കുറച്ചു മാസമായി തൊട്ടടുത്ത അടച്ചിട്ട ഫ്ളാറ്റിനു മുമ്പിൽ ഫോർ സെയിൽ ബോർഡ് തൂങ്ങിയിട്ട്. ഇന്നലെ പെട്ടെന്ന് അവിടെ സോൾഡ് എന്ന ബോർഡ് കണ്ടാൽ എന്തായിരിക്കും ആദ്യം ചിന്തിക്കുക? ആരാവുമോ അയൽവക്കത്തേക്ക് വരുന്നത്? മനുഷ്യപ്പറ്റുള്ളവരാകുമോ ഏതായിരിക്കും ജാതി ഇങ്ങനെയൊക്കെ ആവും! ഒരു നല്ല സമ്മാനം ലഭിക്കുന്നതു പോലെയാണ് നല്ല അയൽവാസികൾ ഉണ്ടാകുന്നതും. പുതിയ സുഹൃത്തിനെ തെരഞ്ഞെടുക്കുമ്പോലെ എളുപ്പമല്ലല്ലോ നല്ല അയൽവാസിയെ തെരഞ്ഞെടുക്കാൻ.

അയൽവീടുകൾ, അയൽ സംസ്ഥാനങ്ങൾ, അയൽ രാജ്യങ്ങൾ ഇവയെല്ലാം തമ്മിലുള്ള ബന്ധം ഊഷ്മളമായിരുന്നാലേ സാമൂഹ്യ ജീവിതം സുഖകരമായി മുന്നോട്ടു പോകൂ. ഒരു നല്ല അയൽവക്കം ഉണ്ടെങ്കിൽ പത്ത് ബന്ധുക്കളുടെ ഗുണം ചെയ്യും. അതിനാൽ അയൽപക്കബന്ധം ഊട്ടിയുറപ്പിക്കാൻ മടിക്കേണ്ട. അതിന് മുൻകൈ എടുക്കുന്നതിൽ കുറച്ചിൽ കാണുകയും ചെയ്യരുത്. പുതിയ അയൽവാസി വന്നാൽ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കൂ.

ആരാണ് വരുന്നത്

പ്രാഥമികമായി മനസ്സിലാക്കേണ്ട സംഗതി ആരാണ് അയൽവക്കത്തേക്ക് താമസത്തിനു വരുന്നത് എന്നതു തന്നെ. കുഞ്ഞുകുട്ടി കുടുംബമാണോ വൃദ്ധ ദമ്പതികളാണോ, ബാച്ചിലർ ആണോ, നവദമ്പതികളാണോ. ഇത്തരം കാര്യം മനസ്സിലാക്കി വയ്‌ക്കുക. ഇതറിഞ്ഞാൽ അവർ വീട്ടിലേക്കു ഷിഫ്റ്റ് ചെയ്യുമ്പോൾ ഏറ്റവും ആദ്യം ആവശ്യം വരുന്ന കാര്യം എന്താണെന്ന് ഏകദേശ ധാരണ ലഭിക്കും. അയൽവാസിയെ സ്വാഗതം ചെയ്യുന്നതിനെ കുറിച്ച് ടിവിയിൽ വരുന്ന ഒരു പരസ്യം കണ്ടിട്ടില്ലേ. വൃദ്ധ ദമ്പതികൾ വാഹനത്തിൽ സാധനങ്ങളുമായി ഫ്ളാറ്റിനു മുന്നിലെത്തുമ്പോൾ അവിടെയുള്ള എല്ലാവരും പരസ്‌പരം ആ ദമ്പതികളുടെ ഫോട്ടോ മെസേജ് ചെയ്യുകയും സാധനങ്ങൾ ഇറക്കാനും മുറിയിൽ വയ്‌ക്കാനും സഹായിക്കുകയും ചെയ്യുകയാണ്. അത് യഥാർത്ഥത്തിൽ സംഭവിക്കുമെങ്കിൽ വൃദ്ധരായ ദമ്പതികളുടെ ജീവിതത്തെ എത്ര സന്തോഷകരമാക്കിത്തീർക്കുമല്ലോ!

ചായ കൊടുക്കാം

ഒരിക്കലെങ്കിലും വീട് ഷിഫ്റ്റിംഗ് ചെയ്‌തിട്ടുള്ളവർക്ക് അത് എത്രമാത്രം പ്രയാസം പിടിച്ച മടുപ്പിക്കുന്ന ജോലിയാണെന്ന് മനസ്സിലാകും. മാത്രമല്ല അടുക്കള സെറ്റിൽ ആവാൻ സമയം വേണ്ടി വരും. ഒരു ഗ്ലാസ് ചായയോ കാപ്പിയോ കിട്ടിയിരുന്നെങ്കിൽ എന്ന് അപ്പോൾ ആഗ്രഹം തോന്നും. അത് ഉണ്ടാക്കാൻ കഴിഞ്ഞെന്നും വരില്ല. ഈ സമയത്താണ് നല്ല അയൽവക്കത്തിന്‍റെ ഗുണം അവരെ ബോധ്യപ്പെടുത്താനുള്ള നല്ല അവസരം. പുതു വീട്ടുകാർക്ക് ഒരു കപ്പ് ചൂട് ചായ ആ സമയത്ത് കൊടുത്തു നോക്കൂ. പറ്റുമെങ്കിൽ ആ ദിവസത്തെ ഭക്ഷണം നൽകുകയുമാവാം. അതു കൊടുക്കുമ്പോൾ ഡിസ്പോസിബിൾ പ്ലേറ്റുകളും ഗ്ലാസുകളും കൂടി നൽകിയാൽ ഭക്ഷണം കഴിക്കൽ റിലാക്‌സ് ആയി ചെയ്യാൻ പറ്റും. തന്ന പാത്രം കഴുകാതെ തിരിച്ചു നൽകാൻ മടി തോന്നിയേക്കാം. എന്നാൽ അതൊക്കെ ശരിയായി കഴുകിയെടുക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ രണ്ടു കൂട്ടർക്കും പ്രയാസം ഉണ്ടാവുമല്ലോ. അത് ഒഴിവാക്കാം.

