കൊച്ചിയിലെ ഒരു സോഫ്റ്റ് വെയർ കമ്പനിയിലെ ഉദ്യോഗസ്‌ഥനാണ് രാഹുൽ (പേര് സാങ്കൽപ്പികം). രാഹുലും മറ്റ് സഹപ്രവർത്തകരും കഴിഞ്ഞ കുറേ മാസമായി വീട്ടിലിരുന്നാണ് ഔദ്യോഗിക ജോലികൾ നിർവഹിക്കുന്നത്. ജോലി, വർക്ക് ഫ്രം ഹോം ആയതോടെ രാഹുലിന് വിഷമമായി. സഹപ്രവർത്തകയും മറ്റൊരു ടീമിലെ ലീഡറുമായ തന്‍റെ ഹൃദയഭാജനം അഞ്ജുവിനെ (പേര് സാങ്കൽപ്പികം) ഇനി കുറച്ചു കാലം കാണാൻ കഴിയില്ലല്ലോയെന്ന സങ്കടം. പക്ഷേ ആ കാത്തിരിപ്പ് അനന്തമായി നീളുകയാണ്.

കമിതാക്കൾക്കാണ് ഈ കോവിഡ് കാലം കടുത്ത നഷ്ടമുണ്ടാക്കിയത്. എന്നും അല്ലെങ്കിൽ വല്ലപ്പോഴുമെങ്കിലും പരസ്പരം ഒന്ന് കണ്ടു സംസാരിച്ചിരുന്നവർക്ക് ഫോണിലൂടെ ഹൃദയം പങ്കുവയ്ക്കാനാണ് തലവിധി.

ഇത് തന്നെയാണ് എല്ലായിടങ്ങളിലെയും അവസ്‌ഥ. പരസ്പരം പ്രണയിക്കുന്നവരുടെ മാനസികാവസ്‌ഥയെപ്പറ്റി ഈ കൊറോണയ്ക്ക് എന്തറിയാം. എങ്കിലും പ്രണയവും പ്രതീക്ഷകളുമൊക്കെയായുള്ള ജീവിതം കോവിഡ് കാലത്തെ അതിജീവിച്ച് മുന്നേറുക തന്നെ വേണമല്ലോ…

സ്വന്തം മനസിലെ സ്നേഹത്തെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും മറുവശത്തുള്ള കാമുകിയേയോ കാമുകനേയോ അറിയിക്കണമെന്നുണ്ടെങ്കിൽ ഒപ്പം സമയം ചെലവഴിക്കാൻ ആ മനസ് കൊതിക്കുന്നുവെങ്കിൽ… അറിയുക അതിനും വഴിയുണ്ടേ… ഒപ്പം മറ്റൊന്നു കൂടിയുണ്ട്. പുതിയ കൂട്ടുകാരനെയോ കൂട്ടുകാരിയേയോ കണ്ടെത്താം.

ഹാപ്പൻ ഡേറ്റിംഗ് ആപ്പ്

ജനപ്രീതിയാർജ്ജിച്ച ഡേറ്റിംഗ് ആപ്പാണിത്. ചുറ്റുവട്ടത്തുള്ളവരുമായി ഈ ആപ്പിലൂടെ സൗഹൃദത്തിലാകാം. ഇഷ്ടപ്പെട്ടവരുമായി മനസ് നിറഞ്ഞ് പ്രണയത്തിലാവാം. കാരണം ഇത് ലൊക്കേഷൻ ബേസ്ഡ് ആപ്പാണ്. അതിന്‍റെ സഹായത്തിലൂടെ സമീപത്തുള്ളവരുമായി സൗഹൃദത്തിലാകാം. ഈ ആപ്പ് ഉപയോഗപ്പെടുത്താൻ ഒരു അക്കൗണ്ട് ആവശ്യമാണ്. ശേഷം ലോഗിൻ ചെയ്യാൻ ഫേസ്ബുക്ക് ഐഡിയുമായി ബന്ധിപ്പിക്കേണ്ടി വരും. അതിലൂടെ ഈ ആപ്പിൽ ലോഗിൻ ചെയ്യാം.

