ഫ്ളോറിഡ, കാലിഫോർണിയ തുടങ്ങിയ നാടുകളെ മാറ്റി നിർത്തിയാൽ അമേരിക്കയിലെ മറ്റു പ്രദേശങ്ങളെല്ലാം തണുപ്പുകാലത്ത് സന്ദർശനം പ്രയാസമാണ്. ഈ സമയത്ത് അവിടെ ചെന്നാൽ പുറത്തെ കാഴ്ചകൾ കാണാൻ പറ്റിയെന്നു വരില്ല. പകരം ഹോട്ടലുകളിലും മുറികളിലും, ആർട്ട് ഗാലറികളിലും മ്യൂസിയങ്ങളിലും യാത്ര ഒതുക്കേണ്ടി വന്നേക്കാം. എപ്പോഴും മഞ്ഞുവീഴ്ച ഉള്ളതിനാൽ അകത്തളങ്ങളിൽ തന്നെ കഴിയാനാണ് ആളുകൾ ഇഷ്‌ടപ്പെടുക. അതാണ് സുരക്ഷിതവും.
തണുപ്പുകാലത്ത് അമേരിക്കയിലെത്തപ്പെട്ടാൽ വളരെ സുരക്ഷിതമായി സഞ്ചരിച്ച് ആസ്വദിക്കാവുന്ന പ്രദേശമാണ് പ്യൂട്ടോ റിക്കോ. ഇവിടെ വന്നാൽ കൊടും തണുപ്പിന്‍റെ ഭീഷണി ഇല്ലെന്നു മാത്രമല്ല മനം നിറയെ മനോഹരക്കാഴ്ചകൾ കണ്ടു രസിക്കുകയും ചെയ്യാം. സമുദ്രതീരത്തെ പ്യൂട്ടോറിക്ക കണ്ടാൽ ഗോവയിൽ ചെന്ന പോലെ തോന്നും. തെങ്ങുകൾ, വാഴ, പപ്പായ മരങ്ങൾ, ബീച്ചുകൾ ഇങ്ങനെ പച്ചപ്പും നീലയും കലർന്ന തീരമേഖല നിർലോഭം സുന്ദരമായ കാഴ്ചകൾ നൽകും. കാലാവസ്‌ഥയും ഗോവയിലേതു പോലെ തന്നെ. ഭാഷയും പ്രയാസമില്ല. ഇംഗ്ലീഷ് ഇവിടെ എല്ലാവർക്കും അറിയാം.
പുത്തൻ കാഴ്ചകൾ
പ്യൂട്ടോ റിക്കോ കണ്ടപ്പോൾ തന്നെ യാത്രാനുഭവം ഇത് മറ്റുള്ളവരുമായി പങ്കുവയ്‌ക്കണമെന്ന് മനസ്സിൽ കുറിച്ചിരുന്നു. യുഎസ് വിസ ഉണ്ടെങ്കിൽ പ്യൂട്ടോ റിക്കോ കാണാൻ യാതൊരു തടസവും ഇല്ല. പ്യൂട്ടോ റിക്കോയുടെ തലസ്ഥാനമായ സാൻജുവാനിലേക്ക് ന്യൂയോർക്ക്, അറ്റ്ലാന്‍റ്, ഷിക്കാഗോ, ലോസ് ഏഞ്ചൽസ്, മിയാമി തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ നിന്നെല്ലാം നേരിട്ടുള്ള വിമാന സർവീസ് ഉണ്ട്. അമേരിക്കയിലെ മറ്റുപ്രദേശങ്ങളെ അപേക്ഷിച്ച് ജീവിതച്ചെലവും ഇവിടെ കുറവു തന്നെ. ആറു ദിനങ്ങൾ ഞങ്ങൾ പ്യൂട്ടോ റിക്കോയിൽ ചെലവഴിച്ചു. അവിസ്മരണീയമായിരുന്നു ആ ദിനങ്ങൾ.