വെൽക്കം ബാസ്ക്കറ്റ്

അയൽവാസിക്കു വേണ്ടി ഒരു വെൽക്കം ബാസ്ക്കറ്റ് ഒരുക്കിയും അവരെ സ്വാഗതം ചെയ്യാവുന്നതാണ്. കടയിൽ നിന്ന് ഭംഗിയുള്ള ഒരു ബാസ്ക്കറ്റ് വാങ്ങുക. അതിൽ കുറച്ചു ഷോപീസോ, മറ്റോ വച്ച ശേഷം വെൽക്കം കാർഡ് കൂടി വച്ചിട്ട് അയൽവാസിക്ക് കൊടുക്കാം. അവർ പുതിയ വീട്ടിലേക്ക് വന്നു കയറുന്ന സമയത്ത് ഇതുമായി സ്വാഗതം ചെയ്യാം. അതുമല്ലെങ്കിൽ ഷിഫ്റ്റിംഗ് തിരക്കു കഴിഞ്ഞ് പിറ്റേന്ന് കൊടുക്കാം.

ചെടിയോ ഡയറക്‌ടറിയോ നൽകാം

മുറ്റമുണ്ടെങ്കിലും ഇല്ലെങ്കിലും അതിഥിയെ ചെടി നൽകിയും സ്വീകരിക്കാവുന്ന താണ്. ഫ്ളാറ്റിനുള്ളിലോ പുറത്തോ വയ്ക്കാവുന്ന വലുപ്പം വയ്‌ക്കാത്ത പൂച്ചെടികൾ നൽകാം. അങ്ങനെ പുതിയൊരു പൂന്തോട്ടം ഉണ്ടാക്കാൻ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യാം. മറ്റൊരു സ്‌ഥലത്തു നിന്നു വരുന്നവരാണെങ്കിൽ താമസിക്കുന്ന സ്‌ഥലത്തിന്‍റെ മാപ്പോ ഫോൺ നമ്പറുകൾ ഉൾപ്പെട്ട ഡയറക്‌ടറിയോ സമ്മാനമായി നൽകാവുന്നതാണ്. ഇനി ഇതൊന്നും ചെയ്‌തില്ലെങ്കിലും കുഴപ്പമില്ല. നവാഗതർക്ക് പരിസരത്തെ കടകളിൽ പോയി ഷോപ്പിംഗ് നടത്താൻ സഹായിച്ചാലും മതി. അത് അവർക്ക് വലിയൊരു സഹായമാകുകയും ചെയ്യും. അവർ ഒരിക്കലും ആ സഹായം മറക്കാനും ഇടയില്ല.

സന്ദർശനം

പുതിയ വീട്ടിൽ അതിഥികൾ സെറ്റിൽ ആയ ശേഷം കുടുംബസമേതം അവിടെ സന്ദർശനം നടത്താം. വീടു കാണാം, കുട്ടികളെക്കുറിച്ച് ചോദിക്കാം, സ്വയം പരിചയപ്പെടുത്താം. അവരുടെ ഇഷ്‌ടവിനോദങ്ങളെ കുറിച്ച് ചോദിക്കാം. പെറ്റിനെ വളർത്തുന്നുണ്ടെങ്കിൽ അവയുടെ കാര്യങ്ങൾ സംസാരിക്കാം. എന്നാൽ ഒരുപാട് വ്യക്‌തിപരമായ ചോദ്യങ്ങളിലേക്ക് പോകാതിരിക്കാനും ശ്രദ്ധിക്കണം. സംസാരത്തിൽ അവരുടെ താൽപര്യം കൂടി കണക്കിലെടുത്താൽ പ്രശ്നമുണ്ടാകില്ല.

വെൽക്കം ഡിന്നർ

നവാതിഥിയെ സ്വന്തം വീട്ടിലേക്ക് വിളിച്ച് ഡിന്നർ പാർട്ടി നടത്താം. അവരുടെ ഡയറ്റിനെ കുറിച്ച് ചോദിച്ചറിഞ്ഞാൽ ഇഷ്‌ടമുള്ള ഡിന്നർ കൊടുക്കുകയുമാവാം. മാത്രമല്ല, ഇത് ഒരു കാഷ്വൽ ഡിന്നർ ആണ്. വെറുതെ വന്നാൽ മതി എന്നു പറയാനും മടിക്കേണ്ട. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സ്വർഗ്ഗ സുന്ദരമായ അയൽവക്കബന്ധം സൃഷ്ടിച്ച് കാലത്തിനൊപ്പം ജീവിക്കാം.

और कहानियां पढ़ने के लिए क्लिक करें...