ഫേസ്ബുക്ക് പേജിലെ പേരും വയസുമൊക്കെ വച്ചാണ് ആപ്പ് അക്കൗണ്ട് സൃഷ്ടിക്കുന്നത്. ശേഷം ഈ ആപ്പിൽ സ്വന്തം പ്രത്യേക ഇഷ്ടങ്ങൾ ചേർക്കാം. അതുമായി മാച്ച് ചെയ്യുന്ന പ്രൊഫൈൽ അതോടെ വന്നു തുടങ്ങും. ലൈക്ക്, ഡിസ്‍ലൈക്ക് ചെയ്യാനുള്ള ഓപ്ഷനുമുണ്ട് ഈ ആപ്പിൽ. പക്ഷേ അതിന് സ്വന്തം ഫോണിലെ ജിപിഎസ് ഓൺ ചെയ്യേണ്ടി വരും. കാരണം ഇത് ലൊക്കേഷൻ ബേസ്ഡ് ആപ്പായതു കൊണ്ട്. മറ്റൊരാളുടെ പ്രൊഫൈൽ ഇഷ്ടപ്പെട്ട് ആ വ്യക്‌തിയുമായി സൗഹൃദത്തിലാകാം. ഇനിയൊന്ന് കൂടിയുണ്ട് ഈ ആപ്പിലൂടെ മികച്ചൊരു ജീവിതപങ്കാളിയെ കണ്ടെത്താമെന്നതാണ്. വേണമെങ്കിൽ സ്വന്തമിഷ്ടമനുസരിച്ചുള്ള പങ്കാളിയെ കണ്ടെത്തുന്നതിനും ഈ ആപ്പ് സഹായിക്കും.

ഓകെക്യുപിഡ് ആപ്പ്

ഓകെസി എന്ന ഓമനപ്പേരുമുണ്ട് ഈ ആപ്പിന്. ഈ ആപ്പിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാൻ വ്യക്‌തിയ്ക്ക് ധാരാളം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകേണ്ടി വരും. നൽകുന്ന വിവരങ്ങൾക്കും ഇഷ്ടങ്ങൾക്കും അനുയോജ്യമായ പങ്കാളിയെ കണ്ടെത്താൻ ഓകെസി സഹായിക്കും. വ്യക്‌തി നൽകുന്ന ഇഷ്ടങ്ങൾക്കനുസരിച്ചുള്ള പാർട്ണറിനെയാണ് ആ വ്യക്‌തി അന്വേഷിക്കുന്നതെന്ന് മനസിലാക്കുക. മറ്റൊന്ന്, സർച്ച് ഫിൽറ്റേഴ്സ് എന്ന ഓപ്ഷനിലൂടെയും പാർട്ണറിനെ സർച്ച് ചെയ്യാം. വെർച്വൽ ഡേറ്റിംഗിന് ശേഷം ശരിയായ സമയത്ത് പരസ്പരം നേരിട്ട് കാണാനുള്ള അവസരം നൽകി സൗഹൃദം ആവശ്യമെങ്കിൽ മുന്നോട്ട് കൊണ്ടു പോകാം. പക്ഷേ പരസ്പരം നന്നായി അറിഞ്ഞ ശേഷം ആവണമത്.

