങി.
കൈലാസ നാഥ് നിശബ്ദനായി പുറത്തിറങ്ങി. വലിയ റിസ്‌ക് ആണ് ഏറ്റെടുത്തിരിക്കുന്നത്. പുറത്തറിഞ്ഞാൽ അത് അപവാദവും സൈന്യത്തിന്‍റെ ബലഹീനതയുമായി തെറ്റിദ്ധരിക്കപ്പെടും പക്ഷേ ഇതല്ലാതെ ഒരു മാർഗ്ഗം കാണുന്നില്ല. സുര്യവംശി വെറുമൊരു താന്ത്രികനോ മന്ത്രവാദിയോ അല്ല. അസാധാരണമായ പാണ്ഡിത്യം അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയിരിക്കുന്നു. മനുഷ്യമനസ്സിലേക്ക് ചെന്നുകയറാനും ഉള്ളറകളിലെ രഹസ്യങ്ങൾ പുറത്തേക്ക് വാരിയിടാനും അസാമാന്യമായ പാടവമുണ്ട്. ഇതിനുമുമ്പ് ബ്രിട്ടനിലെ ഒരു രാജകുമാരിയുടെ മരണകാരണം കേവലം ഒരു സുഗന്ധവ്യാപാരിയിൽ നിന്ന് പുറത്തെടുത്തതും സൂര്യവംശി ആയിരുന്നു. അതുപോലെ ഒരു അറേബ്യൻ കപ്പൽ കാണാതായ കാരണവും അദ്ദേഹം കണ്ടെത്തി ലോകത്തെ വിസ്‌മയിപ്പിച്ചു.
കൃത്യം മൂന്നുമണിക്ക് വാതിലിൽ പതിയെ തട്ടി ഋഷികേശനും പിറകെ കൈലാസനാഥനും വേറെ രണ്ടുപേരും കൂടി ആദരവോടെ തലകുനിച്ചു വന്ദിച്ചു കൊണ്ട് കയറി വന്നു.
സൂര്യവംശിയുടെ കണ്ണുകൾ ഏതാനും സെക്കന്‍റുകൾ അടഞ്ഞിരുന്നു. പക്ഷേ പെട്ടെന്ന് തുറന്ന ആ മിഴികൾ കൈലാസ നാഥിന്‍റെ നെഞ്ചിൽ തറഞ്ഞുനിന്നു. ജടുതിയിൽ അദ്ദേഹത്തിന്‍റെ കനത്ത ആജ്‌ഞ മുഴങ്ങി. "ലഫ്റ്റനന്‍റ് ജനറൽ താങ്കൾ പോലും സുരക്ഷിതനല്ല ഈ മുറിയിൽ. താങ്കളുടെ കോട്ടിൽ പിടിപ്പിച്ചിരിക്കുന്ന മൂന്നാമത്തെ കുടുക്ക് ഒരു ക്യാമറയാണ്." കൈലാസ് നാഥ് പെട്ടെന്ന് കോട്ട് അഴിച്ചെടുത്തു. ശരിയാണ് കുഞ്ഞു ലെൻസിന്‍റെ തിളക്കത്തോടെ ഒരു ബട്ടൺ. അദ്ദദഹം അത് പോലീസ് കോൺസ്‌റ്റബിൾ വഴി ഡോബികളുടെ അലക്ക് കേന്ദ്രത്തിലേക്ക് അയച്ചു. "അപരാധിയെ കണ്ടെത്തുക. ബന്ധിയാക്കുക."
വാതിലിനപ്പുറം നിൽക്കുന്ന തന്‍റെ അംഗരംക്ഷകരെ അദ്ദേഹം വിളിച്ചു. സുര്യവംശി അമർത്തി ചിരിച്ചു.
"നമുക്ക് നമ്മുടെ പണികൾ തുടങ്ങാം. കണ്ടില്ലേ അവർ താങ്കളുടെ യൂണിഫോമിൽ കുത്തിപിടിച്ച് പണി തുടങ്ങി കഴിഞ്ഞു."