യുഎസ് നിയമങ്ങളാണ് പ്യൂട്ടോ റിക്കോയിലും ഉള്ളത്. അമേരിക്കയുടെ അമ്പത്തൊന്നാം സംസ്ഥാനം എന്ന പദവി ഉണ്ടെങ്കിലും തികച്ചും സ്വതന്ത്രമായ മറ്റൊരു പ്രദേശം പോലെ ആണിവിടം കണ്ടാൽ തോന്നുക. ഇവിടത്തെ പ്രധാനഭാഷ സ്പാനിഷ് ആണ്. എന്നാൽ ഇംഗ്ലീഷ് മനസ്സിലാക്കാത്തവർ ആരും തന്നെ ഇവിടെ ഇല്ലതാനും. സൈൻബോർഡുകളെല്ലാം സ്പാനിഷ് ഭാഷയിലാണ്. പ്രതിവർഷം 40- 45 ലക്ഷത്തോളം വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നു.
സാൻജുവാൻ യാത്ര
ന്യൂയോർക്കിൽ നിന്ന് 4 മണിക്കൂർ വിമാനയാത്രയുണ്ട് സാൻജുവാനിലേക്ക്. യൂണൈറ്റഡിന്‍റെ വിമാന സർവീസിൽ വെള്ളവും ജ്യൂസും സൗജന്യമായി ലഭിക്കും. ഭക്ഷണം പണം കൊടുത്ത് പ്രത്യേകം വാങ്ങേണ്ടി വരും. വലിയ വിമാനത്താവളമാണ് സാൻജുവാൻ. ഇവിടെ എല്ലാത്തരം ഭക്ഷണവും ലഭ്യമാണ്. വിമാനമിറങ്ങിയ ശേഷം ഞങ്ങൾ അവിടെ നിന്ന് ഒരു കാർ വാടകയ്ക്കെടുത്തു. 6 ദിവസത്തേക്ക് 500 ഡോളർ വാടക. കാർ ഡ്രൈവർ ഞങ്ങളെ വിൻറം ഹോട്ടലിൽ എത്തിച്ചു. അവിടെ അഞ്ചു ദിവസം തങ്ങാൻ മൂന്ന് മുറികൾ വാടകയ്ക്കെടുത്തു. മൊത്തം 1500 ഡോളർ ആണ് വാടക. മുറികൾ ഭംഗിയായി ഫർണിഷ് ചെയ്‌തിട്ടുണ്ട്.
അടുപ്പ്, ഫ്രിഡ്ജ്, മൈക്രോവേവ് ഓവൻ തുടങ്ങിയ സൗകര്യങ്ങളും മുറിയിലുണ്ട്. കുറച്ചു സാമഗ്രികൾ മാർക്കറ്റിൽ നിന്നും ബാക്കി ഹോട്ടലിൽ നിന്നും വാങ്ങി ഭക്ഷണം സ്വയം തയ്യാറാക്കി കഴിച്ചു. മൂന്ന് മണിക്കൂർ വിശ്രമിച്ച ശേഷം നാലു മണിയോടെ നഗരം കാണാൻ പുറപ്പെട്ടു. ഗോവ സന്ദർശിച്ചപ്പോൾ കണ്ട സുഖകരവും സുന്ദരവുമായ ദൃശ്യങ്ങൾ ഇവിടെയും. ഗോവയിലേതു പോലെ തിരക്കോ, ട്രാഫിക്കോ ഇവിടെ ഇല്ല എന്നതും യാത്ര കൂടുതൽ ആസ്വാദ്യമാക്കി. സാമഗ്രികൾ വാങ്ങണമെന്നുണ്ടെങ്കിൽ യഥേഷ്ടം അമേരിക്കൻ റസ്‌റ്ററന്‍റുകളും കടകളുമുണ്ട്. ലോക്കൽ ഷോപ്പുകളും ധാരാളം. വഴിയോരത്തു നിന്ന് ഞങ്ങൾ ഏത്തപ്പഴവും, പപ്പായയും, ആപ്പിളും വാങ്ങി. ന്യൂയോർക്കിലേതിനേക്കാൾ പാതി വില മാത്രം.