ട്രൂലി മാഡ്‍ലി ആപ്പ്

പേരു പോലെ തന്നെ വളരെ വിശ്വസ്തമായ ഡേറ്റിംഗ് ആപ്പാണിത്. ഫേക്ക് ഐഡി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ് ഇതിൽ. ഈ ആപ്പിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നതിന് ഐഡി പ്രൂഫ് ആവശ്യമാണ്. ഐഡി പ്രൂഫ് ഒക്കെ നൽകിയ ശേഷം ഈ ആപ്പിലൂടെ നല്ല സൗഹൃദങ്ങളെ കണ്ടെത്താം. അഥവാ നൽകിയില്ലെങ്കിൽ ആപ്പ് യൂസ് ചെയ്യാനാവില്ല. ഈ ആപ്പിൽ അപ്‍ലോഡ് ചെയ്യുന്ന ഫോട്ടോ ആരെങ്കിലും ദുരുപയോഗം ചെയ്യുമെന്ന പേടിയും വേണ്ട. കാരണം ഈ ആപ്പിൽ നിന്നും ഫോട്ടോ ആർക്കും ഡൗൺലോഡ് ചെയ്യാനാവില്ല. സൗഹൃദത്തിലായ ശേഷം  പരസ്പരം മനസ് തുറന്ന് സംസാരിക്കാം. പരസ്പരം പങ്കുവയ്ക്കുന്ന കാര്യങ്ങൾ ഇരുവർക്കുമിടയിലായി ഒതുങ്ങി നിൽക്കും. കാരണം നിങ്ങൾ യഥാർത്ഥ സുഹൃത്തിനെയാവും ആപ്പിലൂടെ കണ്ടെത്തുക.

റ്റിണ്ടർ ആപ്പ്

എല്ലാവർക്കും സുപരിചിതമായ ഒരു ആപ്പാണിത്. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ഡേറ്റിംഗ് ആപ്പ്. ലക്ഷകണക്കിനാളുകളുടെ ഹൃദയത്തിൽ കുടിയേറിയ ആപ്പാണിത്. ഈ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ സ്വന്തം ഫേസ്ബുക്ക് ഐഡിയിലൂടെ ലോഗിൻ ചെയ്യേണ്ടി വരും. അതിനു ശേഷം സ്വന്തം അക്കൗണ്ട് ക്രിയേറ്റ് ചെയ്യാം. അതിനായി ഫോണിലെ ലൊക്കേഷൻ ഓൺ ചെയ്യേണ്ടതുണ്ട്. ചുറ്റുവട്ടത്തിലുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാനാണിത്. സർച്ച് ഫിൽറ്റർ ഓപ്ഷൻ ഉപയോഗപ്പെടുത്തി സർച്ച് ചെയ്യാമെന്നതാണ് ഈ ആപ്പിന്‍റെ പ്രത്യേകത. ഇതിൽ ഇഷ്ടപ്പെടുന്ന പ്രൊഫൈൽ സ്വൈപ്പ് റൈറ്റ് ചെയ്യാം. ഇല്ലെങ്കിൽ സ്വൈപ്പ് ലെഫ്റ്റ്. സ്വൈപ്പ് റൈറ്റ് ചെയ്യുന്നതോടെ പാർട്ണറുമായി ചാറ്റ് ചെയ്യാം. ഈ ആപ്പിൽ വളരെ ആകർഷകമായ ഫോട്ടോ ഇടുകയെന്നത് ഏറ്റവും ആവശ്യമായ കാര്യമാണ്. ഒറ്റനോട്ടത്തിൽ ആകർഷിക്കപ്പെടുമെന്ന് പറയേണ്ടതില്ലല്ലോ.

റൊമാൻസിന് ഇൻസ്റ്റഗ്രാമും ബെസ്റ്റ് ഓപ്ഷൻ

പ്രണയിക്കാൻ ഇൻസ്റ്റഗ്രാമും ബെസ്റ്റ് ഓപ്ഷനാണ്. പക്ഷേ ഇതിലും അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. ശേഷം ഒരു അട്രാക്ടീവ് ഫോട്ടോ ഫിക്സ് ചെയ്‌ത് ഫോളോ ചെയ്യാം. സൗഹൃദങ്ങളെ സൃഷ്ടിച്ച് അതിൽ നിന്നും മനസിനിണങ്ങിയ ഒരു വ്യക്‌തിയെ കണ്ടെത്താം. ഈ പ്ലാറ്റ്ഫോം ഉപയോഗിച്ച് യാതൊരു ടെൻഷനുമില്ലാതെ പങ്കാളിയോട് മനസ് തുറന്ന് സംസാരിക്കാം. ആരുമത് അറിയുകയില്ല. മറ്റൊരു പ്രധാന ഘടകം, സുഹൃത്ത് അത്ര നല്ലവൻ അല്ലെങ്കിൽ സ്വന്തം അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്‌ത് തടിയൂരാം.

ജോലിക്കിടയിലും ഡേറ്റിംഗിനുള്ള സൗകര്യം

പ്രണയികളായ സഹപ്രവർത്തകർക്ക് ഓഫീസിലെ ഇടവേളകളിൽ സല്ലപിക്കാൻ ഓൺലൈൻ ഡേറ്റിംഗിൽ അവസരമുണ്ട്. ആരുമൊട്ട് സംശയിക്കുകയുമില്ല. ഓഫീസിലെ ജോലി ഈസിയായി നടക്കുകയും ചെയ്യും.

അതൃപ്തി തോന്നുമ്പോൾ ഉപേക്ഷിക്കാം

ഓഫീസ് പ്രണയം സ്മൂത്തായി കലാശിച്ചാൽ കാര്യം ശുഭം. പക്ഷേ ബ്രേക്ക്അപ്പ് ആയാലുള്ള അവസ്‌ഥയൊന്ന് ആലോചിച്ച് നോക്കിക്കേ… പരസ്പരം ചെളി വാരിയെറിഞ്ഞ് എല്ലാവരേയും അറിയിക്കും. ഒപ്പം അവരിൽ ആരെങ്കിലുമൊരാൾ ജോലിയുപേക്ഷിച്ച് പോകേണ്ടിയും വരും. എന്നാൽ ഓൺലൈനിലൂടെയുള്ള ഓഫീസ് പ്രണയം തകർന്നാലും ഇത്തരം പ്രശ്നങ്ങൾ അത്ര രൂക്ഷമായി ഉണ്ടാവുകയില്ല. തുടർന്ന് ആശയവിനിമയത്തിന് താൽപര്യമില്ലെങ്കിൽ പാർട്ണറിനെ ബ്ലോക്കും ചെയ്യാം.

ഒരേ സമയം പലരുമായുള്ള ഡേറ്റിംഗ്

ഒരേ സമയം പലരുമായുള്ള ഡേറ്റിംഗ് ദീർഘകാലം വരെ ആരുമറിയാതെ രഹസ്യമാക്കി വയ്ക്കാനാവില്ല. എങ്ങനെയായാലും ഇക്കാര്യം പുറത്തറിയും. എന്നാൽ ഓൺലൈൻ ഡേറ്റിംഗിൽ ഇത്തരത്തിൽ സത്യസന്ധമല്ലാത്ത റിലേഷൻഷിപ്പുകൾ അത്രവേഗം ആരുമറിയില്ലെന്ന പോരായ്മയുണ്ട്. അതുകൊണ്ട് സത്യസന്ധമായി പ്രണയത്തെ കാണുന്നവർക്ക് ഇതൊരു വെല്ലുവിളിയാണ്.

സെക്സിനെക്കുറിച്ച് തുറന്ന് സംസാരിക്കുക

എത്ര അടുപ്പുമുള്ളവരാണെങ്കിലും പരസ്പരം മുഖത്തോടു മുഖം നോക്കി ലൈംഗിക കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയെന്നത് അത്രയെളുപ്പമല്ല. എന്നാൽ ഓൺലൈൻ ഡേറ്റിംഗിൽ ഈ വക പ്രശ്നങ്ങളില്ല. പങ്കാളിയോട് എന്തിനെപ്പറ്റിയും മറയില്ലാതെ സംസാരിക്കാം. ഇക്കാര്യത്തിൽ ഇരുവർക്കുമുള്ള കാഴ്ചപ്പാടുകൾ അറിയാൻ ഇത് അവസരമാവുകയും ചെയ്യും. അപ്പുറത്തിരിക്കുന്നയാൾ തനിക്ക് യോജിച്ചയാളാണോ അല്ലയോയെന്ന് എളുപ്പത്തിൽ തീരുമാനിക്കുകയും ചെയ്യാം.