സാൻജുവാനിൽ വളരെ പുരാതനമായ ഒരു കോട്ടയുണ്ട്. സ്പെയിൻകാർ 1539ൽ പണിതതാണ്. കോസ്റ്റിലോ സെൻ ഫിലിപ്പോ ഡേൽ മോറോ എന്നാണ് കോട്ടയുടെ പേര്. രോമാഞ്ചകരമായ ദൃശ്യാനുഭവമാണ് ഈ കോട്ട. സമുദ്രത്തിൽ നിന്ന് 140 അടി ഉയരത്തിലാണ് നിർമാണം. പഴയ സാൻജുവാൻ നഗരത്തിലാണ് ഈ കോട്ട. ഈ നഗരമാകട്ടെ ചെറിയ സുന്ദരമായ കെട്ടിടങ്ങളും കടകളും കൊണ്ട് രസകരമായ ദൃശ്യഭംഗി നൽകുന്നു. തനിനാടൻ ഭക്ഷണം ആവാം എന്ന ആഗ്രഹത്തിൽ അവിടത്തെ തട്ടുകടയിൽ കയറി ഭക്ഷണവും കഴിച്ചു. ഇത്തരം കടകളുടെ പുറത്ത് തുറസായ പ്രദേശത്ത് ടൂറിസ്റ്റുകളെ ആകർഷിക്കാനായി തെരുവു ഗായകരുടെയും ഡാൻസർമാരുടെയും ലൈവ് ഷോ കാണാം.
അൽപം കൂടി അകലെ മറ്റൊരു കോട്ടകൂടി ഉണ്ട്. കാസിലോ ദ സൈൻ ക്രിസോറ്റബൽ എന്ന ഈ കോട്ട പക്ഷേ അടഞ്ഞു കിടക്കുകയായിരുന്നു. പഴയ നഗരത്തിലെ യാത്രയ്ക്കിടയിൽ ഞങ്ങൾ അടഞ്ഞ ഒരു ഷോപ്പ് കണ്ടു. അവിടെ ആയുർവേദിക് മെഡിസിൻ എന്നെഴുതിവെച്ചിട്ടുണ്ടായിരുന്നു.
അന്നത്തെ യാത്ര നേരത്തെ അവസാനിപ്പിച്ച് ഹോട്ടലിൽ വന്ന് വിശ്രമിച്ചു. പിറ്റേന്ന് പ്രഭാതഭക്ഷണം കഴിഞ്ഞ് ഞങ്ങൾ സ്വിമ്മിംഗ് സ്യൂട്ട് ധരിച്ച് സ്വിമ്മിംഗ് പൂളിലേക്ക് പോയി. ഹോട്ടലിന്‍റെ ഗ്രൗണ്ട് ഫ്ളോറിൽ നാല് നീന്തൽക്കുളങ്ങളുണ്ട്. അവയിൽ ഒരെണ്ണം കുട്ടികൾക്കു വേണ്ടിയുള്ളതാണ്. എത്ര സമയം വേണമെങ്കിലും പൂളിൽ ചെലവഴിക്കാം. നീന്തി തളരുമ്പോൾ സമീപത്തുള്ള റസ്‌റ്ററൻറുകളിൽ നിന്ന് ലഘുഭക്ഷണവും പാനീയങ്ങളും വാങ്ങിക്കഴിക്കുകയും ചെയ്യാം.
ഹോട്ടലിന്‍റെ ഭിത്തിയോട് ചേർന്ന് കടൽജലത്തിൽ മുങ്ങിക്കുളിക്കാനുള്ള പ്രത്യേക സംവിധാനം ഉണ്ട്. അവിടെയും കുളിച്ച ശേഷം ഞങ്ങൾ ബീച്ചിലൂടെ കുറേ നടന്നു. വളരെ ശുചിത്വമുള്ള പരിസരം. സൂര്യകിരണങ്ങൾ സാഗരത്തിൽ സ്വർണ്ണം, പച്ച, നീല നിറങ്ങൾ സൃഷ്ടിക്കുന്നുണ്ടായിരുന്നു. നാല് മണിക്കൂറിനുശേഷം മുറിയിൽ വന്ന് സുഖമായുറങ്ങി.
ബയോ ബേ
ദൃശ്യവിസ്മയത്തിന്‍റെ മറുവാക്കാണ് ബോയ ബേ. ലോകമെമ്പാടും അഞ്ച് ബയോ ബേ ആണുള്ളത്. ഇവയിൽ മൂന്നെണ്ണവും പ്യൂട്ടോ റിക്കോയിലാണ്. ഇതിൽ ഒരെണ്ണം ഞങ്ങൾ സന്ദർശിച്ചു. രാത്രിയിലാണ് അവിടെ പോയത്. രാത്രി 8 നും 10 നും ഇടയിൽ ഇവിടം സന്ദർശിക്കുന്നത് നയനാനന്ദകരമാണ്. സാഗരങ്ങളിൽ ചില പ്രത്യേക കേന്ദ്രങ്ങളുണ്ട്. അവിടെ രാത്രി സമയങ്ങളിൽ എന്തൊക്കെയോ ജീവാണുക്കൾ തിളക്കത്തോടെ സഞ്ചരിക്കുന്നത് കാണാം. നീല, പച്ച നിറങ്ങളിൽ ലക്ഷക്കണക്കിന് ജീവാണുക്കൾ മിന്നിത്തിളങ്ങും. ഇവയുടെ സംരക്ഷണത്തിന് നല്ല ഇക്കോളജി സംവിധാനം ആവശ്യമാണ്. പെട്രോൾ, ഡീസൽ ഇവ കൊണ്ടു പ്രവർത്തിക്കുന്ന മോട്ടോർ ബോട്ടുകൾ ഈ ഭാഗത്ത് ഉപയോഗിക്കാൻ പറ്റില്ല. അന്തരീക്ഷ മലിനീകരണത്തിൽ നിന്ന് പൂർണ്ണമായും മുക്‌തമായ ഇടങ്ങളാണിത്. കൈ കൊണ്ട് പ്രവർത്തിപ്പിക്കുന്ന ചെറു ബോട്ടുകളിലാണ് ഇങ്ങോട്ട് യാത്ര. ഇതിൽ കയറി ഇറങ്ങുന്നത് വളരെ ശ്രദ്ധയോടെ വേണം. പ്രകൃതിയുടെ ഈ അതിശയിപ്പിക്കുന്ന ലീലാവിലാസം കാണാൻ അതൊക്കെ സഹിക്കുന്നതിൽ യാതൊരു തെറ്റുമില്ല. ബയോ ബേ കാണാൻ നാളുകൾക്ക് മുമ്പ് ബുക്ക് ചെയ്യുന്നവരുണ്ട്. ഞങ്ങൾക്ക് അതിനു സാധിച്ചില്ല. എന്നാൽ അന്ന് ഭാഗ്യത്തിന് ഏതാനും ടിക്കറ്റുകൾ കാൻസൽ ആക്കപ്പെട്ടു. ആ ഒഴിവിലാണ് പ്രവേശനം ലഭിച്ചത്.
പ്യൂട്ടോ റിക്കോയിൽ മറ്റ് രണ്ടു ബയോ ബേകൾ കൂടിയുണ്ട്. എന്നാൽ ഇവിടെയൊക്കെ സന്ദർശകപ്രവാഹം കൂടിയതിനാൽ അന്തരീക്ഷമലിനീകരണം ഇരട്ടിയായതായി തദ്ദേശവാസികൾ പറയുന്നു. അതു കൊണ്ടാവാം മുൻകാലങ്ങളെ അപേക്ഷിച്ച് ഇവിടെ ജീവാണുക്കളുടെ സംഖ്യ കുറഞ്ഞു വരുന്നു. ഇങ്ങനെ തുടർന്നാൽ ബയോ ബേ അടച്ചു പൂട്ടേണ്ടി വരുമെന്ന് തോന്നുന്നു.