ഷോപ്പിംഗ് പേടി വേണ്ട

പലരും പ്രണയത്തിന്‍റെ പേരും പറഞ്ഞ് പങ്കാളിയെ സാമ്പത്തികമായി മുതലെടുക്കാറുണ്ട്. ഷോപ്പിംഗ് നടത്തി വില കൂടിയ വസ്‌തുക്കൾ പങ്കാളിയെ കൊണ്ട് വാങ്ങിപ്പിക്കുകയും മറ്റും ചെയ്യും. യഥാർത്ഥത്തിൽ കച്ചവടകണ്ണോടെ പ്രണയത്തെ കാണുന്നവരാണ് ഇത്തരക്കാർ. എന്നാൽ ഇത്തരം കാര്യങ്ങളിൽ അവരിലൊരാൾ വിമുഖത കാട്ടുകയാണെങ്കിൽ ആ പ്രണയം അവിടെ അവസാനിക്കും. ചിലപ്പോൾ വലിയൊരു കലഹത്തോടെ ആയിരിക്കും അത്. എന്നാൽ ഓൺലൈൻ ഡേറ്റിംഗിൽ ഇക്കാര്യത്തെ ചൊല്ലി പേടി വേണ്ട. പാർട്ണറിന്‍റെ ഡിമാന്‍റുകൾ സാധിച്ചു കൊടുക്കേണ്ടി വരികയില്ല. നേരിൽ കാണുമ്പോൾ ഗിഫ്റ്റുകൾ വാങ്ങി നൽകാമെന്ന് കണ്ടീഷനിംഗിൽ പ്രണയത്തെ കൊണ്ടു പോവുകയും ചെയ്യാം. കീശ കാലിയുമാകില്ല. ബ്രേക്ക്അപ്പ് ആയാലും പണം നഷ്ടമായില്ലല്ലോയെന്ന് ആശ്വസിക്കുകയും ചെയ്യാം. ഇനി അഥവാ ഓൺലൈൻ ഷോപ്പിംഗ് ചെയ്യേണ്ടി വന്നാലും അത് വലിയ നഷ്ടമൊന്നുമുണ്ടാക്കുകയില്ല.

ഓൺലൈൻ ഡേറ്റിംഗ് വിജയിക്കാൻ ചില ടിപ്സുകൾ

പ്രണയം ഓൺലൈൻ ആയാലും ഓഫ്‍ലൈൻ ആയാലും ഇരുവരും ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. പരസ്പരം മനസിലാക്കുക, സ്നേഹത്തോടെയുള്ള സംസാരം, പരസ്പര വിശ്വാസം, എന്തും തുറന്ന് പറയാനുള്ള സ്പേസ് എന്നിവയൊക്കെ തന്നെയാണ് യഥാർത്ഥ കാമുകി കാമുകന്മാർ ആഗ്രഹിക്കുക. ഇവയൊക്കെ ഉണ്ടെങ്കിലെ ഏത് ബന്ധവും സുഖകരമായി മുന്നോട്ടു പോകൂ.

വിശ്വാസം നിലനിർത്തുക

വിശ്വാസത്തിലധിഷ്ഠിതമായിരിക്കണം ഏത് ബന്ധവും. ഓൺലൈൻ ഡേറ്റിംഗ് ആയാലും ശരി പൊയ്മുഖം കാട്ടാതിരിക്കുക. യഥാർത്ഥ വ്യക്‌തിത്വം പ്രകടമാക്കുക.നിങ്ങളിലെ റിയൽ പേഴ്സ്ണാലിറ്റിയെ തിരിച്ചറിയാൻ പാർട്ണറിന് ഇത് എളുപ്പം വഴിയൊരുക്കും. അഥവാ ബന്ധം മുന്നോട്ട് വളർന്നാലും ശരി കൂടുതൽ വെല്ലുവിളികളെ ഇതു കൊണ്ട് നേരിടേണ്ടിയും വരില്ല. അഥവാ നിങ്ങളുടെ ബന്ധം വ്യാജമായ ഒന്നാണെങ്കിൽ യഥാർത്ഥ്യം വെളിപ്പെടുന്നതോടെ ബന്ധത്തിൽ വിള്ളലുണ്ടാകും.