ഭക്ഷണം
പ്യൂട്ടോ റിക്കോയിൽ അമേരിക്കൻ മക്ഡൊണാൾഡ്, സബ് വേ, ഡങ്കിൻ ഡോനട്സ് തുടങ്ങിയ സെന്‍ററുകൾ മുക്കിനു മുക്കിനുണ്ട്. എന്നാൽ ഞങ്ങൾ കൂടുതൽ സന്ദർശിച്ചത് ചില്ലീസ് ആണ്. ഇവിടെ നല്ല വെജിറ്റേറിയൻ ഭക്ഷണം ലഭിക്കും. ചായ, കാപ്പി, പാൽ ഇവ ഞങ്ങൾ മുറിയിൽ ഉണ്ടാക്കിയതിനാൽ പുറത്തു നിന്ന് വാങ്ങേണ്ടി വന്നില്ല. എന്ത് ആവശ്യമുണ്ടെങ്കിലും ഹോട്ടലിൽ പറഞ്ഞാൽ സേവനസന്നദ്ധതയോടെ അവർ ഓടിയെത്തുകയും ചെയ്യും.
ആമസോൺ മഴക്കാടുകൾ
തൊട്ടടുത്ത ദിവസം ഞങ്ങൾ ആമസോൺ, ഇൻഡോനേഷ്യ, കാംഗോ തുടങ്ങിയ മഴക്കാടുകൾ കാണാൻ പുറപ്പെട്ടു. സാന്‍റ്‍വിച്ചും പാനീയങ്ങളും ബാഗിൽ സൂക്ഷിച്ചാണ് മഴക്കാട് സന്ദർശിക്കാൻ പോയത്. കുറച്ചു കിലോമീറ്ററുകൾ കാറിൽ സഞ്ചരിച്ചപ്പോൾ കനത്തു തഴച്ച കാടുകൾ പ്രത്യക്ഷപ്പെടു തുടങ്ങി. കുറച്ചുകൂടി മുന്നോട്ടു പോയപ്പോൾ വളരെ മനോഹരമായ ഒരു വെള്ളച്ചാട്ടം കണ്ടു. ലാ കോക്ക എന്നാണത്രേ അതിന്‍റെ പേര്. രണ്ടു കിലോമീറ്റർ കൂടി മുന്നോട്ടു പോയപ്പോൾ എൽയംഗ് മഴക്കാടുകളിലെത്തി. അത്രയും മനോഹരമായ ദൃശ്യം ജീവിതത്തിൽ കണ്ടിട്ടില്ല.
മനം കുളിർപ്പിക്കുന്ന പച്ചപ്പ്, പക്ഷികൾ, തവളകൾ ഇങ്ങനെ മനസിനെ ഉണർത്തുന്ന ദൃശ്യങ്ങൾ. തവളകളുടെ പ്രത്യേക ശബ്ദവും കാടിന്‍റെ വിജനതയും പ്രത്യേക അനുഭൂതി ഉണർത്തി. കൂടെക്കൂടെ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ സഞ്ചാരികൾക്കു വേണ്ടി ഇടയ്ക്കിടെ കാനോപ്പികൾ പണിതിട്ടുണ്ട്. ഞങ്ങൾ കാനോപ്പിയിൽ കയറിയ ശേഷം സാന്‍റ്‍വിച്ച് കഴിച്ചു ക്ഷീണമകറ്റി. തുടർന്ന് വീണ്ടും കുറേ ദൂരം കൂടി ചുറ്റിക്കറങ്ങി. ആ കാടിന്‍റെ പച്ചപ്പിൽ നിന്ന് മടങ്ങാൻ തോന്നുന്നില്ലായിരുന്നു. വൈകിട്ട് ഹോട്ടലിൽ എത്തി കുറച്ചു നേരം വിശ്രമിച്ച് ഞങ്ങൾ ചില്ലീസ് റസ്‌റ്റോറന്‍റിലേക്ക് പോയി. നല്ല തിരക്കുണ്ട് അവിടെ. വയറുനിറയെ ഭക്ഷണം കഴിച്ച് മുറിയിൽ വന്നു കിടന്നതേ ഓർമ്മയുള്ളൂ. നേരം പുലർന്നപ്പോഴാണ് കണ്ണു തുറന്നത്.
കൊളബ്രാ ദ്വീപ്
പച്ച, നീല, പിങ്ക്, വെള്ള മണലുകൾ ഉള്ള പലതരം ബീച്ചുകൾ ലോകത്ത് ഉണ്ട്. യാത്രയുടെ അഞ്ചാം ദിനത്തിൽ രാവിലെ ഞങ്ങൾ കൊളബ്രാ ദ്വീപിലെ വെള്ളമണ ൽ ബീച്ചിൽ പോയി. കൊളാബ്രായിലെ ഏറ്റവും ആകർഷകമായ ബീച്ച് ഫ്ളമിംഗോ ആണ്. സൺബാത്ത്, ബോട്ടിംഗ്, കയാക്കിംഗ് തുടങ്ങി വ്യത്യസ്‌ത വിനോദങ്ങളിലെലേർപ്പെടുന്നവർ. വെള്ള മണൽ ബീച്ചും തെളിഞ്ഞ നീല നിറത്തിലുള്ള വെള്ളവും ആണ് ഇവിടത്തെ ആകർഷണം. ഇന്ത്യയിലൊരിടത്തും ഇത്രയും ഭംഗിയുള്ള ബീച്ച് ഞാൻ കണ്ടിട്ടില്ല. അമേരിക്കയുടെ അറ്റ്ലാന്‍റിക് സിറ്റി ബീച്ച് പോലും ഇത്രയും സുന്ദരം അല്ല.
ഇഗ്വാനകള്‍
ഹോട്ടൽ സ്വിമ്മിംഗ്പൂളിനോട് ചേർ ന്ന് ചെറിയൊരു പൂന്തോട്ടം ഉണ്ട്. ഇവിടെ 10 ഇഗ്വാനകളെ വളർത്തുന്നുണ്ട്. ഇഗ്വാന ഒരു തരം ഉരഗമാണ്. കണ്ടാൽ ചെറിയൊരു മുതലക്കുഞ്ഞ് പോലെ തോന്നും. ഇവയ്‌ക്ക് ഇലകളും മറ്റും ഇട്ടു കൊടുത്ത് കുട്ടികൾ കളിപ്പിക്കുന്നുണ്ടായിരുന്നു. കളിക്കിടെ കുഞ്ഞിനെ ഇഗ്വാന കടിച്ചത് ടെൻഷനുണ്ടാക്കി. സോപ്പുപയോഗിച്ച് കഴുകിയാൽ മതിയെന്ന് ഗാർഡ് പറഞ്ഞപ്പോഴാണ് ആശ്വാസമായത്. പിറ്റേന്ന് ഞങ്ങൾ ഹോട്ടലിൽ നിന്ന് ചെക്കൗട്ട് ചെയ്‌ത് എയർപോർട്ടിലെത്തി.
പുത്തൻ ഊർജ്‌ജം അകത്തും പുറത്തും നിറഞ്ഞ അനുഭവമാണ് പ്യൂട്ടോ റിക്കോ സമ്മാനിച്ചത്. ആ സന്ദർശനത്തിലൂടെ ലോകത്തെ വസുധൈക കുടുംബകം എന്നു വിളിക്കാൻ തോന്നി.