ആശയവിനിമയം

എത്ര തിരക്കുള്ള ആളായാലും ശരി പാർട്ണറിനായി ഇത്തിരി സമയം കണ്ടെത്തുക. സ്വന്തം റൂട്ടിന്‍ പാർട്ണറിനെ ധരിപ്പിക്കാം. അങ്ങനെയാവുമ്പോൾ തന്നെ ഇഗ്‍നോർ ചെയ്യുന്നുവെന്ന ഫീൽ ഇരുവർക്കുമിടയിൽ ഉണ്ടാവുകയില്ല. ആശയവിനിമയത്തിന്‍റെ ദൈർഘ്യം കുറയുകയും ഇടവേളകൾ കൂടുകയും ചെയ്യുകയാണെങ്കിൽ ഫ്രണ്ട്ഷിപ്പ് അധികം താമസിയാതെ തകരും.

പാർട്ണറിന്‍റെ പ്രശ്നത്തെ സ്വന്തം പ്രശ്നമായി കാണാം

സുഖത്തിലും ദുഃഖത്തിലും ഒരുപോലെ നില കൊള്ളുന്നവനാണ് യഥാർത്ഥ സുഹൃത്ത് എന്ന് പറയാറില്ലേ. എന്നാൽ സങ്കട കാലത്താണ് നമ്മൾ യഥാർത്ഥ സുഹൃത്തിനെ തിരിച്ചറിയുന്നത്. പങ്കാളി വേദനയിലൂടെ കടന്നു പോവുകയാണെങ്കിൽ ഒപ്പം നിന്ന് ആ വേദനയെ അതിജീവിക്കാൻ പങ്കാളിയെ സഹായിക്കുക. സുഹൃത്തിന്‍റെ ഇത്തരത്തിലുള്ള പെരുമാറ്റം ഇരുവർക്കുമിടയിലെ അടുപ്പം വർദ്ധിപ്പിക്കും. ഇതിന് നേർവിപരീതമായി ദുഃഖിതയോ / ദുഃഖിതനോ ആയ സുഹൃത്തിനെ അവഗണിക്കുകയാണെങ്കിൽ ആ ബന്ധം അവസാനിച്ചുവെന്ന് കരുതാം.

മറ്റ് പെൺകുട്ടികളെ പുകഴ്ത്തി സംസാരിക്കുന്നത് ഒഴിവാക്കാം

അന്യ പെൺകുട്ടികളെ പുകഴ്ത്തി സംസാരിക്കുന്നത് ഒരു പെൺകുട്ടിയും സഹിക്കുന്ന കാര്യമല്ല. മാത്രവുമല്ല പങ്കാളി ഇക്കാര്യം ആവർത്തിക്കുന്നത് അവർക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമാകും. സൗഹൃദത്തിൽ മൂന്നാമതൊരാളുടെ കടന്നു വരവ് ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. അതോടൊപ്പം പരസ്പരം മനസ് തുറന്ന് ഇടപ്പെടുക. പരസ്പരം മനസ്സിലാക്കാൻ തുറന്നുള്ള പെരുമാറ്റം സഹായിക്കുമെന്ന് പറയേണ്ടതില്ലല്ലോ. പോസിറ്റീവും സത്യസന്ധവുമായ സൗഹൃദത്തിലൂടെ യഥാർത്ഥ പങ്കാളിയെ കണ്ടെത്താൻ ഓൺലൈൻ സൈറ്റുകൾ ഇത്തരത്തിൽ പ്രയോജനപ്പെടുത്താം. ഒപ്പം ചതിക്കുഴികളിൽ അകപ്പെടാതെ ജാഗ്രതയും പാലിക്കുക.

और कहानियां पढ़ने के लिए क्लिक करें...